സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 13
മറിയം പുതിയ പ്രത്യാശയുടെ അമ്മ
2025-ലെ പ്രത്യാശയുടെ ജൂബിലി വർഷത്തിൽ അമ്മ മറിയം നമുക്ക് പ്രത്യാശയുടെ ജീവനുള്ള മാതൃകയായി നിലകൊള്ളുന്നു. “പ്രത്യാശ നിരാശപ്പെടുത്തുന്നില്ല” (Spes Non Confundit) എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ജൂബിലി ബുള്ളിയിലെ വചനങ്ങൾ മറിയത്തിന്റെ ജീവിതത്തിൽ പൂർണമായി പ്രതിഫലിക്കുന്നു. മറിയം എന്നും പ്രത്യാശയുടെ സ്ത്രീയായിരുന്നു. ദൈവദൂതൻ ഗബ്രിയേലിന്റെ സന്ദേശം കേട്ടപ്പോൾ അവൾ പൂർണമായ വിശ്വാസത്തോടെ ” ഇതാ കർത്താവിൻ്റെ ദാസി നിൻ്റെ ഹിതം പോലെ എന്നിൽ ഭവിക്കട്ടെ” എന്ന് പറഞ്ഞു. അനിശ്ചിതത്വങ്ങൾക്കിടയിലും ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ അവൾ പ്രത്യാശ പുലർത്തി.
ഫ്രാൻസിസ് മാർപാപ്പ പറയുന്നു, “മറിയം നമുക്ക് പ്രത്യാശ നൽകുന്നു”. ഗർഭകാലത്തെ വേദനകളും സംശയങ്ങളും, കുരിശുകാലത്തെ അതിയായ ദുഃഖവും അവളുടെ പ്രത്യാശയെ ഇല്ലാതാക്കിയില്ല. കുരിശിൽ ചുവട്ടിൽ പുഷ്പിക്കുന്ന പുതിയ പ്രത്യാശയുടെ അമ്മയാണ് മറിയം. 2025 ജൂബിലി വർഷം ജനുവരി 1-ന്, ദൈവമാതാവായ മറിയത്തിന്റെ തിരുനാളിൽ റോമിലെ മേരി മജോറ ബസിലിക്കയിലെ വിശുദ്ധ വാതിൽ ഫ്രാൻസീസീസ് പാപ്പ തുറന്നു . ഇത് കേവലം ഒര യാദൃശ്ചിക സംഭവമല്ലായിരുന്നു . മറിയം പ്രത്യാശയുടെ വാതിൽ തന്നെയാണ് എന്നു ഫ്രാൻസീസ് പാപ്പ ലോകത്തോടു ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ രക്ഷൻ്റ അമ്മ “റിഡെംപ്റ്റോറിസ് മാറ്റർ” എന്ന ചാക്രിക ലേഖനത്തിൽൽ മറിയത്തെ “പ്രത്യാശയുടെ നക്ഷത്രം” എന്ന് വിളിക്കുന്നു. പാപ്പായുടെ പഠനത്തിൽ “മറിയം തന്റെ അനന്യമായ പങ്കാളിത്തത്തിലൂടെ രക്ഷയുടെ നിഗൂഢതയിൽ സഹകരിച്ചു, പ്രത്യാശയിൽ വേരൂന്നിയ വിശ്വാസത്തിന്റെ മാതൃകയായി.”
“നമുക്ക് ലഭിച്ച പ്രത്യാശയുടെ ജ്വാല കത്തിച്ചുവെക്കുകയും എല്ലാവരേയും ഭാവിയിലേക്ക് തുറന്ന മനസ്സോടെ നോക്കാൻ സഹായിക്കുകയും വേണം” എന്ന് ഫ്രാൻസിസ് മാർപാപ്പ ഉദ്ബോധിപ്പിക്കുമ്പോൾ മറിയത്തെ പ്രത്യാശയുടെ ജാല എന്നും കത്തിച്ചുസൂക്ഷിച്ചവളായും നമുക്കു നല്ല മാതൃകയുമായി അവതരിപ്പിക്കുന്നു.
തൻ്റെ ഇളയമ്മയായ എലിസബെത്തിനെ സന്ദർശിക്കാൻ പോയപ്പോൾ മറിയം പ്രത്യാശയുടെ തീർഥയാത്രികയായി. മറിയത്തിൻ്റെ സ്ത്രോത്രഗീതം പ്രത്യാശയുടെ ഗീതമാണ്. ഈ ജൂബിലി വർഷത്തിൽ മറിയത്തിലേക്കുള്ള നമ്മുടെ ഭക്തി കൂടുതൽ ആഴത്തിലാക്കുകയും അവളുടെ പ്രത്യാശാപൂർണമായ വിശ്വാസത്തെ അനുകരിക്കുകയും ചെയ്യാം.
അമ്മ മറിയം നമ്മുടെ പ്രത്യാശയാണ്.
മറിയം നമ്മുടെ അമ്മയാണ്.
മറിയം നമ്മുടെ മാർഗദർശിയാണ്.
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment