രണ്ടായിരാമാണ്ടിലെ ജൂബിലിയാഘോഷം ഔദ്യോഗികമായി പ്രഖ്യാപിച്ച വേളയിൽ ജോൺപോൾ രണ്ടാമൻ പാപ്പ സുപ്രധാനമായ ഒരു പ്രസ്താവന നടത്തി, “ഓരോ വ്യക്തിയെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വിധേയരാകാൻ ഒരുക്കുകയെന്ന ഏകലക്ഷ്യത്തോടെ ഈ അവസരത്തിനായി ” സഭയുടെ പരമോന്നതപദവിയുടെ ആരംഭം മുതൽ താൻ കാത്തിരിക്കുകയായിരുന്നു എന്നതായിരുന്നു ആ പ്രസ്താവന.
“ഇന്ന് ഇവിടെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സമ്മേളിച്ചിരിക്കുന്ന നിങ്ങളോടും എല്ലാ ക്രിസ്ത്യാനികളോടും ഉച്ചത്തിൽ വിളിച്ചുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾക്കായി വിധേയത്വത്തോടെ നിങ്ങളെ തന്നെ തുറക്കുവിൻ ! പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ ഒരിക്കലും നിർത്താതെ ചൊരിയുന്ന ദാനങ്ങൾ നന്ദിയോടും അനുസരണയോടും കൂടി സ്വീകരിക്കുവിൻ “.
ജോൺപോൾ രണ്ടാമൻ പാപ്പ സഭയുടെ വേദപാരംഗതരിൽ ഒരാളായി പോലും അംഗീകരിക്കപ്പെടാവുന്ന വ്യക്തിയാണ്. “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് പരിപൂർണ്ണനായിരിക്കുന്നത് പോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ” (മത്താ.5:48) എന്ന യേശുവിന്റ വാക്കുകൾ, ഒരാളെയും ഒഴിവാക്കാതെ നമ്മെ ഓരോരുത്തരെയും ഉദ്ദേശിച്ചുകൊണ്ടാണെന്ന് “നവസഹസ്രാബ്ദത്തിലേക്ക് “എന്ന അപ്പസ്തോലിക ലേഖനത്തിൽ “വിശുദ്ധിയിലേക്കുള്ള സാർവ്വത്രിക വിളി” യെ പറ്റി പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
“എല്ലാ ക്രൈസ്തവവിശ്വാസികളും അവർ ഏത് നിലയിലും പദവിയിലും ഉള്ളവരായാലും ക്രൈസ്തവജീവിതത്തിന്റെ പൂർണ്ണതയിലേക്കും സ്നേഹത്തിന്റെ പൂർണതയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു” (നവസഹസ്രാബ്ദത്തിലേക്ക് -30 ജനതകളുടെ പ്രകാശം -40).
“‘ ‘ജ്ഞാനസ്നാനം സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?’ എന്ന് സ്നാനാർത്ഥികളോട് ചോദിക്കുന്നത്, വിശുദ്ധരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന് ചോദിക്കുന്നതിന് തുല്യമാണ്”
പ്രാർത്ഥനയുടെ പാഠശാലകളായിരിക്കാൻ, വിശുദ്ധിക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ ആയിരിക്കാൻ, മൂന്നാം സഹസ്രാബ്ദത്തിലെ ഇടവകകളെ പാപ്പ ആഹ്വാനം ചെയ്തു.
ആദ്ധ്യാത്മിക യാത്രയെ ശരിയായി മനസ്സിലാക്കാൻ നാല് കാര്യങ്ങൾ വേണമെന്നും പാപ്പ പറഞ്ഞു.
1, ദൈവവുമായുള്ള അഗാധമായ ഐക്യം നമ്മുടെ പരിശ്രമങ്ങൾ കൊണ്ട് ഒരിക്കലും പ്രാപിക്കാൻ പറ്റില്ല. അത് ദൈവത്തിന് നൽകാൻ കഴിയുന്ന ദാനമാണ്.
2, അതേസമയം നമ്മുടെ പരിശ്രമവും അനുപേക്ഷണീയമാണ്. തീവ്രമായ ഐക്യത്തിനായി നമ്മെത്തന്നെ ഒരുക്കണം.
3, നമ്മൾ രൂപാന്തരപ്പെടണം, വേദന നിറഞ്ഞ ഇരുണ്ട രാത്രികളിലൂടെ പരിവർത്തനവിധേയരാവണം.
4, ഓരോ വേദനക്കും പരിശ്രമത്തിനും അനന്തമൂല്യമുണ്ട്. നമ്മൾ എത്തിച്ചേരുന്ന മഹത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രയുടെ വേദന ലഘുവായി തോന്നും.
സുവിശേഷസാക്ഷ്യത്തിന് യോജിച്ച വിധം തന്റെ ജീവിതം മുഴുവൻ ജീവിച്ചുകാണിച്ച മഹാനായ, വിശുദ്ധനായ ആ പാപ്പയുടെ തിരുന്നാൾ ഒക്ടോബർ 22ന് ആണ്. വീരോചിതമായി സഹനങ്ങൾ ഏറ്റെടുത്തു ജീവിച്ചെന്നു മാത്രമല്ല, അവസാനവർഷങ്ങളിൽ അസുഖത്തിന്റെ കയ്പ്പുനീർ ഏറെ കുടിച്ചെങ്കിലും, തന്റെ നാഥൻ തന്നെ വിളിച്ചു ആക്കിയിടത്ത് മരണം വരെ വിശ്വസ്തതയോടെ പാപ്പ ഉണ്ടായി. എത്രയോ പേരുടെ ജീവിതങ്ങൾ വിശുദ്ധനായ ആ പാപ്പ സ്വാധീനിച്ചു
പോളണ്ടിലെ കരിങ്കല്‍ ക്വാറിയിൽ പാറ പൊട്ടിച്ചിരുന്ന ആ കൈകൾ വത്തിക്കാനിൽ പത്രോസിന്റെ സിംഹാസനത്തിൽ നിന്ന് വിശ്വാസികളെ അനുഗ്രഹിക്കുന്നതിലേക്കും പിന്നീട് വിശുദ്ധ അൾത്താരയിൽ വണങ്ങപ്പെടുന്നതിലേക്കും എത്തിച്ച യാത്രയിലുടനീളം ദൈവപരിപാലനയുടെ അദൃശ്യകരങ്ങൾ പൊതിഞ്ഞുപിടിച്ചതായി കാണാം.
ലോലക് എന്നറിയപ്പെട്ടിരുന്ന കരോൾ യോസഫ് വൊയ്റ്റീവക്ക് 9 വയസ്സായിരിക്കെ അമ്മ എമിലിയ മരിച്ചു. പിന്നീട് ചേട്ടനും. കിടക്കുന്നതിന് മുൻപും രാവിലെ എഴുന്നേൽക്കുമ്പോഴും മുട്ടുകുത്തി പ്രാർത്ഥിക്കുന്ന അപ്പനെക്കണ്ടാണ് അവൻ വളർന്നത്. അപ്പനും മകനും ഒന്നിച്ചായിരുന്നു ബൈബിൾ വായന. ഒരു കൊന്തയിൽ പിടിച്ചുകൊണ്ടായിരുന്നു ജപമാല ചൊല്ലിയിരുന്നത്. അമ്മ മരിച്ചതിൽ പിന്നെ അപ്പൻ ലോലകിനെ പരിശുദ്ധ ദൈവമാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ കൂടെക്കൂടെ കൊണ്ടുപോകുമായിരുന്നു. അങ്ങനെ മാതൃവാത്സല്യത്തിന്റെ കുറവ് നികത്തി. പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിനു മുൻപിൽ നിർത്തി അപ്പൻ പറഞ്ഞിരുന്നു.”മകനെ, ഇതാണ് നിന്റെ സ്വർഗ്ഗീയ അമ്മ. ആവശ്യമുള്ളതെല്ലാം അമ്മയെ അറിയിക്കുക”. മാർപാപ്പ ആയതിനു ശേഷം ജോൺപോൾ രണ്ടാമൻ ഇങ്ങനെ പറഞ്ഞിരുന്നു, “അപ്പന്റെ ജീവിതമാതൃകയായിരുന്നു എന്റെ യഥാർത്ഥ സെമിനാരി പരിശീലനം”.
1938 ൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സർവ്വകലാശാലയിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ സർവ്വകലാശാല അടച്ചുപൂട്ടി. നിർബന്ധിത പട്ടാളസേവനത്തിൽ നിന്ന് രക്ഷപെടാൻ കരിങ്കല്‍ ക്വാറിയിലും കെമിക്കൽ ഫാക്ടറിയിലുമൊക്കെയായി ജോലി ചെയ്യണ്ടിവന്നു. ഉണക്കറൊട്ടിയുടെ ബലത്തിന്മേൽ പാറപൊട്ടിക്കുന്ന കഠിനാദ്ധ്വാനവും അപ്പനെ പരിചരിക്കലും അടുക്കളപ്പണിയും തുണിയലക്കും എല്ലാം.ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ദിവ്യബലിയിൽ പങ്കെടുക്കും. ഇടവകപ്പള്ളിയിലെ യുവജനകൂട്ടായ്മയിലും അംഗമായി.
വൈദികനാകുന്നതിനിടയിൽ കോൺസെന്ട്രേഷൻ ക്യാമ്പിൽ അകപ്പെടാതെ പലതവണ ദൈവകൃപയാൽ രക്ഷപ്പെട്ടു. അതിനിടയിൽ പിതാവ് മരണമടഞ്ഞു. അവന്റെ കൂടെയുള്ളവർ കൊല്ലപെടുമ്പോഴും അവൻ മാത്രം സംരക്ഷിക്കപെട്ടുകൊണ്ടിരുന്നു. അതേക്കുറിച്ചു കരോൾ പറഞ്ഞതിങ്ങനെ “അത് കേവലം യാദൃശ്ചികമായിരുന്നില്ല. യുദ്ധത്തിന്റെ ഭീകരതകളുടെ മധ്യേ വ്യക്തിജീവിതത്തിലെ സർവ്വവും എന്റെ ദൈവവിളിയുടെ നന്മയെ മാത്രം ലക്ഷ്യമാക്കി ദൈവം ക്രമീകരിച്ചിരുന്നു എന്നെനിക്കറിയാം”.
രണ്ടാം ലോകമഹായുദ്ധശേഷം, വൈദികനായ കരോൾ വോയ്‌റ്റിവ ഉപരിപഠനത്തിനായി റോമിലേക്ക് അയക്കപ്പെട്ടു. 1948ൽ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ വിശ്വാസദർശനത്തെ കുറിച്ചുള്ള പ്രബന്ധത്തിനു ഡോക്ടറേറ്റ് ലഭിച്ച കരോൾ 1954 ൽ മാക്സ്ഷെല്ലറുടെ വീക്ഷണങ്ങളെ അടിസ്ഥാനമാക്കി തത്വശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടി.
1958 സെപ്റ്റംബർ 28 നു ക്രാക്കോവ് കത്തീഡ്രലിൽ വെച്ച് മെത്രാനായി അവരോധിക്കപ്പെട്ടു. തോത്തൂസ് തുവൂസ് (Totus Tuus) – ഞാൻ മുഴുവനായും അങ്ങയുടേതാണ് എന്ന ആപ്തവാക്യം സ്വീകരിച്ചു. പരിശുദ്ധ കന്യകാമറിയത്തിനുള്ള ജീവിത സമർപ്പണമായിരുന്നു അത്. തന്റെ നയപരമായ സമീപനങ്ങൾ കൊണ്ട് കമ്യൂണിസ്റ് നേതാക്കളുടെ പോലും പ്രീതി നേടിയെടുക്കാൻ കരോൾ വൊയ്റ്റീവക്ക് കഴിഞ്ഞിരുന്നു. 1967 മെയ് 29 നു ആർച്ച് ബിഷപ്പ് ആയിക്കഴിഞ്ഞിരുന്ന കരോൾ വൊയ്റ്റീവയെ പോൾ ആറാമൻ പാപ്പ കർദ്ദിനാൾ ആവാൻ ക്ഷണിച്ചു.
ചെറുപ്പത്തിൽ തന്നെ കൂടെ കൂടിയിരുന്ന ദാരിദ്ര്യത്തെ അദ്ദേഹം ചേർത്തുപിടിച്ചിരുന്നു. സ്ഥാനാരോഹണത്തിനു റോമിലേക്ക് പോകുമ്പോൾ പോളിഷ് കോളേജിൽ നിന്ന് കടം വാങ്ങിയ 200 ഡോളറിൽ 50 ഡോളർ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു . കർദ്ദിനാളിന്റെ ഔദ്യോഗികവസ്ത്രത്തിന്റെ ഭാഗമായിരുന്ന ചുവന്ന സോക്സുപോലുമില്ലായിരുന്നു. പകരം കറുത്ത സോക്സ് ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. ആദ്യമായാണ് കുലീനവർഗ്ഗത്തിൽ പെടാത്ത ഒരു വ്യക്തി ക്രാക്കോവ് രൂപതയിൽ നിന്ന് കർദ്ദിനാൾ പദവിയിലെത്തുന്നത്.
പോൾ ആറാമൻ പാപ്പ ദിവംഗതനായപ്പോൾ 111 കർദ്ദിനാളന്മാർ ചേർന്നു ജോൺ പോൾ ഒന്നാമനെ അടുത്ത പാപ്പയായി തിരഞ്ഞെടുത്തു. പക്ഷെ വെറും 33 ദിവസത്തിനു ശേഷം ആ പാപ്പയും ഈ ലോകത്തോട് വിടപറഞ്ഞു. കരോൾ വോയ്റ്റീവയടക്കമുള്ള കർദ്ദിനാളന്മാർ വീണ്ടും സമ്മേളിച്ചു. ഇറ്റലിയിൽ നിന്നുള്ള രണ്ടു പേർക്കാണ് ആദ്യഘട്ടത്തിൽ സാധ്യത കല്പിച്ചിരുന്നതെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. കോൺക്ലേവിനു മുൻപേ തന്നെ, പിന്നീട് ബെനഡിക്ട് XVI പാപ്പ ആയി മാറിയ ജോസഫ് റാറ്റ്സിങ്ങർ പറഞ്ഞിരുന്നു, ” ദൈവനിശ്ചയപ്രകാരമാണ് നാം ജോൺപോൾ ഒന്നാമൻ പാപ്പയെ തിരഞ്ഞെടുത്തത്. എന്നാൽ ദൈവം അതിവേഗം അദ്ദേഹത്തെ വിളിച്ചിരിക്കുന്നു. ഈ കോൺക്ലേവിലൂടെ ദൈവം എന്തോ കാര്യമായി നമ്മോട് പറയാൻ ഉദ്ദേശിക്കുന്നുണ്ട്”.
പലവട്ടം നീണ്ട നറുക്കെടുപ്പിനൊടുവിൽ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നപ്പോൾ ഒരു തരിപോലും സാധ്യത കല്പിക്കാതിരുന്ന, പോളണ്ടിൽ നിന്നുള്ള കരോൾ വൊയ്റ്റീവ ആയിരുന്നു പുതിയ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടത് . ദൈവത്തിന്റെ പദ്ധതികൾ മനുഷ്യർക്ക് അഗ്രാഹ്യമാണല്ലോ. അവിടുത്തെ നിശ്ചയം മാറ്റാൻ ആർക്കു കഴിയും?
മരിച്ചുപോയ ജോൺപോൾ ഒന്നാമനോടുള്ള ബഹുമാനത്തെപ്രതി ജോൺപോൾ രണ്ടാമൻ എന്ന പേരാണ് കരോൾ വൊയ്റ്റീവ സ്വീകരിച്ചത്. പാറമടയിൽ പണിയെടുത്തു തഴമ്പിച്ച കരങ്ങളുയർത്തി പുതിയ പാപ്പ ജനങ്ങളെ ആശീർവദിച്ചു. കത്തോലിക്കാ സഭയുടെ 264-ആമത്തെ തലവൻ, പോളണ്ടിൽ നിന്നുള്ള ആദ്യ മാർപാപ്പ, 455 വർഷങ്ങൾക്കു ശേഷം വരുന്ന ഇറ്റലിക്കാരനല്ലാത്ത ആദ്യപാപ്പ , എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയായിരുന്നു പാപ്പക്ക് .
സംഭവബഹുലമായ കാലഘട്ടമായിരുന്നു ആ 27 വർഷങ്ങൾ. നാലരപ്പതിറ്റാണ്ട് നീണ്ടുനിന്ന ശീതയുദ്ധം അവസാനിച്ചതും, പാപ്പയുടെ ജന്മനാടായ പോളണ്ടിലും മറ്റും കമ്മ്യൂണിസം തകർന്നുവീണതുമെല്ലാം ഈ സമയത്താണ്. സോവിയറ്റ് യൂണിയന്റെ മാനസാന്തരത്തിനായി പാപ്പ അതിനെ പ്രത്യേകം മാതാവിന് പ്രതിഷ്ഠിച്ചു പ്രാർത്ഥിച്ചിരുന്നു. ക്യൂബക്കായി മധ്യസ്ഥപ്രാർത്ഥനകൾ നടത്തി. മിഖായേൽ ഗോർബച്ചേവും ഫിഡൽ കാസ്ട്രോയും പാപ്പയെ അടുത്ത സുഹൃത്തായി സ്നേഹിച്ചു, ബഹുമാനിച്ചു.
തൻറെ ജീവിതവും ദൈവവിളിയും പൂർണ്ണമായി പരിശുദ്ധ അമ്മക്ക് സമർപ്പിച്ചിരുന്ന കരോൾ ജോസഫ് വോയ്‌റ്റിവ ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു, “ഓ മറിയമേ നിന്റെ ഹൃദയം എനിക്ക് തരിക “. 1981 മെയ് 13 നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ വെച്ചു പാപ്പ അലി അഗ്കയുടെ വെടിയേറ്റ് വീണ പാപ്പ രക്ഷപ്പെട്ടതിൽ, പരിശുദ്ധ അമ്മയുടെ അത്ഭുത ഇടപെടൽ പ്രകടമായിരുന്നു. സുഖം പ്രാപിച്ച പരിശുദ്ധ പിതാവ് ശരീരത്തിലേറ്റ വെടിയുണ്ടകളുമായി ഫാത്തിമായിൽ പ്രിയമാതാവിന്റെ അടുത്തെത്തി അവളുടെ കിരീടത്തിൽ അവ സമർപ്പിച്ചു. ഒരിക്കൽ കൂടി പറഞ്ഞു, “പരിശുദ്ധ അമ്മെ , ഞാൻ പൂർണ്ണമായും നിന്റേതാണ്”.
ഒരു കൊച്ചുകുട്ടിയെ എടുത്തു ഉമ്മവെച്ചു മാതാപിതാക്കൾക്ക് കൊടുത്തുകഴിഞ്ഞ ഉടനെയാണ് പാപ്പയുടെ അടിവയറ്റിലും ചെറുകുടലിലും വെടിയേറ്റത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ചു പ്രസിദ്ധമായ ജെമെല്ലി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും പാപ്പയുടെ രക്തത്തിന്റെ മുക്കാൽ ഭാഗവും ഒഴുകിപോയിരുന്നു. ആറുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ. ഇടയിൽ അൽപ്പനേരം ബോധം വന്നപ്പോൾ തൻറെ ശരീരത്തിലുള്ള മാതാവിന്റെ രൂപം മാറ്റരുതെന്നു ഡോക്ടർമാരോട് പറഞ്ഞു. തുടർന്ന് വിശ്രമത്തിലായിരുന്ന പാപ്പ, തന്നെ സമീപിച്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു,”എന്നെ വെടിവെച്ച പ്രിയസഹോദരനോട് ഞാൻ ഹൃദയപൂർവ്വം ക്ഷമിക്കുന്നു. അവനു വേണ്ടി പ്രാർത്ഥിക്കുന്നു. നിത്യപുരോഹിതനും ബലിവസ്തുവുമായ മിശിഹായുടെ സഹനങ്ങളോട് ചേർത്ത് എന്റെ സഹനത്തെ സഭക്കും ലോകത്തിനും വേണ്ടി കാഴ്ച വെക്കുന്നു”.
1983 ഡിസംബർ 27 നു റബിബിയ ജയിലിൽ ചെന്ന് പാപ്പ അലിയെ കണ്ടു. പരസ്പരം മുഖാഭിമുഖം ഇരുന്ന് അലിയുടെ കാൽമുട്ടുകളിൽ തൻറെ കൈ വെച്ചു ക്ഷമ നൽകി. പാപ്പ മരിച്ചപ്പോൾ അലി അഗ്കയുടെ പ്രതികരണം ഇങ്ങനെ ,”എന്റെ വലിയ കൂട്ടുകാരന്റെ വേർപാടിൽ എനിക്ക് അതിയായ ദുഖമുണ്ട്”.
1994 ൽ ഐക്യരാഷ്ട്രസംഘടനയുടെ കെയ്‌റോ സമ്മേളനത്തിൽ ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും വാദിച്ചു. മറ്റു രാഷ്ട്രങ്ങൾ പിന്താങ്ങി. ഇതിനെതിരെ ഉയർന്ന ഏകസ്വരം വത്തിക്കാന്റെതായിരുന്നു.
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇങ്ങനെ ചോദിച്ചു .” നിസ്സഹായരായ കുഞ്ഞുങ്ങളുടെ ജീവൻ നശിപ്പിക്കാൻ ആര് നിങ്ങൾക്ക് അധികാരം തന്നു?ഇതിന്റെ മാനദണ്ഡമെന്ത് ?പാപ്പ അന്ന് പറഞ്ഞു: “ഞാനൊരു യുദ്ധം നയിക്കാൻ പോകുന്നു. ജീവന് വേണ്ടി, മരണസംസ്കാരത്തിനെതിരെയുള്ള യുദ്ധം”. അദ്ദേഹം പരിശുദ്ധ അമ്മക്ക് വിഷയം സമർപ്പിച്ച് ജപമാല കൈകളിലെടുത്തു. ലോകത്തിലെ മുഴുവൻ കത്തോലിക്ക വിശ്വാസികളോടും പരിശുദ്ധ കന്യാമറിയത്തെ വിളിച്ചപേക്ഷിക്കാൻ നിർദ്ദേശിച്ചു. “ജീവന്റെ സുവിശേഷം” ” കുടുംബങ്ങൾക്ക് ഒരെഴുത്ത്” എന്നിവ പിന്നീട് പ്രസിദ്ധീകരിച്ചതാണ്. .
കേരളം സന്ദർശിച്ചിട്ടുള്ള ഏകമാർപ്പാപ്പയാണ് ജോൺപോൾ രണ്ടാമൻ പാപ്പ. 104 ലോകപര്യടനങ്ങളിലൂടെ 129 രാജ്യങ്ങൾ പാപ്പ സന്ദർശിച്ചു. പതിമൂന്നിലധികം ഭാഷകൾ പാപ്പ സംസാരിക്കുമായിരുന്നു . 483 പേരെ വിശുദ്ധരുടെ ഗണത്തിലേക്കും 1340 പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉയർത്തി. ദിവ്യബലിക്ക് ലത്തീൻ ഭാഷക്കുപകരം പ്രാദേശികഭാഷകൾ ആക്കാൻ തീരുമാനമെടുത്തത് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയാണ്.
ഡിവൈന്‍ മേഴ്സി ഞായര്‍, വേള്‍ഡ് യൂത്ത് ഡേ, മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന വേള്‍ഡ് മീറ്റിങ്ങ് ഓഫ് ഫാമിലീസ്, വേള്‍ഡ് ഡേ ഓഫ് കോണ്‍സെക്രേറ്റഡ് ലൈഫ് – ഫെബ്രുവരി 2, ഫെബ്രുവരി 11 നു ദി വേള്‍ഡ് ഡേ ഓഫ് ദി സിക്ക്, തിയോളജി ഓഫ് ദി ബോഡി ശരീരത്തിന്‍റെ ദൈവശാസ്ത്രം, ഈയര്‍ ഓഫ് ദി റോസറി, പ്രകാശത്തിന്‍റെ ജപമാല രഹസ്യങ്ങള്‍ എന്നിവ അദ്ദേഹത്തിന്‍റെ സംഭാവനകളാണ്.
ലോക യുവജന ദിനം തുടങ്ങിയത് മൂലം ധാരാളം യുവാക്കളെയും യുവതികളെയും സഭയിലേക്ക് ആകര്‍ഷിക്കുവാന്‍ പാപ്പക്ക് കഴിഞ്ഞു. ഏതാണ്ട് ഒരു കോടി എഴുപത്തിയാറു ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ് അദ്ദേഹം തന്‍റെ ബുധനാഴ്ച തോറും ഉള്ള പൊതു പ്രസംഗത്തിലൂടെ (ഏതാണ്ട് 1,160 ഓളം പ്രസംഗങ്ങള്‍) അഭിസംബോധന ചെയ്തത്.
പാപ്പയുടെ അവസാന യാത്ര നടത്തിയത് ലൂർദിലേക്കായിരുന്നു , ദൈവമാതാവിനുള്ള നന്ദിപ്രകാശനമെന്ന പോലെ. ലോകത്തെയും സഭയേയും മുഴുവൻ അമ്മയുടെ വിമലഹൃദയത്തിലേക്ക് പാപ്പ സമർപ്പിച്ചു.ദിവ്യകാരുണ്യവും ജപമാലയും രൂപപ്പെടുത്തിയ ജീവിതമായിരുന്നു പാപ്പയുടേത്.
അവസാനനാളുകൾ ആശുപത്രിയിൽ ചിലവഴിക്കാതെ വത്തിക്കാനിൽ തന്നെ ആയിരിക്കാനാണ് പാപ്പ ആഗ്രഹിച്ചത് .2005 ഏപ്രിൽ 2 നു വൈകീട്ട് 3.30 നു പാപ്പ തൻറെ അവസാനവാക്കുകൾ ഉരുവിട്ടു. “ഞാൻ എന്റെ പിതാവിന്റെ സവിധത്തിലേക്ക് പോകുന്നു” എന്നതായിരുന്നു അവസാന വാക്കുകൾ .തുടർന്ന് അബോധാവസ്ഥയിലായ പാപ്പ 6 മണിക്കൂറിനു ശേഷം എണ്പത്തിനാലാം വയസ്സിൽ കാലം ചെയ്തു. ലക്ഷക്കണക്കിന് ജനങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലെത്തിചേർന്നത്. സാന്തോ സുബിത്തോ (അദ്ദേഹത്തെ വിശുദ്ധനാക്കുക ) എന്ന മുറവിളി എല്ലാവരുടെയും ചുണ്ടിൽ തങ്ങി നിന്നു.
വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2009 ഡിസംബർ 19 – ന് ധന്യപദവിയിലേക്ക് ഉയർത്തി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മധ്യസ്ഥതയാൽ ഫ്രഞ്ച് സന്യാസിനി മരിയേ സൈമണ് പാർക്കിൻസൺസ് രോഗം സുഖപ്പെട്ട സംഭവം സഭാകോടതിയിൽ തെളിയിക്കപ്പെട്ടതിന് ശേഷം ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ 2011 മേയ് 1 നു വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രിൽ 27ന് ഫ്രാൻസിസ് പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത് .
വിശുദ്ധ കുർബ്ബാനയോടും ദിവ്യകാരുണ്യത്തോടും അതീവഭക്തിയുണ്ടായിരുന്ന പാപ്പയുടെ വാക്കുകൾ ഇങ്ങനെ,
“നിങ്ങൾ സന്തോഷം സ്വപ്നം കാണുമ്പോൾ നിങ്ങൾ യേശുവിനെയാണ് അന്വേഷിക്കുന്നത്. നിങ്ങൾ കണ്ടെത്തുന്നതൊന്നും നിങ്ങളെ തൃപ്തരാക്കാത്തപ്പോൾ അവൻ നിങ്ങളെ കാത്തിരിക്കുകയാണ്. നിങ്ങൾ ആകർഷിക്കപ്പെടേണ്ട സൗന്ദര്യം അവനാണ്. ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത പൂർണ്ണതക്കു വേണ്ടി ദാഹിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നത് അവനാണ് . ശരിയല്ലാത്ത ജീവിതത്തിന്റെ മുഖംമൂടികൾ എറിഞ്ഞുകളയാൻ തോന്നിപ്പിക്കുന്നത് അവനാണ്. നിങ്ങളുടെ ജീവിതം വഴി മഹത്തായതെന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം നിങ്ങളിൽ ഉദിപ്പിക്കുന്നതും അവനാണ്”.
“ക്രിസ്തുവിൽ മാത്രമേ നമ്മൾ ശരിയായ സ്നേഹവും ജീവിതത്തിന്റെ പൂർണ്ണതയും കണ്ടെത്തുന്നുള്ളു. അതുകൊണ്ട് ക്രിസ്തുവിലേക്ക് നോക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു”
Feast Day of Pope St. John Paul II – October 22nd.
ജിൽസ ജോയ് ![]()





























Leave a comment