ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 41
1 അതേ വര്‍ഷം, ഏഴാംമാസം എലിഷാമായുടെ മകനായ നെത്താനിയായുടെ പുത്രനും രാജവംശജനും രാജാവിന്റെ സേവകപ്രമുഖരില്‍ ഒരുവനുമായ ഇസ്മായേല്‍ പത്ത് ആളുകളെയും കൂട്ടിക്കൊണ്ട് മിസ്പായില്‍ അഹിക്കാമിന്റെ പുത്രന്‍ ഗദാലിയായുടെ അടുത്തു ചെന്നു.2 അവര്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇസ്മായേലും കൂടെയുണ്ടായിരുന്ന പത്തുപേരും എഴുന്നേറ്റ് ഷാഫാന്റെ പുത്രനായ അഹിക്കാമിന്റെ പുത്രനും ബാബിലോണ്‍രാജാവ് ദേശത്തിന്റെ ഭരണാധികാരിയായി നിയമിച്ചവനുമായ ഗദാലിയായെ വാള്‍ കൊണ്ടു വധിച്ചു.3 ഗദാലിയായോടൊപ്പം അവിടെയുണ്ടായിരുന്ന എല്ലാ യഹൂദരെയും കല്‍ദായയോദ്ധാക്കളെയും ഇസ്മായേല്‍ സംഹരിച്ചു.4 ഗദാലിയായെ വധിച്ചതിന്റെ പിറ്റേ ദിവസം അതു പരസ്യമാകുന്നതിനുമുന്‍പ്5 ഷെക്കെം, ഷീലോ, സമരിയാ എന്നിവിടങ്ങളില്‍നിന്ന് എണ്‍പതു പുരുഷന്‍മാര്‍ മുഖം ക്ഷൗരം ചെയ്തും വസ്ത്രങ്ങള്‍ കീറിയും ശരീരത്തില്‍ മുറിവേല്‍പിച്ചും കര്‍ത്താവിന്റെ ആലയത്തില്‍ കാഴ്ചകളും ധൂപവും സമര്‍പ്പിക്കാന്‍ വന്നു.6 നെത്താനിയായുടെ പുത്രന്‍ ഇസ്മായേല്‍ മിസ്പായില്‍നിന്ന് അവരെ എതിരേല്‍ക്കാന്‍ വിലപിച്ചുകൊണ്ടുവന്നു. അവരെ കണ്ടപ്പോള്‍ അഹിക്കാമിന്റെ പുത്രനായ ഗദാലിയായുടെ അടുത്തേക്കു വരുവിന്‍ എന്നു പറഞ്ഞു.7 അവര്‍ നഗരത്തിലെത്തിയപ്പോള്‍ നെത്താനിയായുടെ മകന്‍ ഇസ്മായേലും കൂടെ ഉണ്ടായിരുന്നവരുംചേര്‍ന്ന് അവരെ വധിച്ച് ഒരു കിണറ്റില്‍ എറിഞ്ഞുകളഞ്ഞു.8 എന്നാല്‍, അവരില്‍ പത്തുപേര്‍ ഇസ്മായേലിനോട്, ഞങ്ങളെ കൊല്ലരുത്, ഞങ്ങള്‍ ഗോതമ്പ്, ബാര്‍ലി, എണ്ണ, തേന്‍ എന്നിവ സംഭരിച്ച് വയലില്‍ ഒളിച്ചുവച്ചിട്ടുണ്ട് എന്നു പറഞ്ഞു. അതിനാല്‍ അവന്‍ അവരെ മറ്റുള്ളവരോടൊപ്പം വധിച്ചില്ല.9 ഇസ്മായേല്‍ കൊന്നവരുടെ ശരീരങ്ങള്‍ വലിച്ചെറിയപ്പെട്ട കിണര്‍ ഇസ്രായേല്‍രാജാവായ ബാഷായെ ഭയന്ന് ആസാരാജാവ് സ്വരക്ഷയ്ക്കുവേണ്ടി നിര്‍മിച്ചതായിരുന്നു. നെത്താനിയായുടെ മകനായ ഇസ്മായേല്‍ അത് മൃതദേഹങ്ങള്‍ കൊണ്ടു നിറച്ചു.10 അതിനുശേഷം അവന്‍ മിസ്പായില്‍ അവശേഷിച്ച എല്ലാവരെയും – രാജകുമാരികളെയും, സേനാനായകനായനെബുസരദാന്‍ അഹിക്കാമിന്റെ മകനായ ഗദാലിയായെ ഏല്‍പ്പിച്ചവരില്‍ അവശേഷിച്ചവരെയും- തടവുകാരാക്കി അമ്മോന്യരുടെ അടുക്കലേക്കു പുറപ്പെട്ടു.11 നെത്താനിയായുടെ മകന്‍ ഇസ്മായേല്‍ വരുത്തിവച്ച അനര്‍ഥങ്ങള്‍ കരേയായുടെ മകന്‍ യോഹനാനും പടത്തലവന്‍മാരും അറിഞ്ഞു.12 അവര്‍ യോദ്ധാക്കളെയുംകൂട്ടി ഇസ്മായേലിനെതിരേ പുറപ്പെട്ടു; ഗിബയോനിലുള്ള വലിയ കുളത്തിനരികേവച്ച് അവനുമായി ഏറ്റുമുട്ടി.13 കരേയായുടെ പുത്രനായ യോഹനാനെയും പടത്തലവന്‍മാരെയും കണ്ടപ്പോള്‍ ഇസ്മായേലിന്റെ കൂടെയുണ്ടായിരുന്നവര്‍ അത്യധികം സന്തോഷിച്ചു.14 മിസ്പായില്‍നിന്നു തടവുകാരായി കൊണ്ടുപോയ എല്ലാവരും ഇസ്മായേലിനെവിട്ട് കരേയായുടെ മകന്‍ യോഹനാനോടു ചേര്‍ന്നു.15 എന്നാല്‍, ഇസ്മായേല്‍ എട്ടുപേരോടൊപ്പം യോഹനാനില്‍നിന്നു രക്ഷപെട്ട് അമ്മോന്യരുടെ അടുത്തേക്ക് ഓടിപ്പോയി.16 ഗദാലിയായെ വധിച്ചതിനുശേഷം ഇസ്മായേല്‍ മിസ്പായില്‍നിന്നു തടവുകാരായി കൊണ്ടുവന്ന യോദ്ധാക്കളെയും സ്ത്രീകളെയും കുട്ടികളെയും ഷണ്‍ഡന്‍മാരെയും യോഹനാനും പടത്തലവന്‍മാരും കൂട്ടിക്കൊണ്ടുപോയി.17 അവര്‍ ബേത്‌ലെഹെമിനു സമീപം കിംഹാംതാവളത്തില്‍ താമസിച്ചു. ഈജിപ്തിലേക്കു രക്ഷപെടുകയായിരുന്നു അവരുടെ ലക്ഷ്യം.18 ദേശത്തെ ഭരണാധികാരിയായി ബാബിലോണ്‍ രാജാവു നിയമിച്ച ഗദാലിയായെ ഇസ്മായേല്‍ വധിച്ചതിനാല്‍ അവര്‍ കല്‍ദായരെ ഭയപ്പെട്ടു.


Leave a comment