ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 29
ജറുസലെമിനു താക്കീതും വാഗ്ദാനവും
1 അരിയേല്‍, അരിയേല്‍, ദാവീദ് പാളയമടിച്ച നഗരമേ, നിനക്കു ദുരിതം! ഒരു വര്‍ഷം കൂടി കഴിഞ്ഞുകൊള്ളട്ടെ. ഉത്‌സവങ്ങള്‍യഥാക്രമം നടക്കട്ടെ.2 ഞാന്‍ അരിയേലിനു കഷ്ടത വരുത്തും. അവിടെ വിലാപധ്വനി ഉയരും. നീ എനിക്കു തീ കൂട്ടിയ ബലിപീഠംപോലെ ആയിരിക്കും.3 ഞാന്‍ നിനക്കു ചുറ്റും പാളയമടിക്കും. മണ്‍തിട്ട ഉയര്‍ത്തി ഞാന്‍ ആക്രമിക്കും. നിനക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തും.4 അപ്പോള്‍ ഭൂമിയുടെ അഗാധത്തില്‍നിന്നു നീ സംസാരിക്കും. പൊടിയില്‍നിന്നു നിന്റെ ശബ്ദം ഉയരും. ഭൂതത്തിന്‍േറ തുപോലെ നിന്റെ സ്വരം മണ്ണില്‍നിന്നു കേള്‍ക്കും. പൊടിയില്‍ കിടന്നു നീ മന്ത്രിക്കുന്നതു കേള്‍ക്കും.5 നിന്റെ ശത്രുക്കളുടെ കൂട്ടം ധൂളിപോലെയും നിര്‍ദയരുടെ കൂട്ടം പറക്കുന്ന പതിരുപോലെയും ആയിരിക്കും. എന്നാല്‍, നിനച്ചിരിക്കാതെ നിമിഷത്തിനകം6 സൈന്യങ്ങളുടെ കര്‍ത്താവ് നിന്നെ സന്ദര്‍ശിക്കും. ഇടിമുഴക്കത്തോടും ഭൂമികുലുക്കത്തോടും ഭയങ്കരനാദത്തോടും ചുഴലിക്കാറ്റോടും കൊടുങ്കാറ്റോടും ദഹിപ്പിക്കുന്ന അഗ്‌നിയോടും കൂടെ അവിടുന്ന് വരും.7 അരിയേലിനെതിരേയുദ്ധംചെയ്യുന്ന ജനതകളുടെ കൂട്ടം, അവള്‍ക്കും അവളുടെ കോട്ടയ്ക്കും എതിരേയുദ്ധം ചെയ്ത് അവളെ കഷ്ടപ്പെടുത്തുന്നവര്‍, സ്വപ്നം പോലെ, നിശാദര്‍ശനംപോലെ, ആകും.8 സീയോന്‍പര്‍വതത്തിനെതിരേയുദ്ധംചെയ്യുന്ന ശത്രുസമൂഹം ഭക്ഷിക്കുന്നതായി സ്വപ്നം കണ്ടിട്ട്, ഉണരുമ്പോള്‍ വിശക്കുന്നവനെപ്പോലെയും, കുടിക്കുന്നതായി സ്വപ്നം കണ്ടിട്ട്, വരണ്ട തൊണ്ടയുമായി ഉണരുന്നവനെപ്പോലെയും ആകും.9 വിസ്മയസ്തബ്ധരാകുവിന്‍, നിങ്ങളെത്തന്നെ അന്ധരാക്കുവിന്‍, ഉന്‍മത്തരാകു വിന്‍; എന്നാല്‍ വീഞ്ഞുകൊണ്ടാവരുത്. ആടിനടക്കുവിന്‍; എന്നാല്‍, മദ്യപിച്ചിട്ടാവരുത്.10 കര്‍ത്താവ് നിങ്ങളുടെമേല്‍ നിദ്രാല സ്യത്തിന്റെ നിശ്വാസം അയച്ചു. പ്രവാചകന്‍മാരാകുന്ന നിങ്ങളുടെ കണ്ണുകള്‍ അടയ്ക്കുകയും ദീര്‍ഘദര്‍ശികളായ നിങ്ങളുടെ ശിരസ്‌സുകള്‍ മൂടുകയും ചെയ്തു.11 ഈ ദര്‍ശനം നിങ്ങള്‍ക്കു മുദ്രിതഗ്രന്ഥത്തിലെ വാക്കുകള്‍പോലെ ആയിരിക്കുന്നു. ഇതു വായിക്കുക, എന്നുപറഞ്ഞ് വായിക്കാനറിയാവുന്നവന്റെ കൈയില്‍ കൊടുക്കുമ്പോള്‍, ഇതു മുദ്രവയ്ക്കപ്പെട്ടിരിക്കുന്നു, വായിക്കാന്‍ കഴിയുകയില്ല എന്ന് അവന്‍ പറയുന്നു.12 വായിക്കുക എന്നു പറഞ്ഞ് വായിക്കാന്‍ അറിഞ്ഞുകൂടാത്തവന്റെ കൈയില്‍ ആ പുസ്തം കൊടുക്കുമ്പോള്‍ എനിക്കു വായിക്കാനാവുകയില്ല എന്ന് അവനും പറയുന്നു.13 കര്‍ത്താവ് അരുളിച്ചെയ്തു: ഈ ജനം വാക്കുകൊണ്ടുമാത്രം എന്നെ സമീപിക്കുകയും അധരംകൊണ്ടു മാത്രം എന്നെ ആരാധിക്കുകയും ചെയ്യുന്നു. ഇവരുടെ ഹൃദയം എന്നില്‍നിന്ന് അകന്നിരിക്കുന്നു. എന്റെ നേര്‍ക്കുള്ള ഇവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷികനിയമമാണ്.14 അതിനാല്‍, ഞാന്‍ വീണ്ടും ഈ ജനത്തോടു വിസ്മയനീയമായവന്‍കാര്യങ്ങള്‍ ചെയ്യും. ഇവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; വിവേകികളുടെ വിവേചനാശക്തി ഇല്ലാതാകും.15 തങ്ങളുടെ ആലോചനകളെ കര്‍ത്താവു കാണാതെ അഗാധത്തില്‍ ഒളിച്ചുവയ്ക്കുകയും തങ്ങളുടെ പ്രവൃത്തികള്‍ അന്ധകാരത്തില്‍ നടത്തുകയും ഞങ്ങളെ ആര് കാണും, ഞങ്ങളെ ആര് അറിയും എന്നു ചോദിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!16 നീ വസ്തുതകളെ കീഴ്‌മേല്‍ മറിക്കുന്നു. സൃഷ്ടി സ്രഷ്ടാവിനെക്കുറിച്ച്, അവനല്ല എന്നെ സൃഷ്ടിച്ചത് എന്നോ ഉരുവാക്കപ്പെട്ട വസ്തു തനിക്കു രൂപം നല്‍കിയവനെക്കുറിച്ച്, അവന് അറിവില്ല എന്നോ പറയത്തക്കവിധം കുശവനും കളിമണ്ണും ഒന്നുപോലെ പരിഗണിക്കപ്പെടാമോ? 17 ലബനോന്‍ ഫലസമൃദ്ധമായ ഒരു വയലായിത്തീരാനും അത് ഒരു വനമായി പരിഗണിക്കപ്പെടാനും അല്‍പസമയം പോരേ?18 അന്നു ചെകിടര്‍ ഗ്രന്ഥത്തിലെ വാക്കുകള്‍ വായിച്ചു കേള്‍ക്കുകയും അന്ധര്‍ക്ക് അന്ധ കാരത്തില്‍ ദര്‍ശനം ലഭിക്കുകയും ചെയ്യും.19 ശാന്തശീലര്‍ക്കു കര്‍ത്താവില്‍ നവ്യമായ സന്തോഷം ലഭിക്കും; ദരിദ്രര്‍ ഇസ്രായേലിന്റെ പരിശുദ്ധനില്‍ ആഹ്‌ളാദിക്കും.20 നിര്‍ദയര്‍ അപ്രത്യക്ഷരാവുകയും നിന്ദകര്‍ ഇല്ലാതാവുകയും തിന്‍മ ചെയ്യാന്‍ നോക്കിയിരിക്കുന്നവര്‍ വിച്‌ഛേദിക്കപ്പെടുകയും ചെയ്യും.21 അവര്‍ ഒരുവനെ ഒരു വാക്കില്‍ പിടിച്ചു കുറ്റക്കാരനാക്കുകയും നഗരകവാടത്തിങ്കലിരുന്നു ശാസിക്കുന്നവനു കെണിവയ്ക്കുകയും അടിസ്ഥാനരഹിതമായ വാദംകൊണ്ടു നീതിമാനു നീതി നിഷേധിക്കുകയും ചെയ്യുന്നു.22 അബ്രാഹത്തെ രക്ഷിച്ച കര്‍ത്താവ് യാക്കോബിന്റെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു: യാക്കോബ് ഇനിമേല്‍ ലജ്ജിതനാവുകയില്ല; ഇനിമേല്‍ അവന്റെ മുഖം വിവര്‍ണമാവുകയുമില്ല.23 ഞാന്‍ ജനത്തിന്റെ മധ്യേ ചെയ്ത പ്രവൃത്തികള്‍ കാണുമ്പോള്‍ അവന്റെ സന്തതി എന്റെ നാമത്തെ മഹത്വപ്പെടുത്തും. അവര്‍ യാക്കോബിന്റെ പരിശുദ്ധനെ മഹത്വപ്പെടുത്തും; ഇസ്രായേലിന്റെ ദൈവത്തിന്റെ മുന്‍പില്‍ ഭക്തിയോടെ അവര്‍ നിലകൊള്ളും.24 തെറ്റിലേക്കു വഴുതിപ്പോയവര്‍ വിവേകത്തിലേക്കു മടങ്ങിവരും; പിറുപിറുത്തിരുന്നവര്‍ ഉപദേശം സ്വീകരിക്കും.
The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation




Leave a comment