Uncategorized

Daily Saints in Malayalam – May 27

💎💎💎💎 May 2⃣7⃣💎💎💎💎
കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍
💎💎💎💎💎💎💎💎💎💎💎💎

റോമിലാണ് വിശുദ്ധ അഗസ്റ്റിന്‍ ജനിച്ചത്‌. ബ്രിട്ടണിലെ വിജാതീയര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നുവെന്ന വാര്‍ത്ത ഗ്രിഗറി ഒന്നാമന്‍ പാപ്പയുടെ ചെവിയിലെത്തിയപ്പോള്‍, അദ്ദേഹം ബെനഡിക്ടന്‍ പ്രിയോര്‍ ആയിരുന്ന വിശുദ്ധ അഗസ്റ്റിനേയും, വിശുദ്ധന്റെ കൂടെ ഏതാണ്ട് നാല്‍പ്പതോളം ബെനഡിക്ടന്‍ സന്യാസിമാരേയും ഇംഗ്ലണ്ടിലേക്കയച്ചു. ഈ ദൗത്യത്തില്‍ ഉണ്ടായേക്കാവുന്ന വലിയ അപകടങ്ങളേയും, ബുദ്ധിമുട്ടുകളേയും വകവെക്കാതെ വിശുദ്ധനും കൂട്ടരും ഇംഗ്ലണ്ടില്‍ എത്തി. അവിടെ തങ്ങളുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തില്‍ പെട്ടെന്ന് തന്നെ വിജയം കാണുകയും ചെയ്തു. 596-ലെ പെന്തക്കോസ്ത് ഞായറാഴ്ച രാജാവായ എതെല്‍ബെര്‍ട്ട് ജ്ഞാനസ്നാനം സ്വീകരിച്ചു, ഭൂരിഭാഗം പ്രഭുക്കളും, ജനങ്ങളും അദ്ദേഹത്തിന്റെ മാതൃകയെ പിന്തുടര്‍ന്നു. മഹാനായ ഗ്രിഗറി പാപ്പയുടെ ഒരു പ്രതിനിധിയായിരുന്നു വിശുദ്ധ അഗസ്റ്റിന്‍.

ഗ്രിഗറിയുടെ കാലത്ത് ഐറിഷ് സന്യാസിമാര്‍ ഒഴികെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് പാശ്ചാത്യ സഭയില്‍ കാര്യമായ അറിവില്ലായിരുന്നു. മഹാനായ ഗ്രിഗറിയുടെ മഹത്വമാണ് ഇതിന് പുനരുജ്ജീവന്‍ നല്‍കിയത്. ഇംഗ്ലണ്ടിലെ വിജാതീയര്‍ക്കിടയില്‍ ഒരു സുവിശേഷ ദൗത്യം ആരംഭിക്കുവാന്‍ പാപ്പാക്ക് ആഗ്രഹമുണ്ടായിരുന്നു. അവിടത്തെ വിജാതീയര്‍ അവിടത്തെ ക്രിസ്ത്യാനികളെ മറ്റുള്ള ക്രിസ്ത്യന്‍ ലോകവുമായി അകറ്റിയാണ് നിര്‍ത്തിയിരുന്നത്.

596-ല്‍ പുതുതായി ആരംഭിച്ച ബെനഡിക്ട്ന്‍ സഭയുടെ നിയമങ്ങള്‍ പിന്തുടരുന്ന ഒരു ഇറ്റാലിയന്‍ സന്യാസിയെ അയക്കുവാന്‍ പാപ്പാ തീരുമാനിച്ചു. അതിന്‍പ്രകാരം വിശുദ്ധ അഗസ്റ്റിന്‍ കുറച്ചു സന്യാസിമാരുമായി ഇംഗ്ലണ്ടിലേക്ക് യാത്രയായി. പക്ഷേ തെക്കന്‍ ഗൗളില്‍ എത്തിയപ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവുകയും വിശുദ്ധ അഗസ്റ്റിന്‍ പാപ്പയുടെ സഹായമപേക്ഷിക്കുകയും ചെയ്തു. ഇതിനു മറുപടിയായി പാപ്പാ വിശുദ്ധ അഗസ്റ്റിനെ അവരുടെ ആശ്രമാധിപതിയാക്കുകയും മറ്റുള്ളവര്‍ അദ്ദേഹത്തെ അനുസരിക്കേണ്ടതാണെന്ന്‍ അറിയിക്കുകയും ചെയ്തു.

ഈ അധികാരത്തിന്റെ ബലത്തില്‍ വിശുദ്ധന്‍ 597-ല്‍ വിജയകരമായി ഇംഗ്ലണ്ടില്‍ എത്തി. താനെറ്റ് ദ്വീപിലെ കെന്റിലാണ് അവര്‍ എത്തിയത്. എതെല്‍ബെര്‍ട്ടും, കെന്റിലെ ജനങ്ങളും ആദ്യം ക്രിസ്തുമതത്തെ സ്വീകരിക്കുവാന്‍ വിസമ്മതിച്ചുവെങ്കിലും വിശുദ്ധ മാര്‍ട്ടിന്റെ നാമധേയത്തിലുള്ള ഒരു പുരാതന ദേവാലയം അറ്റകുറ്റ പണികള്‍ നടത്തി വിശുദ്ധന്റെ ഉപയോഗത്തിനായി നല്‍കി. പക്ഷേ അതിനു ശേഷം പെട്ടെന്ന്‍ തന്നെ രാജാവായ എതെല്‍ബെര്‍ട്ട് ജ്ഞാനസ്നാനം സ്വീകരിച്ചു.

പിന്നീട് പാപ്പായോട് ആലോചിച്ചതിനു ശേഷം സഭ കേന്ദ്രത്തെ കാന്റര്‍ബറിയില്‍ നിന്നും ലണ്ടനിലേക്ക് മാറ്റുവാന്‍ വേണ്ട പദ്ധതി തയ്യാറാക്കി. കൂടാതെ യോര്‍ക്കില്‍ മാറ്റൊരു പ്രവിശ്യ സ്ഥാപിക്കുവാനും പദ്ധതിയിട്ടു. എന്നാല്‍ ചില സംഭവവികാസങ്ങള്‍ കാരണം ഈ പദ്ധതികള്‍ നടപ്പിലായില്ല. എന്നിരുന്നാലും വിശുദ്ധന്റെ ദൗത്യത്തിന്റെ പുരോഗതി അഭംഗുരം തുടര്‍ന്നു. 604നും 609നും ഇടക്കുള്ള വിശുദ്ധന്റെ മരണം വരെ അത് തുടര്‍ന്നുകൊണ്ടിരുന്നു.

വിശുദ്ധ അഗസ്റ്റിന്‍ ഇംഗ്ലണ്ടിലെത്തിയതിനു ശേഷം നേരിട്ട ഏക പരാജയമെന്നത് വെല്‍ഷ് ക്രിസ്ത്യാനികളുമായി അനുരഞ്ജനത്തിലാകുവാനും, ഈസ്റ്റര്‍ ദിനം നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ റോമന്‍ പാരമ്പര്യം സ്വീകരിക്കുവാനും,ആചാരങ്ങളിലെ ചില തെറ്റുകള്‍ തിരുത്തി അവരെ തന്റെ അധീനതയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ വിശുദ്ധന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. വിശുദ്ധന്‍ വെല്‍ഷിലെ സഭാനേതാക്കളുമായി കൂടികാഴ്ച നടത്തിയെങ്കിലും, കൂടികാഴ്ചക്കായി അവര്‍ വന്നപ്പോള്‍ തന്റെ ഇരിപ്പിടത്തില്‍ നിന്നും അദ്ദേഹം എഴുന്നേല്‍ക്കാത്തത് അവരെ ചൊടിപ്പിച്ചു. ഇക്കാര്യത്തില്‍ വിശുദ്ധ ബീഡിനേയും വശത്താക്കുവാന്‍ വിശുദ്ധന് കഴിഞ്ഞില്ല.

വിശുദ്ധ അഗസ്റ്റിന്‍ ഒരു വീരനായ പ്രേഷിതനോ, നയതന്ത്രജ്ഞനോ ആയിരുന്നില്ല, എന്നിരുന്നാലും വളരെ മഹത്തായ പ്രേഷിത പ്രവര്‍ത്തിയാണ് അദ്ദേഹം ചെയ്തത്. തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് ഇറ്റലിയില്‍ അല്ലെങ്കില്‍ ഗൗളിലോ മറ്റ് വിദൂര സ്ഥലങ്ങളിലോ സുവിശേഷ പ്രഘോഷണത്തിന് പോകുവാന്‍ തയ്യാറാകുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു വിശുദ്ധ അഗസ്റ്റിന്‍. 604-ല്‍ ഇംഗ്ലണ്ടിലെ കാന്റര്‍ബറിയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്.

ഇതര വിശുദ്ധര്‍
💎💎💎💎💎💎

1. വുഴസുബര്‍ഗ്ഗ ബിഷപ്പായ ബ്രൂണോ

2. ഫ്രാന്‍സിലെ ഓറെഞ്ചു ബിഷപ്പായ ഫ്രെഡറിക്ക്

3. ഫ്രാന്‍സിലെ യൂട്രോപ്പിയസ്

4. ഡൊറുസ്റ്റോറുമ്മിലെ ജൂലിയസ്

5. തേലൂസിലെ റാനുള്‍ഫുസ്
💎💎💎💎💎💎💎💎💎💎💎💎

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.