സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 11
പരിശുദ്ധ മറിയം പാപികളുടെ അഭയം
പാപത്തിൽ വീണുപോയവർക്ക് ദൈവത്തിന്റെ കാരുണ്യത്തിലേക്കുള്ള വാതിൽ ആണ് പരിശുദ്ധ കന്യകാമറിയം. “പാപികളുടെ അഭയം” എന്ന പദവി മറിയത്തിന്റെ അനന്തമായ മാതൃസ്നേഹത്തെയും കാരുണ്യത്തെയും പ്രകടിപ്പിക്കുന്നു. മറിയം പാപികളെ വെറുക്കുന്നില്ല മറിച്ച് അവരുടെ രക്ഷയ്ക്കായി നിരന്തരം പ്രാർത്ഥിക്കുന്ന കാരുണ്യമയിയായ അമ്മയാണ്.
“മറിയം പാപികളുടെ അഭയമാണണ്, കാരണം അവൾ അവരെ സ്വീകരിക്കുകയും സഹായിക്കുകയും അവരുടെ പശ്ചാത്താപത്തിലൂടെ ദൈവകൃപ വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.” എന്നു വിശുദ്ധ അൽഫോൻസ് ലിഗോരി പഠിപ്പിക്കുന്നു. എത്ര വലിയ പാപിയായാലും മറിയം ആരെയും ഒരിക്കലും നിരസിച്ചിട്ടില്ല.
മറിയത്തിന്റെ നാമം പാപികൾക്ക് പ്രത്യാശയുടെ വെളിച്ചമാണന്നു വിശുദ്ധ ബെർണാഡ് പഠിപ്പിക്കുന്നു. അവളുടെ മാധ്യസ്ഥതയിലൂടെ അനേകം പാപികൾ മാനസാന്തരത്തിലേക്ക് നയിക്കപ്പെട്ടിട്ടുണ്ട്. അവൾ തന്റെ പുത്രനായ ഈശോയുടെ അടുത്തേക്ക് അവരെ നയിക്കുന്നു. പാപികൾ മറിയത്തിനോട് പ്രാർത്ഥിക്കുമ്പോൾ അവൾ അവരുടെ ഹൃദയത്തിൽ പശ്ചാത്താപത്തിന്റെ കൃപ നൽകി അനുഗ്രഹിക്കുന്നു. മറിയം പാപികളുടെ സഹായമാണന്നും അവളുടെ മാധ്യസ്ഥതയിൽ വിശ്വസിക്കുന്നവർ ഒരിക്കലും നാശത്തിലേക്ക് പോകുകയില്ല എന്നും വിശുദ്ധ ഡോൺ ബോസ്കോ ഓർമ്മിപ്പിക്കുന്നു.
ലുർദിലെയും ഫാത്തിമയിലെയും പ്രത്യക്ഷീകരണങ്ങളിലും മറ്റു സ്വകാര്യ പ്രത്യക്ഷീകരണങ്ങളിലും മറിയം പാപികളുടെ മാനസാന്തരത്തിനും രക്ഷയ്ക്കുമായി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നു. നരകം ഒരു സത്യമാണെന്ന കാര്യം മറിയം ഓർമ്മിപ്പിക്കുന്നു.
മറിയത്തിന്റെ കൈകൾ എല്ലായ്പ്പോഴും കൃപകൾ വിതരണം ചെയ്യാൻ തുറന്നിരിക്കുന്നു. ഏത് അവസ്ഥയിലുള്ള പാപിയും അവളിൽ അഭയം കണ്ടെത്തിയാൽ കൃപയാൽ സമ്പന്നയാകും. മറിയം ഒരിക്കലും വിധിക്കുന്നവളല്ല മറിച്ച് സ്നേഹിക്കുന്നവളും സഹായിക്കുന്നവളും ആണ്. മറിയത്തിന്റെ കാരുണ്യത്തിൽ ആശ്രയിക്കുന്നവരിൽ ആരും നിരാശനാകുകയില്ല. അവൾ പാപികളുടെ അഭയം മാത്രമല്ല, അവരുടെ രക്ഷയുടെ വാതിൽ കൂടിയാണ് എന്ന സത്യം നമുക്കു മറക്കാതെ സൂക്ഷിക്കാം.
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment