സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 2

“എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു” എന്ന് പരിശുദ്ധ മറിയം പാടിയപ്പോൾ, അത് കേവലം ഒരു സ്തുതിഗീതമായിരുന്നില്ല, മറിച്ച് സേവനത്തിന്റെ ജീവിതമാതൃകയുടെ പ്രഖ്യാപനമായിരുന്നു. മാലാഖയുടെ സന്ദേശം കേട്ട് “ഇതാ കർത്താവിന്റെ ദാസി” എന്ന് പറഞ്ഞ മറിയം, ഉടനെ എലിസബത്തിനെ സന്ദർശിക്കാൻ പുറപ്പെട്ടു. പരിശുദ്ധ അമ്മയുടെ ഈ യാത്രയിൽ നിന്ന് നമുക്ക് സേവനത്തിന്റെ അഗാധമായ പാഠങ്ങൾ പഠിക്കാം.

പെട്ടന്നുള്ള സേവനം

പരിശുദ്ധ കന്യകാ മറിയത്തിന്റെ സേവനം വേഗതയുള്ളതായിരുന്നു. സന്താനഭാരത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ, പർവതപ്രദേശത്തേക്ക് യാത്രചെയ്യാൻ അവർ മടിച്ചില്ല. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞതുപോലെ, “മറിയം സ്വയം സേവിക്കുന്ന വ്യക്തിയായിരുന്നില്ല , മറിച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾ തിരിച്ചറിയുകയും അതുവേഗം നിറവേറ്റുകയും ചെയ്യുന്ന വ്യക്തിയായിരുന്നു.”

നിസ്വാർത്ഥമായ സ്നേഹം

എലിസബത്തിനെ സന്ദർശിച്ചപ്പോൾ മറിയം മൂന്നുമാസം അവിടെ തങ്ങി. അത് കേവലം മര്യാദാ സന്ദർശനം മാത്രമായിരുന്നില്ല നേരെ മറിച്ച് പ്രായമായ എലിസബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ആത്മാർപ്പണമായിരുന്നു. വിശുദ്ധ ആബ്രോസ് പറഞ്ഞതുപോലെ, “മറിയം ദൈവമാതാവായിട്ടും സേവകയായി തുടർന്നു, അഹങ്കാരം അവളുടെ ഹൃദയത്തിൽ ഇടംപിടിച്ചില്ല.”

എളിമയിലൂടെയുള്ള മഹത്വം

വാർദ്ധക്യത്തിൽ ഗർഭിണിയായ എലിസബത്ത് മറിയത്തെ ” നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്‍റെ ഉദരഫലവും അനുഗൃഹീതം.” എന്ന് അഭിവാദ്യം ചെയ്തപ്പോൾ, മറിയം അഹങ്കരിച്ചില്ല. പകരം, “അവിടുന്ന് തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ” എന്ന് പറഞ്ഞ് സ്വന്തം വിനയത്തെ എടുത്തുകാട്ടി. ഫ്രാൻസിസ് മാർപാപ്പ പറയുന്നതുപോലെ, “മറിയത്തിന്റെ വിനയം അവളുടെ സേവനത്തിന്റെ അടിത്തറയാണ്.”

ആധുനിക പ്രസക്തി

ഇന്നത്തെ വ്യക്തിവാദത്തിന്റെ കാലത്ത് മറിയത്തിന്റെ സേവനബുദ്ധി നമുക്ക് പ്രചോദനമാണ്. മദർ തെരേസ പറഞ്ഞതുപോലെ, “നമ്മുടെ കുടുംബത്തിൽ, അയൽപക്കത്ത്, തൊഴിലിടത്തിൽ മറിയത്തെപ്പോലെ സേവിക്കാൻ നമുക്കാകും.” അത് വലിയ കാര്യങ്ങളായിരിക്കണമെന്നില്ല – ഒരു പുഞ്ചിരി, സഹായഹസ്തം, കേൾക്കാനുള്ള കാത്, വാക്കുകളിലൂടെയുള്ള പ്രോത്സാഹനം – ഇവയിലെല്ലാം മറിയത്തിന്റെ സേവനത്തിന്റെ വിപുലീകരണമുണ്ട്.

” മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ.”(മര്‍ക്കോ‌ 10 : 45) എന്ന ഈശോയുടെ വാക്കുകൾ ആദ്യം ജീവിച്ചുകാട്ടിയത് മറിയമാണ്. അവളുടെ സേവനബുദ്ധി നമ്മിലും വളർന്ന് നമ്മുടെ സമൂഹത്തിൽ സ്നേഹത്തിന്റെയും സേവനത്തിന്റെയും സാക്ഷ്യം നൽകാൻ നമുക്കു കഴിയട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment