Jeremiah, Chapter 20 | ജറെമിയാ, അദ്ധ്യായം 20 | Malayalam Bible | POC Translation

Advertisements

പാഷൂറുമായി വിവാദം

1 ഇമ്മെറിന്റെ മകനും ദേവാലയത്തിലെ പ്രധാന മേല്‍വിചാരിപ്പുകാരനുമായ പാഷൂര്‍ എന്ന പുരോഹിതന്‍ ജറെമിയാ പ്രവചിക്കുന്നതു കേട്ടു.2 അവന്‍ ജറെമിയാ പ്രവാചകനെ അടിച്ചിട്ട് ദേവാലയത്തിലേക്കുള്ള മുകളിലെ ബഞ്ചമിന്‍കവാടത്തില്‍ ഒരു മുക്കാലിയില്‍ കെട്ടിയിട്ടു.3 പിറ്റേദിവസം പാഷൂര്‍ ജറെമിയായെ അഴിച്ചുവിട്ടു. അപ്പോള്‍ ജറെമിയാ അവനോടു പറഞ്ഞു: കര്‍ത്താവ് നിന്നെ വിളിക്കുന്നത് പാഷൂര്‍ എന്നല്ല, സര്‍വത്ര ഭീതി എന്നാണ്.4 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ നിനക്കുതന്നെയും നിന്റെ സകല സുഹൃത്തുക്കള്‍ക്കും ഭീതിയാക്കിത്തീര്‍ക്കും. നിന്റെ കണ്‍മുന്‍പില്‍വച്ച് അവര്‍ ശത്രുക്കളുടെ വാളിനിരയാകും. യൂദാ മുഴുവനെയും ഞാന്‍ ബാബിലോണ്‍ രാജാവിന്റെ കൈകളിലേല്‍പിക്കും. അവന്‍ അവരെ തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോയി വാളുകൊണ്ടു വധിക്കും.5 നഗരത്തിലെ സര്‍വസമ്പത്തും ആദായവും വില പിടിപ്പുള്ള സകല വസ്തുക്കളും യൂദാരാജാക്കന്‍മാരുടെ സമസ്ത നിക്‌ഷേപങ്ങളുംഅവരുടെ ശത്രുക്കള്‍ക്കു ഞാന്‍ കൊടുക്കും. ശത്രുക്കള്‍ അവ കൊള്ളയടിച്ച് ബാബിലോണിലേക്കു കൊണ്ടുപോകും.6 പാഷൂര്‍, നീയും നിന്റെ കുടുംബവും ബാബിലോണിലേക്കു നാടുകടത്തപ്പെടും. അവിടെവച്ചു നീയും നിന്റെ വ്യാജപ്രവചനം ശ്രവിച്ച നിന്റെ കൂട്ടുകാരെല്ലാവരും മരിച്ചു മണ്ണടിയും.

ജറെമിയായുടെ പരാതി

7 കര്‍ത്താവേ, അങ്ങ് എന്നെ വഞ്ചിച്ചിരിക്കുന്നു; ഞാന്‍ വഞ്ചിതനായി. അങ്ങ് എന്നേക്കാള്‍ ശക്തനാണ്. അങ്ങ് വിജയിച്ചിരിക്കുന്നു. ദിവസം മുഴുവന്‍ ഞാന്‍ പരിഹാസ പാത്രമായി. എല്ലാവരും എന്നെ അപഹസിക്കുന്നു.8 വായ് തുറക്കുമ്പോഴൊക്കെ അക്രമം, നാശം എന്നാണു ഞാന്‍ വിളിച്ചുപറയുന്നത്. കര്‍ത്താവിന്റെ വചനം എനിക്ക് ഇടവിടാത്തനിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു.9 അവിടുത്തെപ്പറ്റി ഞാന്‍ ചിന്തിക്കുകയില്ല, അവിടുത്തെനാമത്തില്‍ മേലില്‍ സംസാരിക്കുകയില്ല എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്‌നി എന്റെ അസ്ഥികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. അതിനെ അടക്കാന്‍ ശ്രമിച്ചു ഞാന്‍ തളര്‍ന്നു; എനിക്കു സാധിക്കുന്നില്ല.10 പലരും അടക്കംപറയുന്നതു ഞാന്‍ കേള്‍ക്കുന്നു: സര്‍വത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക, നമുക്ക് അവനെതിരേ കുറ്റാരോപണം നടത്താം. എന്റെ കൂട്ടുകാരായിരുന്നവര്‍ ഞാന്‍ വീഴുന്നതു കാണാന്‍ കാത്തിരിക്കുകയാണ്. അവനു വഴിതെറ്റിയേക്കാം. അപ്പോള്‍ നമുക്ക് അവന്റെ മേല്‍ വിജയം നേടാം; പ്രതികാരം നടത്തുകയും ചെയ്യാം.11 എന്നാല്‍ വീരയോദ്ധാവിനെപ്പോലെ കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്. അതിനാല്‍ എന്റെ പീഡകര്‍ക്കു കാലിടറും. അവര്‍ എന്റെ മേല്‍ വിജയം വരിക്കുകയില്ല. വിജയിക്കാതെവരുമ്പോള്‍ അവര്‍ വല്ലാതെ ലജ്ജിക്കും. അവര്‍ക്കുണ്ടാകുന്ന നിത്യമായ അവമാനം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല.12 സൈന്യങ്ങളുടെ കര്‍ത്താവേ, നീതിമാനെ പരിശോധിക്കുകയും ഹൃദയവും മനസ്‌സും കാണുകയും ചെയ്യുന്നവനേ, അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു കാണാന്‍ എന്നെ അനുവദിക്കണമേ. അങ്ങിലാണല്ലോ ഞാന്‍ ആശ്രയിക്കുന്നത്.13 കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍; അവിടുത്തെ സ്തുതിക്കുവിന്‍. എന്തെന്നാല്‍, ദുഷ്ടരുടെ കൈയില്‍നിന്ന് ദരിദ്രരുടെ ജീവനെ അവിടുന്ന് രക്ഷിച്ചു.14 ഞാന്‍ പിറന്ന ദിവസം ശപിക്കപ്പെട്ടതാകട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.15 എന്റെ പിതാവിന്റെ അടുക്കല്‍ ചെന്ന് നിനക്ക് ഒരു പുത്രന്‍ ജനിച്ചിരിക്കുന്നു എന്ന വാര്‍ത്ത അറിയിച്ച് അവനെ സന്തോഷിപ്പിച്ചവന്‍ ശപിക്കപ്പെട്ടവനാകട്ടെ.16 കര്‍ത്താവ് നിര്‍ദയം നശിപ്പിച്ച പട്ടണംപോലെയാകട്ടെ അവന്‍ . രാവിലെ നിലവിളിയും ഉച്ചയ്ക്കു പോര്‍വിളിയും അവനു കേള്‍ക്കാനിടവരട്ടെ.17 എന്തുകൊണ്ട് അവന്‍ എന്നെ പിറക്കുന്നതിനുമുന്‍പു കൊന്നില്ല? എന്റെ അമ്മയുടെ ഉദരം എന്നേക്കും എന്റെ ശവകുടീരമാകുമായിരുന്നു.18 എന്തിനാണ് ഞാന്‍ ഉദരത്തില്‍നിന്നു പുറത്തുവന്നത്? അധ്വാനവും സങ്കടവും കാണാനോ? എന്റെ ദിനങ്ങള്‍ അവമാനത്തില്‍ കഴിച്ചുകൂട്ടുന്നതിനോ?

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment