പരിശുദ്ധ അമ്മയുടെ വിമലഹൃദയ പ്രതിഷ്ഠയുടെ രണ്ടാം ദിനം ആത്മീയ നവീകരണത്തിലും ഹൃദയ ശുദ്ധീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാമോദീസയിലെ വാഗ്ദാനങ്ങൾ പുതുക്കി പാപങ്ങളെ വെടിയാനും ഈശോയോടുള്ള വിശ്വസ്തതയിൽ വളരാനും വിശ്വാസികൾ ആഹ്വാനം ചെയ്യപ്പെടുന്നു. അമ്മയുടെ മാതൃപരമായ സാന്നിധ്യം ആത്മാവിലെ പാപങ്ങളെ തിരിച്ചറിയാനും അനുതാപത്തോടെ ദൈവത്തിലേക്ക് തിരിയാനും സഹായിക്കുന്നു.
വിമലഹൃദയ പ്രതിഷ്ഠയിലൂടെ ആത്മാവിൽ സംഭവിക്കുന്ന രൂപാന്തരീകരണം യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കാൻ വിശ്വാസികളെ ഒരുക്കുന്നു. പത്തുകല്പനകളും സഭാനിയമങ്ങളും അടിസ്ഥാനമാക്കി നടത്തുന്ന ആത്മശോധനയും തുടർന്നുള്ള കുമ്പസാരവും വിശുദ്ധിയിലേക്കുള്ള യാത്രയിൽ അനിവാര്യമാണ്. ദൈവഹിതത്തിന് മുൻഗണന നൽകി അമ്മയുടെ കരംപിടിച്ചു നീങ്ങുന്ന ജീവിതശൈലിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിമല ഹൃദയപ്രതിഷ്‌ഠയുടെ രണ്ടാം ദിനത്തിലൂടെ കടന്നു പോകുമ്പോൾ :
വിമല ഹൃദയപ്രതിഷ്‌ഠയുടെ ആദ്യദിനത്തിൽ അദമ്യമായ ആഗ്രഹത്തോടെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സ്വയം വിട്ടു കൊടുക്കാനുള്ള ആഗ്രഹവും സന്നദ്ധതയും നാം പ്രകടമാക്കി കഴിഞ്ഞു.
മരിയൻ സമർപ്പണപ്രാർത്ഥനയിൽ
ഞാൻ……. (പേര് ) അവിശ്വസ്തനായ ഒരു പാപി മാമോദീസയിൽ ചെയ്ത പ്രതിജ്ഞകൾ ഇന്ന് നവീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു.
പിശാചിനെയും അവന്റെ ആഡംബരങ്ങളെയും പ്രവർത്തനങ്ങളെയും ഞാൻ എന്നേക്കുമായി പരിത്യജിക്കുന്നു.
ജീവിതത്തിലെ എല്ലാ ദിവസവും എന്റെ കുരിശു വഹിച്ചു കൊണ്ട് ഈശോയെ പിന്തുടരാനും ഇനിമേൽ അവിടുത്തോട് കൂടുതൽ വിശ്വസ്തനായിരിക്കുവാനും വേണ്ടി ഞാൻ എന്നെ തന്നെ പൂർണമായി ഈശോയ്ക്ക് സമർപ്പിക്കുന്നു.
ഓ! മറിയമേ സ്വർഗ്ഗവാസികളുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ ഈ ദിവസം എന്റെ മാതാവും നാഥയുമായി അങ്ങയെ ഞാൻ സ്വീകരിക്കുന്നു.
അങ്ങയുടെ അടിമയായി എന്നെ തന്നെ സമർപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു.
എന്റെ ആത്മാവും ശരീരവും ആന്തരികവും ബാഹ്യവുമായ എല്ലാറ്റിനെയും എന്റെ എല്ലാ നല്ല പ്രവൃത്തികളുടെ യോഗ്യതകളും കഴിഞ്ഞതും ഇപ്പോഴുള്ളതും വരാനിരിക്കുന്നതും ഒന്നുംമാറ്റിവയ്ക്കാതെ എല്ലാം അങ്ങേയ്ക്ക് ഞാൻ സമർപ്പിക്കുന്നു. എന്റെയും എനിക്കുള്ളവയുടെയും മേൽ പരിപൂർണമായ അധികാരാവകാശങ്ങൾ ഞാൻ അങ്ങേയ്ക്ക് നൽകുന്നു.സമയത്തിലും നിത്യതയിലും ദൈവമഹത്വത്തിന് വേണ്ടി അങ്ങേ ഇഷ്ടം പോലെ അവയെ വിനിയോഗിച്ചാലും!
എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു ഹൃദയം കൊണ്ട് ആമേൻ എന്ന് ഏറ്റു പറയുമ്പോൾ ആ പ്രാർത്ഥനയുടെ ഉത്തരമായി ആ പ്രാർത്ഥന ചൊല്ലുന്ന ആദ്യനിമിഷങ്ങളിൽ തന്നെ പരിശുദ്ധ അമ്മ നമ്മുടെ വ്യക്തി ജീവിതത്തിലേക്ക് പ്രത്യേകമായ വിധത്തിൽ കടന്നു വന്നു കഴിഞ്ഞു
പരിശുദ്ധ അമ്മയ്ക്ക് നമ്മളാരും അപരിചിതരല്ല. നാമോരോരുത്തരും മാമോദീസ വഴി ഈശോ സ്നേഹത്തോടെ പേര് വിളിച്ചു വേർതിരിച്ചു ഈശോയുടെ തിരു രക്തം കൊണ്ട് സ്വർഗീയരാജമുദ്ര ആത്മാവിൽ പതിപ്പിക്കപ്പെട്ടു ഈശോയെ സ്വന്തമാക്കിയ, ഈശോയുടെ സ്വന്തമായി തീർന്ന, ഭാഗ്യപ്പെട്ട ആത്മാക്കളാണ്.
പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സ്വയം, പൂർണമായി, ആയിരിക്കുന്ന രീതിയിൽ സമർപ്പിക്കുക വഴിയായി ഈശോയുടെ പരിശുദ്ധിയ്ക്കനുസൃതമായി ഇനിയുള്ള ജീവിക്കുന്ന നാളുകളിൽ പാപരഹിതമായ ജീവിതം നയിക്കുവാനും യോഗ്യതയോടെ ദിവ്യകാരുണ്യ ഈശോയെ ഉൾക്കൊള്ളുവാനും പരിഹാരത്തിന്റെ ജീവിതം നയിക്കുവാനും മനസിൽ മുറിവേല്പിച്ചവരോട് നിരുപാധികം ക്ഷമിക്കുവാനും സാധിക്കും. അത് പോലെ വ്യക്തിപരമായ പ്രാർത്ഥനയിൽ സ്വന്തം കാര്യങ്ങൾ എന്നതിലുപരിയായി സകല ആത്മാക്കളുടെയും നിത്യരക്ഷ എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകൃതമാകുകയും ചെയ്യും
നമ്മുടെ കുറവുകൾ നിറഞ്ഞ കൊച്ച് ഹൃദയം പരിശുദ്ധ അമ്മയുടെ വിമല ഹൃദയവുമായി പൂർണമായി കൈമാറ്റം ചെയ്യപ്പെടുന്ന നാളുകളിൽ നമ്മിൽ ഒരു ഹൃദയരൂപാന്തരീകരണം സംഭവിക്കും. അത് പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് അനുരൂപപ്പെടുകയും ഏറ്റവും പരിശുദ്ധനായ ഈശോ മിശിഹായ്ക്ക് പ്രസാദകരമായി വസിക്കാനുതകും വിധത്തിലുള്ള വസതി ആവുകയും പരിശുദ്ധമായത് അല്ലാതെ ഒന്നിനും അതിൽ പ്രവേശനമില്ലാത്ത വിധം നിർമലമാകുകയും തിന്മയ്ക്കെതിരെ ജാഗരൂകമാകുകയും ചെയ്യും.
വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുന്ന ഹൃദയത്തിൽ പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യവും അമ്മയുടെ ആത്മാവിനോടുള്ള അടുത്തിടപഴകലും മൂലം ഇളയമ്മയായ എലിസബത്തിന് ഉണ്ടായതു പോലെയുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടാകുന്നു. അതിന്റെ ഫലമായി ആത്മാവിൽ ആദ്യമായി ഉണ്ടാകുന്നത് പാപബോധമാണ്.
വീട്ടിൽ ഒത്തിരി നാളുകളായി അടഞ്ഞു ഇരുളു മൂടി കിടക്കുന്ന ഒരു മുറിയുടെ ജനലും വാതിലുകളും തുറക്കുകയും മുറിയിലെ ലൈറ്റ് ഇടുകയും ചെയ്യുമ്പോൾ അതിലെ ചിട്ടയില്ലായ്മയും പൊടിപടലങ്ങളും മാലിന്യങ്ങളും അതിൽ കൂട്ടിയിട്ടിരിക്കുന്ന ഉപയോഗ്യ ശൂന്യവും വേണ്ടാത്തതുമായ വസ്തുക്കളും നമ്മുടെ കണ്ണിൽ പെടും. അത് കണ്ടു കഴിഞ്ഞാൽ നാം ആദ്യം ചെയ്യുന്നത് വേണ്ടാത്തവയൊക്കെ എടുത്തു മാറ്റുക എന്നതാണ്. മുറിയിലെ പൊടിയും മാറാലയും വൃത്തിയാക്കി, മുറി കഴുകി വൃത്തിയാക്കി, ആവശ്യമുള്ളവ മാത്രം മുറിയിൽ അതാതിന്റെ സ്ഥാനത്തു അടുക്കി വച്ച് കഴിയുമ്പോൾ ആ മുറി മനോഹരവും ഉപയോഗപ്രദവുമാകുന്നു.
അത് പോലെ നമ്മുടെ ആത്മാവിൽ പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹപ്രകാശം കടന്നു വരുമ്പോൾ നമ്മുടെ ഹൃദയത്തിൽ കെട്ടിക്കിടക്കുന്ന വിപരീത ചിന്തകളും ഉണങ്ങാത്ത മുറിവുകളും അണയാത്ത ആധിയും മാറാത്ത ആകുലതകളും തഴക്ക ദോഷങ്ങളും ലഘുവും മാരകവുമായ പാപങ്ങളും ഒക്കെ അകകണ്ണിൽപ്പെടും.
“അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി”
(സങ്കീര്‍ത്തനങ്ങള്‍ 34 : 5)
അപ്പോൾ മാമോദീസ വഴി ലഭിച്ച നിത്യ രക്ഷയുടെ ഓർമ ഹൃദയത്തിലുണർന്നു പരിശുദ്ധാത്മാവ് നൽകുന്ന രക്ഷാകരമായ അനുതാപം ആത്മാവിൽ നിറഞ്ഞു, ഹൃദയം ഉരുകി, കണ്ണുകൾ നിറഞ്ഞു തൂവി, ഒരുക്കത്തോടെ കുമ്പസാരത്തിനണഞ്ഞു, പാപങ്ങൾ ഏറ്റു പറഞ്ഞു ഇനിയൊരിക്കലും പാപം ചെയ്യുകയില്ല, ഈശോയെ വേദനിപ്പിക്കുകയില്ല എന്ന ഉറപ്പോടെ ബഹുമാനപ്പെട്ട വൈദികൻ കല്പിക്കുന്ന പ്രായശ്ചിത്തം ചെയ്തു കഴിയുമ്പോൾ തന്നെ ആത്മാവിലും ഹൃദയത്തിലും വലിയൊരു പുനർക്രമീകരണം നടന്നു നിർമലവും ഈശോയ്ക്ക് വസിക്കാൻ തക്ക വിധം മാമോദീസവേളയിൽ ഉണ്ടായിരുന്ന പൂർവ ശോഭ നിറഞ്ഞതുമായിതീരുന്നു.
നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും വ്യത്യസ്തമായതു പോലെ ഓരോ മനുഷ്യാത്മാവും വ്യത്യസ്‌തമാണ്. ഓരോരുത്തരിലും നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങളും വിളികളും വ്യത്യസ്തമാണ്. ഓരോരുത്തരും ആയിരിക്കുന്ന സാഹചര്യങ്ങളും സ്ഥലവും കഴിവുകളും കുറവുകളും വ്യത്യസ്തമാണ്. എന്നാൽ ക്രിസ്തുവിന്റെ ശരീരത്തിൽ അംഗങ്ങളായ നാം എല്ലാവരും വ്യത്യസ്തരെങ്കിലും നമ്മുടെ വില ഒന്ന് തന്നെ. അമൂല്യമായ ഈശോയുടെ തിരുരക്തത്തിന്റെ വില.
പരിശുദ്ധ അമ്മ അമലോത്ഭവ ആയത് കൊണ്ട് അമ്മയുടെ ഉദരം ഈശോയെ വഹിക്കുവാൻ തക്ക വിധം യോഗ്യമായിരുന്നു. അമ്മയുടെ ജീവിതത്തിൽ ദൈവഹിതത്തിനായിരുന്നു ഒന്നാം സ്ഥാനം.
എന്നാൽ നമ്മുടെ ജീവിതത്തിൽ പലപ്പോഴും യോഗ്യതയോടെയാണോ ദിവ്യകാരുണ്യ ഈശോയെ നാം സ്വീകരിക്കുന്നത് എന്ന് ചിന്തിക്കാം. ദൈവഹിതത്തിനാണോ നാം ഒന്നാം സ്ഥാനം കൊടുക്കുന്നത് എന്ന് ഓർത്തു നോക്കാം.
വിമല ഹൃദയപ്രതിഷ്‌ഠ നടത്തുമ്പോൾ പരിശുദ്ധ അമ്മ നമ്മെ മറ്റൊരു വ്യക്തിയായി രൂപാന്തരപ്പെടുത്തുകയല്ല ചെയ്യുന്നത്. മറിച്ചു ദൈവം നമ്മിൽ ജ്ഞാന സ്നാനം വഴി അങ്കുരിപ്പിച്ച അതേ ഉന്നതപ്രസാദവരത്തിന്റെയും ആത്മവിശുദ്ധിയുടെയും പൂർവാവസ്ഥയിലേയ്ക്കുള്ള തിരിച്ചു പോക്കും കൃപയിലുള്ള നിലനിൽപ്പും ദൈവമഹത്വത്തിനായുള്ള ഫലം പുറപ്പെടുവിക്കലുമാണ് ആത്മാവിൽ നടക്കുന്നത്.
“അവിടുന്ന് എന്റെ സഹായമാണ്;
അങ്ങയുടെ ചിറകിന്‍ കീഴില്‍ ഞാന്‍ ആനന്ദിക്കും.
എന്റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വലത്തുകൈ എന്നെ താങ്ങിനിര്‍ത്തുന്നു.
(സങ്കീര്‍ത്തനങ്ങള്‍ 63 : 7-8)
പടിപടിയായി വളരുവാൻ ഒരു നവജാത ശിശുവിനു അതിന്റെ അമ്മയുടെ സാമീപ്യവും സാന്ത്വനവും പരിചരണവും തുടക്കം മുതലേ ആവശ്യമുണ്ടെന്നത് പോലെ വിമലഹൃദയപ്രതിഷ്‌ഠ നടത്തുന്ന ആദ്യദിവസങ്ങളിലും തുടർന്നും നമുക്ക് പരിശുദ്ധ അമ്മയുടെ ശ്രദ്ധാപൂർണമായ മേൽനോട്ടവും സാന്നിധ്യവും സഹായവും അത്യാവശ്യകരമാണ്.
ദൈവപരിപാലനയിൻ കീഴിൽ ജീവിതത്തിന്റെ ഞെരുക്കങ്ങളെയും ഓരോ ദിവസത്തെയും ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രയാസങ്ങളെയും രോഗാവസ്ഥകളെയും ആത്മീയ സംഘർഷങ്ങളെയും ഒറ്റയ്ക്കെന്നോണം ഇത് വരെ അതിജീവിച്ചു മുന്നേറിയ നമുക്ക് സഹായിയായി ഈശോയുടെ അമ്മ ജീവിതത്തിലേക്ക് യഥാർത്ഥമായി കടന്നു വരുന്നത് എത്രയോ ഭാഗ്യകരമാണ്! അവിശ്വസനീയവുമാണ്!
“എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?”
(ലൂക്കാ 1 : 43)
ഇതു വരെയുള്ള ജീവിതത്തിൽ നമ്മുടെ ഹൃദയം കഠിനമായിട്ടുണ്ടാവാം. കണ്ണിൽ ഒരിറ്റു കണ്ണീരു പോലും പൊടിയാത്ത വിധം ദുഃഖം ഹൃദയത്തിൽ കല്പിച്ചു കിടപ്പുണ്ടാകാം ആത്മാവിൽ ഇനിയും ഉണങ്ങാത്ത മുറിവുകൾ അവശേഷിച്ചിട്ടുണ്ട് എന്നിരിക്കാം. ഇപ്പോൾ പാപാവസ്ഥയിൽ ആണ് നമ്മൾ എങ്കിൽ ആത്മാവ് രോഗാതുരവും ഒരു പക്ഷെ മാരക പാപത്തിലെങ്കിൽ മൃതവും ആണെന്നിരിക്കാം.
എങ്കിലും ദൈവം സദയം നൽകുന്ന കൃപയാൽ കുമ്പസാരം എന്ന ആത്മാവിന്റെ ജീവൻ തിരികെ നൽകി അതിന്റെ ആരോഗ്യം വീണ്ടും നൽകുന്ന അത്ഭുതകൂദാശ വഴി ആത്മാവിൽ നാം വീണ്ടും ജീവൻ പ്രാപിക്കുവാൻ സാധിക്കും.
മാരകമായ ഒരു രോഗം സുഖമായി എങ്കിലും ഒരു രോഗിയ്ക്ക് ആരോഗ്യം വീണ്ടെടുക്കുവാൻ തുടർന്നും വിശ്രമവും പോഷണവും ശ്രദ്ധയോടെയുള്ള നിരന്തര പരിചരണവും ആവശ്യമുണ്ട്.
വിമല ഹൃദയപ്രതിഷ്‌ഠയുടെ ആദ്യദിനങ്ങളിൽ പരിശുദ്ധ അമ്മ നമ്മോടും അത് തന്നെയാണ് ചെയ്യുന്നത്. അമ്മ നിരന്തരം കൂടെയുണ്ടാകും. അമ്മയുടെ സാന്നിധ്യത്തിൽ പരിശുദ്ധാരൂപി നമ്മിൽ നിറയുന്നതിനാൽ നമ്മുടെ ആത്മാവിന് സാന്ത്വനവും വിശ്രമവും സമാധാനവും ആനന്ദവും ഉണ്ടാകും. ഹൃദയത്തിൽ ദൈവസ്നേഹത്തിന്റെ ചെറിയ അരുവി ഉറവ പൊട്ടുന്നത് പോലെ തോന്നും.
എങ്കിലും ആത്മാവ് ഈ ആദ്യ ദിനങ്ങളിൽ ഏറെക്കുറെ നിസ്സഹായാവസ്ഥയിലും നിശബ്ദതയിലും ആയിരിക്കും. എവിടെ തുടങ്ങണമെന്ന് അതിനു അറിഞ്ഞു കൂടാ, എന്ത് പ്രാർത്ഥിക്കണമെന്നോ എങ്ങനെ ദൈവത്തെ ആരാധിക്കണമെന്നോ അതിനറിഞ്ഞു കൂടാ. അത് വലിയ ആവേശത്തോടെ വലിയ പ്രാർത്ഥനകൾ ചൊല്ലാൻ ശ്രമിക്കും എന്നാൽ കുറച്ചു വരികൾ പിന്നിടുമ്പോഴേയ്ക്കും തളരും. കുറച്ചു കഴിഞ്ഞു ദൈവവചനം വായിക്കാനും ഹൃദിസ്ഥമാക്കാനും ശ്രമിച്ചെന്നിരിക്കും. എങ്കിലും ഓരോ ദൈവവചനവും ആഴമേറിയ അർത്ഥങ്ങളും ദൈവിക രഹസ്യങ്ങളും ഉൾക്കൊള്ളുന്നതുകൊണ്ടും ദൈവം തന്നെ ആയതു കൊണ്ടും ആത്മാവിന് വീണ്ടും ഭാരം അനുഭവപ്പെട്ടേക്കാം.
കുഞ്ഞു കുഞ്ഞു സുകൃതജപങ്ങൾ ചൊല്ലാനും പ്രായശ്ചിത്തം ചെയ്യാനും ഉപവാസം എടുക്കാനും ഒക്കെ ശ്രമിക്കും. എങ്കിലും ഒരു കുഞ്ഞു അതിനു പറ്റാത്ത ഭാരം വഹിക്കുന്നത് പോലെ വേഗം തളരും.
വിമല ഹൃദയപ്രതിഷ്‌ഠയുടെ ആദ്യദിനങ്ങളിൽ ഒരു കുഞ്ഞു ആത്മാവിന് സാധിക്കുന്നത് ഒരു നവജാതശിശു ചെയ്യുന്നത് തന്നെയാണ്. അതിന്റെ അമ്മയെ തേടുക. അമ്മയുടെ മുഖവും സ്വരവും തേടുക. അമ്മയെ വേണ്ടപ്പോൾ കരയുക / അമ്മേ എന്ന് വിളിക്കുക. ഒരു പക്ഷെ അത് മിനിറ്റിൽ ഒരു തവണ ആകാം. പത്തു തവണ ആകാം. അതിൽ കൂടുതലാകാം.
ചിലപ്പോൾ അമ്മേ, എന്റെ ആശ്രയമേ എന്ന് പറയാൻ പറ്റിയേക്കാം. ഒരു പക്ഷെ ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലാൻ പറ്റിയേക്കാം.
അത് പോലെ സൃഷ്ടാവും രക്ഷകനുമായ ഈശോയെ ഓർക്കുക , നമുക്ക് വെളിപ്പെടുത്തപ്പെട്ട ആ നാമം ഏറ്റു പറയുക, അതിനെ കുറിച്ച് ധ്യാനിക്കുക.
“ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.”
(ലൂക്കാ 1 : 30-32)
“അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.”
(മത്തായി 1 : 21)
“ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്‌ക്കു വേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.”
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12)
“എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു.
എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്‌ഷ പ്രാപിക്കും.”
(റോമാ 10 : 12-13)
ഓരോ തവണയും ഈശോയുടെ നാമം നാം വിളിക്കുകയും ആ നാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യുമ്പോൾ പരിശുദ്ധ അമ്മയുടെ വിമല ഹൃദയം ആനന്ദിക്കും. സ്വർഗം സന്തോഷിക്കും. ദൈവനാമം മഹത്വപ്പെടും.
വിമല ഹൃദയപ്രതിഷ്‌ഠയുടെ ആദ്യനാളുകളിൽ ഓരോരുത്തരിലും പരിശുദ്ധാത്മാവ് ഹൃദയത്തിൽ പ്രചോദിപ്പിക്കുന്നതിനനുസരിച്ചു ചെറിയ കാര്യങ്ങൾ ചെയ്യാം. ഓരോരുത്തരിലും ആത്മീയ അവസ്ഥ തുടക്കത്തിൽ വ്യത്യസ്തമെങ്കിലും പതിയെ പതിയെ പ്രാർത്ഥനയിലും പ്രായശ്ചിത്തത്തിലും ഉപവാസത്തിലും ദൈവവചന വായനയിലും പരിശുദ്ധാരൂപിയുടെ സഹായത്താൽ മുന്നേറുവാൻ സാധിക്കും
വിമലഹൃദയപ്രതിഷ്‌ഠയുടെ ഇടയിലും അനുദിനജീവിതം പഴയത് പോലെ മുന്നോട്ട് പോയിക്കൊണ്ടിരിക്കും. നാം പഴയത് പോലെ എഴുന്നേൽക്കും, പ്രഭാത കൃത്യങ്ങൾ ചെയ്യും. ആഹാരമുണ്ടാക്കും വീട് വൃത്തിയാക്കും. ജോലിക്ക് പോകും. ആഹാരം കഴിയ്ക്കും. ഉറങ്ങും. ഒരു വ്യത്യാസം മാത്രം. ഇനി മുതൽ എല്ലാം പരിശുദ്ധ അമ്മയുടെ കൂടെ, ദൈവഹിതത്തിന് ഒന്നാം സ്ഥാനം നൽകിക്കൊണ്ട് ചെറു പ്രവൃത്തികൾ പോലും നാം ചെയ്യും.
ഒരു ചെറിയ കുഞ്ഞു അതിനു പറ്റിയത് പോലെ പതിയെ നടക്കും. എന്നാൽ അതിന്റെ അമ്മ അതിന്റെ കൈ പിടിച്ചു നടത്തിയാൽ അതിന്റെ നടപ്പിന് വീഴുമെന്ന പേടി ഇല്ലാത്തതിനാൽ കൂടുതൽ ആത്മ വിശ്വാസവും വേഗതയും ഉണ്ടാകും.
ഇതു പോലെ പരിശുദ്ധ അമ്മയുടെ കരം പിടിച്ചു നാം ജീവിതത്തിൽ നടന്നു തുടങ്ങിയാൽ ഇനി ഒരിക്കലും പാപത്തിൽ വീഴാത്ത വിധം മാതാവ് നമ്മുടെ കരം മുറുകെ പിടിച്ചിരിക്കും.
വിമല ഹൃദയപ്രതിഷ്‌ഠയുടെ ആദ്യനാളുകളിൽ പരിശുദ്ധ അമ്മ നമ്മെ നമ്മിലേയ്ക്ക് നോക്കാനും നമ്മുടെ കുറവുകളും പാപ സാഹചര്യങ്ങളും ആത്മ ശോധന നടത്തി കണ്ടു പിടിക്കാനും സഹായിക്കും.
കാനായിൽ വീഞ്ഞ് തീർന്നു പോയി എന്ന് വീട്ടുകാർ അറിഞ്ഞു പരിഭ്രാന്തരായപ്പോൾ പരിശുദ്ധ അമ്മ അവിടെയുണ്ടായിരുന്നതിനാൽ ഈശോ വഴി ആ പ്രശ്നം അത്ഭുതകരമായ വിധത്തിൽ പരിഹരിക്കപ്പെട്ടു.
ഈ നാളുകളിൽ നാം എന്ന കാനായിലെ വീട്ടിൽ പരിശുദ്ധ അമ്മയുണ്ട്.
ദിവ്യകാരുണ്യ ഈശോ നമ്മിലേയ്ക്ക് ഒരു വിരുന്നുകാരനായി, വീട്ടുകാരനായി വരുമ്പോൾ അവിടുത്തെ സ്വീകരിക്കാൻ നേരം നമ്മിലെ കുറവ് എന്താണ്?
ഒരു രോഗി ഒരു ഹോസ്പിറ്റലിൽ ലോകത്തിന്റെ ഏതു ഭാഗത്തുള്ള എമർജൻസി ഡിപ്പാർട്മെന്റിലേയ്ക്ക് ചെന്നാലും നഴ്സുമാർ ആദ്യം നോക്കുന്ന അടിസ്ഥാന കാര്യങ്ങൾ Vital signs (Temperature – ശരീര താപനില
Pulse – നാഡിമിടിപ്പ്
Respiratory Rate – ശ്വസന നിരക്ക്
Blood Pressure – രക്തസമ്മർദ്ദം
Oxygen Saturation (SpO₂) – രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ) ആണ്.
വിമല ഹൃദയ പ്രതിഷ്‌ഠ പരിശുദ്ധിയിലേയ്ക്കുള്ള പാതയും അതിലുള്ള നിലനിൽപ്പും ആയതു കൊണ്ട് വിമല ഹൃദയപ്രതിഷ്‌ഠ ചെയ്യുന്ന ഒരു ആത്മാവ് ആദ്യം നോക്കേണ്ടത് താൻ പാപാവസ്ഥയിൽ ആണോ എന്നാണ്. അതിനായി ആത്മാവിനെ പാപാവസ്ഥയിൽ ആക്കുന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ( മൂലപാപങ്ങൾ) പരിശോധിക്കണം.
അഹങ്കാരം (Pride)
അത്യാഗ്രഹം / ദ്രവ്യലോഭം (Greed)
കാമം (Lust)
അസൂയ (Envy)
അമിതഭക്ഷണം (Gluttony)
ക്രോധം (Wrath)
മടുപ്പ് / ആത്മീയ അലസത (Sloth)
ദൈവം നൽകിയ പത്തു കല്പനകൾ നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാകുന്നത് എങ്ങനെയെന്നു നോക്കണം
1.ഏകദൈവമായ കർത്താവിനെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുക.
- ദൈവത്തിന്റെ നാമം വ്യർഥമായി ഉപയോഗിക്കരുത്.
- കർത്താവിന്റെ ദിവസം വിശുദ്ധമായി ആചരിക്കുക.
4.പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
- കൊല്ലരുത്.
6.വ്യഭിചാരം ചെയ്യരുത്.
7.മോഷ്ടിക്കരുത്.
8.കള്ളസാക്ഷ്യം പറയരുത്.
9.അന്യന്റെ ഭാര്യയെ മോഹിക്കരുത്.
10.അന്യന്റെ സ്വത്തുക്കളെ മോഹിക്കരുത്.
തിരുസഭയുടെ കല്പനകൾ :
1.ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവൻ കുർബാനയിൽ പങ്കുകൊള്ളണം, അന്ന് വിലക്കപ്പെട്ട വേലകൾ ചെയ്യുകയുമരുത്
2.ആണ്ടിലൊരിക്കലെങ്കിലും പാപസങ്കീർത്തനം (കുമ്പസാരം) ചെയ്യണം.
- പെസഹാക്കാലത്ത് പരിശുദ്ധ കുർബാന ഉൾക്കൊള്ളണം.
- സഭ നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണങ്ങൾ വർജിക്കുകയും ചെയ്യണം.
- ദൈവാലയത്തിനും ദൈവശുശ്രൂഷകർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.
നാം ഓരോരുത്തരും വേദ പാഠക്ലാസ്സുകളിൽ പോയിട്ടുള്ളവരാണ്. ധ്യാനങ്ങൾ കൂടിയിട്ടുള്ളവരാണ്. കുമ്പസാരത്തിന്റെ ക്ലാസുകൾ കേട്ടിട്ടുള്ളവരാണ്.
ഈ അടിസ്ഥാനകാര്യങ്ങളൊന്നും നമുക്ക് അന്യമല്ല. ഒരു പക്ഷെ ജീവിതത്തിന്റെ തിരക്കുകളുടെ ഇടയിൽ പെട്ടെന്ന് പോയി കുമ്പസാരിക്കുമ്പോൾ ഒരു പക്ഷെ സമയമെടുത്തു ഒരുങ്ങി കുമ്പസാരിക്കാൻ പലപ്പോഴും പറ്റിയില്ല എന്ന് വന്നേക്കാം.
എന്നാൽ പരിശുദ്ധ അമ്മയുടെ മാതൃ സാന്നിധ്യത്തിൽ നാം ഈ ആത്മ ശോധന നടത്തുമ്പോൾ ഈ അടിസ്ഥാന കാര്യങ്ങളും അവയെ തുടർന്നുണ്ടാകുന്ന ഉപവിഭാഗങ്ങളും മൂലം നമ്മുടെ ആത്മാവിൽ മുറിവും മരണവും പരിശുദ്ധനായ ഈശോയ്ക്ക് കടന്നു വരാനാവാത്ത വിധം ആത്മാവിനെ അശുദ്ധവും നിന്ദ്യാവസ്ഥയിലാക്കുന്നതുമായ പാപങ്ങൾ അതിന്റേതായ ഗൗരവത്തിൽ ഭയത്തോടെ തിരിച്ചറിഞ്ഞു, കണ്ണീരോടെയും വലിയ പശ്ചാത്താപത്തോടെയും ഏറ്റു പറഞ്ഞു ഈശോയുടെ കുരിശിലെ ബലിയുടെയും മുറിക്കപ്പെട്ട തിരു ശരീരത്തിന്റെയും ചിന്തപ്പെട്ട തിരുരക്തത്തിന്റെയും യോഗ്യതയാൽ പാപ മോചനം പ്രാപിക്കുക എന്നത് എത്രയോ അടിയന്തരമായി ചെയ്യേണ്ട കാര്യമാണ് എന്ന് ഉള്ളിൽ മനസ്സിലാകും.
എത്രയോ പേര് നരകത്തിൽ ഓരോ ദിവസവും പതിച്ചു കൊണ്ടിരിക്കുന്നു!
എത്രയോ പേര് സ്വർഗത്തിൽ പ്രവേശിക്കാനാവാതെ ശുദ്ധീകരണ സ്ഥലത്തിൽ ആയിരിക്കുന്നു!
അവർക്കൊന്നും ഇനി പ്രാർത്ഥിക്കാനാവില്ല, പ്രവർത്തിക്കാനാവില്ല, ഭൂമിയിൽ ജീവിക്കാനാകില്ല
എന്നാൽ നമ്മളോ!
ദൈവകൃപയാൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു!
നമുക്ക് ഈ നിമിഷം ഇനിയും സമയമുണ്ട്.
പശ്ചാത്തപിക്കാൻ…
പ്രാർത്ഥിക്കാൻ
പ്രവർത്തിക്കാൻ..
ഈശോയെ എന്നൊന്ന് കൂടി വിളിക്കാൻ…
കുമ്പസാരിക്കാൻ…
ഒരുക്കത്തോടെ ഈശോയെ ദിവ്യകാരുണ്യത്തിൽ സ്വീകരിക്കാൻ
ദൈവവചനം വായിക്കാൻ..
ഈശോയുടെ അമ്മയെ സ്വന്തം അമ്മയായി മനസോടെ സ്വീകരിക്കാൻ…
പരിശുദ്ധാത്മാവിനാൽ നിറയാൻ
ദൈവത്തെ പാടിയാരാധിക്കാൻ…
ഈ നിമിഷം ഇനിയും സമയമുണ്ട്.
വിശുദ്ധിയിലേയ്ക്കുള്ള ആദ്യപടിയായി ഒരുക്കത്തോടെ കുമ്പസാരിക്കാം.
നല്ല കുമ്പസാരത്തിനു വേണ്ടുന്ന കാര്യങ്ങൾ :
- പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത്.
- പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത്.
- മേലില്‍ പാപം ചെയ്കയില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നത്.
- ചെയ്തുപോയ മാരകപാപങ്ങളെങ്കിലും വൈദികനെ അറിയിക്കുന്നത്.
- വൈദികന്‍ കല്‍പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്.
കുമ്പസാരത്തിനു ശേഷം ആദ്യകുർബാന സ്വീകരണത്തിന് എങ്ങനെ ഈശോയെ തീക്ഷ്‌ണതയോടെ സ്വീകരിക്കാൻ ഒരുങ്ങിയോ അത് പോലെ ഒരുങ്ങി പരിശുദ്ധ കുർബാനയ്ക്കണഞ്ഞു ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാം
പരിശുദ്ധ അമ്മയുടെ ചാരെ ആയിരുന്നു കൊണ്ട് ഈശോയെ സ്വീകരിച്ചു കഴിഞ്ഞുള്ള സമയങ്ങളിൽ ഈശോയോട് നന്ദി പ്രകാശിപ്പിക്കാം.
ഈശോ ഇത്രയധികം നമ്മെ സ്നേഹിക്കുവാൻ, നമ്മിൽ എഴുന്നള്ളി വരുവാൻ, നമ്മിൽ വസിക്കുവാൻ നാം ആരാണ്?
ഈ ചോദ്യവുമായി ഇന്നലെ പരിശുദ്ധ കുർബാന നാവിൽ ഉൾക്കൊണ്ടു കണ്ണു നിറഞ്ഞു ഈശോയ്ക്ക് നന്ദി പറഞ്ഞു ദൈവാലയത്തിൽ നിൽക്കുമ്പോൾ അൾത്താരയിൽ നിന്നു കൊണ്ട് ബഹുമാനപ്പെട്ട വൈദികൻ പരിശുദ്ധ കുർബാനയുടെ തുടർന്നുള്ള ഭാഗത്തു പറയുന്നത് കേട്ടു :
“ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു.”
(യോഹന്നാന്‍ 15 : 15)
എന്റെ ഉള്ളിൽ അപ്പോഴും നാവിൽ എഴുന്നള്ളിയിരുന്ന ഈശോ ഇപ്പോൾ മുതൽ എന്റെ friend / സ്നേഹിതൻ ആണെന്ന്.
ദൈവത്തിനു എങ്ങനെ ഇങ്ങനെ ഉപാധികളില്ലാതെ മനുഷ്യനെ സ്നേഹിക്കാൻ സാധിക്കുന്നു!
ഒരുത്തരമേയുള്ളൂ…
“കാരണം, ദൈവം സ്‌നേഹമാണ്.”
(1 യോഹന്നാന്‍ 4 : 8)
ഇത്രയധികം നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ ഇപ്പോൾ തന്നെ നമുക്ക് തിരിയാൻ ശ്രമിക്കാം.
“കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.”
(ഏശയ്യാ 55 : 6)
ഈശോയെ കണ്ടെത്താനുള്ള കുറുക്ക് വഴിയേ, വിമല ഹൃദയപ്രതിഷ്ഠയുടെ ഓരോ ദിനത്തിലൂടെയും നമുക്ക് വ്യക്തിപരമായി സാധ്യമായ ഏറ്റവും ഒരുക്കത്തോടെ പരിശുദ്ധ അമ്മയുടെ കയ്യും പിടിച്ചു നമുക്ക് പോകാം.
ഈ യാത്രയിൽ…
പകല്‍ സൂര്യനായിരിക്കുകയില്ല ഇനി നിനക്കു പ്രകാശം തരുക; നിനക്കു പ്രകാശം നല്‍കാന്‍ രാത്രിയില്‍ ചന്ദ്രനായിരിക്കുകയില്ല പ്രശോഭിക്കുന്നത്. കര്‍ത്താവായിരിക്കും നിന്റെ നിത്യമായ പ്രകാശം; നിന്റെ ദൈവമായിരിക്കും നിന്റെ മഹത്വം.
നിന്റെ സൂര്യന്‍ അസ്‌തമിക്കുകയില്ല; നിന്റെ ചന്ദ്രന്‍ മറയുകയുമില്ല; കര്‍ത്താവ് നിന്റെ നിത്യപ്രകാശമായിരിക്കും. നിന്റെ വിലാപദിനങ്ങള്‍ അവസാനിക്കും.”
(ഏശയ്യാ 60 : 19-20)
ആമേൻ
ആവേ മരിയ
✍ Leena Elizabeth George


Leave a Reply