സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 14
മറിയം സ്വർലോക രാജ്ഞി
പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗ്ഗീയ രാജ്ഞിയെന്ന പദവി ക്രിസ്ത്യൻ പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. ദൈവമാതാവെന്ന നിലയിൽ മറിയത്തിന് സകല സൃഷ്ടികളിലും പരമോന്നത സ്ഥാനം നൽകപ്പെട്ടിരിക്കുന്നു.
നാലാം നൂറ്റാണ്ടിലെ പൗരസ്ത്യ സഭാപിതാവായിരുന്ന വി. അപ്രേം മറിയത്തെ രാജ്ഞി എന്നു വിളിക്കുന്നുണ്ട്, പിന്നിടു വന്ന സഭാപിതാക്കന്മാരും മറിയത്തെ രാജ്ഞിയായി അംഗീകരിക്കുന്നു. 11 മുതൽ 13 വരെയുള്ള നൂറ്റാണ്ടുകളിൽ രുപപ്പെട്ട മരിയൻ ഗീതങ്ങളിൽ, പരിശുദ്ധരാജ്ഞി, സ്വർഗ്ഗരാജ്ഞി എന്നിങ്ങനെ മറിയത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ജപമാല പ്രാർത്ഥനയും മറിയത്തിന്റെ ലുത്തിനിയും മറിയം സ്വർഗ്ഗരാജ്ഞി എന്ന വിശ്വാസത്തെ പരസ്യമായി പ്രഖ്യാപിക്കുന്നു.
വിശുദ്ധ ബെർണാഡിൻ്റെ പഠനത്തിൽ: “മറിയം സ്വർഗ്ഗത്തിൽ രാജ്ഞിയായി വാഴുന്നു, കാരണം അവൾ ഭൂമിയിൽ രാജാധിരാജനായ ക്രിസ്തുവിന് ജന്മം നൽകി.” വിശുദ്ധ ജോൺ ദമാസ്കിസിൻ്റെ അഭിപ്രായത്തിൽ മറിയം സകലത്തിനും മേലുള്ള രാജ്ഞിയും സൃഷ്ടികർത്താവിന്റെ അമ്മയും ആണ്. മറിയം സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്ഞിയാണന്നും മാലാഖമാരുടെയും മനുഷ്യരുടെയും മേൽ അധികാരമുള്ളവളാണണന്നും വിശുദ്ധ അൽഫോൻസ് ലിഗോരിയും മറിയം ദൈവീകാനുഗ്രഹത്തിന്റെ വിതരണക്കാരിയും സ്വർഗ്ഗീയരാജ്യത്തിന്റെ രാജ്ഞിയുമാണന്നു വിശുദ്ധ ബൊണവെഞ്ചൂറും സാക്ഷ്യപ്പെടുത്തുന്നു.
ഇന്നു തിരുനാൾ ഓർമ്മ കൊണ്ടാടുന്ന മരിയ ഭക്തനായ വിശുദ്ധ മാക്സിമിലിയൻ കോൾബെ,മറിയം പരിശുദ്ധാത്മാവിന്റെ പരിപൂർണ്ണ മണവാട്ടിയായതുകൊണ്ട് സൃഷ്ടിലോകത്തിന് രാജ്ഞിയായി എന്നു പഠിപ്പിക്കുന്നു.
1954 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആദ് ച്ചേളി റെജീന (Ad Coeli Reginam) എന്ന ചാക്രിക ലേഖനം വഴി മറിയത്തെ സ്വർലോക റാണിയായി പ്രഖ്യാപിക്കുകയും, ആഗസ്റ്റ് 22 സ്വർലോകരാജ്ഞിയുടെ പേരിൽ ഒരു തിരുനാൾ സ്ഥാപിക്കുയും ചെയ്തു. മറിയത്തിന്റെ രാജ്ഞി പദവി നീതിയല്ല, കരുണയാണ്. അമ്മയെന്ന നിലയിൽ അവൾ മക്കളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഈശോയുടെ രാജത്വത്തിൽ പങ്കാളിയായി മറിയം സ്വർഗ്ഗീയ മഹത്വത്തിൽ വണങ്ങപ്പെടുന്നു. കരുണയുടെയും മാതൃസ്നേഹത്തിന്റെയും നിറവായ സ്വർഗ്ഗീയ അമ്മയുമായി നമുക്ക് എന്നും ബന്ധത്തിലായിരിക്കാം.
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment