സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 8
മറിയം സ്വർഗ്ഗീയ മഹത്വമണിഞ്ഞവൾ
കത്തോലിക്കാ സഭയുടെ വിശ്വാസമനുസരിച്ച്, കന്യകാമറിയം ശരീരവും ആത്മാവും സഹിതം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടവളാണ്. 1950-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു: “ഉത്ഭവ പാപത്തിന്‍റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും സ്വതന്ത്രയായി സൂക്ഷിക്കപ്പെട്ടിരുന്ന നിര്‍മ്മല കന്യക അവളുടെ ഇഹലോകവാസത്തിന്‍റെ പരിസമാപ്തിയില്‍ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു. കര്‍ത്താവ് അവളെ എല്ലാറ്റിന്‍റെയും രാജ്ഞിയായി ഉയര്‍ത്തി. ഇതു കര്‍ത്താക്കളുടെ കര്‍ത്താവും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തന്‍റെ പുത്രനോട് അവള്‍ കൂടുതലായി അനുരൂപപ്പെടാന്‍ വേണ്ടിയായിരുന്നു.” (Pious XII, Munificentissimus Deus)
പാപരഹിതയായി ജനിക്കുകയും ജീവിക്കുകയും ചെയ്ത മറിയത്തിന്, മരണത്തിന്റെ അഴുകിപ്പോകൽ അനുഭവിക്കേണ്ടി വന്നില്ല. ദൈവപുത്രന്റെ മാതാവെന്ന നിലയിൽ അവൾക്ക് പ്രത്യേക കൃപ ലഭിച്ചു. വിശുദ്ധ ജോൺ ഡമീഷ്യൻ പറയുന്നത് ഇപ്രകാരമാണ്: “ജീവിതത്തിന്റെ സ്രഷ്ടാവിനെ ഗർഭത്തിൽ വഹിച്ചവൾ എങ്ങനെ മരണത്തിന് കീഴടങ്ങും?”സിയന്നായിലെ വിശുദ്ധ ബെർണാഡിൻ്റെ അഭിപ്രായത്തിൽ : “മറിയത്തിന്റെ സ്വർഗ്ഗാരോപണം കേവലം ഒരു പ്രത്യേകാനുഗ്രഹമല്ല, മറിച്ച് അവളുടെ ദിവ്യമാതൃത്വത്തിന്റെ സ്വാഭാവിക പരിണതഫലമാണ്.”
സ്വർഗ്ഗീയ മഹത്വത്തിൽ മറിയം സകല വിശുദ്ധരെക്കാളും ഉന്നതസ്ഥാനത്തായിരിക്കുന്നു. “മറിയത്തിന്റെ മഹത്വം എല്ലാ മാലാഖമാരുടെയും വിശുദ്ധരുടെയും മഹത്വത്തെക്കാൾ വലുതാണ്.”
വിശുദ്ധ അൽഫോൻസസ് ലിഗൊരി പഠിപ്പിക്കുന്നു.
മറിയം സ്വർഗ്ഗത്തിന്റെ രാജ്ഞിയായി വാഴുന്നു. “മറിയം പരിശുദ്ധാത്മാവിന്റെ നിത്യസഹചാരിണിയാണ്. അവളിൽ പരിശുദ്ധാത്മാവ് തന്റെ സകല കൃപകളും സമൃദ്ധമായിനൽകിയിരിക്കുന്നു.” എന്നു
വിശുദ്ധ മാക്‌സിമിലിയൻ കോൾബെയും സാക്ഷ്യപ്പെടുത്തുന്നു.
സ്വർഗ്ഗീയ മാതാവെന്ന നിലയിൽ മറിയം നിരന്തരം നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കുന്നു. “മറിയം നമ്മുടെ അമ്മയാണ്, അവൾ എപ്പോഴും നമ്മെ സ്വർഗ്ഗത്തിലേക്ക് നയിക്കുന്നു.”
വിശുദ്ധ ബെർണാഡെറ്റിൻ്റെ ഈ വിശ്വാസം നമുക്കും ഹൃദയത്തിൽ സ്വീകരിക്കാം . കാരണം ഈ വിശ്വാസസത്യം നമുക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നു. മരണത്തിനുശേഷമുള്ള ജീവിതത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ദൃഢമായ വിശ്വാസം മറിയത്തിന്റെ സ്വർഗ്ഗാരോപണം നമുക്ക് നൽകുന്നതിനാൽ ആ അമ്മ വഴി സ്വർഗ്ഗം നോക്കി നമുക്കു ജീവിക്കാം.
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment