“ഫ്രാൻസിസ്, ഫ്രാൻസിസ്…”
“എന്തോ “
“ഫ്രാൻസിസ്, യജമാനനെ സേവിക്കുന്നതോ ഭൃത്യനെ സേവിക്കുന്നതോ കൂടുതൽ ഉപകാരപ്രദം?”
“യജമാനനെ സേവിക്കുന്നത്”.
“അങ്ങനെയെങ്കിൽ നീ ഭൃത്യനെ സേവിക്കാൻ പോകുന്നതെന്തിന്? “
ലോകത്തിന്റെ കണ്ണിൽ ഭോഷനായിത്തീർന്നുകൊണ്ടാണ് ഫ്രാൻസിസ് തന്റെ കുരിശുമെടുത്ത് ദൈവഹിതം നിറവേറ്റാൻ ഇറങ്ങിതിരിച്ചത്. എന്നിട്ടോ? ഈശോയുടെ തിരുഹൃദയഭക്തിയുടെ മാതൃകയായി വിശുദ്ധ മാർഗ്ഗരറ്റ് മേരി അലക്കോക്കിന് സാക്ഷാൽ ഈശോ ചൂണ്ടിക്കാണിച്ചു കൊടുത്തത് ദ്വിതീയ ക്രിസ്തു എന്ന പേരിൽ അറിയപ്പെടുന്ന അസ്സീസിയിലെ ഇതേ ഫ്രാൻസിസിനെയാണ്. ബെനെഡിക്റ്റ് പതിനഞ്ചാം പാപ്പ, വിശുദ്ധ ഫ്രാൻസിസിനെ വിശേഷിപ്പിച്ചത് ജീവിച്ചിരുന്നിട്ടുള്ള മനുഷ്യരിൽ ക്രിസ്തുവിന്റെ ഏറ്റവും പൂർണ്ണതയേറിയ സാദൃശ്യമുള്ളവൻ എന്നാണ്. പതിനൊന്നാം പീയൂസ് പാപ്പ വിശുദ്ധന് പേരിട്ടത് alter Christus ( മറ്റൊരു ക്രിസ്തു ). ഒരുപക്ഷെ ചരിത്രത്തിൽ മറ്റൊരാളും ഫ്രാൻസിസിനെപ്പോലെ ഇത്രയും നന്നായി ക്രിസ്തുവിന്റെ ജീവിതം അനുകരിക്കുകയോ അക്ഷരാർത്ഥത്തിൽ, ക്രിസ്തുവിന്റെ ദൗത്യം, ക്രിസ്തുവിന്റേതായ രീതിയിൽ തുടർന്നുകൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടാവില്ലെന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയും ( vol 4) പറയുന്നു. ഇറ്റലിയുടെ സ്വർഗീയ മധ്യസ്ഥൻ, ക്രിസ്തീയ ലോകത്തിൽ കത്തോലിക്കാപ്രവർത്തനങ്ങളുടെയെല്ലാം മധ്യസ്ഥൻ..
ധനാഢ്യനായിരുന്ന അപ്പന്റെ മകൻ ആയിരുന്നിട്ടു പോലും ഈശോയെപ്പോലെ ഫ്രാൻസിസും കാലിത്തൊഴുത്തിൽ ജനിക്കണമെന്നതായിരുന്നു ദൈവേഷ്ടം. പ്രസവവേദന വളരെനേരം തുടർന്നിട്ടും പ്രസവിക്കാതെ ക്ലേശിച്ചപ്പോൾ ഒരാൾ പീക്കക്ക് പറഞ്ഞു കൊടുത്ത ഉപായം ആയിരുന്നു അത്. പീക്കാ മകന് നൽകിയ പേര് സ്നാപകയോഹന്നാൻ എന്നായിരുന്നെങ്കിലും ഫ്രാൻസിൽ നിന്ന് മടങ്ങിയെത്തിയ അപ്പൻ പീറ്റർ ബെർണാർദ്, The little Frenchman എന്നർത്ഥം വരുന്ന Francesco ( Francis) എന്ന പേരാണ് മകന് ഇട്ടത്. ഈശോക്ക് മുന്നോടിയായ സ്നാപകയോഹന്നാനെപ്പോലെ ഫ്രാൻസിസ് ഈശോയുമായി ഏറ്റവും അനുരൂപപ്പെട്ട പിന്നോടിയായി. ‘സ്ത്രീകളിൽ നിന്ന് പിറന്നവരിൽ യോഹന്നാനെക്കാൾ വലിയവൻ ഇല്ലാത്തത് ‘പോലെ സന്യാസസഭ സ്ഥാപകരിൽ ഫ്രാൻസിസിനെക്കാൾ വലിയ ആരുണ്ട്.
‘എന്റെ ദൈവമേ, എന്റെ സർവ്വസ്വമേ’
ചുണ്ടിലുണ്ടായിരുന്ന ഈ സുകൃതജപം വിശുദ്ധന്റെ ജീവിതത്തിന്റെ പ്രതിധ്വനി തന്നെയായിരുന്നു. ഓരോ ഹൃദയസ്പന്ദനത്തിലും ആ സ്നേഹപ്രകരണമുണ്ടായിരുന്നു.
ഒരിക്കൽ സുഖലോലുപനായി, അഹങ്കാരിയായി, ലോകമായകളിൽ മുങ്ങിക്കുളിച്ചും പടവെട്ടിയും ജീവിച്ച ഫ്രാൻസിസ്, ദൈവത്തിന്റെ പ്രസാദവര ശക്തിയാൽ അവയെല്ലാം ഉപേക്ഷിച്ച് ‘ഒന്നുമില്ലാത്തവനായും’ ‘ഒന്നുമല്ലാത്തവനുമായി’ മാറി.
ദാരിദ്ര്യമണവാട്ടിയോടുള്ള ബഹുമാനസൂചകമായി ഇങ്ങനെ പറഞ്ഞു, “കർത്താവായ യേശുവേ, അങ്ങയുടെ പരിശുദ്ധ മണവാട്ടിയായ ദാരിദ്യത്തോട്, അവളിൽ അലിഞ്ഞു ചേരും വിധം, അവളിൽ ഒന്നാകത്തക്ക വിധം, വർദ്ധിച്ച സ്നേഹം എനിക്ക് തരണമേ, ബേദ്ലഹേമിൽ അവൾ അങ്ങയോടുകൂടെ ഉണ്ടായിരുന്നു ; ഈജിപ്തിലേക്ക് അവൾ അങ്ങയെ അനുഗമിച്ചു ; നസറത്തിലേക്ക് അങ്ങയുടെ ഒപ്പം വന്നു. ദൗത്യത്തിനായുള്ള യാത്രകളിലെല്ലാം അങ്ങയെ അനുധാവനം ചെയ്തു ; കാൽവരി മലമുകളിലേക്ക് കൂടെ വന്നു. അങ്ങേ മാതാവ് പോലും കുരിശിന്റെ ചുവട്ടിൽ നിന്നപ്പോൾ അങ്ങേ ദാരിദ്യമണവാട്ടി അങ്ങയോടൊപ്പം കുരിശിലേറി. അവസാനം ശവക്കല്ലറയിലേക്കും കൂട്ടുവന്നു, അത് അങ്ങേക്ക് വേണ്ടി പണിതത് അല്ലായിരുന്നല്ലോ. ഈ പരിശുദ്ധ മണവാട്ടിക്കായുള്ള തീക്ഷ്‌ണമായ, വറ്റാത്ത സ്നേഹത്താൽ എന്നെ നിറക്കൂ കർത്താവേ”.
ഈശോയുടെ പീഡാനുഭവം നിരന്തരം ധ്യാനിച്ച ഫ്രാൻസിസിന്റെ ഒപ്പ് ഒരു കുരിശടയാളമായിരുന്നു. ഉടുപ്പ് കുരിശാകൃതിയിൽ. കുരിശിന്റെ ഉള്ളിൽ അദ്ദേഹം ജീവിച്ചു. തന്നോട് ദയയില്ലാതെയും മറ്റുള്ളവരോട് കരുണാപൂർവവും പെരുമാറി. കുഷ്ഠരോഗികളുടെ മുറിവുകളെ ഈശോയുടെ തിരുമുറിവിനെപ്പോലെ ചുംബിച്ചു.മാർത്തായെപോലെ പ്രവർത്തിച്ച് തിരിച്ചുവന്നു മറിയത്തെ പോലെ ധ്യാനത്തിൽ മുഴുകി.
‘എളിയസന്യാസസഭാ സഹോദരരുടെ’ പ്രസംഗങ്ങളുടെ പ്രധാന പ്രമേയം ആത്മരക്ഷയായിരുന്നു. ഉള്ളിൽ ഉജ്ജ്വലിച്ചിരുന്ന ദൈവസ്നേഹാഗ്നി, അവിശ്വാസികളോടും സുവിശേഷം പ്രസംഗിച്ച് മിശിഹായുടെ പരിത്രാണകർമ്മത്തിന്റെ രക്ഷാകരഫലങ്ങൾ അവർക്കു പകർന്നു കൊടുക്കാൻ വിശുദ്ധനെ വെമ്പൽ കൊള്ളിച്ചു. ദൈവത്തെ പ്രതി എല്ലാം ഉപേക്ഷിച്ചതിനാൽ അവന്റെ സകല സൃഷ്ടികളും വി.ഫ്രാൻസിസിന്റെ ആത്മമിത്രങ്ങളായി.
അത്യന്തം എളിമയിൽ വ്യാപരിക്കുമ്പോഴും അനിതരസാധാരണമായ വിവേകം ഫ്രാൻസിസിന് കൈമുതലായി ഉണ്ടായിരുന്നു. ഈജിപ്തിലെ സുൽത്താനെ സന്ദർശിച്ച സംഭവം അതിന് ഉദാഹരണമാണ്. അവിടേക്ക് ചെന്നപ്പോൾ, ഇവർ ക്രിസ്ത്യാനികൾ ആയതുകൊണ്ട് ഒന്ന് പരീക്ഷിക്കാൻ സുൽത്താൻ തീരുമാനിച്ചു . കുരിശടയാളങ്ങൾ നെയ്ത പരവതാനി മുറിയിൽ വിരിച്ചു. അവർ അതിൽ ചവിട്ടിയാൽ അവരുടെ ദൈവത്തിനെ നിന്ദിച്ചെന്നു പറയാം. ഇനി ചവിട്ടാൻ വിസമ്മതിച്ച് തിരിച്ചുപോയാൽ സുൽത്താനെ നിന്ദിച്ചതായി ആക്ഷേപിക്കാമെന്നു കരുതി. എന്നാൽ ഫ്രാൻസിസും സംഘവും യാതൊരു ശങ്കയും കൂടാതെ പരവതാനി ചവിട്ടികടന്നു സുൽത്താന്റെ അടുത്തെത്തി. സുൽത്താന് സന്തോഷമായി. ക്രിസ്ത്യാനികളായ നിങ്ങൾ എന്തിനു കുരിശിൽ ചവിട്ടി എന്ന് ചോദിച്ചു. ഫ്രാൻസിസ് വിനയത്തോടെ പറഞ്ഞു. “അല്ലയോ സുൽത്താനെ, ഗാഗുൽത്താ മലയിൽ പല കുരിശുകൾ ഉണ്ടായിരുന്നു. രക്ഷകനായ ഈശോയുടെ കുരിശിനെ മാത്രമേ ഞങ്ങൾ വണങ്ങേണ്ടു. ഇവിടെ കിടക്കുന്നത് കള്ളന്മാരുടെ കുരിശുകൾ ആണ്. അതിൽ മാത്രമേ ഞങ്ങൾ ചവിട്ടിയുള്ളു”.
ക്രിസ്മസ്സിന് പുൽക്കൂടുണ്ടാക്കുന്ന രീതി ആദ്യം തുടങ്ങിയത് അസ്സീസിയിലെ ഈ സ്നേഹഗായകൻ ആണെന്ന് നമുക്കറിയാം. ജോൺ വെലീത്താ എന്ന ഭക്തനായ മനുഷ്യനോട് ഗ്രേച്ചിയോ മലയിലെ ഗുഹ കാലിതൊഴുത്തുപോലെ സജ്ജമാക്കാനും ഒരു കാളയെയും കഴുതയെയുമൊക്കെ അവിടെ കൊണ്ടു കെട്ടാനും ഫ്രാൻസിസ് പറഞ്ഞിരുന്നു. ഫ്രാൻസിസും സഹോദരന്മാരും അങ്ങോട്ട് ചെന്നു. ദൈവപുത്രൻറെ മനുഷ്യാവതാരത്തെകുറിച്ച് ഫ്രാൻസിസ് തീക്ഷ്‌ണതാപൂർവ്വം പ്രസംഗിച്ചു. ജോൺ വെലീത്തക്ക് ഒരു ദർശനമുണ്ടായി, കാളയുടെയും കഴുതയുടെയും മദ്ധ്യത്തിൽ ഈശോ ജീവനുള്ള ഉണ്ണിയായി കിടക്കുന്നു. ഫ്രാൻസിസ് ഉണ്ണീശോയെ ആലിംഗനം ചെയ്യുന്നു. ജോണിന്റെ ഉള്ളിൽ മാത്രമല്ല അവിടെ കൂടിയിരുന്ന എല്ലാവരുടെ മനസ്സിലും മനുഷ്യാവതാരം ചെയ്ത ഈശോയുടെ രൂപം പ്രകാശം ചൊരിഞ്ഞു നിറഞ്ഞു നിന്നു.
കുരിശിന്റെ വഴിയുടെ (സ്ലീവാപാത) ഉത്ഭവത്തിലും ഫ്രാൻസിസ്‌ക്കൻസ് തന്നെയാണ് പങ്ക് വഹിച്ചത്. യേശുവിന്റെ പീഡാനുഭവവഴി ജെറുസലേമിൽ പോയി കണ്ടുകൊണ്ടിരിക്കവേ ഫ്രാൻസിസ് ഇങ്ങനെ വിളിച്ചുപറഞ്ഞു. ” ദൈവമേ, അങ്ങ് പരിശുദ്ധനാകുന്നു, ബലവാനേ അങ്ങ് പരിശുദ്ധനാകുന്നു, മരണമില്ലാത്തവനെ അങ്ങ് പരിശുദ്ധനാകുന്നു ; ഞങ്ങൾക്ക് വേണ്ടി കുരിശിൽ തൂങ്ങി മരിച്ച ഈശോ ; ജീവിക്കുന്നവനായ ദൈവത്തിന്റെ പുത്രാ ; സകല ചരാചരങ്ങളുടെയും സൃഷ്ടാവേ ; ഞങ്ങളുടെ രക്ഷകാ ; രാജാവേ; ഗുരുവേ ; ഞങ്ങളുടെ നല്ല ഇടയാ ; സഹോദരാ ; സ്നേഹിതാ ; ഞങ്ങളുടെ വഴിയും വെളിച്ചവും സത്യവും ജീവനുമായുള്ളവനെ; ഞങ്ങളുടെ ഭക്ഷണമേ ; ഭാഗ്യമേ ; സർവ്വസ്വമേ ; ഞങ്ങൾ കുമ്പിട്ടു അങ്ങയെ സ്തുതിച്ചാരാധിക്കുന്നു ; എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു. സ്ത്രോത്രം ആയിരമായിരം സ്തോത്രം. അങ്ങ് സകലരാലും അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുമാറാകട്ടെ”
ജെറുസലേമിലുള്ള പുണ്യസ്ഥലങ്ങളെ യഥായോഗ്യം സംരക്ഷിക്കുന്നതിനായി രണ്ട് സഹോദരന്മാരെ ഏൽപ്പിച്ച ശേഷമാണ് ഫ്രാൻസിസ് മടങ്ങിയത്. അന്നുമുതൽ ഇന്നുവരെ ഫ്രാൻസിസ്‌കൻ സഹോദരങ്ങൾ ജെറുസലേമിലെ പുണ്യസ്ഥലങ്ങളെ കാത്തുവരുന്നു. അത് വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും ക്രിസ്തുവിന്റെ സ്നേഹം അവരെ നിർബന്ധിക്കുന്നു. 1368ൽ ജെറുസലേമിലുണ്ടായിരുന്ന സന്യാസികളെയെല്ലാം മുഹമ്മദീയർ വധിച്ചപ്പോൾ പോർസ്യൂങ്കുലായിൽ നിന്നു കൂടുതൽ സന്യാസികൾ ജെറുസലേം കാത്തുസൂക്ഷിക്കാൻ തയ്യാറായി അങ്ങോട്ട് പുറപ്പെട്ടു. അവർക്ക് പിന്നീട് അവിടെ ആറ് സ്ഥാപനങ്ങളുണ്ടായി.
ജെറുസലേമിൽ പോയി അവിടെയുള്ള വിശുദ്ധസ്ഥലങ്ങൾ വണങ്ങാൻ കഴിയാത്ത ദൈവഭക്തരെ തൃപ്തിപ്പെടുത്താനും ഈശോയുടെ പീഡാസഹനങ്ങളോടുള്ള ഭക്തി ഉജ്ജീവിപ്പിക്കാനും കാലക്രമേണ ഫ്രാൻസിസ്കൻ സഭക്കാർ ‘ഇമിറ്റേഷൻ ജെറുസലേം ‘ യൂറോപ്പിൽ പണിതുണ്ടാക്കി. അവിടെപ്പോയി ധ്യാനിച്ചുപ്രാർത്ഥിക്കുന്നവർക്ക് മാർപാപ്പമാർ ദണ്ഡവിമോചനം പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രസ്ഥാനത്തെ വിശുദ്ധ ലെയോനാർഡ് പോർട്ട് മോറിസ് പ്രചരിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്താണ് ഇന്നത്തെ രീതിയിലുള്ള സ്ലീവാപ്പാത- കുരിശിന്റെ വഴി ആരംഭിച്ചത്.
വിശുദ്ധ കുർബ്ബാന ഗാഗുൽത്തായിലെ പരമബലിയുടെ ആവർത്തനമാകയാൽ, ക്രൂശിതനെപ്പറ്റിയുള്ള ചിന്ത എളുപ്പത്തിൽ ഉണ്ടാകാൻ വേണ്ടി, ബലിപീഠത്തിൽ ക്രൂശിതരൂപം വെക്കണമെന്ന് നിഷ്കർഷിച്ചത് വിശുദ്ധ ഫ്രാൻസിസാണ്. അതുവരെ അങ്ങനെയൊരു പതിവില്ലായിരുന്നു. അന്നുമുതൽ ക്രൂശിതനോടുള്ള ഭക്തി കത്തോലിക്കാതിരുസഭയിൽ വർദ്ധിച്ചു വന്നു.
ഫ്രാൻസിസിന്റെ ദാരിദ്യസ്നേഹം , എളിമ , അനുസരണം, ക്ഷമ , ആത്മപരിത്യാഗം, പഞ്ചക്ഷതങ്ങൾ, തപശ്ചര്യ ,ദൈവഭക്തി , സെറാഫിന്റേത് പോലുള്ള ദൈവസ്നേഹം, പ്രാർത്ഥന ചൈതന്യം, പ്രേഷിതപ്രവൃത്തി, സേവന സന്നദ്ധത, ഔദാര്യം..ഓരോന്നായി വിവരിച്ചാൽ പറഞ്ഞുതീരില്ല.
‘പാപം ചെയ്യാൻ പ്രേരണ നൽകുന്ന സ്വശരീരത്തെ ഏതെല്ലാം വിധത്തിൽ കഷ്ടപെടുത്തിയാലും തരക്കേടില്ല. നല്ല ദൈവത്തെ മേലാൽ ഉപദ്രവിക്കരുത് ‘ ഇതായിരുന്നു ഫ്രാൻസിസിന്റെ ദൃഢനിശ്ചയം . ‘ദൈവസ്നേഹം ‘ എന്ന വാക്ക് കേട്ടാൽ ദൈവസ്നേഹാധിക്യത്താൽ വികാരഭരിതനായി സ്വയം മറക്കുന്ന ഫ്രാൻസിസിനെ സെറാഫിക് പുണ്യവാൻ എന്നാണു തിരുസഭ വിളിക്കുന്നത്. ധ്യാനാവസരങ്ങളിൽ അറിയാതെ ആകാശത്തിലേക്കുയർന്നു പോകുമായിരുന്നു. സ്നേഹത്തിൽ നിന്നും ശ്രദ്ധയിൽ നിന്നും ആരെയും മാറ്റി നിർത്തിയില്ല.കഷ്ടപ്പാടുകളെയും വേദനകളെയും സഹോദരി എന്ന് വിളിച്ച വിശുദ്ധൻ മരണം അടുത്തെന്നു വൈദ്യൻ പറഞ്ഞപ്പോൾ ആഹ്ലാദഭരിതനായി പറഞ്ഞു ‘സഹോദരി മരണമേ, സ്വാഗതം ‘ … രക്ഷകനായ ഈശോയെപോലെ പീഡകൾ സഹിക്കാനും നഗ്നനായി ഈലോകവാസം വെടിയാനും ആവേശം കൊണ്ട ഫ്രാൻസിസ് പോർസ്സ്യുങ്കുലായിൽ വെച്ചു സങ്കീർത്തനങ്ങൾ കേട്ട് കിടന്നു മരണത്തെ പുൽകി.
വി . ഫ്രാൻസിസ് സ്നേഹവും ഭക്തിയും മന്ദീഭവിച്ച് കിടന്നിരുന്ന ലോകത്തെ തട്ടിയുണർത്തി യേശുവിലേക്കാനയിച്ചു. വിശുദ്ധൻ ഈ ലോകത്തെ വിട്ടുപോയെങ്കിലും അദ്ദേഹം സ്ഥാപിച്ച മൂന്നു സന്യാസസഭകളിലെ അംഗങ്ങളിൽകൂടി ഇന്നും ലോകത്തിൽ ക്രിസ്തുവിന്റെ സ്നേഹമൊഴുക്കുന്നു.
സമാധാനപ്രിയനായ അദ്ദേഹത്തിന്റെ തിരുന്നാൾ ഒക്ടോബർ 4 നു ലോകമെങ്ങും ആഘോഷിച്ചു കൊണ്ട് പാടുന്നു, ” Franciscus Pauper et humilis coelum dives ingraditur, hymnis caelestibus honoratur – ദരിദ്രനും വിനീതനായ ഫ്രാൻസിസ്, ധനവാനായി സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നു,സ്വർഗ്ഗീയ ഗാനങ്ങളാൽ സ്തുതിക്കപ്പെടുന്നു”.
ക്രിസ്തുനാഥനെ പരിപൂർണ്ണമായി അനുകരിച്ച് നിത്യസൗഭാഗ്യത്തിൽ എത്തിച്ചേർന്ന വി. ഫ്രാൻസിസ് അസ്സീസിയുടെ തിരുന്നാൾ ആശംസകൾ എല്ലാർക്കും സ്നേഹപൂർവ്വം നേരുന്നു.
ജിൽസ ജോയ് ![]()



Leave a comment