4th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

29 Jan 2023

4th Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
പൂര്‍ണമനസ്സോടെ അങ്ങയെ ആരാധിക്കാനും
എല്ലാ മനുഷ്യരെയും ആത്മാര്‍ഥ ഹൃദയത്തോടെ സ്‌നേഹിക്കാനും
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സെഫാ 2:3,3:12-13
ഞാന്‍ നിന്റെ മധ്യത്തില്‍ വിനയവും എളിമയും ഉള്ള ഒരു ജനത്തെ അവശേഷിപ്പിക്കും.

അവിടുത്തെ കല്‍പനകള്‍ അനുസരിക്കുന്ന
ദേശത്തുള്ള വിനീതരേ,
കര്‍ത്താവിനെ അന്വേഷിക്കുവിന്‍;
നീതിയും വിനയവും അന്വേഷിക്കുവിന്‍.
കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനത്തില്‍
ഒരു പക്‌ഷേ നിങ്ങളെ അവിടുന്ന് മറച്ചേക്കാം.

ഞാന്‍ നിന്റെ മധ്യത്തില്‍ വിനയവും എളിമയും ഉള്ള
ഒരു ജനത്തെ അവശേഷിപ്പിക്കും,
അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അഭയം പ്രാപിക്കും.
ഇസ്രായേലില്‍ അവശേഷിക്കുന്നവര്‍
തിന്മ ചെയ്യുകയില്ല, വ്യാജം പറയുകയില്ല.
അവരുടെ വായില്‍ വഞ്ചന നിറഞ്ഞ നാവ് ഉണ്ടായിരിക്കുകയല്ല.
അവര്‍ സുഖമായി മേയുകയും വിശ്രമിക്കുകയും ചെയ്യും.
ആരും അവരെ ഭയപ്പെടുത്തുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 146:7,8-9,9-10

കര്‍ത്താവേ, ഞങ്ങളെ സംരക്ഷിക്കാന്‍ വരിക.
or
അല്ലേലൂയ!

കര്‍ത്താവ് എന്നേക്കും വിശ്വസ്തനാണ്.
മര്‍ദിതര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു;
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;
കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.

കര്‍ത്താവേ, ഞങ്ങളെ സംരക്ഷിക്കാന്‍ വരിക.
or
അല്ലേലൂയ!

കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു;
അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു;
അവിടുന്നു നീതിമാന്മാരെ സ്‌നേഹിക്കുന്നു.
കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു

കര്‍ത്താവേ, ഞങ്ങളെ സംരക്ഷിക്കാന്‍ വരിക.
or
അല്ലേലൂയ!

വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു;
എന്നാല്‍, ദുഷ്ടരുടെ വഴി
അവിടുന്നു നാശത്തിലെത്തിക്കുന്നു.
കര്‍ത്താവ് എന്നേക്കും വാഴുന്നു;
സീയോനേ, നിന്റെ ദൈവം തലമുറകളോളം വാഴും;

കര്‍ത്താവേ, ഞങ്ങളെ സംരക്ഷിക്കാന്‍ വരിക.
or
അല്ലേലൂയ!

രണ്ടാം വായന

1 കോറി 1:26-31
ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു.

സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍; ലൗകിക മാനദണ്ഡമനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും. നിലവിലുള്ളവയെ നശിപ്പിക്കുവാന്‍ വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തെരഞ്ഞെടുത്തു. ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്. യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്. ദൈവം അവനെ നമുക്കു ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു. അതുകൊണ്ട്, എഴുതപ്പെട്ടിരിക്കുന്നതുപോലെ, അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

യേശു ഉദ്‌ഘോഷിച്ചു: സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടേയും നാഥനായ പിതാവേ, നീ ഈ കാര്യങ്ങൾ ബുദ്ധിമാൻമാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മത്താ 5:1-12a
ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍.

അക്കാലത്ത്, ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍;
സ്വര്‍ഗരാജ്യം അവരുടേതാണ്.
വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ആശ്വസിപ്പിക്കപ്പെടും.
ശാന്തശീലര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ഭൂമി അവകാശമാക്കും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ക്കു സംതൃപ്തി ലഭിക്കും.
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ക്കു കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ദൈവത്തെ കാണും.
സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
സ്വര്‍ഗരാജ്യം അവരുടേതാണ്.

എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മാകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ അള്‍ത്താരയിലേക്കു കൊണ്ടുവന്നിരിക്കുന്ന
ഞങ്ങളുടെ ശുശ്രൂഷയുടെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിയോടെ സ്വീകരിച്ച്
ഞങ്ങളുടെ പരിത്രാണത്തിന്റെ
കൂദാശയായി രൂപാന്തരപ്പെടുത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 31:17-18

അങ്ങേ മുഖം അങ്ങേ ദാസന്റെമേല്‍ പതിക്കണമേ.
അങ്ങേ കാരുണ്യത്തില്‍ എന്നെ രക്ഷിക്കണമേ.
കര്‍ത്താവേ, എന്നെ ലജ്ജിതനാക്കരുതേ,
എന്തെന്നാല്‍, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു.

Or:
മത്താ 5:3-4

ആത്മാവില്‍ ദരിദ്രര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്;
ശാന്തശീലര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ഭൂമി അവകാശമാക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ പരിത്രാണത്തിന്റെ ദാനങ്ങളാല്‍
പരിപോഷിതരായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
നിത്യരക്ഷയുടെ ഈ സഹായത്താല്‍
സത്യവിശ്വാസം എന്നും പുഷ്ടിപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
Advertisements

Leave a comment