The Book of 2 Chronicles, Chapter 32 | 2 ദിനവൃത്താന്തം, അദ്ധ്യായം 32 | Malayalam Bible | POC Translation

Advertisements

സെന്നാക്കെരിബിന്റെ ആക്രമണം

1 ഹെസെക്കിയായുടെ വിശ്വസ്തതാപൂര്‍ണമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അസ്‌സീറിയാരാജാവായ സെന്നാക്കെരിബ് യൂദായെ ആക്രമിക്കുകയും അതിലെ സുര ക്ഷിതനഗരങ്ങള്‍ കീഴടക്കാമെന്ന പ്രതീക്ഷയോടെ അവയ്‌ക്കെതിരേ പാളയമടിക്കുകയും ചെയ്തു.2 സെന്നാക്കെരിബ് ജറുസലെം ആക്രമിക്കാന്‍ വരുന്നതുകണ്ട്3 ഹെസെക്കിയാ തന്റെ സേവകന്‍മാരോടും വീരപുരുഷന്‍മാരോടും ആലോചിച്ചു. നഗരത്തില്‍നിന്നു പുറത്തേക്കൊഴുകിയിരുന്ന നീര്‍ച്ചാലുകള്‍ തടയാന്‍ അവര്‍ തീരുമാനിച്ചു. അവര്‍ അവനെ സഹായിച്ചു.4 അനേകം, ആളുകള്‍ ഒരുമിച്ചുകൂടി. സകല നീര്‍ച്ചാലുകളും തടഞ്ഞു. അസ്‌സീറിയാ രാജാവിനു നാമെന്തിനു വെള്ളം കൊടുക്കണം എന്ന് അവര്‍ ചോദിച്ചു.5 നിശ്ചയദാര്‍ഢ്യത്തോടെ അവന്‍ പ്രവര്‍ത്തിച്ചു. പൊളിഞ്ഞുകിടന്ന മതിലിന്റെ കേടുപാടുകള്‍ തീര്‍ത്തു. അതിനു മുകളില്‍ ഗോപുരങ്ങള്‍ പണിതുയര്‍ത്തി. ചുറ്റും ഒരു കോട്ടകൂടി നിര്‍മിച്ചു. ദാവീദിന്റെ നഗരത്തിലെ മില്ലോ ശക്തിപ്പെടുത്തി. ആയുധങ്ങളും പരിചകളും ധാരാളമായി ഉണ്ടാക്കി.6 അവന്‍ ജനത്തിനു പടത്തലവന്‍മാരെ നിയമിച്ചു. നഗരകവാടത്തിലുള്ള അങ്കണത്തില്‍ എല്ലാവരെയും വിളിച്ചുകൂട്ടി, അവരെ ഉത്തേജിപ്പിച്ചുകൊണ്ടു പറഞ്ഞു:7 ശക്തന്‍മാരും ധീരന്‍മാരുമായിരിക്കുവിന്‍. അസ്‌സീറിയാരാജാവിനെയും അവന്റെ സൈന്യവ്യൂഹത്തെയും കണ്ടു ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ. അവനോടുകൂടെയുള്ളവനെക്കാള്‍ ശക്തനായ ഒരുവന്‍ നമ്മോടുകൂടെയുണ്ട്.8 മാംസളമായ ഹസ്തമാണ് അവനോടൊത്തുള്ളത്. നമ്മോടുകൂടെയുള്ളത് നമ്മുടെ ദൈവമായ കര്‍ത്താവും. അവിടുന്നു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി പൊരുതുകയും ചെയ്യും. യൂദാ രാജാവായ ഹെസെക്കിയായുടെ വാക്കുകള്‍ ജനത്തിനുധൈര്യം പകര്‍ന്നു.9 സൈന്യസമേതം ലാഖീഷ് ഉപരോധിച്ചുകൊണ്ടിരുന്ന അസ്‌സീറിയാരാജാവായ സെന്നാക്കെരിബ് ജറുസലെമിലേക്കു ദൂതന്‍മാരെ അയച്ച്, യൂദാ രാജാവായ ഹെസെക്കിയായോടും യൂദാനിവാസികളോടും പറഞ്ഞു:10 അസ്‌സീറിയാരാജാവായ സെന്നാക്കെരിബ് പറയുന്നു, എന്തില്‍ ആശ്രയിച്ചുകൊണ്ടാണു ജറുസലെമില്‍ നിങ്ങള്‍ പ്രതിരോധം ഏര്‍പ്പെടുത്തുന്നത്?11 നമ്മുടെ ദൈവമായ കര്‍ത്താവ് അസ്‌സീറിയാരാജാവിന്റെ കൈകളില്‍നിന്നു നമ്മെ രക്ഷിക്കും എന്നു പറഞ്ഞ് നിങ്ങളെ വഞ്ചിച്ച്, വിശപ്പും ദാഹവുംമൂലം നിങ്ങള്‍ മരിക്കാന്‍ ഹെസെക്കിയാ വഴിയൊരുക്കുകയല്ലേ?12 ഈ ഹെസെക്കിയാതന്നെയല്ലേ, അവിടുത്തെ പൂജാഗിരികളും ബലിപീഠങ്ങളും നശിപ്പിച്ചതും ഒരേയൊരു ബലിപീഠത്തിനുമുന്‍പില്‍ ആരാധിക്കുകയും അവിടെമാത്രം ദഹനബലികളര്‍പ്പിക്കുകയും ചെയ്യണമെന്നു യൂദായോടും ജറുസലെമിനോടും ആജ്ഞാപിച്ചതും?13 ഞാനും എന്റെ പിതാക്കന്‍മാരും മറ്റു ജനതകളോടു ചെയ്തതെന്തെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടെ? അവരുടെ ദേവന്‍മാര്‍ക്കു തങ്ങളുടെ ദേശത്തെ എന്റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞോ?14 എന്റെ പിതാക്കന്‍മാര്‍ നിശ്‌ശേഷം നശിപ്പിച്ച ആ ജനതകളുടെ ദേവന്‍മാരില്‍ ആര്‍ക്കാണു തന്റെ ജനത്തെ എന്റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞത്? പിന്നെ, നിങ്ങളുടെ ദൈവം എന്റെ കൈയില്‍നിന്നു നിങ്ങളെ രക്ഷിക്കുമെന്നോ?15 അതിനാല്‍, ഹെസെക്കിയാ നിങ്ങളെ ഇപ്രകാരം വഞ്ചിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യാതിരിക്കട്ടെ. അവനെ വിശ്വസിക്കരുത്. എന്റെ യോ എന്റെ പിതാക്കന്‍മാരുടെയോ കൈകളില്‍നിന്നു തന്റെ ജനത്തെ രക്ഷിക്കാന്‍ ഒരു ജനതയുടെയും രാജ്യത്തിന്റെയും ദേവനു കഴിഞ്ഞിട്ടില്ല. പിന്നെ നിങ്ങളുടെ ദൈവം എന്റെ കൈകളില്‍നിന്ന് നിങ്ങളെ എങ്ങനെ രക്ഷിക്കും?16 ദൈവമായ കര്‍ത്താവിനും അവിടുത്തെ ദാസനായ ഹെസെക്കിയായ്ക്കും എതിരേ ആദൂതന്‍മാര്‍ കൂടുതല്‍ നിന്ദനങ്ങള്‍ ചൊരിഞ്ഞു.17 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ നിന്ദിച്ചു കൊണ്ട് അസ്‌സീറിയാരാജാവ് ഇപ്രകാരം എഴുതി: ജനതകളുടെ ദേവന്‍മാര്‍ തങ്ങളുടെ ജനതകളെ എന്റെ കൈയില്‍നിന്നു രക്ഷിക്കാതിരുന്നതുപോലെ, ഹെസെക്കിയായുടെ ദൈവം തന്റെ ജനത്തെ എന്റെ കൈയില്‍നിന്നു രക്ഷിക്കുകയില്ല.18 കോട്ടയുടെ മുകളില്‍നിന്ന ജറുസലെം നിവാസികളെ സംഭീതരാക്കി, നഗരം പിടിച്ചടക്കാന്‍വേണ്ടിയൂദാഭാഷയില്‍ അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.19 ജറുസലെമിലെ ദൈവത്തെക്കുറിച്ച്, ഭൂമിയിലെ ജനതകളുടെ ദേവന്‍മാരെക്കുറിച്ചെന്നതുപോലെ, അവര്‍ സംസാരിച്ചു. അവയാകട്ടെ മനുഷ്യന്റെ കരവേല മാത്രമാണ്.20 ഹെസെക്കിയാരാജാവും ആമോസിന്റെ മകനായ ഏശയ്യാപ്രവാചകനും സ്വര്‍ഗത്തിലേക്കു സ്വരമുയര്‍ത്തി പ്രാര്‍ഥിച്ചു.21 കര്‍ത്താവ് ഒരു ദൂതനെ അയച്ചു, അവന്‍ അസ്‌സീറിയാരാജാവിന്റെ പാളയത്തിലെ വീരയോദ്ധാക്കളെയും സേനാധിപന്‍മാരെയും സേവകന്‍മാരെയുംവെട്ടിവീഴ്ത്തി. സെന്നാക്കെരിബ് ലജ്ജിച്ചു മുഖം താഴ്ത്തി സ്വദേശത്തേക്കു മടങ്ങി. അവന്‍ തന്റെ ദേവന്റെ ആലയത്തില്‍ പ്രവേശിച്ചപ്പോള്‍ സ്വപുത്രന്‍മാരില്‍ ചിലര്‍ അവനെ വാളിനിരയാക്കി,22 അങ്ങനെ കര്‍ത്താവ് അസ്‌സീറിയാ രാജാവായ സെന്നാക്കെരിബിന്റെയും മറ്റു ശത്രുക്കളുടെയും കൈകളില്‍നിന്നു ഹെസെക്കിയായെയും ജറുസലെംനിവാസികളെയും രക്ഷിച്ചു. അവരുടെ അതിര്‍ത്തികളില്‍ സ്വസ്ഥത നല്‍കി.23 വളരെപ്പേര്‍ ജറുസലെമില്‍ കര്‍ത്താവിനു കാഴ്ചകള്‍ കൊണ്ടുവന്നു. യൂദാരാജാവായഹെസെക്കിയായ്ക്കു വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കി. അന്നുമുതല്‍ ജനതകളുടെ മുന്‍പില്‍ അവന്‍ ബഹുമാനിതനായി.24 ഹെസെക്കിയാ രോഗം പിടിപ്പെട്ട് മരണത്തോടടുത്തു. അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. അവിടുന്ന് അവന് ഉത്തരമരുളി, ഒരു അടയാളവും കൊടുത്തു.25 എന്നാല്‍, അവന്‍ തനിക്കുലഭിച്ച നന്‍മകള്‍ക്കു നന്ദി പ്രകടിപ്പിച്ചില്ല. അവന്‍ അഹങ്കരിച്ചു. അതിനാല്‍ അവന്റെയും യൂദായുടെയും ജറുസലെമിന്റെയുംമേല്‍ ക്രോധം ജ്വലിച്ചു.26 എന്നാല്‍ തന്റെ അഹങ്കാരത്തെക്കുറിച്ച് അവനും അവനോടൊത്ത് ജറുസലെംനിവാസികളും അനുതപിച്ചതിനാല്‍ കര്‍ത്താവിന്റെ ക്രോധം ഹെസെക്കിയായുടെ കാലത്ത് അവരുടെമേല്‍ പതിച്ചില്ല.27 ഹെസെക്കിയാ വളരെ സമ്പന്നനും വലിയ കീര്‍ത്തിമാനും ആയിരുന്നു. വെള്ളി, സ്വര്‍ണം, രത്‌നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, പരിച കള്‍, വിലപിടിപ്പുള്ള വിവിധതരം പാത്രങ്ങള്‍ എന്നിവ സൂക്ഷിക്കാന്‍ അവന്‍ ഭണ്‍ഡാരങ്ങള്‍ നിര്‍മിച്ചു.28 ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയ്ക്കായി സംഭരണശാലകളും, ആടുമാടുകള്‍ക്ക് ആലകളും പണിതു.29 അവന്‍ തനിക്കുവേണ്ടി നഗരങ്ങള്‍ പണിയുകയും ആടുമാടുകളെ സമ്പാദിക്കുകയും ചെയ്തു. ദൈവം അവന് വളരെയധികം സമ്പത്തു നല്‍കിയിരുന്നു.30 ഗീഹോന്‍ അരുവിയുടെ മുകളിലെ കൈവഴി തടഞ്ഞ് ജലം ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തേക്കു തിരിച്ചുവിട്ടത് ഈ ഹെസെക്കിയായാണ്. തന്റെ എല്ലാ ഉദ്യമങ്ങളിലും അവനു വിജയമുണ്ടായി.31 ദേശത്തു സംഭവിച്ച അടയാളത്തെപ്പറ്റി അന്വേഷിക്കുന്നതിനു ബാബിലോണ്‍ പ്രഭുക്കന്‍മാരയച്ച ദൂതന്‍മാരുടെ കാര്യത്തില്‍ സ്വന്തം ഇഷ്ടം അനുസരിച്ചുപ്രവര്‍ത്തിക്കാന്‍ ദൈവം അവനെ അനുവദിച്ചു. അത് അവനെ പരീക്ഷിക്കുന്നതിനും അവന്റെ ഉള്ളറിയുന്നതിനും വേണ്ടി ആയിരുന്നു.32 ഹെസെക്കിയായുടെ ഇതരപ്രവര്‍ത്തനങ്ങളും അവന്‍ ചെയ്ത നല്ലകാര്യങ്ങളും ആമോസിന്റെ പുത്രനായ ഏശയ്യാപ്രവാചകന്റെ ദര്‍ശനത്തിലും യൂദായുടെയും ഇസ്രായേലിന്റെയും രാജാക്കന്‍മാരുടെ പുസ്തകത്തിലും രേഖപ്പെടുത്തിയിരിക്കുന്നു.33 ഹെസെക്കിയാ പിതാക്കന്‍മാരോടു ചേര്‍ന്നു; അവനെ ദാവീദിന്റെ പുത്രന്‍മാരുടെ ശവകുടീരങ്ങളുടെ മേല്‍നിരയില്‍ സംസ്‌കരിച്ചു. യൂദായിലും ജറുസലെമിലുള്ളവര്‍ എല്ലാവരും അവന് അന്ത്യോപചാരങ്ങള്‍ അര്‍പ്പിച്ചു. പുത്രന്‍മനാസ്‌സെ ഭരണമേറ്റു.

Advertisements

The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Chronicles 3-5 King Solomon’s Temple Is All About God’s Glory
Advertisements
Solomon’s Prayer of Dedication – 2 Chronicles 6, 12-42
Advertisements
Advertisements

Leave a comment