🔥 🔥 🔥 🔥 🔥 🔥 🔥
30 Jun 2022
The First Martyrs of the See of Rome
or Thursday of week 13 in Ordinary Time
Liturgical Colour: Red.
പ്രവേശകപ്രഭണിതം
ക്രിസ്തുവിന്റെ കാലടികള്‍ പിന്തുടര്‍ന്ന്
വിശുദ്ധരുടെ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ ആനന്ദിക്കുന്നു.
എന്തെന്നാല്‍, അവിടത്തെ സ്‌നേഹത്തെപ്രതി,
അവര്‍ തങ്ങളുടെ രക്തംചിന്തി;
അതിനാല്‍, ക്രിസ്തുവിനോടുകൂടെ,
അവര്‍ അനവരതം ആഹ്ളാദിക്കുന്നു.
Or:
വിശുദ്ധരായ മനുഷ്യര്‍ കര്‍ത്താവിനുവേണ്ടി
ഭാഗ്യപ്പെട്ട രക്തം ചിന്തി;
തങ്ങളുടെ ജീവിതത്തില്‍ അവര്‍ ക്രിസ്തുവിനെ സ്‌നേഹിച്ചു.
തങ്ങളുടെ മരണത്തില്‍ അവര്‍
അവിടത്തെ അനുകരിക്കുകയും
അതുവഴി വിജയകിരീടമണിയുകയും ചെയ്തു.
സമിതിപ്രാര്‍ത്ഥന
ദൈവമേ, റോമാ സഭയുടെ സമൃദ്ധമായ പ്രഥമഫലങ്ങള്‍
രക്തസാക്ഷികളുടെ രക്തത്താല്‍ അങ്ങ് പവിത്രീകരിച്ചുവല്ലോ.
ഉറച്ചധീരതയോടെ പോരാട്ടത്തിന്റെ തീവ്രതയില്‍നിന്ന്
ഞങ്ങള്‍ ശക്തി പ്രാപിക്കാനും
വിശ്വസ്തസ്‌നേഹത്തിന്റെ വിജയത്തില്‍
ഞങ്ങള്‍ എന്നും ആനന്ദിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ആമോ 7:10-17
എന്റെ ജനമായ ഇസ്രായേലില്‍ ചെന്ന് പ്രവചിക്കുക.
അക്കാലത്ത്, ബഥേലിലെ പുരോഹിതനായ അമാസിയാ ഇസ്രായേല്‍ രാജാവായ ജറോബോവാമിന്റെ അടുത്ത് ആളയച്ചുപറഞ്ഞു: ആമോസ് നിനക്കെതിരേ ഇസ്രായേല്‍ ഭവനത്തിന്റെ മധ്യേ ഗൂഢാലോചന നടത്തിയിരിക്കുന്നു. അവന്റെ വാക്കുകള്‍ പൊറുക്കാന്‍ നാടിനു കഴിയുന്നില്ല. കാരണം, ജറോബോവാം വാളിനിരയാകും, ഇസ്രായേല്‍ സ്വന്തം നാട്ടില്‍ നിന്ന് പ്രവാസത്തിലേക്കു പോകും എന്ന് ആമോസ് പറയുന്നു. അമാസിയാ ആമോസിനോടു പറഞ്ഞു: ദീര്‍ഘദര്‍ശീ, യൂദാനാട്ടിലേക്ക് ഓടുക. അവിടെ പ്രവചിച്ച്, അഹര്‍വൃത്തി കഴിച്ചുകൊള്ളുക. ഇനിമേല്‍ ബഥേലില്‍ പ്രവചിക്കരുത്. ഇതു രാജാവിന്റെ ശ്രീകോവിലും രാജ്യത്തിന്റെ ക്‌ഷേത്രവുമാണ്. ആമോസ് മറുപടി പറഞ്ഞു: ഞാനൊരു പ്രവാചകനല്ല, പ്രവാചകപുത്രനുമല്ല. ഞാന്‍ ആട്ടിടയനാണ്. സിക്കമൂര്‍മരം വെട്ടിയൊരുക്കുകയായിരുന്നു എന്റെ ജോലി. ആടുമേയിച്ചു നടന്ന എന്നെ വിളിച്ച് കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലില്‍ ചെന്ന് പ്രവചിക്കുക. അതിനാല്‍, ഇപ്പോള്‍ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക. ഇസ്രായേലിനെതിരേ പ്രവചിക്കരുതെന്നും ഇസഹാക്കിന്റെ ഭവനത്തിനെതിരേ പ്രസംഗിക്കരുതെന്നും നീ പറയുന്നു. അതിനാല്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തില്‍ വേശ്യയായിത്തീരും. നിന്റെ പുത്രന്മാരും പുത്രികളും വാളിനിരയാകും, നിന്റെ ഭൂമി അളന്നു പങ്കിടും. അശുദ്ധദേശത്തു കിടന്നു നീ മരിക്കും. ഇസ്രായേല്‍ തീര്‍ച്ചയായും സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 19:7-10
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.
കര്‍ത്താവിന്റെ നിയമം അവികലമാണ്;
അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.
കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്;
അതു വിനീതരെ വിജ്ഞാനികളാക്കുന്നു:
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.
കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.
ദൈവഭക്തി നിര്‍മലമാണ്;
അത് എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്;
അവ തികച്ചും നീതിപൂര്‍ണമാണ്.
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.
അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്;
അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.
സുവിശേഷ പ്രഘോഷണവാക്യം
യോഹ. 10/14.
അല്ലേലൂയ!അല്ലേലൂയ!
ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനേയും അറിയുന്ന പോലെ ഞാൻ എനിക്കുള്ളവയേയും എനിക്കുള്ളവ എന്നെയും അറിയുന്നു.
അല്ലേലൂയ!
സുവിശേഷം
മത്താ 9:1-8
മനുഷ്യര്‍ക്ക് ഇത്തരത്തിലുള്ള അധികാരം കൊടുത്ത ദൈവത്തെ സ്തുതിച്ചു.
അക്കാലത്ത്, യേശു തോണിയില്‍ കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി. അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ നിയമജ്ഞരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറയുന്നു. അവരുടെ വിചാരങ്ങള്‍ ഗ്രഹിച്ച യേശു ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്മ വിചാരിക്കുന്നതെന്ത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനാണിത്. അനന്തരം, അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്കു പോവുക. അവന്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി. ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യര്‍ക്ക് ഇത്തരം അധികാരം നല്‍കിയ ദൈവത്തെ മഹത്വപ്പെടുത്തി.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
പരിശുദ്ധനായ പിതാവേ,
രക്തസാക്ഷികളായ വിശുദ്ധരുടെ സ്മരണാഘോഷത്തില്‍
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍ സ്വീകരിക്കുകയും
അങ്ങേ നാമത്തിനു സാക്ഷ്യം വഹിക്കുന്നതില്‍
സ്ഥിരതയുള്ളവരാകാന്‍ അങ്ങേ ദാസരായ ഞങ്ങള്‍ക്ക്
അര്‍ഹത നല്കുകയും ചെയ്യുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 22:28-30
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ പരീക്ഷകളില്‍ എന്നോടു കൂടെ നിലനിന്നവരാണ് നിങ്ങള്‍.
ഞാന്‍ നിങ്ങള്‍ക്ക് രാജ്യം തരുന്നു;
അത് നിങ്ങള്‍ എന്റെ രാജ്യത്തില്‍,
എന്റെ മേശയില്‍ നിന്ന് ഭക്ഷിക്കുകയും
പാനം ചെയ്യുകയും ചെയ്യുന്നതിനു വേണ്ടിയത്രേ.
Or:
ഇതാ, ദൈവത്തിന്റെ മുമ്പില്‍,
വിശുദ്ധരുടെ സമ്മാനം വളരെ അമൂല്യമാണ്;
അവര്‍ തന്നെ കര്‍ത്താവിനുവേണ്ടി
യഥാര്‍ഥത്തില്‍ മരണം വരിക്കുകയും
എന്നേക്കും ജീവിക്കുകയും ചെയ്യുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
ദൈവമേ, രക്തസാക്ഷികളായ അങ്ങേ വിശുദ്ധരില്‍,
കുരിശിന്റെ രഹസ്യം
വിസ്മയകരമായി അങ്ങു വെളിപ്പെടുത്തിയല്ലോ.
ഈ ബലിയില്‍നിന്ന് ശക്തിയാര്‍ജിച്ച്,
ക്രിസ്തുവിനോട് വിശ്വസ്തതയോടെ ചേര്‍ന്നുനില്ക്കാനും
സഭയില്‍ എല്ലാവരുടെയും രക്ഷയ്ക്കായി അധ്വാനിക്കാനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️