ഉത്ഥാന തിരുനാളിൻ്റെ പ്രഭാതത്തിന്റെ ആദ്യകിരണങ്ങൾ ഭൂമിയെ തൊടുന്നതിന് മുമ്പ്, ഒരു സ്ത്രീ ഒരു ശവകുടീരത്തിനുമുമ്പിൽ കണ്ണീരോടെ നിൽക്കുകയായിരുന്നു. ലോകം കരുതിയത് ഈശോയുടെ കഥ കാൽവരിയിൽ അവസാനിച്ചുവെന്നാണ്. എന്നാൽ അവൾക്ക് അവിടെനിന്ന് മടങ്ങിപ്പോകാനായില്ല. കാരണം, സ്നേഹം അവളെ അവിടെ പിടിച്ചുനിർത്തുകയായിരുന്നു.

ആ സ്ത്രീയായിരുന്നു മഗ്ദലേന മറിയം.

ഈശോയുടെ എല്ലാ ശിഷ്യരിലും അതുല്യമായ ഒരു ദൗത്യം ലഭിച്ചവളാണ് മഗ്ദലേന. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം കണ്ടതും, അവിടുത്തെ ഉയിർപ്പിന്റെ സന്തോഷവാർത്ത ലോകത്തോട് ആദ്യം അറിയിക്കാൻ നിയോഗിക്കപ്പെട്ടതും അവളായിരുന്നു. പത്രോസ് പ്രസംഗിക്കുന്നതിനും മുമ്പ്, യോഹന്നാൻ തന്റെ സുവിശേഷം എഴുതുന്നതിനും മുമ്പ്, അപ്പസ്തോലന്മാർ ലോകമെങ്ങും സുവിശേഷം പ്രസംഗിക്കുന്നതിനും മുമ്പ്, മഗ്ദലേന മറിയം ഒരു വാക്യം മുഴക്കി:

“ഞാൻ കർത്താവിനെ കണ്ടു!”

അതുകൊണ്ടാണ് സഭ അവളെ “അപ്പസ്തോലന്മാരുടെ അപ്പസ്തോല” എന്നു വിശേഷിപ്പിക്കുന്നത്.

ഗലീലി കടലിന്റെ തീരത്തുള്ള മഗ്ദലാ എന്ന പട്ടണത്തിലാണ് അവൾ ജനിച്ചത്. ജീവിതത്തിന്റെ ആഴത്തിലുള്ള വേദനകളും ഇരുളും അവളെ കീഴടക്കിയിരുന്നു. സുവിശേഷം പറയുന്നു: ഈശോ അവളിൽ നിന്ന് ഏഴ് ഭൂതങ്ങളെ പുറത്താക്കി. ആ ‘ഏഴ്’ എന്ന സംഖ്യ അവൾ പൂർണമായി സൗഖ്യം പ്രാപിച്ചതിന്റെ പ്രതീകമാണ്. ഈശോ അവളുടെ ജീവിതത്തെ പൂർണമായി പുതുക്കി.

ആ നിമിഷം മുതൽ അവളുടെ ജീവിതം നന്ദിയുടെ ഗീതമായി. അവൾ ഈശോയെ അനുഗമിച്ചു. സ്വന്തം സമ്പത്തുകൊണ്ടും സ്വന്തം ജീവിതംകൊണ്ടും അവിടുത്തെ ശുശ്രൂഷിച്ചു. മർത്തയെപ്പോലെ സേവിക്കുകയും ബെഥാനിയായിലെ മറിയത്തെപ്പോലെ കർത്താവിന്റെ പാദങ്ങളിൽ ഇരുന്നു സ്നേഹിക്കുകയും ചെയ്ത ശിഷ്യയായിരുന്നു അവൾ.

എല്ലാവരും ഭയന്ന് ഓടിപ്പോയപ്പോൾ മഗ്ദലേന ഓടിയില്ല.

കുരിശിൻ ചുവട്ടിൽ കന്യകാമറിയത്തോടും പ്രിയശിഷ്യനായ യോഹന്നാനോടും ഒപ്പം അവൾ നിലകൊണ്ടു. തന്റെ പ്രിയഗുരു വേദനയിൽ മരിക്കുന്നത് അവൾ കണ്ടു. അവൾക്ക് ആ വേദന തടയാനായില്ല. പക്ഷേ അവനെ വിട്ടുപോകാനും അവൾക്കായില്ല. ചിലപ്പോൾ സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനം കൂടെയുണ്ടാകുക എന്നതാണ്.

ഈശോയുടെ മൃതദേഹം ജോസഫ് അരിമത്യക്കാരനും നിക്കോദേമോസും ചേർന്ന് ശവകുടീരത്തിൽ സംസ്‌കരിച്ചു. എല്ലാവരും മടങ്ങിയെങ്കിലും മഗ്ദലേന അവിടെത്തന്നെ നിന്നു. ഈശോയെ എവിടെയാണ് അടക്കം ചെയ്തതെന്ന് അവൾ ശ്രദ്ധയോടെ നോക്കി. കാരണം, സ്നേഹത്തിന് ഓരോ ചെറിയ കാര്യവും വിലപ്പെട്ടതാണ്.

സാബത്ത് കഴിഞ്ഞപ്പോൾ, സുഗന്ധദ്രവ്യങ്ങളുമായി അവൾ വീണ്ടും ശവകുടീരത്തിലേക്ക് ഓടി. എന്നാൽ അവിടെ എത്തിയപ്പോൾ കല്ല് ഉരുട്ടിമാറ്റപ്പെട്ടിരുന്നു.

