സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 15
പരിശുദ്ധ മറിയം – സ്വാതന്ത്ര്യത്തിന്റെ അമ്മ
പരിശുദ്ധ മറിയത്തെ “സ്വാതന്ത്ര്യത്തിന്റെ അമ്മ” എന്ന് വിളിക്കുന്നത് ആഴമായ ദൈവശാസ്ത്രപരമായ അർത്ഥമുള്ളതാണ്. സഭാപിതാക്കന്മാരുടെ പഠനങ്ങൾ അനുസരിച്ച്, മറിയത്തിന്റെ യഥാർത്ഥ സ്വാതന്ത്ര്യം അവരുടെ സമ്പൂർണ്ണമായ വിശ്വാസത്തിലും, അചഞ്ചലമായ പ്രാർത്ഥന ജീവിതത്തിലും, നിരന്തരമായ സഹായം നൽകുന്നതിലും അടങ്ങിയിരിക്കുന്നു.
വിശ്വാസത്തിലൂടെയുള്ള സ്വാതന്ത്ര്യം
വിശുദ്ധ ആഗസ്തീനോസിൻ്റെ പഠത്തിൽ യഥാർത്ഥ സ്വാതന്ത്ര്യം പാപത്തിൽനിന്നുള്ള മോചനമാണ്. മറിയം അമലോത്ഭവയായിരുന്നു. പാപത്തിൻ്റെ കരിനിഴൽ അവളുടെ മേൽപതിക്കാൻ ദൈവം അനുവദിച്ചില്ല. ഗബ്രിയേൽ ദൂതനോട് “നിന്റെ വചനംപോലെ എന്നിൽ ഭവിക്കട്ടെ” എന്ന് ഉത്തരം നൽകിയത് പൂർണ്ണമായ സ്വതന്ത്ര ഇച്ഛാശക്തിയിലൂടെയായിരുന്നു. വിശുദ്ധ ജോൺ ക്രിസോസ്തോം വ്യക്തമാക്കുന്നതുപോലെ, മറിയത്തിൻ്റെ “അങ്ങനെയാട്ടെ” എന്ന മറുപടി മനുഷ്യകുലത്തിന്റെ മോചനത്തിന് വഴിതുറന്നു.
പ്രാർത്ഥനയിലൂടെയുള്ള ശാക്തീകരണം
സഭാപിതാവ് വിശുദ്ധ ജെറോം പഠിപ്പിക്കുന്നതുപോലെ, മറിയത്തിന്റെ നിരന്തര പ്രാർത്ഥന അവരെ ദൈവവുമായുള്ള ആഴമായ കൂട്ടായ്മയിൽ നിലനിർത്തി. മറിയത്തിൻ്റെ സ്ത്രോത്രഗീതത്തിൽ “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു” എന്ന് പറഞ്ഞത് പ്രാർത്ഥനയിലൂടെ ലഭിച്ച ആത്മീയ സ്വാതന്ത്ര്യത്തിന്റെ പ്രകടനമാണ്. പന്തക്കുസ്തായ്ക്കായി ശിഷ്യന്മാരോടൊപ്പം പ്രാർത്ഥനയിൽ തുടർന്നത് സഭയുടെ ജനനത്തിന് അടിസ്ഥാനമായി.
സഹായത്തിലൂടെയുള്ള സേവനം
മറിയം എലിസബത്തിനെ സന്ദർശിക്കുന്നത് സേവനത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിന്റെ ഉദാഹരണമാണന്നു വിശുദ്ധ അംബ്രോസ് പഠിപ്പിക്കുന്നു. മറിയം ഗർഭിണിയാണെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ പോയത് യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. കാനയിലെ കല്യാണത്തിൽ “അവൻ നിങ്ങളോട് പറയുന്നതു ചെയ്യുക” എന്ന് പറഞ്ഞത് മറ്റുള്ളവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന മാർഗ്ഗദർശനമായിരുന്നു.
ഹവ്വായുടെ അനുസരണക്കേടിന് വിപരീതമായി മറിയത്തിന്റെ അനുസരണം മനുഷ്യകുലത്തെ പാപത്തിന്റെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചുഎന്നു വിശുദ്ധ ഇരണേവൂസ് പഠിപ്പിക്കുമ്പോൾ മറിയം പുതിയ ഹവ്വാ ആയതുവഴി സ്വാതന്ത്ര്യത്തിന്റെയും ജീവനുറെയും അമ്മയായി എന്നു വിശുദ്ധ ജസ്റ്റിൻ മാർട്ടറും വ്യക്തമാക്കുന്നു. വിശുദ്ധ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നതുപോലെ, മറിയം എല്ലാ വിശ്വാസികൾക്കും സ്വാതന്ത്ര്യത്തിന്റെ മാതൃകയാണ്. അവളുടെ ജീവിതം വിശ്വാസം, പ്രാർത്ഥന, സഹായം എന്നിവയുടെ സമന്വയമായിരുന്നു. പാപത്തിൽനിന്നുള്ള സ്വാതന്ത്ര്യം, ദൈവവുമായുള്ള കൂട്ടായ്മയിലെ സ്വാതന്ത്ര്യം, സേവനത്തിലൂടെയുള്ള സ്വാതന്ത്ര്യം – ഇവയെല്ലാം മറിയത്തിൽ പൂർണ്ണതയിലെത്തി.
അമ്മ മറിയം സ്വാതന്ത്ര്യത്തിന്റെ അമ്മയാണ് കാരണം അവൾ നമുക്ക് യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കാണിച്ചുതരുന്നു – വിശ്വാസത്തിലൂടെ, പ്രാർത്ഥനയിലൂടെ, സഹായത്തിലൂടെ ദൈവത്തിന്റെ കൃപയിൽ പൂർണ്ണമായി ജീവിക്കുന്ന സ്വാതന്ത്ര്യം.
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment