ദൈവത്തിന്റെ ആകർഷണം

ഇന്നത്തെ ദിവ്യകാരുണ്യ വിചാരം വിശുദ്ധ കുർബാനയുടെ ഭക്തരായ രണ്ടു വിശുദ്ധരുടെ ബോധ്യങ്ങൾ ആണ്

“വിശുദ്ധ കുർബാന ഇടയ്ക്കിടെയും, കഴിയുന്നത്ര പതിവായും സ്വീകരിക്കൂ. ആത്മാവിന് രോഗശാന്തി വേണമെങ്കിൽ അതാണ് ഏറ്റവും നല്ല ഔഷധം. നിങ്ങളുടെ ഹൃദയത്തിൽ ഈ ആകർഷണം യേശു വെറുതെയല്ല നിക്ഷേപിച്ചിരിക്കുന്നത്.”

– വിശുദ്ധ കൊച്ചുത്രേസ്യ

“എന്റെ ദൈവമേ! എന്റെ പ്രിയ യേശുവേ! സൃഷ്ടിക്കപ്പെടാത്ത നന്മയുടെ ഉറവേ! അങ്ങ് എന്നെ അങ്ങയിലേക്കു ആകർഷിച്ചില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്തായേനേ?”

– വിശുദ്ധ ജെത്രൂദ്

നമ്മുടെ ഹൃദയത്തിൽ ചിലപ്പോൾ ഒരു വിചിത്രമായ ആഗ്രഹം ഉണരാറുണ്ട്. ദേവാലയത്തിലേക്ക് പോകണം… ദിവ്യകാരുണ്യ സന്നിധിയിൽ കുറച്ച് നേരം മൗനമായി ഇരിക്കണം… വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം… പരിശുദ്ധ കുർബാന സ്വീകരിക്കണം… ആ ആഗ്രഹം എവിടെ നിന്നാണ് വരുന്നത്?

നമ്മൾ വിചാരിക്കുന്നത് അത് നമ്മുടെ ആഗ്രഹമാണെന്നാണ്. എന്നാൽ സത്യം മറ്റൊന്നാണ്. അത് ഈശോയുടെ വിളിയാണ്. നമ്മൾ അവിടുത്തെ അന്വേഷിക്കുന്നതിനു മുമ്പേ അവിടുന്ന് നമ്മെ അന്വേഷിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മൾ അവിടുത്തെ സ്നേഹിക്കുന്നതിനു മുമ്പേ അവിടുന്ന് നമ്മെ അനന്തമായി സ്നേഹിച്ചു കഴിഞ്ഞിരിക്കുന്നു.

അതുകൊണ്ടാണ് വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നത്: “പരിശുദ്ധ കുർബാനയാണ് ആത്മാവിന്റെ ഔഷധം.” നാം വിശുദ്ധരായതുകൊണ്ടല്ല കുർബാന സ്വീകരിക്കാൻ വരുന്നത്. നാം ബലഹീനരും മുറിവേറ്റവരും ദൈവത്തിന്റെ കൃപ ആവശ്യമുള്ളവരുമായതു കൊണ്ടാണ്. ഈ തിരിച്ചറിവോടെയാണ് നാം ബലിപീഠത്തിനരികിലേക്ക് വരുന്നത്. അവിടെ ഈശോ തന്റെ ശരീരവും രക്തവും നമുക്ക് നൽകുന്നത് നമ്മുടെ ജീവിതത്തെ സുഖപ്പെടുത്താനും നമ്മെ തന്റെ സാദൃശ്യത്തിലേക്ക് മാറ്റാനും വേണ്ടിയാണ്.

വിശുദ്ധ ജെത്രുദ് തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതത്തോടെ ചോദിക്കുന്നു: “ഈശോയെ, അങ്ങ് എന്നെ അങ്ങയിലേക്കു ആകർഷിച്ചില്ലായിരുന്നെങ്കിൽ ഞാൻ എന്തായേനേ?” ആ വാക്കുകളിൽ നിറഞ്ഞിരിക്കുന്നത് നന്ദിയാണ്. ദൈവകൃപയില്ലായിരുന്നെങ്കിൽ നാം ഒരിക്കലും അവിടുത്തെ സമീപിക്കുമായിരുന്നില്ല.

ഓരോ തവണയും ദിവ്യകാരുണ്യ സന്നിധിയിലേക്ക് പോകണമെന്നൊരു മോഹം നിങ്ങളുടെ ഉള്ളിൽ ഉയരുമ്പോൾ, അതിനെ ഒരിക്കലും നിസ്സാരമായി കാണരുത്. അത് നിങ്ങളുടെ മനസ്സിന്റെ തോന്നലല്ല; അത് ഈശോയുടെ ഹൃദയത്തിൽ നിന്നുള്ള സ്നേഹപൂർവമായ വിളിയാണ്. “വാ… ഞാൻ നിന്നെ കാത്തിരിക്കുന്നു” എന്ന അവിടുത്തെ മൃദുസ്വരമാണ് അത്.

ആ വിളിക്ക് സ്നേഹത്തോടെ മറുപടി നൽകുക. കാരണം നിങ്ങളെ ആകർഷിക്കുന്നവൻ മാത്രമാണ് നിങ്ങളുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള വിശപ്പും ദാഹവും പൂർണ്ണമായി തൃപ്തിപ്പെടുത്താൻ കഴിയുന്നവൻ.

ദിവ്യകാരുണ്യം ദൈവത്തിന്റെ ഏറ്റവും വലിയ ആകർഷണമാണ്. മനുഷ്യനെ തന്റെ ഹൃദയത്തോട് ചേർക്കാനും, സുഖപ്പെടുത്താനും, പോഷിപ്പിക്കാനും, വിശുദ്ധീകരിക്കാനും, ഒടുവിൽ തന്റെ സ്നേഹത്തിൽ പൂർണ്ണമായി രൂപാന്തരപ്പെടുത്താനും ഒരിക്കലും അവസാനിക്കാത്ത ദൈവസ്നേഹത്തിന്റെ ക്ഷണമാണ് പരിശുദ്ധ കുർബാന.

✍ ഫാ. ജയ്സൺ കുന്നേൽ MCBS

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading