സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 12
പരിശുദ്ധ മറിയം – തിന്മക്കെതിരായ പോരാട്ടത്തിലെ കരുത്തുള്ള സ്ത്രീ
കത്തോലിക്കാ വിശ്വാസ പാരമ്പര്യത്തിൽ പരിശുദ്ധ കന്യകാമറിയം കേവലം സൗമ്യതയുടെയും മാതൃത്വത്തിന്റെയും പ്രതീകം മാത്രമല്ല, മറിച്ച് തിന്മക്കെതിരായ പോരാട്ടത്തിലെ ശക്തയായ യോദ്ധാവുമാണ്. വെളിപാട് 12:1-ൽ വിവരിക്കുന്ന “സൂര്യനെ ഉടയാടയാക്കിയ സ്ത്രീ” മറിയമായി വ്യാഖ്യാനിക്കപ്പെടുന്നു. ഈ ദർശനത്തിൽ അവൾ മഹാസർപ്പവുമായി പോരാടുകയും വിജയിക്കുകയും ചെയ്യുന്നു. വിശുദ്ധ ലൂയിസ് ഡി മോണ്ട്ഫോർട്ട് “മറിയം സാത്താന്റെ തല ചവിട്ടിപ്പൊടിക്കുകയും അവന്റെ എല്ലാ കുടിലതന്ത്രങ്ങളെയും നശിപ്പിക്കുകയും ചെയ്യും ” എന്നു പിപ്പിക്കുന്നു.
മറിയത്തിന്റെ “ഫിയാത്ത്” ദൈവഹിതത്തിനു സ്വയം സമർപ്പിക്കുന്ന വെറും കീഴ്പ്പെടൽ മാത്രമല്ല, മറിച്ച് തിന്മയ്ക്കെതിരായ ധീരമായ നിലപാടായിരുന്നു. അതുകൊണ്ടാണ് “മറിയത്തിന്റെ ഹൃദയത്തിൽ ഒരു സാധാരണ സ്വർഗ്ഗീയ സൈന്യത്തെക്കാൾ കൂടുതൽ ശക്തിയുണ്ട്” എന്നു കുരിശിൻ്റെ വിശുദ്ധ യോഹന്നാൽ സാക്ഷ്യപ്പെടുത്തുന്നത് .മറിയത്തിൻ്റെ ദൈവമാതൃത്വം തന്നെ സാത്താന്റെ പരാജയത്തിന്റെ ആരംഭമായിരുന്നു.
അഞ്ചാം പിയൂസ് പാപ്പ ലെപാന്തോ യുദ്ധത്തിലെ വിജയം മറിയത്തിന്റെ സഹായത്താലും ജപമാലയുടെ ശക്തിയാലും ആണന്നു പരസ്യമായി പ്രഖ്യാപിച്ചു . ജപമാല പിശാചിനെ പരാജയപ്പെടുത്തുന്ന ആയുധമായാണ് വിശുദ്ധ പാദ്രേ പിയോ മനസ്സിലാക്കുന്നത്. ഫാത്തിമയിലും ലൂർദിലും മറിയം പ്രത്യക്ഷപ്പെട്ടത് വെറും സമാധാനസന്ദേശത്തിനു മാത്രമായിരുന്നില്ല തിന്മയ്ക്കെതിരായ പോരാട്ടത്തിൽ വിശ്വാസികളെ സജ്ജമാക്കുക കൂടി മറിയത്തിൻ്റെ ലക്ഷ്യമായിരുന്നു. മറിയത്തിൻ്റെ മാധ്യസ്ഥം വി സാത്താൻ പൂർണ്ണമായി തോൽക്കുമെന്ന് വിശുദ്ധ മാക്സിമില്യാൻ കോൾബയും പറഞ്ഞു തരുന്നു.
പരിശുദ്ധ കന്യകാമറിയം വിശ്വാസികളെ ആത്മീയ യുദ്ധത്തിൽ നയിക്കുന്ന സേനാപതിയാണ്. ക്രിസ്ത്യാനികളുടെ സഹായമായ മറിയം എന്ന വിശേഷണം ഈ പദവിയാണ് സൂചിപ്പിക്കുക. വിശാചുക്കൾ വിറയ്ക്കുന്ന മറിയത്തിൻ്റെ മധ്യസ്ഥയിൽ നമുക്കും അഭയം തേടി തിന്മക്കെതിരായ ഈ പോരാട്ടത്തിൽ നമുക്കും സഹയോദ്ധാക്കളാവാം.
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment