വചനഭേരി 44

വചനഭേരി 44 🛐🔥

പ്രഭോ, കര്‍ത്താവ്‌ ഞങ്ങളോടുകൂടെ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ്‌ ഇതെല്ലാം ഞങ്ങള്‍ക്കു സംഭവിക്കുന്നത്‌? ഈജിപ്‌തില്‍ നിന്നു കര്‍ത്താവ്‌ ഞങ്ങളെ കൊണ്ടുവന്നില്ലയോ എന്നു പറഞ്ഞുകൊണ്ട്‌ ഞങ്ങളുടെ പൂര്‍വികന്‍മാര്‍ വിവരിച്ചുതന്ന അവിടുത്തെ അദ്‌ഭുത പ്രവൃത്തികള്‍ എവിടെ? എന്നാല്‍, ഇപ്പോള്‍ കര്‍ത്താവ്‌ ഞങ്ങളെ ഉപേക്‌ഷിച്ച്‌ മിദിയാന്‍കാരുടെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു.
ന്യായാധിപന്‍മാര്‍ 6 : 13

മുന്തിരിച്ചക്കിൽ ഗോതമ്പ് മെതിക്കുകയായിരുന്നു ഗിദെയോൻ. അപ്പോഴാണ് ഓക്കുമരത്തിൻ കീഴിൽ പ്രത്യക്ഷനായ കർത്താവിന്റെ ദൂതന്റെ മാരകമായ ഇൻട്രൊ:

” ധീരനും ശക്തനുമായ മനുഷ്യാ, കർത്താവ് നിന്നോടുകൂടെ “

അതിനുള്ള ഗിദെയോന്റെ മറുചോദ്യമാണിത്.

എത്രയോ സാംഗത്യമുള്ള ചോദ്യമാണിത്? സമാനമായ ഒട്ടേറെ ചോദ്യങ്ങൾ നമ്മുടെ ഉള്ളിലുമില്ലേ?

ദൈവം സ്നേഹമാണെങ്കിൽ?

ദൈവം എമ്മാനുവേൽ ആണെങ്കിൽ?

ദൈവം സർവ്വശക്തനാണെങ്കിൽ?

ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെങ്കിൽ ?

ദൈവം സത്യസന്ധരെയും നീതിമാൻമാരെയും സംരക്ഷിക്കുമെങ്കിൽ ?

എങ്കിൽ എന്തുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്?

ദു:ഖം? ദുരിതം? മഹാദുരന്തങ്ങൾ?
മഹാമാരികൾ? യുദ്ധം? കലാപം?
അക്രമം?

അപ്പോൾ

ഒന്നുകിൽ ദൈവമില്ല

അല്ലെങ്കിൽ

ദൈവത്തെക്കുറിച്ച് പറയപ്പെട്ട വിശേഷങ്ങളൊക്കെ അടിസ്ഥാനരഹിതമാണ്

ഗിദെയോൻ അടയാളങ്ങളുടെ മനുഷ്യനായിരുന്നു. സംസാരിക്കുന്നതും ദൗത്യമേൽപ്പിക്കുന്നതും ദൈവം തന്നെയാണെന്ന് ഉറപ്പിക്കാൻ അയാൾ ചോദിച്ച അടയാളങ്ങളൊക്കെ അനുവദിക്കപ്പെടുന്നുണ്ട്.
ആദ്യം അയാൾ വിരിച്ച രോമവസ്ത്രം മാത്രം മഞ്ഞിൽ കുതിർന്നും കളം മുഴുവനും ഉണങ്ങിയും പിന്നീട് രോമവസ്ത്രം മാത്രം ഉണങ്ങിയും കളം മുഴുവനും മഞ്ഞിൽ കുതിർന്നും …… !
ആ ഉറപ്പിലാണ് വെറും മുന്നൂറുപേരുമായി ചെന്ന്
‘ വെട്ടുക്കിളികൾ പോലെ അസംഖ്യമായിരുന്ന ‘
മിദിയാൻകാരെ തോൽപിച്ച് ഇസ്രായേലിനെ അയാൾ വീണ്ടെടുക്കുന്നത്.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരമില്ലെങ്കിലും അടയാളങ്ങൾ തേടാവുന്നതാണ്?

നനത്തും ഉണങ്ങിയും തളിർത്തും കൊഴിഞ്ഞും നമ്മുടെ ആവൃതികൾക്കു ചുറ്റിലും അത് കാണപ്പെട്ടാലോ?

പാളയത്തിനു വെളിയിൽ, മരുഭൂമിയുടെ ഉപരിതലത്തിൽ പൊടിമഞ്ഞ് പോലെ ‘വെളുത്തുരുണ്ടു ലോലമായ വസ്തു’ കണ്ടപ്പോൾ സീൻ മരുഭൂമിയിൽ വച്ച് ഇസ്രായേൽക്കാർ ചോദിച്ചതു പോലെ *മന്നാ* *മന്നാ* എന്ന് നമ്മുടെ ജീവിതത്തിന്റെ മണലാരണ്യങ്ങളിലും നാം ആശ്ചര്യപ്പെട്ടാലോ?

ശുഭദിനം🌹

S പാറേക്കാട്ടിൽ🙏🏻

Leave a comment