അവൾ ഉടൻ പത്രോസിന്റെയും യോഹന്നാന്റെയും അടുക്കൽ ഓടി.

“കർത്താവിനെ അവർ എടുത്തുകൊണ്ടുപോയിരിക്കുന്നു!”

ശിഷ്യന്മാർ വന്ന് കണ്ടു മടങ്ങിപ്പോയി.

പക്ഷേ മഗ്ദലേന മടങ്ങിയില്ല.

ശൂന്യമായ ശവകുടീരത്തിനുമുമ്പിൽ അവൾ നിന്നുകൊണ്ട് കരഞ്ഞു. മാലാഖമാർ ചോദിച്ചു:

“സ്ത്രീയേ, നീ എന്തിന് കരയുന്നു?”

അൽപസമയത്തിനുശേഷം യേശു തന്നെ അവളുടെ മുന്നിൽ നിന്നു. എന്നാൽ അവൾ അവിടുത്തെ തിരിച്ചറിഞ്ഞില്ല. തോട്ടക്കാരനാണെന്ന് കരുതി അവൾ അപേക്ഷിച്ചു:

“അവിടുത്തെ ശരീരം നിങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ, എവിടെയാണെന്ന് പറഞ്ഞുതരൂ. ഞാൻ കൊണ്ടുപോകാം.”

അപ്പോൾ യേശു ഒരു വാക്ക് മാത്രം ഉച്ചരിച്ചു.

“മറിയം!”

ആ ഒരു വിളി അവളുടെ കണ്ണുകളും ഹൃദയവും ഒരുമിച്ച് തുറന്നു.

” റബ് ബോനി! എന്റെ ഗുരോ!”

എന്ന് വിളിച്ചുകൊണ്ട് അവൾ ഈശോയുടെ പാദങ്ങളിൽ വീണു.

പക്ഷേ ഈശോ അവൾക്ക് ഒരു ദൗത്യം ഏൽപ്പിച്ചു.

“എന്റെ സഹോദരന്മാരുടെ അടുക്കൽ പോയി ഞാൻ ഉയിർത്തെഴുന്നേറ്റുവെന്ന് അറിയിക്കൂ.”

ഒരു നിമിഷം പോലും വൈകാതെ അവൾ ഓടി. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വാർത്ത അവൾ പ്രഖ്യാപിച്ചു:

“ഞാൻ കർത്താവിനെ കണ്ടു!”

അങ്ങനെ ഉയിർപ്പിന്റെ ആദ്യസാക്ഷിയും ആദ്യസുവിശേഷകയും അപ്പസ്തോലന്മാരെ സുവിശേഷം അറിയിച്ച ശിഷ്യയുമായി മഗ്ദലേന മറിയം മാറി.

സഭാപാരമ്പര്യമനുസരിച്ച്, പിന്നീട് മഗ്ദലേന മറിയം മറ്റു ക്രൈസ്തവരോടൊപ്പം ഒരു ചെറിയ വള്ളത്തിൽ ഫ്രാൻസിലെത്തി. അവിടെ മാർസെയ്‌ലിലും സെയ്ന്റ്-മാരീസ്-ദെ-ല-മേറിലും സുവിശേഷം പ്രസംഗിച്ചു. പിന്നീട് സെയ്ന്റ്-ബോമിലെ ഒരു ഗുഹയിൽ ഏകാന്തജീവിതം നയിച്ച് പ്രാർത്ഥനയിലും ഉപവാസത്തിലും മധ്യസ്ഥപ്രാർത്ഥനയിലും തന്റെ ജീവിതം സമർപ്പിച്ചു.

ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ ആ ഗുഹ സന്ദർശിക്കുന്നു. ഫ്രാൻസിലെ സെന്റ് മാക്‌സിമിൻ-ല-സെയ്ന്റ്-ബോം ബസിലിക്കയിൽ അവളുടെ കബറിടം ആദരപൂർവം സൂക്ഷിച്ചിരിക്കുന്നു. അവളുടെ മറ്റ് തിരുശേഷിപ്പുകൾ ഫ്രാൻസിലെയും റോമിലെയും അത്തോസ് പർവതത്തിലെ സിമോനോസ് പെട്രാ ആശ്രമത്തിലെയും ഭക്തിപൂർവം വണങ്ങപ്പെടുന്നു.

മഗ്ദലേന മറിയത്തിന്റെ ജീവിതം ഓരോ ക്രൈസ്തവന്റെയും ജീവിതത്തിന് ഒരു കണ്ണാടിയാണ്. ക്രിസ്തുവിന്റെ കരുണയ്ക്ക് അതീതമായ ഭൂതകാലമില്ലെന്നും, അവിടുത്തേക്കുള്ള സ്നേഹം ഒരിക്കലും വെറുതെയാകില്ലെന്നും, വിശ്വസ്തരായവരെ ഉയിർത്തെഴുന്നേറ്റ കർത്താവ് എന്നും തന്റെ പേരുചൊല്ലി വിളിക്കുമെന്നും അവൾ നമ്മെ പഠിപ്പിക്കുന്നു.

അവൾ കണ്ണീരോടെ ഈശോയെ അന്വേഷിച്ചു.

സ്നേഹത്തിലൂടെ അവനെ കണ്ടെത്തി.

പിന്നീട് ജീവിതകാലം മുഴുവൻ ലോകത്തോട് ഒരേയൊരു സത്യം അവൾ പ്രഖ്യാപിച്ചു:

“ഞാൻ കർത്താവിനെ കണ്ടു!”

✍ ഫാ. ജയ്സൺ കുന്നേൽ MCBS

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading