കാക്കനാട്: സീറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി നിയമിതരായി. മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്.

സീറോ മലബാർ സഭയുടെ 30-ാം സിനഡിന്‍റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാർ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിന് മുൻപായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാർപാപ്പയുടെ സമ്മതം വത്തിക്കാൻ സ്ഥാനപതിവഴി ലഭിച്ചിരുന്നു.

ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. തോമസ് പാടിയത്ത് എന്നിവരെ മാർ ആലഞ്ചേരിയും ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിലും ചേർന്ന് സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. വിദേശത്തായിരുന്ന മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാൻ ഫാ. അലക്സ് താരാമംഗലം ചടങ്ങിൽ സന്നിഹിതനായിരുന്നില്ല.

മെത്രാഭിഷേകത്തിന്‍റെ തീയതി പിന്നീട് നിശ്ചയിക്കും. ഇതോടെ സീറോമലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നവരും വിരമിച്ചവരുമായി മെത്രാന്മാരുടെ എണ്ണം 65 ആയി.

മാനന്തവാടി രൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന ഫാ. അലക്സ് താരാമംഗലം തലശേരി അതിരൂപതാംഗമാണ്. 1958-ൽ ജനിച്ച അദ്ദേഹം 1973-ൽ തലശേരി മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. 1983 ജനുവരി ഒന്നിന് വൈദികനായി.

തലശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത ഫാ. അലക്സ് റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. വിവിധ മേഖലകളിലെ അജപാലന ശുശ്രൂഷകൾക്കു പുറമേ കോട്ടയം വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ അധ്യാപകൻ, വൈസ് റെക്ടർ, റെക്ടർ എന്നീ നിലകളിലും സേവനം ചെയ്തു.

2016 മുതൽ 2022 വരെ തലശേരി അതിരൂപതയുടെ സിഞ്ചെല്ലൂസ് ആയിരുന്നു. അതിരൂപതയിലെ മാടത്തിൽ ഇടവകയുടെ വികാരിയായി സേവനം ചെയ്യുമ്പോഴാണ് പുതിയ നിയമനം അദ്ദേഹത്തെ തേടിയെത്തുന്നത്. തത്വശാസ്ത്ര സംബന്ധമായ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള നിയുക്ത മെത്രാന് ഇറ്റാലിയൻ, ജർമൻ ഭാഷകളിലും പ്രാവീണ്യമുണ്ട്.

ഷംഷാബാദ് രൂപതയുടെ ഒന്നാമത്തെ സഹായ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന പാലാ രൂപതാംഗം ഫാ. ജോസഫ് കൊല്ലംപറമ്പിൽ 1955-ൽ ജനിച്ചു. പാലാ രൂപതയുടെ മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ച അദ്ദേഹം 1981 ഡിസംബർ 18ന് വൈദികനായി അഭിഷിക്തനായി.

പാലാ രൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ഫാ. കൊല്ലംപറമ്പിൽ പാലാ സെന്‍റ് തോമസ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. സെന്‍റ് തോമസ് കോളജിൽ അധ്യാപകനായും ബർസാറായും ഹോസ്റ്റൽ വാർഡനായും സേവനം ചെയ്തു.

2003 മുതൽ 2011 വരെ അരുവിത്തുറ സെന്‍റ് ജോർജസ് കോളജിന്‍റെ പ്രിൻസിപ്പാളായിരുന്നു. മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് അംഗം, സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

രൂപതയുടെ വിവിധ കാനോനിക സമിതികളിൽ അംഗമായിരുന്ന അദ്ദേഹം രൂപതയുടെ സിഞ്ചെല്ലൂസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഷംഷാബാദ് രൂപതയിൽ ഗുജറാത്ത് മിഷൻ പ്രദേശത്തിനുവേണ്ടിയിട്ടുള്ള സിഞ്ചെല്ലൂസായി പ്രവർത്തിക്കുന്നു.

ഷംഷാബാദ് രൂപതയുടെ രണ്ടാമത്തെ സഹായ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന ഫാ. തോമസ് പാടിയത്ത് ചങ്ങനാശേരി അതിരുപതാംഗമാണ്. 1969-ൽ ജനിച്ച അദ്ദേഹം സ്കൂൾ പഠനത്തിനുശേഷം 1984-ൽ വൈദിക പരിശീലനത്തിനായി ചങ്ങനാശേരി അതിരൂപതാ മൈനർ സെമിനാരിയിൽ പ്രവേശിച്ചു. 1994 ഡിസംബർ 29ന് വൈദികനായി അഭിഷിക്തനായി.

അതിരമ്പുഴ പള്ളിയിൽ അസി. വികാരിയായും മാർ ജോസഫ് പൗവ്വത്തിലിന്‍റെ സെക്രട്ടറിയായും സേവനം ചെയ്ത അദ്ദേഹം ബെൽജിയത്തിലെ ലുവൈൻ സർവകലാശാലയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും നേടി.

കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ ഉൾപ്പെടെ വിവിധ മേജർ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനായിരുന്നു. ഇംഗ്ലീഷിന് പുറമേ ജർമൻ ഭാഷയിലും പ്രാവീണ്യമുണ്ട്. നിലവിൽ ചങ്ങനാശേരി അതിരൂപതയിലെ സിഞ്ചെല്ലൂസായി സേവനം ചെയ്യുകയായിരുന്നു.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading