Readings Malayalam, 2nd Sunday of Lent 

🔥 🔥 🔥 🔥 🔥 🔥 🔥

13 Mar 2022

2nd Sunday of Lent 

Liturgical Colour: Violet.

പ്രവേശകപ്രഭണിതം
cf. സങ്കീ 27:8-9

കര്‍ത്താവേ, ഞാന്‍ അങ്ങേ മുഖം അന്വേഷിച്ചു എന്ന്
എന്റെ ഹൃദയം അങ്ങയോടു പറഞ്ഞു;
അങ്ങേ മുഖം ഞാന്‍ അന്വേഷിക്കും.
അങ്ങേ മുഖം എന്നില്‍നിന്ന് തിരിക്കരുതേ.


Or:
cf. സങ്കീ 25:6,2,22

കര്‍ത്താവേ, അങ്ങേ അനുകമ്പയും
യുഗങ്ങള്‍ക്കുമുമ്പേ അങ്ങു കാണിച്ച കാരുണ്യവും ഓര്‍ക്കണമേ.
ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെമേല്‍
ഒരിക്കലും ആധിപത്യം പുലര്‍ത്താതിരിക്കട്ടെ.
ഇസ്രായേലിന്റെ ദൈവമേ,
ഞങ്ങളുടെ എല്ലാ ദുരിതങ്ങളിലുംനിന്ന് ഞങ്ങളെ മോചിപ്പിക്കണമേ.

സമിതിപ്രാര്‍ത്ഥന

അങ്ങേ പ്രിയപുത്രനെ ശ്രവിക്കാന്‍ ഞങ്ങളോടു കല്പിച്ച ദൈവമേ,
അങ്ങേ വചനത്താല്‍ ഞങ്ങളെ
ആന്തരികമായി പരിപോഷിപ്പിക്കാന്‍ കനിയണമേ.
അങ്ങനെ, ആത്മീയമായ ഉള്‍ക്കാഴ്ചയാല്‍ ശുദ്ധീകരിക്കപ്പെട്ട്
അങ്ങേ മഹത്ത്വത്തിന്റെ ദര്‍ശനത്താല്‍
ആനന്ദിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 15:5-12,17-18
ദൈവം തന്റെ വിശ്വസ്ത ദാസനായ അബ്രഹാമുമായി ഉടമ്പടി ചെയ്തു.

കര്‍ത്താവ് അബ്രഹാമിനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും. അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി.
അവിടുന്നു തുടര്‍ന്ന് അരുളിച്ചെയ്തു: ഈ നാടു നിനക്ക് അവകാശമായി തരാന്‍വേണ്ടി നിന്നെ കല്‍ദായരുടെ ഊറില്‍ നിന്നു കൊണ്ടുവന്ന കര്‍ത്താവാണു ഞാന്‍. അവന്‍ ചോദിച്ചു: ദൈവമായ കര്‍ത്താവേ, ഇതു സംഭവിക്കുമെന്നു ഞാനെങ്ങനെ അറിയും? അവിടുന്നു കല്‍പിച്ചു: മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവ് ഒരു പെണ്ണാട് ഒരു മുട്ടനാട് എന്നിവയെയും ഒരു ചെങ്ങാലിയെയും ഒരു ഇളംപ്രാവിനെയും എനിക്കായി കൊണ്ടുവരുക. അവന്‍ അവയെല്ലാം കൊണ്ടുവന്നു. അവയെ രണ്ടായിപ്പിളര്‍ന്ന് ഭാഗങ്ങള്‍ നേര്‍ക്കുനേരേ വച്ചു. പക്ഷികളെ അവന്‍ പിളര്‍ന്നില്ല. പിണത്തിന്മേല്‍ കഴുകന്മാര്‍ ഇറങ്ങിവന്നപ്പോള്‍ അബ്രാം അവയെ ആട്ടിയോടിച്ചു. സൂര്യന്‍ അസ്തമിച്ചുകൊണ്ടിരുന്നപ്പോള്‍ അബ്രാം ഗാഢനിദ്രയിലാണ്ടു. ഭീകരമായ അന്ധകാരം അവനെ ആവരണം ചെയ്തു.
സൂര്യന്‍ അസ്തമിച്ച് അന്ധകാരം വ്യാപിച്ചപ്പോള്‍ പുകയുന്ന ഒരു തീച്ചൂള കാണാറായി. ജ്വലിക്കുന്ന ഒരു തീനാളം പിളര്‍ന്നിട്ടിരുന്ന കഷണങ്ങളുടെ നടുവിലൂടെ കടന്നുപോയി. അന്നു കര്‍ത്താവ് അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നിന്റെ സന്താന പരമ്പരയ്ക്ക് ഈ നാടു ഞാന്‍ തന്നിരിക്കുന്നു. ഈജിപ്തുനദി മുതല്‍ മഹാനദിയായ യൂഫ്രട്ടീസ്‌വരെയുള്ള സ്ഥലങ്ങള്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 27:1,7-8,8-9,13-14

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

കര്‍ത്താവേ, ഞാന്‍ ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുമ്പോള്‍
അവിടുന്നു കേള്‍ക്കണമേ!
കാരുണ്യപൂര്‍വം എനിക്ക് ഉത്തരമരുളണമേ!
എന്റെ മുഖം തേടുവിന്‍ എന്ന് അവിടുന്നു കല്‍പിച്ചു;

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

കര്‍ത്താവേ, അങ്ങേ മുഖം ഞാന്‍ തേടുന്നു
അങ്ങേ മുഖം എന്നില്‍ നിന്നു മറച്ചുവയ്ക്കരുതേ!
എന്റെ സഹായകനായ ദൈവമേ,
അങ്ങേ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ!
എന്റെ രക്ഷകനായ ദൈവമേ എന്നെ തിരസ്‌കരിക്കരുതേ!
എന്നെ കൈവെടിയരുതേ!

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു
ഞാന്‍ വിശ്വസിക്കുന്നു.
കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍,
ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍;
കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

രണ്ടാം വായന

ഫിലി 3:17-4:1
നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്.

സഹോദരരേ, നിങ്ങള്‍ എന്നെ അനുകരിക്കുന്നവരുടെ കൂടെ ചേരുവിന്‍. ഞങ്ങളുടെ മാതൃകയനുസരിച്ചു ജീവിക്കുന്നവരെ കണ്ടുപഠിക്കുവിന്‍. എന്നാല്‍, പലരും ക്രിസ്തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്‍ത്തിക്കുന്നു. നാശമാണ് അവരുടെ അവസാനം; ഉദരമാണ് അവരുടെ ദൈവം. ലജ്ജാകരമായതില്‍ അവര്‍ അഭിമാനംകൊള്ളുന്നു. ഭൗമികമായതു മാത്രം അവര്‍ ചിന്തിക്കുന്നു.
എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്; അവിടെനിന്ന് ഒരു രക്ഷകനെ, കര്‍ത്താവായ യേശുക്രിസ്തുവിനെ, നാം കാത്തിരിക്കുന്നു. സകലത്തെയും തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ശക്തിവഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും. ആകയാല്‍ പ്രിയപ്പെട്ടവരേ, ഞാന്‍ കാണാനാഗ്രഹിക്കുന്ന, എന്റെ സന്തോഷവും കിരീടവുമായ വത്സലസഹോദരരേ, നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്‍ക്കുവിന്‍.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

മത്താ.17/15.

കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

ഇവൻ എൻ്റെ പ്രീയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവൻ്റെ വാക്കു ശ്രവിക്കുവിൻ.

കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

സുവിശേഷം

ലൂക്കാ 9:28-36
പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ മുഖഭാവം മാറി; വസ്ത്രം വെണ്‍മയോടെ ശോഭിച്ചു.

യേശു പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നിവരെ കൂട്ടിക്കൊണ്ടു പ്രാര്‍ഥിക്കാന്‍ മലയിലേക്കു കയറിപ്പോയി. പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ മുഖഭാവം മാറി; വസ്ത്രം വെണ്‍മയോടെ ശോഭിച്ചു. അപ്പോള്‍ രണ്ടുപേര്‍ – മോശയും ഏലിയായും – അവനോടു സംസാരിച്ചുകൊണ്ടിരുന്നു. അവര്‍ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറുസലെമില്‍ പൂര്‍ത്തിയാകേണ്ട അവന്റെ കടന്നുപോകലിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്. നിദ്രാവിവശരായിരുന്നിട്ടും പത്രോസും കൂടെയുള്ളവരും ഉണര്‍ന്നിരുന്നു. അവര്‍ അവന്റെ മഹത്വം ദര്‍ശിച്ചു; അവനോടു കൂടെ നിന്ന ഇരുവരെയും കണ്ടു. അവര്‍ പിരിഞ്ഞുപോകുമ്പോള്‍ പത്രോസ് യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെ ആയിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം. ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. താന്‍ എന്താണു പറയുന്നതെന്ന് അവനുതന്നെ നിശ്ചയമില്ലായിരുന്നു. അവന്‍ ഇതു പറയുമ്പോള്‍ ഒരു മേഘംവന്ന് അവരെ ആവരണം ചെയ്തു. അവര്‍ മേഘത്തിനുള്ളിലായപ്പോള്‍ ശിഷ്യന്മാര്‍ ഭയപ്പെട്ടു. അപ്പോള്‍ മേഘത്തില്‍ നിന്ന് ഒരു സ്വരം കേട്ടു: ഇവന്‍ എന്റെ പുത്രന്‍, എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍. സ്വരം നിലച്ചപ്പോള്‍ യേശു മാത്രം കാണപ്പെട്ടു. ശിഷ്യന്മാര്‍ മൗനം അവലംബിച്ചു; തങ്ങള്‍ കണ്ടതൊന്നും ആ ദിവസങ്ങളില്‍ അവര്‍ ആരോടും പറഞ്ഞില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കാഴ്ചവസ്തുക്കള്‍
ഞങ്ങളുടെ പാപങ്ങള്‍ ശുദ്ധീകരിക്കുകയും
പെസഹാത്തിരുനാള്‍ ആഘോഷിക്കാന്‍
അങ്ങേ വിശ്വാസികളുടെ ശരീരത്തെയും
മനസ്സിനെയും പവിത്രീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മത്താ 17:5

ഇവന്‍ എന്റെ പ്രിയപുത്രന്‍;
ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു;
ഇവനെ ശ്രവിക്കുവിന്‍.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ത്തന്നെ
സ്വര്‍ഗീയകാര്യങ്ങളില്‍ പങ്കുകാരാകാന്‍ ഞങ്ങളെ അനുവദിച്ചതിന്,
ഈ മഹത്ത്വമേറിയ രഹസ്യങ്ങള്‍ അനുഭവിക്കുന്ന ഞങ്ങള്‍
അങ്ങേക്കു നന്ദിയര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment