വിശുദ്ധ ഡാനിയേൽ കൊമ്പോണി
ജനുവരി 3, 1870. ഒന്നാം വത്തിക്കാൻ സൂനഹദോസിൽ കത്തോലിക്കാ വിശ്വാസത്തെ സംബന്ധിച്ച പ്രമാണരേഖക്കായി ( De fide Catholica) ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. അപ്പോഴാണ് സാവന്നയുടെ മെത്രാൻ, അമേരിക്കയിലെ ജോർജിയയിൽ നിന്ന് വന്ന പിതാവ്, ഈ വരി കൂട്ടിച്ചേർക്കാൻ പറയുന്നത് : “നീഗ്രോകൾ മനുഷ്യകുടുംബത്തിന്റെ ഭാഗമാകേണ്ടവർ അല്ലെന്നും മനുഷ്യർക്കുള്ളതുപോലുള്ള ആത്മാവ് അവർക്ക് ഇല്ലെന്നുമുള്ള മണ്ടൻ അഭിപ്രായത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു”.
ആഫ്രിക്കക്കാരെ പിടിച്ചുകൊണ്ടുവന്ന് അമേരിക്കയിൽ അടിമകളായി വിറ്റുകൊണ്ടിരിക്കുകയും, അവരുടെ ഉടമകൾ അവരോട് മൃഗങ്ങളോടെന്ന വണ്ണം പെരുമാറുകയും ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. മനുഷ്യരായി അവരെ പരിഗണിച്ചിരുന്നില്ല. ആര്യവംശത്തെ ആഡ്യത്തമുള്ളവരായും വംശശുദ്ധിയുള്ളവരായും കണ്ടിരുന്ന ഹിറ്റ്ലർ ‘മെയിൻ കാംഫ്’ എന്ന തന്റെ പുസ്തകത്തിൽ എഴുതിയിരുന്നത് പകുതി കുരങ്ങും പകുതി മനുഷ്യനുമായ നീഗ്രോയെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് കുറ്റകരമായ വിഡ്ഢിത്തവും യുക്തിക്ക് നിരക്കാത്ത തെറ്റും ആണെന്നാണ്.
പതിനൊന്നാം പീയൂസ് പാപ്പ, 1938 ജൂലൈ 28 ന് അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയിൽ, വംശീയ അധിക്ഷേപത്തിനെതിരായി സ്വരമുയർത്തി, ” ഒന്നാമതായി, എല്ലാ സ്ത്രീയും പുരുഷനും ജീവജാലങ്ങൾ എന്ന, അനന്യമായ വലിയ കുടുംബത്തിന്റെ ഭാഗമാണ്. ഓരോ മനുഷ്യരും ഒത്തുചേർന്ന് മനുഷ്യവർഗ്ഗം എന്ന ഒറ്റ കുടുംബം രൂപീകരിക്കുന്നു എന്ന വാസ്തവത്തിൻമേലാണ് മനുഷ്യാന്തസ്സിന്റെ അടിസ്ഥാനം. ഇങ്ങനെ ചിന്തിക്കാനും ഗ്രഹിക്കാനും പെരുമാറാനുമാണ് സഭ പഠിപ്പിക്കുന്നത്. ഓരോ പുരുഷനും സ്ത്രീയും അവളുടെ മാതൃസ്നേഹത്തിന് പാത്രമാണ് ; ഒരേ പ്രകാശത്തിലേക്കാണ് എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് “.
പുരോഹിതനായ ഡാനിയൽ കൊമ്പോണി, വെറോണയിലെ മെത്രാന്റെ കൂടെ ഒന്നാം വത്തിക്കാൻ സൂനഹദോസിനെത്തിയിരുന്നു. അമേരിക്കയിലെ ബിഷപ്പിന്റെ ഇടപെടലിന് ശേഷമുണ്ടായ ചർച്ച ശ്രദ്ധയോടെ കേട്ടിരുന്ന അദ്ദേഹം ആഫ്രിക്കയുടെ, ഏറ്റവും അവഗണിക്കപ്പെട്ടിരുന്ന ഭൂഖണ്ഡമായിരുന്ന ആഫ്രിക്കയുടെ സുവിശേഷവൽക്കരണത്തിനായി അപേക്ഷിച്ചു, വാദിച്ചു. കൗൺസിലിലെ ഓരോ പിതാക്കന്മാർക്കും അദ്ദേഹം കത്തെഴുതി, അവരോട് ചോദിച്ചു, “ആഫ്രിക്കക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവർക്കായി സംസാരിക്കാനുമായി ഏതെങ്കിലും ആഫ്രിക്കൻ ബിഷപ്പ് ഇവിടെയുണ്ടോ? ” ‘മിഷനുകളുടെ പ്രവാചകൻ’ പ്രഖ്യാപിച്ചു, “ആഫ്രിക്കയുടെ സമയം ഇതാ വന്നു “. ആഫ്രിക്കയിൽ സുവിശേഷം എത്തിക്കാനായി ഓരോ ഇടവകയും തങ്ങളാൽ ആയത് ചെയ്യണം എന്നുള്ള അപേക്ഷയിൽ 70 മെത്രാന്മാരെക്കൊണ്ട് ഒപ്പിടീക്കാൻ ഡാനിയൽ കൊമ്പോണിക്ക് അപ്പോൾ കഴിഞ്ഞു. ആഫ്രിക്കയുടെ സുവിശേഷവൽക്കരണം ഒന്നാം വത്തിക്കാൻ കൗൺസിലിന്റെ കലണ്ടറിൽ രേഖപ്പെടുത്താൻ ഒൻപതാം പീയൂസ് പാപ്പ സമ്മതിച്ചു.
ഇറ്റാലിയൻ സൈന്യം റോമിൽ പ്രവേശിച്ചതിനെ തുടർന്ന് ഒന്നാം വത്തിക്കാൻ സൂനഹദോസ് പെട്ടെന്ന് നിർത്തിവെക്കേണ്ടി വന്നു. കാലത്തിനും മുൻപേ സഞ്ചരിച്ചതിനാൽ ഡാനിയൽ കൊമ്പോണിയുടെ ആഗ്രഹങ്ങൾ വിജയത്തിലെത്തുക അത്ര എളുപ്പമായിരുന്നില്ല. പക്ഷെ, രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്നപ്പോൾ, ‘പ്രേഷിതപ്രവർത്തനം ‘( Ad Gentes Divinitus), തിരുസ്സഭ ( Lumen Gentium) തുടങ്ങിയ പ്രമാണരേഖകളിൽ ഡാനിയൽ കൊമ്പോണിയുടെ ധാരാളം ആശയങ്ങൾ കടമെടുത്തു. അതിൽ Ad,, Gentes n-38ൽ പറയുന്നു,
“ഓരോ മെത്രാന്മാരും അഭിഷിക്തരായിരിക്കുന്നത് ഒരു രൂപതക്കുവേണ്ടി മാത്രമല്ല ലോകം മുഴുവന്റെയും രക്ഷക്കായി ആണ്. ഇതിൽ നിന്നും ഉരുത്തിരിയുന്ന കൂട്ടായ്മയും പള്ളികളുടെ സഹകരണവും സുവിശേഷവത്കരണത്തിന് അത്യാവശ്യമാണ്”.
ലൂയിജിയുടെയും ഡോമെനിക്കയുടെയും മകനായി, ഇറ്റലിയിൽ ലിമോണെ എന്ന സ്ഥലത്ത്, ഡാനിയേൽ കൊമ്പോണി ജനിച്ചത് മാർച്ച് 15, 1831ന് ആണ്. അവർക്കുണ്ടായ എട്ട് മക്കളിൽ, നാലാമനായി ജനിച്ച ഡാനിയേൽ ഒഴികെ ബാക്കിയുള്ളവരെല്ലാം ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി. ദാരിദ്ര്യം മൂലം, 12 വയസുള്ളപ്പോൾ വെറോണയിലെ ഒരു സ്‌കൂളിലേക്ക് അവനെ അവർക്ക് അയച്ച് പഠിപ്പിക്കേണ്ടി വന്നു. പഠിക്കാനുള്ള സാമ്പത്തികചുറ്റുപാട് ഇല്ലാത്ത, എന്നാൽ ദൈവകൃപയാൽ ബുദ്ധിമാൻമാരായ കുട്ടികൾക്കായി ഫാദർ നിക്കോള മാസ സ്ഥാപിച്ച സ്കൂൾ ആയിരുന്നു അത്.
ഫാദർ മാസ, ആഫ്രിക്കയെ നെഞ്ചിലേറ്റിയിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും, അടിമകച്ചവടത്തിൽ നിന്ന് രക്ഷിക്കപ്പെട്ട ആഫ്രിക്കൻ കുട്ടികൾക്ക് സന്തോഷത്തോടെ ക്രൈസ്തവവിദ്യാഭ്യാസം നൽകിയിരുന്നു. പിന്നീട് പുരോഹിതരായോ വിവാഹം കഴിപ്പിച്ചോ അവരുടെ സ്വന്തം രാജ്യത്തേക്ക് സുവിശേഷവൽക്കരണത്തിനായി അയക്കുമായിരുന്നു.
വെറോണയിൽ ഡാനിയലിന് എത്യോപ്യക്കാരനായ, മുമ്പ് അടിമയായിരുന്ന, ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. ആഫ്രിക്കയിൽ നിന്ന് തിരിച്ചു് വരുന്ന മിഷനറിമാർ പറയുന്ന കഥകൾ കേട്ട് അവന് വലിയ താല്പര്യം തോന്നി. 1849ൽ പതിനെട്ടു വയസുള്ളപ്പോൾ, ‘ആഫ്രിക്കയുടെ സുവിശേഷവൽക്കരണത്തിനായി ജീവിതം അർപ്പിക്കുന്നു’ എന്ന സ്വകാര്യവ്രതം കൂടി അവനെടുത്തു. ആഫ്രിക്കയിലേക്ക് സുവിശേഷം എത്തിക്കുക അവന്റെ സ്വപ്നമായി.
1854, ഡിസംബർ 8ന് ഒൻപതാംപീയൂസ് പാപ്പ പരിശുദ്ധ അമ്മയുടെ അമലോൽഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. 1854 ൽ ഡാനിയേൽ കൊമ്പോണി വൈദികനായി. വെറോണയിൽ ദൈവശാസ്ത്രത്തിന് പുറമേ ചില ഭാഷകളും അതിന് പുറമേ വൈദ്യശാസ്ത്രവും അദ്ദേഹം പഠിച്ചു. യുവവൈദികൻ ആയിരിക്കുമ്പോൾ തന്നെ പ്ളേഗ് ബാധിച്ച രോഗിയെ ശുശ്രൂഷിക്കാനും മരുന്നുകൾ നിർദ്ദേശിക്കാനുമുള്ള അറിവുണ്ടായിരുന്നു. ലാറ്റിൻ, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ജർമൻ, ഹീബ്രു, അറബിക് ന്റെ 13 പ്രാദേശികവകഭേദങ്ങൾ, മൂന്ന് ആഫ്രിക്കൻ ഭാഷകൾ…ഇത്രയും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ അറിയാമായിരുന്നു.
1857ൽ ഡാനിയേലും മറ്റ് അഞ്ച് മിഷനറിമാരും സുഡാനിലെ കാർത്തൂമിൽ എത്തി. കുറച്ചു മാസങ്ങൾക്കുള്ളിൽ മൂന്ന് പേർ മരിച്ചു. അവരുടെ നേതാവും സുപ്പീരിയറും അടക്കം. മരിക്കുന്നതിന് മുൻപ് സുപ്പീരിയർ അവരെക്കൊണ്ട് ഒരു പ്രതിജ്ഞ എടുപ്പിച്ചു. അവരിൽ ഒരാളേ അവശേഷിക്കുന്നുള്ളു എങ്കിൽ പോലും അവരുടെ ഉദ്യമം ഉപേക്ഷിക്കില്ലെന്നും തിരിച്ചുപോകില്ലെന്നുമുള്ളതായിരുന്നു അത്. ദൈവം ആഫ്രിക്കയുടെ മാനസാന്തരം ആഗ്രഹിക്കുന്നു, അവർ അത് തുടരും എന്നുള്ള ഉറപ്പിലാണ് അദ്ദേഹം കണ്ണടക്കുന്നത് എന്ന് പറഞ്ഞു. തന്റെ പതിനെട്ടു വയസ്സിൽ എടുത്ത വ്രതം ഡാനിയേൽ നവീകരിച്ചു. മംഗളവാർത്ത തിരുന്നാൾ ദിവസമായിരുന്നു അത്. അപ്പോഴും, പിന്നീടും, എന്തൊക്കെ ബുദ്ധിമുട്ട് തന്റെ പരിശ്രമങ്ങളിൽ അനുഭവപ്പെടുമ്പോഴും ‘ഒന്നുകിൽ ആഫ്രിക്ക അല്ലെങ്കിൽ മരണം’ എന്ന വാക്കുകളായിരുന്നു ആ ചുണ്ടുകളിൽ.
ആദ്യത്തെ മിഷനറി പര്യവേഷണം കൂടുതൽ വിപരീതസാഹചര്യങ്ങളിലേക്കും കഠിനമായ കാലാവസ്ഥയിലേക്കും കൊണ്ടെത്തിച്ചെങ്കിലും ഡാനിയേൽ അചഞ്ചലനായിരുന്നു. അവൻ മാതാപിതാക്കൾക്കെഴുതി, (എട്ടുമക്കളിൽ ആകെ അവശേഷിച്ചവൻ ആണെന്ന് നമ്മൾ ഓർക്കണം)
“ഞങ്ങൾ ഇനിയും കഠിനമായി അധ്വാനിക്കേണ്ടി വന്നേക്കാം , കൂടുതൽ വിയർപ്പൊഴുക്കേണ്ടി വന്നേക്കാം , മരിക്കേണ്ടി വന്നേക്കാം : എങ്കിലും ഈശോമിശിഹായുടെ സ്നേഹത്തെ പ്രതിയും ഏറ്റവും അവഗണിക്കപ്പെട്ട ആത്മാക്കളെ പ്രതിയും അധ്വാനിക്കുകയും മരിക്കുകയും വേണ്ടി വരുന്നത് അത്രത്തോളം മാധുര്യമുള്ളതായത് കൊണ്ട് ഞങ്ങൾക്കീ ഉദ്യമം ഉപേക്ഷിക്കാൻ വയ്യ”.
പക്ഷേ മരണത്തിന്റെ വക്കോളം എത്തിയത് കൊണ്ട് ഡാനിയേലിന് ഇറ്റലിയിലേക്ക് തിരിച്ചുപോരേണ്ടി വന്നു. പരാജയത്തിൽ വിഷമിച്ച്, മാസ ഇൻസ്റ്റിറ്റ്യൂട്ട് കുറേ കൊല്ലത്തേക്ക് ആഫ്രിക്കൻ മിഷനുകൾ നിർത്തി വെച്ചു. കാലാവസ്ഥയുമായി പൊരുത്തപ്പെടാനും രോഗങ്ങളെ അതിജീവിക്കാനുമുള്ള ബുദ്ധിമുട്ട് എങ്ങനെ തരണം ചെയ്യുമെന്ന് ഡാനിയേൽ ചിന്തിച്ചുകൊണ്ടിരുന്നു.
1864ൽ വിശുദ്ധ മാർഗ്ഗരറ്റ് മേരി അലക്കോക്കിനെ വാഴ്ത്തപെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിനായി അദ്ദേഹം റോമിലെത്തി. സെപ്റ്റംബർ 15ന്, വ്യാകുലമാതാവിന്റെ തിരുന്നാൾ ദിനത്തിൽ വിശുദ്ധ പത്രോസിന്റെ ശവകുടിരത്തിനരികിൽ പ്രാർത്ഥിക്കുമ്പോൾ പുതിയൊരു പ്ലാൻ ഡാനിയേലിന്റെ മുൻപിൽ തെളിഞ്ഞു. ‘ആഫ്രിക്കയിലൂടെ തന്നെ ആഫ്രിക്കയെ രക്ഷിക്കുക ‘. തങ്ങളുടെ ഭൂഖണ്ഡത്തെ സുവിശേഷവൽക്കരിക്കാനായി തങ്ങളുടെ തന്നെ മിഷനറിമാരെ അയക്കാൻ കെൽപ്പുള്ള ആഫ്രിക്കൻ സഭയെ രൂപീകരിക്കാൻ..പുരുഷന്മാർക്കും ഒപ്പം സ്ത്രീകൾക്കും പരിശീലനം കൊടുക്കാൻ.. യാതൊരു വിലയും ആരും കൽപ്പിക്കാത്ത ആഫ്രിക്കൻ യുവതികളുടെ ഉന്നമനത്തിനും അത് വഴിയൊരുക്കും എന്ന് അദ്ദേഹം വിശ്വസിച്ചു. എല്ലാ മിഷനറി ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും സഹായത്തോടെ ആഫ്രിക്കൻ തീരദേശങ്ങളിൽ, വിദേശികൾക്ക് കാലാവസ്ഥ അത്രക്ക് പ്രതികൂലമായി ബാധിക്കാത്ത രീതിയിൽ, സ്വദേശി ആഫ്രിക്കൻസിന് പരിശീലനം നൽകുക..അവരുടെ തന്നെ ഭൂഖണ്ഡത്തിലെ വേലക്കായി.
വിശ്വാസപ്രചരണത്തിനായി കർദ്ദിനാളിന്റെയും ഒൻപതാം പീയൂസ് പാപ്പയുടെയും അനുമതി ലഭിച്ചതിന് ശേഷം ഡാനിയേൽ ഒരു യൂറോപ്പ് ടൂർ സംഘടിപ്പിച്ചു, രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും, മെത്രാന്മാരുടെയും സാധാരണ ജനത്തിന്റെയുമൊക്കെ പിന്തുണക്കായി. മിഷനറി പ്രവർത്തനത്തിനായി സഹായമാകും വിധം ഒരു മിഷനറി മാഗസിനും ഇറക്കി. പോപ്പ് എല്ലാത്തിനും പിന്തുണയുമായി നിന്നു.
“ക്രിസ്തുവിന്റെ നല്ല പടയാളി ആയി ആഫ്രിക്കക്ക് വേണ്ടി അധ്വാനിക്കുക”, പിതാവ് പറഞ്ഞു.
നിക്കോള മാസയുടെ മരണശേഷം മാസ ഇൻസ്റ്റിറ്റ്യൂട്ട് പൂർണ്ണമായും ആഫ്രിക്ക മിഷന് വേണ്ടിയായി. 1867ൽ ഡാനിയേൽ കൊമ്പോണി ” ‘തിരുഹൃദയത്തിന്റെ പുത്രന്മാർ ‘ എന്ന പേരിൽ ഒരു സഭാസ്ഥാപനത്തിന് തുടക്കം കുറിച്ചു. പിന്നീട് അത് പുരോഹിതരും സഹോദരരും അടങ്ങിയ സഭാസ്ഥാപനമായി വളർന്നു, ‘Combonian Missionaries of the Heart of Jesus’ Or ‘The Verona Fathers and Brothers’ എന്ന പേരിൽ.
ഡിസംബർ 8, 1867 അമലോൽഭവതിരുന്നാൾ ദിവസം ഈജിപ്തിലെ കെയ്റോയിൽ ആദ്യത്തെ മിഷൻ സെന്റർ തുറന്നു. പദ്ധതികളെല്ലാം ഡാനിയേൽ പ്രാവർത്തികമാക്കുകയായിരുന്നു. സ്വദേശികളായ ആഫ്രിക്കക്കാരെ അധ്യാപകരായി നിയമിച്ചു. ആഫ്രിക്കൻ പെൺകുട്ടികൾക്ക് വിശ്വാസപരിശീലവും , എംബ്രോയ്ഡറി, വീട്ടുജോലികൾ, ഗണിതം, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, അറബിക്, അർമേനിയൻ എന്നിവയിൽ പരിശീലനവും നൽകി.
സ്ത്രീകളെ മതപരമായ കാര്യങ്ങളിൽ ആദ്യം നിയമിച്ചത് ഡാനിയേൽ കോമ്പോണി ആയിരുന്നു.1872ൽ മിഷനറികളായ സ്ത്രീകൾക്കായി ഒരു ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു, the Comboni Missionary Sisters അല്ലെങ്കിൽ, the Verona Sisters എന്നാണ് അവർ അറിയപ്പെട്ടത്. ” രണ്ടു പുരോഹിതരും ആറ് സിസ്റ്റേഴ്സും മധ്യആഫ്രിക്കയുടെ ഒരു മിഷനിൽ ഉള്ളത്, പന്ത്രണ്ട് പുരോഹിതർ മാത്രമുള്ള മിഷൻ ഗ്രൂപ്പിനെക്കാൾ ഗുണം ചെയ്യും. ഇത് വാസ്തവമാണ് “.
1872 ൽ ഡാനിയേൽ കൊമ്പോണി, സെൻട്രൽ ആഫ്രിക്കയുടെ പ്രോ – വികാർ അപ്പോസ്തോലേറ്റ് ആയി. 1846 ൽ ആണ് വികാരിയേറ്റ് ഉണ്ടായത്. നൂറു മില്യൺ നിവാസികൾ അതിൽ അടങ്ങിയിരുന്നു. 120 മിഷനറിമാർ 1946 മുതൽ അതിലേക്കായി നിയോഗിക്കപ്പെട്ടവരിൽ 46 പേർ മരണമടഞ്ഞു, ബാക്കിയുള്ളവർ പിന്മാറി. ഡാനിയേലിനു എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടി വന്നു. എൽ – ഓബെയ്ദ്, കാർത്തും എന്നീ മിഷനുകളുമായി അദ്ദേഹം തുടങ്ങി.
എൽ – ഒബേയ്ദ് അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു. ഡാനിയേൽ കൊമ്പോണി അടിമസമ്പ്രദായം നിർത്തലാക്കാൻ കിണഞ്ഞു പരിശ്രമിച്ചതിന്റെ ഫലമായി, എൽ ഒബെയ്ദ് അടച്ചുപൂട്ടി. സ്വതന്ത്രരായ അടിമകളെ പൗരോഹിത്യത്തിനായി റോമിലേക്ക് അയക്കുക പോലും ചെയ്തു അദ്ദേഹം. അടിമസമ്പ്രദായം നിർത്തലാക്കാനുള്ള ആദ്യത്തെ ഫലപ്രദമായ വഴിയായി ആഫ്രിക്കയുടെ സുവിശേഷവൽക്കരണം അദ്ദേഹം കണ്ടു. ക്രിസ്തീയതക്ക് മാത്രമേ ആഫ്രിക്കൻ സംസ്കാരം മെച്ചപ്പെടുത്താൻ കഴിയൂ, അതിലൂടെ ആ ഭൂഖണ്ഡത്തിന്റെ പരിവർത്തനം സാധ്യമാകും എന്ന് ഡാനിയേൽ തിരിച്ചറിഞ്ഞു.
ജൂലൈ 2, 1877 ൽ ഡാനിയേൽ കൊമ്പോണി സെൻട്രൽ ആഫ്രിക്കയുടെ വികാർ അപ്പോസ്തോലേറ്റ് ആയി. ഓഗസ്റ് 15, 1877ന് സ്വർഗ്ഗരോപണതിരുന്നാളിന്റെ അന്ന് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. നെഞ്ചിൽ ധരിക്കാനുള്ള അമൂല്യമായ കുരിശ് പോപ്പ് അദ്ദേഹത്തിന് നൽകിയെങ്കിലും അത് അലമാരയിൽ വെച്ച്, ലളിതമായ കുരിശ് ധരിക്കാനാണ് അദ്ദേഹം ഇഷ്ടപെട്ടത്.
1877-78 കാലഘട്ടം കഠിനപരീക്ഷണങ്ങളുടേതായിരുന്നു. കഠിനവരൾച്ചയും ക്ഷാമവും കൊണ്ട് ഇടയഗണത്തിൽ തന്നെ കുറേപേർ മരിച്ചു. മിഷനറി ജോലികൾ നീങ്ങാത്ത അവസ്ഥയായി.
“നമ്മുടെ ഇപ്പോഴത്തെ കഷ്ടതകൾ, ആഫ്രിക്കയുടെ ഉയിർത്തെഴുന്നേൽപ്പ് ദൈവത്തിന്റെ വേലയാണെന്നുള്ളതിന്റെ തെളിവാണ്. ഈ ദുരന്തങ്ങൾ, അപകടങ്ങൾ, ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുമ്പോഴും നമ്മുടെ ഹൃദയങ്ങളിൽ നിരാശ ഉണ്ടാകരുത്, കാരണം കുരിശ് വിജയത്തിലേക്കുള്ള രാജകീയ പാതയാണ് “, അദ്ദേഹം ഓർമിപ്പിച്ചു.
1880 ൽ തളരാത്ത തീക്ഷ്‌ണതയോടെ ബിഷപ്പ് കൊമ്പോണി അദ്ദേഹത്തിന്റെ എട്ടാമത്തെയും അവസാനത്തെയും ആഫ്രിക്കൻ യാത്ര നടത്തി. കൂടുതൽ സ്വദേശി ആഫ്രിക്കക്കാർ സുവിശേഷവേലയിൽ പങ്കാളികളാകുന്നത് അദ്ദേഹത്തെ ആശ്വസിപ്പിച്ചെങ്കിലും വിദേശമിഷനറിമാരുടെ മരണനിരക്ക് ഏറെ ആയിരുന്നു. ഒരു വർഷത്തിനുള്ളിൽ, അധ്വാനഭാരത്താൽ, സഹമിഷനറിമാരുടെ മരണസംഖ്യയുടെ വിഷമത്താൽ, അപവാദങ്ങളുടെ – കുറ്റാരോപണങ്ങളുടെ ഭാരത്താൽ, മഹാനായ ആ മിഷനറി രോഗബാധിതനായി. ഒക്ടോബർ 10, 1881ൽ കാർത്തൂമിലെ തന്റെ ആളുകളുടെ മധ്യത്തിൽ ആയിരിക്കവേ, തന്റെ സ്വർഗ്ഗസമ്മാനത്തിനായി അദ്ദേഹം യാത്രയായി. 50 വയസ്സായിരുന്നു ബിഷപ്പ് ഡാനിയേൽ കൊമ്പോണിക്ക്.
എല്ലാം പാഴായെന്ന് തോന്നുന്ന അവസ്ഥ ആയിരുന്നു അപ്പോൾ. സെൻട്രൽ ആഫ്രിക്ക മിഷനിലെ നൂറോളം പുരോഹിതർ മരണമടഞ്ഞിരുന്നു, ജീവിക്കുന്ന മിഷനറിമാരേക്കാൾ കൂടുതൽ ആയിരുന്നു ശവക്കൂനകളുടെ എണ്ണം. മുസ്‌ലീങ്ങളുടെ ശ്രമഫലമായി കുറേ മിഷനുകൾ വിഫലമായി, അദ്ദേഹത്തിന്റെ ശവകുടീരം അശുദ്ധമാക്കാൻ പോലും അവർ മുതിർന്നു. എങ്കിലും ശുഭപ്രതീക്ഷയുണ്ടായിരുന്നു. ‘മിഷനുകളുടെ പ്രവാചകനായ’ ഡാനിയേൽ കൊമ്പോണി പറഞ്ഞിരുന്നു,
“പേടിക്കണ്ട, ഞാൻ മരിച്ചാലും എന്റെ വേല മരിക്കില്ല. സഹിക്കാൻ ഏറെയുണ്ടാകുമെങ്കിലും നമ്മുടെ മിഷന്റെ വിജയം നിങ്ങൾ കാണും “.
മധ്യ ആഫ്രിക്കയിൽ തന്റെ അപ്പസ്തോലികപ്രവർത്തനം കൊമ്പോണി ആരംഭിക്കുമ്പോൾ ആഫ്രിക്കൻ ക്രിസ്ത്യാനികൾ കുറച്ചു ആയിരങ്ങൾ മാത്രമായിരുന്നു. ഇന്ന് 600 ൽ ഏറെ മെത്രാന്മാരും 28000 ൽ അധികം പുരോഹിതരും അടങ്ങുന്ന മില്യൺ കണക്കിന് ആളുകളാണ് അവിടെയുള്ളത്. ആഫ്രിക്കൻ മിഷനറീസ് അവരുടെ ഭൂഖണ്ഡം മാത്രമല്ല ലോകം മുഴുവനേയും സുവിശേഷവൽക്കരിക്കുന്നു.
വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ ഫെബ്രുവരി 10, 1993 ൽ കാർത്തൂമിലെ തുറന്ന സ്റ്റേഡിയത്തിലെ പ്രസംഗപീഠത്തിൽ നിൽക്കുമ്പോൾ ലക്ഷോപലക്ഷം വിശ്വാസികളാണ് പിതാവിന്റെ വാക്കുകൾ കേൾക്കാൻ തടിച്ചുകൂടിയത്. അതേ സന്ദർഭത്തിലാണ് ആഫ്രിക്കയിലെ മെത്രാന്മാർ, ഡാനിയേൽ കൊമ്പോണി, അവരുടെ വിശ്വാസത്തിന്റെ പിതാവ്, വിശുദ്ധപദവിയിലേക്ക് ഉയരണമെന്ന ആഗ്രഹം പിതാവിനോട് പങ്കുവെച്ചത്. സുഡാനിലെ ബിഷപ്പ് എല്ലാവരുടെയും പേരിൽ പിതാവിനോട് പറഞ്ഞു, “പരിശുദ്ധ പിതാവേ, അദ്ദേഹത്തിന്റെ സ്വപ്നം യാഥാർത്ഥ്യമായതാണ് ഞങ്ങളെല്ലാം “.
മാർച്ച് 26, 1994 ൽ അദ്ദേഹത്തിന്റെ വീരോചിതമായ നന്മകൾ അംഗീകരിക്കപ്പെട്ടു, ഡാനിയേൽ കൊമ്പോണിയെ വന്ദ്യനായി ഉയർത്തി. അദ്ദേഹത്തിന്റെ മധ്യസ്ഥതയാൽ, മരിയ ജോസേ ഡി ഒലിവേര എന്ന് പേരുള്ള ഒരു ആഫ്രോ – ബ്രസീലിയൻ പെൺകുട്ടിയുടെ രോഗം മാറിയത് സഭ അംഗീകരിച്ചു. 1996, മാർച്ച് 17 ന് വിശുദ്ധ ജോൺപോൾ പാപ്പ അദ്ദേഹത്തെ വാഴ്ത്തപെട്ടവരുടെ നിരയിലേക്ക് ഉയർത്തി.
ഡിസംബർ 20, 2002 ൽ ലുബ്‌ന അബ്ദൽ അസീസ് എന്ന സുഡാനിൽ നിന്നുള്ള ഒരു മുസ്ലീം അമ്മയുടെ രോഗശാന്തി ഡാനിയേൽ കൊമ്പോണിയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതമായി സ്ഥിതീകരിച്ചു. 2003 ഒക്ടോബർ 5ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തന്നെ അദ്ദേഹത്തെ അൾത്താരവണക്കത്തിലേക്ക് ഉയർത്തി.
ആഫ്രിക്കയുടെ സുവിശേഷവൽക്കരണത്തിനും അവരുടെ ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞു വെച്ച മനുഷ്യസ്നേഹി, തീക്ഷ്‌ണതയോടെ വേല ചെയ്ത മിഷനറി, വിശുദ്ധ ഡാനിയേൽ കൊമ്പോണിയുടെ തിരുന്നാൾ ആശംസകൾ
ജിൽസ ജോയ് ![]()



Leave a comment