May 5 | St Nnunzio Sulprizio / വി. നൂൻസിയോ സുപ്രീച്ചിയോ

“യുവതീയുവാക്കളെ, നന്മ ചെയ്യാൻ സമയമുള്ള യുവജനങ്ങളെ, നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്. നിഷ്കളങ്കരായിരിക്കാൻ, വിശുദ്ധിയുള്ളവരാതിരിക്കാൻ, സന്തോഷമുള്ളവരായിരിക്കാൻ, ശക്തിയുള്ളവരായിരിക്കാൻ, തീക്ഷ്‌ണതയും ജീവനും നിറഞ്ഞവരായിരിക്കാൻ കഴിയുന്നത്, കൃപയാണ്.. അനുഗ്രഹമാണ് “..

1963 ഡിസംബർ 1ന്, രണ്ടാം വത്തിക്കാൻ കൗൺസിലിനിടയിൽ, ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള മെത്രാന്മാരെ സാക്ഷി നിർത്തി നൂൺസിയോ സുപ്രീച്ചിയോ എന്ന യുവാവിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വെച്ച് പോൾ ആറാമൻ പാപ്പ പറഞ്ഞതാണ് ഈ വാക്കുകൾ. ഒക്ടോബർ 14, 2018 ൽ ഈ യുവാവ് ഫ്രാൻസിസ് പാപ്പയാൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ അവനോടൊപ്പം താനും അൾത്താരവണക്കത്തിലേക്ക് വിശുദ്ധനായി ഉയരുമെന്ന് പോൾ ആറാമൻ പാപ്പ അപ്പോൾ അറിഞ്ഞിരുന്നില്ല. ദൈവത്തിന്റെ ഓരോ വഴികൾ!

നൂൻസിയോ സുപ്രീച്ചിയോയുടെ ജീവിതകഥ നമ്മളോട് പറയുന്നത് വിശുദ്ധരാവാൻ, നീണ്ട ജീവിതമോ, നരച്ച മുടിയോ, പൗരോഹിത്യമോ, സന്യാസമോ, ദർശനങ്ങളോ, മിസ്റ്റിക് ജീവിതമോ ഒന്നും നിർബന്ധമില്ല. ദൈനംദിനജീവിതത്തിലെ കൊച്ചുകൊച്ചുവഴികളിലൂടെ നമുക്ക് വിശുദ്ധിയുടെ പാതയിൽ നടക്കാമെന്നു പറഞ്ഞ വിശുദ്ധ കൊച്ചുത്രേസ്സ്യയെപ്പോലെ, ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞ മദർ തെരേസയേപ്പോലെ, അസാധാരണമായ ഒന്നുമില്ലാത്ത, എന്നാൽ ദൈവസ്നേഹവും വിശുദ്ധിയും സഹനവും സേവനവും വഴി, പത്തൊൻപത് വയസ്സുവരെ ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ നൂൻസിയോ സുപ്രീച്ചിയോ വിശുദ്ധനായി, യുവാക്കളുടെ ഉത്തമമാതൃകയായി.

“നമുക്ക് വേണ്ടി ഈശോ ഒരുപാട് സഹിച്ചു, അവന്റെ യോഗ്യതകളാൽ നമ്മൾ നിത്യജീവിതത്തിനായി കാത്തിരിക്കുന്നു. കുറച്ചൊന്നു സഹിക്കാൻ മനസ്സായാൽ നമുക്ക് സ്വർഗ്ഗത്തിലെ ആനന്ദം രുചിക്കാം. എനിക്കായി ഈശോ ഏറെ സഹിച്ചു, എങ്കിൽ അവനായി എനിക്ക് എന്തുകൊണ്ട് സഹിച്ചു കൂടാ ? ഒരൊറ്റ പാപിയുടെ മാനസാന്തരത്തിനായി പോലും എന്റെ ജീവൻ കൊടുക്കാൻ ഞാനൊരുക്കമാണ് “… അവന്റെ ഈ വാക്കുകൾ പോലെ തന്നെ, ജീവിതത്തിൽ അവൻ ഏറെ സഹിച്ചു, പരാതികളില്ലാതെ, ശാന്തതയോടെ.

ഒരു ക്ഷാമകാലത്താണ് 1817, ഏപ്രിൽ 13ന് ഡോമിനിക്കോ സുപ്രീച്ചിയോയുടെയും റോസയുടെയും മകനായി നൂൻസിയോ സുപ്രീച്ചിയോ ഇറ്റലിയിലെ പെസ്‌കോസാൻസൊണെസ്‌കോയിൽ ജനിക്കുന്നത്. മണിക്കൂറുകൾ കഴിയും മുൻപേ അവന് മാമോദീസ നൽകി. അവന് മൂന്ന് വയസുള്ളപ്പോൾ പിതാവ് മരിച്ചു. താമസിയാതെ അനിയത്തിയും . മുഴുത്ത പട്ടിണിയും നൂൻസിയോയുടെ ഭാവിയും മുന്നിൽക്കണ്ട അവന്റെ അമ്മ 1822ൽ വീണ്ടും വിവാഹിതയായി. പക്ഷേ കുറച്ചു പ്രായക്കൂടുതലുള്ള രണ്ടാനപ്പൻ അവനോട് ഒട്ടും മയമില്ലാതെ, ക്രൂരമായി പെരുമാറി. അമ്മയെയും അമ്മൂമ്മയെയും ചുറ്റിപ്പറ്റി അവൻ നടന്നു. ആ പ്രദേശത്തുള്ള, ഒരു പുരോഹിതൻ നടത്തുന്ന സ്കൂളിൽ ചേർന്ന്, എഴുതാനും വായിക്കാനും പഠിച്ചതിനൊപ്പം വിശുദ്ധ കുർബ്ബാനയോട് വലിയ സ്നേഹവും അവനിൽ ഉടലെടുത്തു. വിശുദ്ധരെക്കുറിച്ചുള്ള പുസ്തകങ്ങൾ ധാരാളം വായിച്ചു.

ഒരു വർഷത്തിന് ശേഷം അവന്റെ അമ്മയും മരിച്ചു. അമ്മൂമ്മയുടെ സംരക്ഷണയിലായി നൂൻസിയോ. വിദ്യാഭ്യാസമില്ലാത്തവളെങ്കിലും തീക്ഷ്‌ണമായ ദൈവവിശ്വാസം കൈമുതലായി ഉണ്ടായിരുന്ന അമ്മൂമ്മയോടൊപ്പം അവൻ കുർബ്ബാനകളിൽ പങ്കെടുത്തു. ഈശോയെപറ്റി കൂടുതലായി അറിഞ്ഞു. 1826ൽ അമ്മൂമ്മയും മരിച്ചതോടെ വലിയ കഷ്ടത്തിലായി കാര്യങ്ങൾ. അവന്റെ അമ്മയുടെ കൊല്ലപ്പണിക്കാരനായ സഹോദരൻ, ഒൻപത് വയസ്സുള്ള അവനെ തന്റെ അപ്രന്റീസ് ആക്കി. അവന്റെ രണ്ടാനപ്പനെക്കാൾ ക്രൂരനായി പെരുമാറിയ അമ്മാവൻ നൂൻസിയോയെക്കൊണ്ട് കഠിനമായി പണിയെടുപ്പിച്ചു, ദാക്ഷിണ്യമില്ലാതെ അടിച്ചു, അസഭ്യം പറഞ്ഞു, നന്നാവാൻ എന്നും പറഞ്ഞു വീണ്ടും വീണ്ടും പട്ടിണിക്കിട്ടു. അതെല്ലാം അവനെ വളരെ ദുർബലനാക്കിയെങ്കിലും അയാൾക്ക് ദയ ഒട്ടുമില്ലായിരുന്നു. എത്ര അകലേക്ക്‌, മരം കോച്ചുന്ന തണുപ്പത്ത് തനിയെ പോകണമെങ്കിലും, എത്ര അധികം ഭാരം വഹിച്ചുകൊണ്ട് വരണമെങ്കിലും ആ കൊച്ചുപയ്യനെക്കൊണ്ട് അതെല്ലാം അയാൾ ചെയ്യിച്ചു.

സഹനങ്ങൾ പെരുകുമ്പോഴും അവന്റെ മനസ്സിൽ, പാപികളായ മനുഷ്യർക്കായി ഏറെ സഹിച്ച ഈശോയുടെ മുഖമായിരുന്നു. ശരീരത്തിൽ അടിപ്പിണരുകൾ ധാരാളം ഏൽക്കുമ്പോൾ, ചമ്മട്ടിയടിയേൽക്കുന്ന ഈശോയുടെ ചിത്രമായിരുന്നു കണ്ണിൽ. ലോകത്തിന്റെ പാപങ്ങൾക്കായി ബലിയാടായവനോട് ചേർന്ന് തന്റെ വേദനകൾ അവൻ സമർപ്പിച്ചു, കൂടുതലായി ദൈവഹിതം നിറവേറ്റാൻ, പുത്രന്റെ രാജ്യത്തിൽ പ്രവേശിക്കാനുള്ള യോഗ്യതക്കായി.

ഒരു ശൈത്യകാലത്ത് കാലിൽ ഏറ്റ മുറിവ് ആകെ പഴുത്തു. കിടക്ക വിട്ട് എഴുന്നേൽക്കാൻ കഴിയാതായി. പണിയെടുക്കുന്നില്ലെങ്കിൽ ഭക്ഷണമില്ലെന്നായി അമ്മാവൻ. ചുറ്റിക പൊക്കാനുള്ള ശക്തി ഇല്ലെങ്കിൽ മറ്റ് ചെറിയ പണികൾ ചെയ്യാൻ പറഞ്ഞു ദേഷ്യപ്പെട്ടു. നൂൻസിയോക്കാണെങ്കിൽ ചെറിയ അനക്കത്തിൽ നിന്ന് പോലും വലിയ വേദന ഉളവായി. പഴുപ്പൊലിച്ചിരുന്ന വ്രണം അടുത്തുള്ള അരുവിയിൽ കഴുകാൻ പോയപ്പോൾ, വെള്ളം മലിനമാക്കുമെന്ന് പറഞ്ഞ് അവിടെ അലക്കാറുണ്ടായിരുന്ന സ്ത്രീ അവനെ ഓടിച്ചു. മറ്റൊരു അരുവിക്കരികിൽ പോയി മുറിവിലെ പഴുപ്പ് കഴുകിക്കളയുമ്പോൾ അവൻ ധാരാളം ജപമാലകൾ ചൊല്ലുമായിരുന്നു.

പഴുപ്പ് കൂടി കാൽ നിർജ്ജീവമാകുമെന്ന അവസ്ഥയിൽ അവൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. അസാധാരണ ശാന്തതയും ക്ഷമയും അവനിൽ കാണപ്പെട്ടു. ആത്മാക്കളുടെ രക്ഷക്കായി കുരിശിലേക്ക് സഹനങ്ങൾ അവൻ സമർപ്പിച്ചു. മറ്റ് രോഗികളെ തന്റെ രോഗം മറന്ന് സഹായിച്ചു.

ആശുപത്രി വാസത്തിനിടയിൽ നൂൻസിയോ അവന്റെ പിതാവിന്റെ സഹോദരനായ ഫ്രാൻസസ്കോ സുപ്രീച്ചിയോയെ കണ്ടുമുട്ടി. അദ്ദേഹം അവനെ നേപ്പിൾസിലേക്ക് കൊണ്ടുവന്നു. പട്ടാളക്കാരനായിരുന്ന ഫ്രാൻസസ്കോ, നൂൻസിയോയെ തന്റെ സുഹൃത്തായ കേണൽ ഫെലീച്ചേ വോക്കിങ്ങർന് പരിചയപ്പെടുത്തി. പിതൃതുല്യമായ വാത്സല്യത്തോടെ ആ മനുഷ്യൻ അവനെ ചികിൽസിപ്പിച്ചു.

ഈ സമയത്താണ് ഒരു പുരോഹിതൻ അവനെ കാണാൻ വന്നത്. അദ്ദേഹം അവനോട് ചോദിച്ചു,

“ നീ ഏറെ സഹിക്കുന്നുണ്ടോ? “

“ ഉവ്വ്, ഞാൻ ദൈവഹിതം നിറവേറ്റുന്നു “

“എന്ത് വേണമെന്നാണ് നീ ആഗ്രഹിക്കുന്നത്? “

“എനിക്ക് കുമ്പസാരിക്കണം, ദിവ്യകാരുണ്യ ഈശോയെ ആദ്യമായി സ്വീകരിക്കണം “.

“നിന്റെ ആദ്യകുർബ്ബാന സ്വീകരണം ഇതുവരെ കഴിഞ്ഞില്ലേ?”

“ഞങ്ങളുടെ നാട്ടിൽ ആദ്യകുർബ്ബാന സ്വീകരിക്കാൻ 15 വയസ്സാവണം ഫാദർ.”

“നിന്റെ മാതാപിതാക്കൾ?”

“മരിച്ചുപോയി”

“ ആരുടെ സംരക്ഷണത്തിലാണ് നീ?”

“ ദൈവപരിപാലനയിൽ”.

കുമ്പസാരത്തിനും ആദ്യകുർബ്ബാനസ്വീകരണത്തിനുമുള്ള അവന്റെ തയ്യാറെടുപ്പ് അങ്ങനെ ആരംഭിച്ചു. അപ്പോൾ മുതൽ സാധാരണയിൽ കവിഞ്ഞുള്ള ദൈവകൃപയാൽ അവൻ നന്മയിൽ നിന്ന് നന്മയിലേക്കുള്ള പ്രയാണം തുടങ്ങി എന്നാണ് അവന്റെ കുമ്പസാരക്കാരൻ പറഞ്ഞത്. യേശുക്രിസ്തുവോടുള്ള സ്നേഹം ആയിരുന്നു അവൻ നിശ്വസിച്ചുകൊണ്ടിരുന്നത്.

ബെനഡിക്റ്റ് പതിനാറാമൻ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച, വിശുദ്ധ ഗെറ്റാനോ എറിക്കോ എന്ന പുരോഹിതനെ അവൻ പരിചയപ്പെടുന്നത് അക്കാലത്തായിരുന്നു. മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട്സ് ഓഫ് ജീസസ് ആൻഡ് മേരി എന്ന സന്യാസസഭ സ്ഥാപിച്ച ആ വൈദികൻ അവന് പ്രായമാകുമ്പോൾ തങ്ങളുടെ സഭയിൽ ചേരാൻ ക്ഷണിച്ചു.

നന്നേ ചെറുതായിരിക്കുമ്പോൾ മുതൽ ആരും നിർബന്ധിക്കാതെ തന്നെ വിശുദ്ധ കുർബ്ബാനക്ക്‌ കൂടിയിരുന്ന കാലം തൊട്ടേ അവന്റെ മനസ്സിലുണ്ടായിരുന്ന ഇഷ്ടത്തിൽ നിന്നാണ് പൗരോഹിത്യമെന്ന ആഗ്രഹം പുറത്തുവന്നത്. ഈശോമിശിഹായെ അറിഞ്ഞു സ്നേഹിക്കുക മാത്രമല്ല, അവൻ മറ്റുള്ളവർക്കായി ചെയ്യുന്നതിലെല്ലാം പ്രതിഫലിച്ചത് ഈശോ തന്നെയായിരുന്നു.

രണ്ട് കൊല്ലം നേപ്പിൾസിലെ ആശുപത്രിയിൽ നൂൻസിയോക്ക്‌ തെറാപ്പിക്കും പരിചരണത്തിനുമായി കഴിയേണ്ടി വന്നു. അതിനിടയിൽ ധാരാളം വായിച്ചു, ചാപ്പലിൽ കയറി പ്രാർത്ഥിച്ചു. കുട്ടികളായ രോഗികൾക്ക് മതബോധനക്‌ളാസുകൾ കൊടുത്തു. രോഗികളോട് അവൻ പറയും, “എപ്പോഴും കർത്താവിനോട് കൂടി ആയിരിക്കുക കാരണം എല്ലാ നന്മയും അവനിൽ നിന്നാണ് വരുന്നത്. ദൈവസ്നേഹത്തെ പ്രതി സഹിക്കുക, സന്തോഷത്തോടെ“.

നൂൻസിയോയുടെ അവസ്ഥ ഭേദമാകുന്നതായി തോന്നിയെങ്കിലും കൂടുതൽ വഷളായി, എല്ലിൽ അർബുദം ബാധിച്ചു. ഇടത്തെ കാൽ മുറിച്ചുകളയുക അല്ലാതെ ഡോക്ടർമാർക്ക് വഴിയുണ്ടായിരുന്നില്ല. രോഗം കൂടുതൽ വഷളായി എന്നല്ലാതെ, സഹിക്കാൻ വയ്യാത്ത വേദന പിന്നെയും കൂടി എന്നല്ലാതെ, ഒരു ഗുണവും ഉണ്ടായില്ല. ദൈവം സുഖപ്പെടുത്തും എന്ന പ്രത്യാശക്കൊപ്പം, ഓരോ സഹനത്തിലൂടെയും അവനെ കൈ പിടിച്ചു നയിക്കുന്നത് കർത്താവാണെന്ന വിശ്വാസം അവൻ ഒരിക്കലും വിട്ടുകളഞ്ഞില്ല. പ്രസാദമുള്ള മുഖഭാവവും ദൈവഭക്തിയും ഒട്ടും കുറഞ്ഞില്ല.

നൂൻസിയോയുടെ അവസ്ഥ, നിരന്തരമായ പനിയോടെ വളരെ മോശമായികൊണ്ടിരുന്നു. 1836 മാർച്ചിൽ അവൻ രോഗീലേപനം ആവശ്യപ്പെട്ടു. രണ്ട്‌ മാസങ്ങൾക്കപ്പുറം 1836 മെയ്‌ 5ന് തനിക്ക് ചേർത്തുപിടിക്കാനായി ഒരു കുരിശുരൂപം അവൻ ആവശ്യപ്പെട്ടു. കേണൽ വോക്കിങ്ങർനോട് അവൻ പറഞ്ഞു, “ സന്തോഷമായിരിക്കൂ, സ്വർഗ്ഗത്തിലിരുന്ന് ഞാൻ എപ്പോഴും താങ്കളെ സഹായിക്കും”. ചുണ്ടിൽ പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ട് ആ പത്തൊൻപത് വയസ്സുകാരൻ കർത്താവിൽ നിദ്ര പ്രാപിച്ചു.

അവനെപ്പറ്റി കേട്ടറിഞ്ഞു വന്ന ധാരാളം ആളുകൾ അവരുടെ ’കൊച്ചുവിശുദ്ധനെ’ കാണാൻ തിക്കിതിരക്കിയതുകൊണ്ട് അഞ്ച് ദിവസം അവന്റെ ശരീരം പൊതുദർശനത്തിന് വെച്ചു. ആ അഞ്ചു ദിവസവും റോസാപ്പൂവിന്റെ ശക്തമായ പരിമളം അവന്റെ ശരീരത്തിൽ നിന്നുയർന്നു . ദൈവസ്നേഹത്തെ പ്രതി, ശരീരം ചീഞ്ഞളിയുന്ന വേദന സന്തോഷത്തോടെ സഹിച്ച നൂൻസിയോക്കായി സ്വർഗ്ഗത്തിന്റെ ഇടപെടൽ. നേപ്പിൾസിലെ സാൻ ഡോമിനിക്കോ സോറിയാനോ പള്ളിയിൽ അവനെ സംസ്കരിച്ചു.

കത്തോലിക്കസഭയിലെ വിശുദ്ധപദവിയിലേക്കുള്ള അവന്റെ യാത്ര പെട്ടെന്ന് തന്നെ ആരംഭിച്ചെങ്കിലും പിന്നീട് വേഗം കുറഞ്ഞു. 1859ൽ പീയൂസ് ഒൻപതാം പാപ്പ അവനെ ദൈവദാസപദവിയിലേക്കുയർത്തി. ലിയോ പതിമൂന്നാം പാപ്പ, യുവവിശുദ്ധനായ അലോഷ്യസ് ഗോൺസാഗയോടുള്ള അവന്റെ സാമ്യവും വീരോചിത ജീവിതവും പ്രകീർത്തിച്ചുകൊണ്ട് ജോലിക്കാരുടെ മാതൃകയായും കൊല്ലപണിക്കാരുടെയും വികലാംഗരുടെയും മധ്യസ്ഥനായും നൂൻസിയോയെ 1891ൽ പ്രഖ്യാപിച്ചു. 1963ൽ പോൾ ആറാമൻ പാപ്പയാൽ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ നിരയിൽ ഉൾപ്പെട്ട അവനെ, ഫ്രാൻസിസ് പാപ്പ യുവജനങ്ങളുടെ സിനഡ് നടക്കവേ അനേകമെത്രാന്മാരുടെ സാന്നിധ്യത്തിൽ 2018 ൽ അൾത്താരവണക്കത്തിലേക്കുയർത്തി. അനേകയുവജനങ്ങൾ അതിന് സാക്ഷികളായി. എളിയ നിലയിൽ ജീവിച്ചിരുന്ന നൂൻസിയോ സുപ്രീച്ചിയോ യുവജനങ്ങൾക്ക്‌ മാതൃക ആകുമ്പോൾ, അനേക കുരുവികളിൽ ഒന്നിനെപ്പോലും കൈവിടാതെ പരിപാലിക്കുന്ന ദൈവത്തെ സ്തുതിച്ചുപോകുന്നു.

‘ഒരു ബ്രേക്ക് ( വിശ്രമം) പോലും ലഭിക്കാതിരുന്ന പാവം കുട്ടി’ എന്നാണ് ആധുനിക ബ്ലോഗ്ഗർമാർ അവനെക്കുറിച്ച് പറയുന്നത്. രണ്ട്‌ ദശാബ്ദങ്ങൾ തികച്ചു നീണ്ടുനിൽക്കാത്ത ജീവിതത്തിനിടയിൽ ശാന്തനായി, സൗമ്യനായി അനുഭവിച്ചു കൂട്ടിയ ദുരന്തങ്ങളും സഹനങ്ങളും അത് ശരി വെക്കുന്നു. വിശുദ്ധ നൂൻസിയോ സുപ്രീച്ചിയോയുടെ (st nunzio sulprizio ) ഈ കൊച്ചുജീവിതം അനേകർക്ക് മാതൃകയാവട്ടെ.

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “May 5 | St Nnunzio Sulprizio / വി. നൂൻസിയോ സുപ്രീച്ചിയോ”

  1. stellarkingdomfb94b24e14 Avatar
    stellarkingdomfb94b24e14

    🙏

    Liked by 1 person

Leave a comment