Isaiah, Chapter 60 | ഏശയ്യാ, അദ്ധ്യായം 60 | Malayalam Bible | POC Translation

Advertisements

ജറുസലെമിന്റെ ഭാവിമഹത്വം

1 ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.2 അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും.3 ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്‍മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും.4 കണ്ണുകളുയര്‍ത്തി ചുറ്റും നോക്കിക്കാണുക; അവര്‍ ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു. നിന്റെ പുത്രന്‍മാര്‍ ദൂരെനിന്നു വരും; പുത്രിമാര്‍ കരങ്ങളില്‍ സംവഹിക്കപ്പെടും.5 ഇതെല്ലാം ദര്‍ശിച്ചു നീ തേജസ്വിനിയാകും. സമുദ്രത്തിലെ സമ്പത്ത് നിന്റെ അടുക്കല്‍ കൊണ്ടുവരുകയും ജനതകളുടെ ധനം നിനക്കു ലഭിക്കുകയും ചെയ്യുമ്പോള്‍ നിന്റെ ഹൃദയം ആനന്ദപുളകിതമാകും.6 ഒട്ടകങ്ങളുടെ ഒരു പറ്റം, മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റന്‍മാരുടെ കൂട്ടം, നിന്നെ മറയ്ക്കും. ഷേബായില്‍നിന്നുള്ള വരും വരും. അവര്‍ സ്വര്‍ണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും കര്‍ത്താവിന്റെ കീര്‍ത്തനം ആലപിക്കുകയും ചെയ്യും.7 കേദാറിലെ ആട്ടിന്‍പറ്റങ്ങളെ നിന്റെ അടുക്കല്‍ കൊണ്ടുവരും. നെബായോത്തിലെ മുട്ടാടുകളെ നിനക്കു ലഭിക്കും. സ്വീകാര്യമാംവിധം അവ എന്റെ ബലിപീഠത്തില്‍ വരും. എന്റെ ശ്രേഷ്ഠമായ ആലയത്തെ ഞാന്‍ മഹ ത്വപ്പെടുത്തും.8 മേഘത്തെപ്പോലെയും, കിളിവാതിലിലേക്കു വരുന്ന പ്രാവുകളെപ്പോലെയും പറക്കുന്ന ഇവര്‍ ആരാണ്?9 തീരദേശങ്ങള്‍ എന്നെ കാത്തിരിക്കും. ദൈവമായ കര്‍ത്താവിന്റെ നാമത്തിനും ഇസ്രായേലിന്റെ പരിശുദ്ധനുംവേണ്ടി, വിദൂരത്തുനിന്നു നിന്റെ പുത്രന്‍മാരെ അവരുടെ സ്വര്‍ണവും വെള്ളിയും സഹിതം കൊണ്ടുവരുന്നതിന് താര്‍ഷീഷിലെ കപ്പലുകള്‍ മുന്‍പന്തിയിലുണ്ട്. അവിടുന്ന് നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.10 വിദേശികള്‍ നിന്റെ മതിലുകള്‍ പണിതുയര്‍ത്തും. അവരുടെ രാജാക്കന്‍മാര്‍ നിന്നെ സേവിക്കും. എന്റെ കോപത്തില്‍ ഞാന്‍ നിന്നെ പ്രഹരിച്ചു. എന്നാല്‍, എന്റെ കരുണയില്‍ ഞാന്‍ നിന്നോടു കൃപ ചെയ്തു.11 ജനതകളുടെ സമ്പത്ത് അവരുടെ രാജാക്കന്‍മാരുടെ അകമ്പടിയോടെ നിന്റെ അടുക്കല്‍ എത്തിക്കേണ്ടതിനു നിന്റെ കവാടങ്ങള്‍ രാപകല്‍ തുറന്നുകിടക്കട്ടെ; ഒരിക്കലും അടയ്ക്കരുത്.12 നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നശിക്കും. ആ ജനതകള്‍ നിര്‍മാര്‍ജനം ചെയ്യപ്പെടും.13 എന്റെ വിശുദ്ധസ്ഥലം അലങ്കരിക്കാന്‍ ലബനോന്റെ മഹത്വമായ സരളവൃക്ഷവും പുന്നയും ദേവദാരുവും നിന്റെ അടുക്കല്‍ എത്തും. എന്റെ പാദപീഠം ഞാന്‍ മഹത്വപൂര്‍ണമാക്കും.14 നിന്നെ പീഡിപ്പിച്ചവരുടെ പുത്രര്‍ നിന്റെ അടുക്കല്‍ വന്നു താണു വണങ്ങും. നിന്നെ നിന്ദിച്ചവര്‍ നിന്റെ പാദത്തില്‍ പ്രണമിക്കും. കര്‍ത്താവിന്റെ നഗരം, ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ സീയോന്‍, എന്ന് അവര്‍ നിന്നെ വിളിക്കും.15 ആരും കടന്നുപോകാത്തവിധം പരിത്യക്തയും വെറുക്കപ്പെട്ടവളുമായിരുന്നു നീ. ഞാന്‍ നിന്നെ എന്നേക്കും പ്രൗഢിയുറ്റവളും തലമുറകള്‍ക്ക് ആനന്ദവും ആക്കും.16 നീ ജനതകളുടെ പാലു കുടിക്കും; രാജാക്കന്‍മാരുടെ ഐശ്വര്യം നുകരും. കര്‍ത്താവായ ഞാനാണ് നിന്റെ രക്ഷകനെന്നും യാക്കോബിന്റെ ശക്തനായവനാണ് നിന്റെ വിമോചകനെന്നും നീ അറിയും.17 ഓടിനു പകരം സ്വര്‍ണവും ഇരുമ്പിനു പകരം വെള്ളിയും തടിക്കു പകരം ഓടും കല്ലിനു പകരം ഇരുമ്പും ഞാന്‍ കൊണ്ടുവരും. സമാധാനത്തെനിന്റെ മേല്‍നോട്ടക്കാരും നീതിയെ നിന്റെ അധിപതികളും ആക്കും.18 നിന്റെ ദേശത്ത് ഇനി അക്രമത്തെപ്പറ്റി കേള്‍ക്കുകയില്ല. ശൂന്യതയും നാശവും നിന്റെ അതിര്‍ത്തിക്കുള്ളില്‍ ഉണ്ടാവുകയില്ല; നിന്റെ മതിലുകളെ രക്ഷയെന്നും കവാടങ്ങളെ സ്തുതിയെന്നും നീ വിളിക്കും.19 പകല്‍ സൂര്യനായിരിക്കുകയില്ല ഇനി നിനക്കു പ്രകാശം തരുക; നിനക്കു പ്രകാശംനല്‍കാന്‍ രാത്രിയില്‍ ചന്ദ്രനായിരിക്കുകയില്ല പ്രശോഭിക്കുന്നത്. കര്‍ത്താവായിരിക്കും നിന്റെ നിത്യമായ പ്രകാശം; നിന്റെ ദൈവമായിരിക്കും നിന്റെ മഹത്വം.20 നിന്റെ സൂര്യന്‍ അസ്തമിക്കുകയില്ല; നിന്റെ ചന്ദ്രന്‍മറയുകയുമില്ല; കര്‍ത്താവ് നിന്റെ നിത്യപ്രകാശമായിരിക്കും. നിന്റെ വിലാപദിനങ്ങള്‍ അവസാനിക്കും.21 നിന്റെ ജനം നീതിമാന്‍മാരാകും. ഞാന്‍ മഹത്വപ്പെടേണ്ടതിനു ഞാന്‍ നട്ട മുളയും എന്റെ കരവേലയുമായ ദേശത്തെ എന്നേക്കുമായി അവര്‍ കൈവശപ്പെടുത്തും.22 ഏറ്റവും നിസ്‌സാരനായവന്‍ ഒരു വംശവും ഏറ്റവും ചെറിയവന്‍ ശക്തിയുള്ള ജനതയുമാകും. ഞാനാണു കര്‍ത്താവ്, യഥാകാലം ഞാന്‍ ഇത് ത്വരിതമാക്കും.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment