ദിവ്യബലി വായനകൾ Saint Matthew, Apostle, Evangelist

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 21/9/2021


Saint Matthew, Apostle, Evangelist – Feast 

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ മത്തായിയെ
അവര്‍ണനീയമായ കാരുണ്യത്താല്‍
ചുങ്കക്കാരില്‍നിന്ന് അപ്പോസ്തലനായി തിരഞ്ഞെടുക്കാന്‍
അങ്ങ് തിരുവുള്ളമായല്ലോ.
അദ്ദേഹത്തിന്റെ മാതൃകയുടെയും മാധ്യസ്ഥ്യത്തിന്റെയും
സഹായം അനുഭവിക്കുന്ന ഞങ്ങള്‍ക്ക്
അങ്ങയെ പിന്തുടര്‍ന്ന്,
അങ്ങയോട് ഗാഢമായി ഐക്യപ്പെടാനുള്ള
അര്‍ഹത നല്കു മാറാകണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എഫേ 4:1-7,11-13
ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടി.

സഹോദരരേ, കര്‍ത്താവിനുവേണ്ടി തടവുകാരനായി തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍. പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍. ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളു. സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം.
നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു. അവന്‍ ചിലര്‍ക്ക് അപ്പോസ്തലന്മാരും പ്രവാചകന്മാരും സുവിശേഷ പ്രഘോഷകന്മാരും ഇടയന്മാരും പ്രബോധകന്മാരും മറ്റും ആകാന്‍ വരം നല്‍കി. ഇതു വിശുദ്ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്. വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 19:1-2,3-4

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു;
വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.
പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു;
രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേള്‍ക്കാനില്ല.
എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 9:9-13
ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.

അക്കാലത്ത്, യാത്രാമധ്യേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് യേശു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. യേശു അവന്റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യന്മാരോടും കൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയര്‍ ഇതുകണ്ട് ശിഷ്യന്മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതുകേട്ട് അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ മത്തായിയുടെ
ഓര്‍മ ആഘോഷിച്ചുകൊണ്ടും
അങ്ങേ സഭയെ കനിവാര്‍ന്ന്
കടാക്ഷിക്കണമെന്ന് കേണപേക്ഷിച്ചുകൊണ്ടും
പ്രാര്‍ഥനകളും കാഴ്ചദ്രവ്യങ്ങളും
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ സഭയുടെ വിശ്വാസത്തെയാണല്ലോ
അപ്പോസ്തലന്മാരുടെ പ്രബോധനങ്ങളാല്‍
അങ്ങ് പരിപോഷിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
മത്താ 9:13

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ വന്നത് നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണ്.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്,
വിശുദ്ധ മത്തായി തന്റെ ഭവനത്തില്‍
രക്ഷകനെ അതിഥിയായി
സന്തോഷത്തോടെ സ്വീകരിച്ചുവല്ലോ.
നീതിമാന്മാരെയല്ല, പാപികളെ രക്ഷയിലേക്കു വിളിക്കാന്‍ വന്ന
അവിടത്തെ ഭോജ്യത്താല്‍,
ഞങ്ങള്‍ സദാ പരിപോഷിതരാകാന്‍ അനുഗ്രഹിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment