🔥 🔥 🔥 🔥 🔥 🔥 🔥
03 Apr 2022
5th Sunday of Lent – Proper Readings
(see also Lazarus)
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
cf. സങ്കീ 43:1-2
ദൈവമേ, എനിക്ക് നീതി നടത്തിത്തരണമേ.
അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടി വാദിക്കണമേ.
വഞ്ചകരും നീതിരഹിതരുമായവരില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ.
എന്തെന്നാല്‍, അങ്ങാണ് എന്റെ ദൈവവും എന്റെ ശക്തിയും.
സമിതിപ്രാര്‍ത്ഥന
ഞങ്ങളുടെ കര്‍ത്താവായ ദൈവമേ,
അങ്ങേ പ്രിയസുതന്‍ ലോകത്തെ സ്‌നേഹിച്ചുകൊണ്ട്
തന്നത്തന്നെ മരണത്തിന് ഏല്പ്പിച്ചു കൊടുത്ത അതേ സ്‌നേഹത്തില്‍,
ഞങ്ങളും അങ്ങേ സഹായത്താല്‍
ഉത്സാഹപൂര്‍വം ചരിക്കുന്നവരായി കാണപ്പെടാന്‍
ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 43:16-21
ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. ഞാന്‍ തിരഞ്ഞെടുത്ത ജനത്തിന് മരുഭൂമിയില്‍ ദാഹജലം നല്‍കുന്നു.
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
സമുദ്രത്തില്‍ വഴിവെട്ടുന്നവനും,
പെരുവെള്ളത്തില്‍ പാതയൊരുക്കുന്നവനും,
രഥം, കുതിര, സൈന്യം, പടയാളികള്‍
എന്നിവ കൊണ്ടുവരുന്നവനുമായ
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
എഴുന്നേല്‍ക്കാനാവാതെ ഇതാ അവര്‍ കിടക്കുന്നു.
അവര്‍ പടുതിരിപോലെ അണഞ്ഞുപോകും.
കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ
പരിഗണിക്കുകയോ വേണ്ടാ.
ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു.
അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ?
ഞാന്‍ വിജനദേശത്ത് ഒരു പാതയും
മരുഭൂമിയില്‍ നദികളും ഉണ്ടാക്കും.
വന്യമൃഗങ്ങളും കുറുനരികളും
ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും;
എന്നെ സ്തുതിച്ചു പ്രകീര്‍ത്തിക്കാന്‍
ഞാന്‍ സൃഷ്ടിച്ചു തിരഞ്ഞെടുത്ത ജനത്തിന്
ദാഹജലം നല്‍കാന്‍ മരുഭൂമിയില്‍ ജലവും
വിജനദേശത്തു നദികളും ഞാന്‍ ഒഴുക്കി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 126:1-2,2-3,4-5,6
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.
കര്‍ത്താവു പ്രവാസികളെ
സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍
അത് ഒരു സ്വപ്‌നമായിത്തോന്നി.
അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു;
ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി.
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.
കര്‍ത്താവ് അവരുടെയിടയില്‍
വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന്
ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു.
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി
വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു;
ഞങ്ങള്‍ സന്തോഷിക്കുന്നു.
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.
നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ
കര്‍ത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ!
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.
കണ്ണീരോടെ വിതയ്ക്കുന്നവര്‍
ആനന്ദഘോഷത്തോടെ കൊയ്യട്ടെ!
വിത്തു ചുമന്നുകൊണ്ടു
വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍
കറ്റ ചുമന്നുകൊണ്ട്
ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും.
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.
രണ്ടാം വായന
ഫിലി 3:8-14
യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു.
എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ. എനിക്കു നിയമത്തില്‍ നിന്നു ലഭിക്കുന്ന നീതിയല്ല ഉള്ളത്; പിന്നെയോ ക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭിക്കുന്ന നീതിയാണ്. അതായത്, വിശ്വാസത്തെ ആസ്പദമാക്കി ദൈവത്തില്‍ നിന്നുള്ള നീതി. അത്, അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും ഞാന്‍ അറിയുന്നതിനും അവന്റെ സഹനത്തില്‍ പങ്കുചേരുന്നതിനും അവന്റെ മരണത്തോടു താദാത്മ്യപ്പെടുന്നതിനും വേണ്ടിയാണ്. അങ്ങനെ മരിച്ചവരില്‍ നിന്നുള്ള ഉയിര്‍പ്പ് പ്രാപിക്കാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് എനിക്കു കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണനായെന്നോ അര്‍ഥമില്ല. ഇതു സ്വന്തമാക്കാന്‍വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്; യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു. സഹോദരരേ, ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്നു.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
കർത്താവ് അരുൾ ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർണ്ണഹൃദയത്തോടെ എൻ്റെ അടുക്കലേയ്ക്കു തിരിച്ചു വരുവിൻ. ഞാൻ ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.
കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
സുവിശേഷം
യോഹ 8:1-11
നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.
യേശു ഒലിവുമലയിലേക്കു പോയി. അതിരാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്റെ അടുക്കല്‍ കൊണ്ടുവന്ന് നടുവില്‍ നിര്‍ത്തി. അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു? ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ. അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു. എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു. യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ഞങ്ങളെ ശ്രവിക്കുകയും
ക്രൈസ്തവ വിശ്വാസത്തിന്റെ പ്രബോധനങ്ങളാല്‍
അങ്ങു നിവേശിപ്പിച്ച അങ്ങേ ദാസരെ
ഈ ബലിയുടെ പ്രവര്‍ത്തനംവഴി
ശുദ്ധീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സ്ത്രീയേ, ആരും നിന്നെ വിധിച്ചില്ലേ?
ഇല്ല, കര്‍ത്താവേ. ഞാനും നിന്നെ വിധിക്കുന്നില്ല;
ഇനിമേല്‍ പാപം ചെയ്യരുത്.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ക്രിസ്തുവിന്റെ ശരീരരക്തങ്ങള്‍ സ്വീകരിക്കുന്ന ഞങ്ങള്‍,
എപ്പോഴും അവിടത്തെ അംഗങ്ങളുടെ ഗണത്തില്‍
എണ്ണപ്പെടാന്‍ ഇടയാക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment