🔥 🔥 🔥 🔥 🔥 🔥 🔥
08 Apr 2022
Friday of the 5th week of Lent – Proper Readings
(see also Lazarus)
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
സങ്കീ 31:9,15,17
കര്‍ത്താവേ, എന്നോട് കരുണ തോന്നണമേ!
എന്തുകൊണ്ടെന്നാല്‍, ഞാന്‍ ദുരിതമനുഭവിക്കുന്നു;
എന്റെ ശത്രുക്കളുടെയും മര്‍ദകരുടെയും കരങ്ങളില്‍നിന്ന്
എന്നെ രക്ഷിക്കുകയും എന്നെ മോചിപ്പിക്കുകയും ചെയ്യണമേ.
കര്‍ത്താവേ, എന്നെ ലജ്ജിതനാക്കരുതേ.
എന്തെന്നാല്‍, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനങ്ങളുടെ തെറ്റുകള്‍ പൊറുക്കണമേ.
അങ്ങനെ, ഞങ്ങളുടെ ബലഹീനതയാല്‍ ചെയ്തുപോയ
പാപങ്ങളുടെ ബന്ധനങ്ങളില്‍നിന്ന്
അങ്ങേ കാരുണ്യത്താല്‍ ഞങ്ങള്‍ മോചിതരാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
ദൈവമേ, ക്രിസ്തുവിന്റെ പീഡാസഹനം ധ്യാനിക്കുന്നതില്‍
പരിശുദ്ധമറിയത്തെ ഭക്തിപൂര്‍വം അനുകരിക്കാന്‍,
കനിവോടെ അങ്ങേ സഭയ്ക്ക്
ഇക്കാലയളവില്‍ അങ്ങു നല്കിയല്ലോ.
ഈ കന്യകയുടെ മധ്യസ്ഥതയാല്‍
അങ്ങേ ജാതനായ ഏകപുത്രനോട്
ദിനംപ്രതി ഒന്നുചേര്‍ന്നു നില്ക്കാനും
അവസാനം അവിടത്തെ കൃപയുടെ പൂര്‍ണതയിലേക്ക്
എത്തിച്ചേരാനും അനുഗ്രഹിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജെറ 20:10-13
ദുഷ്ടരുടെ കൈയില്‍ നിന്ന് ദരിദ്രരുടെ ജീവനെ അവിടുന്ന് രക്ഷിച്ചു.
ജെറമിയ പറഞ്ഞു:
പലരും അടക്കം പറയുന്നതു ഞാന്‍ കേള്‍ക്കുന്നു:
സര്‍വത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക,
നമുക്ക് അവനെതിരേ കുറ്റാരോപണം നടത്താം.
എന്റെ കൂട്ടുകാരായിരുന്നവര്‍
ഞാന്‍ വീഴുന്നതു കാണാന്‍ കാത്തിരിക്കുകയാണ്.
അവനു വഴിതെറ്റിയേക്കാം.
അപ്പോള്‍ നമുക്ക് അവന്റെ മേല്‍ വിജയം നേടാം;
പ്രതികാരം നടത്തുകയും ചെയ്യാം.
എന്നാല്‍ വീരയോദ്ധാവിനെപ്പോലെ കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്.
അതിനാല്‍ എന്റെ പീഡകര്‍ക്കു കാലിടറും.
അവര്‍ എന്റെ മേല്‍ വിജയം വരിക്കുകയില്ല.
വിജയിക്കാതെ വരുമ്പോള്‍ അവര്‍ വല്ലാതെ ലജ്ജിക്കും.
അവര്‍ക്കുണ്ടാകുന്ന നിത്യമായ അവമാനം
ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല.
സൈന്യങ്ങളുടെ കര്‍ത്താവേ, നീതിമാനെ പരിശോധിക്കുകയും
ഹൃദയവും മനസ്സും കാണുകയും ചെയ്യുന്നവനേ,
അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു കാണാന്‍
എന്നെ അനുവദിക്കണമേ.
അങ്ങിലാണല്ലോ ഞാന്‍ ആശ്രയിക്കുന്നത്.
കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍; അവിടുത്തെ സ്തുതിക്കുവിന്‍.
എന്തെന്നാല്‍, ദുഷ്ടരുടെ കൈയില്‍ നിന്ന്
ദരിദ്രരുടെ ജീവനെ അവിടുന്ന് രക്ഷിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 18:1-3,4-5,6
കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ,
ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും,
എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും,
എന്റെ പരിചയും രക്ഷാശൃംഗവും അഭയ കേന്ദ്രവും.
സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു;
അവിടുന്ന് എന്നെ ശത്രുക്കളില്‍ നിന്നു രക്ഷിക്കും.
കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
മരണപാശം എന്നെ ചുറ്റി,
വിനാശത്തിന്റെ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു.
പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി,
മരണത്തിന്റെ കുരുക്ക് എന്റെ മേല്‍ ഇതാ വീഴുന്നു.
കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു;
എന്റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു;
അവിടുന്നു തന്റെ ആലയത്തില്‍ നിന്ന് എന്റെ അപേക്ഷ കേട്ടു;
എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
സുവിശേഷ പ്രഘോഷണവാക്യം
കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
കർത്താവ് അരുൾ ചെയ്യുന്നു: മനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.
കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
സുവിശേഷം
യോഹ 10:31-42
അവര്‍ അവനെ ബന്ധിക്കാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ അവരുടെ കൈയില്‍ നിന്ന് രക്ഷപെട്ടു.
യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു. യേശു അവരോടു ചോദിച്ചു: പിതാവില്‍ നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തി മൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്? യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂലമല്ല, ദൈവദൂഷണം മൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യനായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു. യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? വിശുദ്ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു. അങ്ങനെയെങ്കില്‍, പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ? ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍, പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ അറിയുകയും ആ അറിവില്‍ നിലനില്‍ക്കുകയും ചെയ്യും. വീണ്ടും അവര്‍ അവനെ ബന്ധിക്കാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ അവരുടെ കൈയില്‍ നിന്ന് രക്ഷപെട്ടു.
ജോര്‍ദാന്റെ മറുകരയില്‍ യോഹന്നാന്‍ ആദ്യം സ്‌നാനം നല്‍കിയിരുന്ന സ്ഥലത്തേക്ക് അവന്‍ വീണ്ടും പോയി അവിടെ താമസിച്ചു. വളരെപ്പേര്‍ അവന്റെ അടുത്തു വന്നു. അവര്‍ പറഞ്ഞു: യോഹന്നാന്‍ ഒരടയാളവും പ്രവര്‍ത്തിച്ചില്ല. എന്നാല്‍, ഈ മനുഷ്യനെപ്പറ്റി യോഹന്നാന്‍ പറഞ്ഞിരുന്നതെല്ലാം സത്യമാണ്. അവിടെവച്ച് വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, കരുണാമയനായ അങ്ങേ ബലിപീഠങ്ങളില്‍,
യോഗ്യതയോടെ നിരന്തരം ശുശ്രൂഷചെയ്യാന്‍
ഞങ്ങളെ അര്‍ഹരാക്കുകയും
അവയുടെ നിത്യമായ പങ്കാളിത്തംവഴി
രക്ഷിക്കപ്പെടാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
1 പത്രോ 2:24
നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്
യേശു കുരിശിലേറി.
അത് നാം പാപത്തിനു മരിച്ച് നീതിക്കായി ജീവിക്കേണ്ടതിനാണ്.
അവന്റെ മുറിവിനാല്‍ നമ്മള്‍ സൗഖ്യമാക്കപ്പെട്ടിരിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച ബലിയുടെ നിത്യമായ സംരക്ഷണം
ഞങ്ങളില്‍നിന്ന് നീക്കിക്കളയാതിരിക്കുകയും
ദോഷകരമായതെല്ലാം ഞങ്ങളില്‍നിന്ന്
എപ്പോഴും അകറ്റുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Categories: Readings