സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 10
മറിയം ദൈവ കൃപകളുടെ വിതരണക്കാരി
കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യത്തിൽ പരിശുദ്ധ മറിയം ദൈവ കൃപകളുടെ വിതരണക്കാരി എന്ന നിലയിൽ ആദരിക്കപ്പെടുകയും വണങ്ങപ്പെടുകയും ചെയ്യുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനം മറിയത്തിന്റെ മാതൃത്വത്തിലും ഈശോയോടുള്ള അവരുടെ അവിഭാജ്യമായ ബന്ധത്തിലുമാണ്.
വിശുദ്ധ പത്താം പീയൂസ് മാർപാപ്പ” മറിയം ഈശോയുടെ അമ്മയായതുകൊണ്ട് അവൾ നമ്മുടെ അമ്മയുമാണ്. അവരുടെ മധ്യസ്ഥതയിലൂടെ എല്ലാ കൃപകളും നമുക്കു ലഭിക്കുന്നു” എന്നു പഠിപ്പിക്കുന്നു. മഹാനായ ജോൺ പോൾ രണ്ടാമൻ പാപ്പ മറിയത്തിന്റെ മാതൃസഹായം കേവലം ഒരു ഭക്തിപ്രകടനമല്ല മറിച്ച് രക്ഷാകര പദ്ധതിയിലെ അവിഭാജ്യമായ ഭാഗമായി പരിഗണിക്കുന്നു
ലിയോ പതിമൂന്നാമൻ പാപ്പയുടെ പഠനത്തിൽ “മറിയം കൃപകളുടെ വിതരണക്കാരി എന്നത് അവളുടെ പ്രത്യേക പദവിയാണ്. ഈശോയുടെ കൃപകൾ അവളുടെ കൈകളിലൂടെയാണ് നമുക്കു കിട്ടുന്നത്.” മറിയത്തിന്റെ ഈ പദവി അവരുടെ അനന്യമായ മാതൃത്വത്തിൽ വേരൂന്നിയതാണ്. ദൈവപുത്രനു ജന്മം നൽകിയതു വഴി അവൾ എല്ലാ വിശ്വാസികളുടെയും ആത്മീയ മാതാവായി മാറി. കാൽവരിയിൽ ഈശോ “ഇതാ നിന്റെ അമ്മ ” എന്ന് യോഹന്നാനോടു പറഞ്ഞത് എല്ലാ മനുഷ്യരാശിക്കുമുള്ള സന്ദേശമായിരുന്നു. പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയിലൂടെ നാം കൃപകൾ സ്വീകരിക്കുന്നു എന്നാൽ അത് ഈശോയുടെ ഏക മധ്യസ്ഥതയെ ദുർബലപ്പെടുത്തുന്നില്ല. മറിച്ച് മറിയത്തിന്റെ സഹായം ഈശോ മിശിഹായുടെ കൃപയുടെ പ്രകാശനമാണ്.
വിശ്വാസികളുടെ ജീവിതത്തിൽ മറിയത്തിന്റെ മധ്യസ്ഥതയ്ക്കുള്ള പ്രാധാന്യം അവിസ്മരണീയമാണ്. അവരുടെ പ്രാർത്ഥനയിലൂടെയും മധ്യസ്ഥതയിലൂടെയും നാം ദൈവത്തോടു കൂടുതൽ അടുക്കുകയും ഈശോയുടെ കൃപകളിൽ പങ്കുകാരായി മാറുകയും ചെയ്യുന്നു. ദൈവമാതാവിന്റെ സംരക്ഷണത്തിൽ നമ്മുടെ ആത്മീയ യാത്ര കൂടുതൽ സുരക്ഷിതവും ഫലപ്രദവുമാക്കാൽ അമ്മയിലേക്കു നമുക്കടുക്കാം
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment