2 ദിനവൃത്താന്തം, അദ്ധ്യായം 33
മനാസ്‌സെ
1 മനാസ്‌സെ പന്ത്രണ്ടാംവയസ്‌സില്‍ രാജാവായി. അവന്‍ ജറുസലെമില്‍ അന്‍പത്തിയഞ്ചുവര്‍ഷം ഭരിച്ചു.2 ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ നിന്നു കര്‍ത്താവു തുരത്തിയ ജനതകളുടെ മ്‌ളേച്ഛാചാരങ്ങള്‍ അനുകരിച്ച് അവന്‍ അവിടുത്തെ സന്നിധിയില്‍ തിന്‍മ പ്രവര്‍ത്തിച്ചു.3 തന്റെ പിതാവായ ഹെസെക്കിയാ നശിപ്പിച്ച പൂജാഗിരികള്‍ അവന്‍ പുതുക്കിപ്പണിതു. ബാലിനു ബലിപീഠങ്ങള്‍ നിര്‍മിച്ചു. അഷേരാപ്രതിഷ്ഠകള്‍ സ്ഥാപിച്ചു; ആകാശഗോളങ്ങളെ സേവിക്കുകയും ആരാധിക്കുകയും ചെയ്തു.4 ജറുസലെമില്‍ എന്റെ നാമം എന്നേക്കും വസിക്കുമെന്ന് ഏത് ആലയത്തെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്തിരുന്നുവോ ആ ആലയത്തില്‍ അവന്‍ ബലിപീഠങ്ങള്‍ നിര്‍മിച്ചു.5 ദേവാലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അവന്‍ ആകാശഗോളങ്ങള്‍ക്കു ബലിപീഠങ്ങള്‍ പണിതു.6 സ്വന്തംപുത്രന്‍മാരെ അവന്‍ ബന്‍ഹിന്നോം താഴ്‌വരയില്‍ ഹോമിച്ചു. ജ്യോത്‌സ്യം, ആഭിചാരം, ശകുനം എന്നിവ സ്വീകരിക്കുകയും പ്രേതാവിഷ്ടരുടെയും മന്ത്രവാദികളുടെയും ഉപദേശം ആരായുകയും ചെയ്തു. കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ച് അവിടുത്തെ പ്രകോപിപ്പിച്ചു.7 താന്‍ ഉണ്ടാക്കിയ വിഗ്രഹം അവന്‍ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. ഈ ആലയത്തെക്കുറിച്ചാണ് ദാവീദിനോടും പുത്രനായ സോളമനോടും ദൈവം ഇപ്രകാരം അരുളിച്ചെയ്തത്: ഈ ആലയത്തിലും ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നു ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിലും എന്റെ നാമം ഞാന്‍ എന്നേക്കും പ്രതിഷ്ഠിക്കും.8 മോശവഴി ഞാന്‍ നല്‍കിയ നിയമവും കല്‍പനകളും ചട്ടങ്ങളും ശ്രദ്ധാപൂര്‍വം പാലിച്ചാല്‍, നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ നല്‍കിയ ദേശത്തുനിന്ന് ഇസ്രായേലിന്റെ പാദം ഞാന്‍ ഒരിക്കലും ഇളക്കുകയില്ല.9 ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവു നശിപ്പിച്ച ജനതകള്‍ ചെയ്തതിനേക്കാള്‍ വലിയ തിന്‍മ ചെയ്യാന്‍ യൂദായെയും ജറുസലെം നിവാസികളെയും മനാസ്‌സെ പ്രേരിപ്പിച്ചു.10 കര്‍ത്താവു മനാസ്‌സെയോടും ജനത്തോടും സംസാരിച്ചു. പക്‌ഷേ, അവര്‍ വകവച്ചില്ല.11 അതിനാല്‍, കര്‍ത്താവ് അസ്‌സീറിയാരാജാവിന്റെ സേനാധിപന്‍മാരെ അവര്‍ക്കെതിരേ അയച്ചു. അവര്‍ മനാസ്‌സെയെകൊളുത്തിട്ടുപിടിച്ച് ഓട്ടുചങ്ങലകളാല്‍ ബന്ധിച്ച് ബാബിലോണിലേക്കു കൊണ്ടുപോയി.12 കഷ്ടതയിലായപ്പോള്‍ അവന്‍ തന്റെ ദൈവമായ കര്‍ത്താവിനോടു കരുണയ്ക്കുവേണ്ടിയാചിക്കുകയും തന്റെ പിതാക്കന്‍മാരുടെ മുന്‍പില്‍ തന്നെത്തന്നെ അത്യധികം എളിമപ്പെടുത്തുകയും ചെയ്തു.13 അവന്‍ ദൈവത്തോടു പ്രാര്‍ഥിച്ചു. അവിടുന്നു പ്രാര്‍ഥനകേട്ട് മനാസ്‌സെയെ അവന്റെ രാജ്യത്തേക്ക്, ജറുസലെമിലേക്കു തിരിയെ കൊണ്ടുവന്നു. കര്‍ത്താവാണു ദൈവമെന്ന് അപ്പോള്‍ അവന്‍ മനസ്‌സിലാക്കി.14 അതിനുശേഷം അവന്‍ ദാവീദിന്റെ നഗരത്തിന് ഒരുപുറംമതില്‍ പണിതു. അതു ഗീബോണിനു പടിഞ്ഞാറുള്ള താഴ്‌വരയില്‍തുടങ്ങി ഓഫേല്‍ ചുറ്റി മത്‌സ്യകവാടം വരെ എത്തി. അതു വളരെ ഉയരത്തിലാണ് കെട്ടിയത്. യൂദായിലെ എല്ലാ സുരക്ഷിത നഗരങ്ങളിലും അവന്‍ സേനാധിപന്‍മാരെ നിയമിച്ചു.15 കര്‍ത്താവിന്റെ ആലയത്തില്‍ നിന്ന് അന്യദേവന്‍മാരെയും വിഗ്രഹത്തെയും അവന്‍ നീക്കം ചെയ്തു. ദേവാലയഗിരിയിലും ജറുസലെമിലും താന്‍ നിര്‍മിച്ചിരുന്ന ബലിപീഠങ്ങള്‍ തകര്‍ത്ത് നഗരത്തിനു വെളിയില്‍ എറിഞ്ഞു.16 അവന്‍ കര്‍ത്താവിന്റെ ബലിപീഠം വീണ്ടും പ്രതിഷ്ഠിക്കുകയും അതില്‍ സമാധാനബലികളും കൃതജ്ഞതാബലികളും അര്‍പ്പിക്കുകയും ചെയ്തു. കര്‍ത്താവിനെ സേവിക്കാന്‍ യൂദായോടു കല്‍പിച്ചു.17 എങ്കിലും ജനം പൂജാഗിരികളില്‍ ബലിയര്‍പ്പണം തുടര്‍ന്നു; എന്നാല്‍, അതു തങ്ങളുടെ ദൈവമായ കര്‍ത്താവിനായിരുന്നു.18 മനാസ്‌സെയുടെ ഇതരപ്രവര്‍ത്തനങ്ങളും അവന്‍ ദൈവത്തോടു ചെയ്ത പ്രാര്‍ഥനയും ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അവനോടു സംസാരിച്ച ദീര്‍ഘദര്‍ശികളുടെ വാക്കുകളും ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താ ന്തത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.19 അവന്റെ പ്രാര്‍ഥനയും ദൈവം അതുകേട്ട വിധവും തന്നെത്തന്നെ എളിമപ്പെടുത്തുന്നതിനു മുന്‍പ് അവന്‍ ചെയ്ത പാപവും കാണിച്ച അവിശ്വസ്തതയും അവന്‍ പൂജാഗിരികള്‍ നിര്‍മിക്കുകയും അഷേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും സ്ഥാപിക്കുകയും ചെയ്ത സ്ഥലങ്ങളും ദീര്‍ഘദര്‍ശികളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.20 മനാസ്‌സെ പിതാക്കന്‍മാരോടു ചേര്‍ന്നു; സ്വഭവനത്തില്‍ സംസ്‌കരിക്കപ്പെട്ടു. പുത്രന്‍ ആമോന്‍ സിംഹാസനാരോഹണം ചെയ്തു.
ആമോന്‍
21 ഭരണം ആരംഭിച്ചപ്പോള്‍ ആമോന് ഇരുപത്തിരണ്ടുവയസ്‌സായിരുന്നു. അവന്‍ രണ്ടുവര്‍ഷം ജറുസലെമില്‍ വാണു.22 പിതാവായ മനാസ്‌സെയെപ്പോലെ അവനും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു. തന്റെ പിതാവു നിര്‍മിച്ചവിഗ്രഹങ്ങള്‍ക്ക് അവന്‍ ബലിയര്‍പ്പിക്കുകയും അവയെ സേവിക്കുകയും ചെയ്തു.23 എന്നാല്‍, പിതാവിനെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തന്നെത്തന്നെ എളിമപ്പെടുത്തിയില്ല. പ്രത്യുത, പൂര്‍വാധികം തിന്‍മയില്‍ മുഴുകി.24 സേവകന്‍മാര്‍ അവനെതിരേ ഗൂഢാലോചന നടത്തി, സ്വഭവനത്തില്‍വച്ച് അവനെ വധിച്ചു.25 ആമോന്‍രാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം ദേശവാസികള്‍ കൊന്നുകളഞ്ഞു. അവന്റെ മകന്‍ ജോസിയായെ അവര്‍ രാജാവാക്കി.
The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation




Leave a comment