സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 7
മറിയം പരിശുദ്ധാത്മാവിന്റെ മണവാട്ടി
കത്തോലിക്കാ വിശ്വാസ പാരമ്പര്യത്തിൽ പരിശുദ്ധ കന്യകാ മറിയത്തെ “പരിശുദ്ധാത്മാവിന്റെ മണവാട്ടി” എന്നാണ് വിളിക്കുന്നത്. ഇതു അവളുടെ ആത്മീയ വിശുദ്ധിയുടെയും ദൈവികമായ തിരഞ്ഞെടുപ്പിന്റെയും പ്രതീകമാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഈശോയുടെ അമ്മയാകാനുള്ള മറിയത്തിന്റെ പ്രത്യേക തയാറെടുപ്പും സ്വീകരണവുമാണ് ഈ സങ്കൽപ്പത്തിന്റെ അടിസ്ഥാനം.
ഗബ്രിയേൽ ദൈവദുതൻ മറിയത്തോട് “പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.” (ലൂക്കാ 1 : 35) എന്ന് പറഞ്ഞത് ഈ ആത്മീയ വിവാഹത്തിന്റെ തുടക്കമായി കാണപ്പെടുന്നു. അവളുടെ “ദാസിയുടെ വാക്കുകൾ” – “കർത്താവിന്റെ ദാസി ഞാൻ, നിന്റെ വാക്കനുസരിച്ച് എന്നിൻ നിറവേറട്ടെ” എന്നത് പൂർണ്ണമായ സമർപ്പണത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമാണ്.
വി. ആൽഫോൻസ് ലിഗോരി പറയുന്നു: “മറിയം പരിശുദ്ധാത്മാവിന്റെ വിശ്വസ്ത മണവാട്ടിയായി, ദൈവത്തിന്റെ പുത്രന്റെ മാതാവാകാനുള്ള വിശുദ്ധിയിൽ എത്തി.” വി. മാക്സിമിലിയൻ കോൾബേ മറിയത്തെ പരിശുദ്ധാത്മാവിന്റെ ഏറ്റവും പ്രിയപ്പെട്ട ഇണ യായി ചിത്രികരിക്കുന്നു. പൗരസ്ത്യ പിതാവായ വി. ജോൺ ക്രിസോസ്റ്റോമിൻ്റെ അഭിപ്രായത്തിൽ: “മറിയത്തിന്റെ ഹൃദയം പരിശുദ്ധാത്മാവിന്റെ വാസസ്ഥലമായിരുന്നു.”
ഈ ആത്മീയ വിവാഹം ശാരീരികമായ കന്യകത്വത്തെയും ആത്മീയമായ പരിശുദ്ധിയെയും സമന്വയിപ്പിക്കുന്നു. മറിയത്തിന്റെ “നിഷ്കളങ്കത” പാപത്തിൽ നിന്നുള്ള പൂർണ്ണമായ വിമുക്തിയെ സൂചിപ്പിക്കുന്നു. വി. ബോണവെഞ്ചരുടെ വീക്ഷണത്തിൽ “പരിശുദ്ധാത്മാവ് മറിയത്തെ തന്റെ മന്ദിരമാക്കി മാറ്റി.” ഈ വിശുദ്ധ ബന്ധത്തിലൂടെ മറിയം ദൈവമാതാവ് മാത്രമല്ല എല്ലാ കൃപകളുടെയും മദ്ധ്യസ്ഥയുമായി. പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ മറിയത്തിന്റെ ഈ പദവി കത്തോലിക്കാ വിശ്വാസത്തിൽ അഗാധമായ ആത്മീയ അർത്ഥം നൽകുന്നു. വിശ്വാസികളെ പരിശുദ്ധിയിലേക്കും ദൈവിക കൃപയിലേക്കും നയിക്കുന്ന കൃപയുടെ മധ്യസ്ഥയായ മറിയത്തോടു നമുക്കും ചേർന്നു നിൽക്കാം.
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment