Isaiah, Chapter 59 | ഏശയ്യാ, അദ്ധ്യായം 59 | Malayalam Bible | POC Translation

Advertisements

രക്ഷയ്ക്കു തടസ്‌സം

1 രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല.2 നിന്റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചിരിക്കുന്നു. അതിനാല്‍ അവിടുന്ന് നിന്റെ പ്രാര്‍ഥന കേള്‍ക്കുന്നില്ല.3 നിന്റെ കരങ്ങള്‍ രക്തപങ്കിലമാണ്. വിരലുകള്‍ അകൃത്യങ്ങളാല്‍ മലിനമായിരിക്കുന്നു. നിന്റെ അധരം വ്യാജം പറയുന്നു, നാവ് ദുഷ്ടത പിറുപിറുക്കുന്നു.4 ആരും നീതിയോടെ വ്യവഹാരം നടത്തുന്നില്ല; സത്യസന്ധതയോടെ ആരുംന്യായാസനത്തെ സമീപിക്കുന്നില്ല. അവര്‍ പൊള്ളയായ വാദങ്ങളില്‍ ആശ്രയിക്കുകയും നുണപറയുകയും ചെയ്യുന്നു. അവര്‍ തിന്‍മയെ ഗര്‍ഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു.5 അവര്‍ അണലിമുട്ടയിന്‍മേല്‍ അടയിരിക്കുകയും ചിലന്തിവല നെയ്യുകയും ചെയ്യുന്നു. അവയുടെ മുട്ട തിന്നുന്നവര്‍ മരിക്കും. മുട്ടപൊട്ടിച്ചാല്‍ അണലി പുറത്തുവരും.6 അവര്‍ നെയ്തത് വസ്ത്രത്തിനു കൊള്ളുകയില്ല. അവരുണ്ടാക്കിയതു മനുഷ്യര്‍ക്കു പുതയ്ക്കാനാവില്ല. അവര്‍ പ്രവര്‍ത്തിക്കുന്നത് അകൃത്യമാണ്; അവരുടെ കരങ്ങള്‍ അക്രമം പ്രവര്‍ത്തിക്കുന്നു.7 അവരുടെ പാദങ്ങള്‍ തിന്‍മയിലേക്കു കുതിക്കുന്നു. നിര പരാധരുടെ രക്തം ചൊരിയുന്നതിന് അവര്‍ വെമ്പല്‍കൊള്ളുന്നു. അവര്‍ അകൃത്യം നിനയ്ക്കുന്നു. ശൂന്യതയും നാശവുമാണ് അവരുടെ പെരുവഴികളില്‍.8 സമാധാനത്തിന്റെ മാര്‍ഗം അവര്‍ക്ക് അജ്ഞാതമാണ്. അവരുടെ വഴികളില്‍ നീതി അശേഷമില്ല. അവര്‍ തങ്ങളുടെ മാര്‍ഗങ്ങള്‍ വക്രമാക്കി. അതില്‍ ചരിക്കുന്നവര്‍ക്കു സമാധാനം ലഭിക്കുകയില്ല.9 നീതി ഞങ്ങളില്‍നിന്നു വിദൂരത്താണ്.ന്യായം ഞങ്ങള്‍ക്കു ലഭിക്കുന്നില്ല. ഞങ്ങള്‍ പ്രകാശം തേടുന്നു; എന്നാല്‍, എങ്ങും അന്ധ കാരം! ദീപ്തി അന്വേഷിക്കുന്നു; എന്നാല്‍, ഞങ്ങളുടെ മാര്‍ഗം നിഴല്‍ മൂടിയിരിക്കുന്നു.10 അന്ധരെപ്പോലെ ഞങ്ങള്‍ ചുമരു തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ ഞങ്ങള്‍ തപ്പിത്തടയുന്നു. അരണ്ട വെളിച്ചത്തിലെന്നപോലെ മധ്യാഹ്‌നത്തില്‍ ഞങ്ങള്‍ക്കു കാലിടറുന്നു. ഊര്‍ജസ്വലരുടെ ഇടയില്‍ ഞങ്ങള്‍ മൃതപ്രായരാണ്.11 ഞങ്ങള്‍ കരടികളെപ്പോലെ മുരളുകയും പ്രാവുകളെപ്പോലെ കുറുകികൊണ്ടിരിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ നീതിക്കുവേണ്ടി കാത്തിരിക്കുന്നു; എന്നാല്‍, ലഭിക്കുന്നില്ല; രക്ഷപ്രതീക്ഷിച്ചിരിക്കുന്നു; അതു വിദൂരത്താണ്.12 ഞങ്ങളുടെ അതിക്രമങ്ങള്‍ അങ്ങയുടെ മുന്‍പില്‍ വര്‍ധിച്ചിരിക്കുന്നു; ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്കെതിരേ സാക്ഷ്യം നല്‍കുന്നു. ഞങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങളോടൊപ്പ മുണ്ട്. ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ അറിയുന്നു.13 ഞങ്ങള്‍ തിന്‍മ പ്രവര്‍ത്തിക്കുന്നു, കര്‍ത്താവിനെ നിഷേധിക്കുന്നു, ദൈവത്തില്‍ നിന്നു പിന്തിരിയുന്നു; മര്‍ദനവും കലഹവും പ്രസംഗിക്കുകയും വഞ്ചന നിരൂപിക്കുകയും പറയുകയും ചെയ്യുന്നു.14 നീതി പുറന്തള്ളപ്പെട്ടിരിക്കുന്നു;ന്യായം വിദൂരത്തു നില്‍ക്കുന്നു; സത്യം പൊതുസ്ഥലങ്ങളില്‍ വീണടിയുന്നു; സത്യസന്ധതയ്ക്ക് അവിടെ പ്രവേശനമില്ല.15 സത്യം ഇല്ലാതായിരിക്കുന്നു; തിന്‍മയെ വിട്ടകലുന്നവന്‍ വേട്ടയാടപ്പെടുന്നു; അവിടെ നീതിയില്ലെന്നു കര്‍ത്താവു കണ്ടു. അത് അവിടുത്തെ അസന്തുഷ്ടനാക്കി.16 അവിടെ ആരുമില്ലെന്ന് അവിടുന്നു കണ്ടു; ഇടപെടാന്‍ ആരുമില്ലാത്തതിനാല്‍, അവിടുന്ന് ആശ്ചര്യപ്പെട്ടു. സ്വന്തം കരംതന്നെ അവിടുത്തേക്കു വിജയം നല്‍കി. സ്വന്തം നീതിയില്‍ അവിടുന്ന് ആശ്രയിച്ചു.17 അവിടുന്ന് നീതിയെ ഉരസ്ത്രാണമാക്കി, രക്ഷയുടെ പടത്തൊപ്പി ശിരസ്‌സില്‍ വച്ചു; അവിടുന്ന് പ്രതികാരത്തിന്റെ വസ്ത്രം ധരിച്ചു; ക്രോധമാകുന്ന മേലങ്കി അണിഞ്ഞു.18 പ്രവൃത്തികള്‍ക്കനുസൃതമായി കര്‍ത്താവ് അവര്‍ക്കു പ്രതിഫലം നല്‍കും. എതിരാളികള്‍ക്കു ക്രോധവും ശത്രുക്കള്‍ക്കു പ്രതികാരവും ലഭിക്കും. തീരദേശങ്ങളോട് അവിടുന്ന് പ്രതികാരം ചെയ്യും.19 പടിഞ്ഞാറുള്ളവര്‍ കര്‍ത്താവിന്റെ നാമത്തെയും കിഴക്കുനിന്നുള്ളവര്‍ അവിടുത്തെ മഹത്വത്തെയും ഭയപ്പെടും. കര്‍ത്താവിന്റെ കാറ്റില്‍ തള്ളിയലച്ചുവരുന്ന പ്രവാഹംപോലെ അവിടുന്ന് വരും.20 കര്‍ത്താവ് അരുളിച്ചെയ്യുന്നു: സീയോനിലേക്ക്, തിന്‍മകളില്‍ നിന്നു പിന്തിരിഞ്ഞ യാക്കോബിന്റെ സന്തതികളുടെ അടുക്കലേക്ക്, കര്‍ത്താവ് രക്ഷ കനായി വരും.21 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിന്റെ മേലുള്ള എന്റെ ആത്മാവും, നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്‌ഷേപിച്ചവചനങ്ങളും, നിന്റെ യോ നിന്റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍ നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment