Thursday of week 15 in Ordinary Time / Saint Camillus of Lellis

🔥 🔥 🔥 🔥 🔥 🔥 🔥

14 Jul 2022

Thursday of week 15 in Ordinary Time 
or Saint Camillus of Lellis, Priest 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വഴിതെറ്റിയവര്‍
നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്
അങ്ങേ സത്യത്തിന്റെ പ്രകാശം
അവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.
ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാം
ആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനും
അനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 26:7-9,12,16-19
പൂഴിയില്‍ ശയിക്കുന്നവരേ, ഉണര്‍ന്നു സന്തോഷകീര്‍ത്തനം ആലപിക്കുവിന്‍.

നീതിമാന്റെ മാര്‍ഗം നിരപ്പുള്ളതാണ്; അവിടുന്ന് അതിനെ മിനുസമുളളതാക്കുന്നു. കര്‍ത്താവേ, അങ്ങേ നിയമത്തിന്റെ പാതയില്‍ ഞങ്ങള്‍ അങ്ങയെ കാത്തിരിക്കുന്നു; അങ്ങേ നാമവും അങ്ങേ ഓര്‍മയുമാണ് ഞങ്ങളുടെ ഹൃദയാഭിലാഷം. രാത്രിയില്‍ എന്റെ ഹൃദയം അങ്ങേക്കുവേണ്ടി ദാഹിക്കുന്നു, എന്റെ ആത്മാവ് അങ്ങയെ തേടുന്നു. എന്തെന്നാല്‍, അങ്ങേ കല്‍പന ഭൂമിയില്‍ ഭരണം നടത്തുമ്പോള്‍ ഭൂവാസികള്‍ നീതി അഭ്യസിക്കുന്നു. കര്‍ത്താവേ, അങ്ങ് ഞങ്ങള്‍ക്കു സമാധാനം നല്‍കുന്നു; ഞങ്ങളുടെ പ്രവൃത്തികള്‍ യഥാര്‍ഥത്തില്‍ അങ്ങാണല്ലോ ചെയ്യുന്നത്.
കര്‍ത്താവേ, കഷ്ടതകള്‍ വന്നപ്പോള്‍ അവര്‍ അങ്ങയെ അന്വേഷിച്ചു: അങ്ങേ ശിക്ഷ തങ്ങളുടെ മേല്‍ പതിച്ചപ്പോള്‍ അവര്‍ അങ്ങയോടു പ്രാര്‍ഥിച്ചു. കര്‍ത്താവേ, ഗര്‍ഭിണി പ്രസവമടുക്കുമ്പോള്‍ വേദനകൊണ്ടു കരയുന്നതുപോലെ ഞങ്ങള്‍ അങ്ങേക്കു വേണ്ടി വേദനിച്ചു കരഞ്ഞു. ഞങ്ങളും ഗര്‍ഭം ധരിച്ച് വേദനയോടെ പ്രസവിച്ചു. എന്നാല്‍ കാറ്റിനെ പ്രസവിക്കുന്നതു പോലെയായിരുന്നു അത്. ദേശത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല; ഭൂമിയില്‍ വസിക്കാന്‍ ഇനി ആരും ജനിക്കുകയില്ല. അങ്ങേ മരിച്ചവര്‍ ജീവിക്കും; അവരുടെ ശരീരം ഉയിര്‍ത്തെഴുന്നേല്‍ക്കും. പൂഴിയില്‍ ശയിക്കുന്നവരേ, ഉണര്‍ന്നു സന്തോഷകീര്‍ത്തനം ആലപിക്കുവിന്‍! അങ്ങേ ഹിമകണം പ്രകാശം ചൊരിയുന്ന തുഷാരബിന്ദുവാണ്. നിഴലുകളുടെ താഴ്‌വരയില്‍ അങ്ങ് അതു വര്‍ഷിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 102:12-13,15-17,18,20b

സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.

കര്‍ത്താവേ, അങ്ങ് എന്നേക്കും സിംഹാസനസ്ഥനാണ്;
അങ്ങേ നാമം തലമുറകളോളം നിലനില്‍ക്കുന്നു.
അവിടുന്ന് എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും;
അവളോടു കൃപ കാണിക്കേണ്ട കാലമാണിത്;
നിശ്ചയിക്കപ്പെട്ട സമയം വന്നുചേര്‍ന്നിരിക്കുന്നു.

സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.

ജനതകള്‍ കര്‍ത്താവിന്റെ നാമത്തെ ഭയപ്പെടും;
ഭൂമിയിലെ രാജാക്കന്മാര്‍ അങ്ങേ മഹത്വത്തെയും.
കര്‍ത്താവു സീയോനെ പണിതുയര്‍ത്തും;
അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.
അഗതികളുടെ പ്രാര്‍ഥന അവിടുന്നു പരിഗണിക്കും;
അവരുടെ യാചനകള്‍ നിരസിക്കുകയില്ല.

സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.

ഭാവിതലമുറയ്ക്കു വേണ്ടി,
ഇനിയും ജനിച്ചിട്ടില്ലാത്ത ജനം
അവിടുത്തെ സ്തുതിക്കാന്‍വേണ്ടി,
ഇത് ആലേഖനം ചെയ്യപ്പെടട്ടെ!
അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു
താഴേക്കു നോക്കി;
സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.

സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

എൻ്റെ ആത്മാവു കർത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മത്താ 11:28-30
ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമത്രേ.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കേണപേക്ഷിക്കുന്ന
സഭയുടെ കാണിക്കകള്‍ കടാക്ഷിക്കുകയും
അവയുടെ സ്വീകരണം
വിശ്വാസികളുടെ വിശുദ്ധീകരണത്തിന്റെ വര്‍ധനയ്ക്ക്
ഇടയാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 84:3-4

ബലവാനായ കര്‍ത്താവേ,
എന്റെ രാജാവേ, എന്റെ ദൈവമേ,
കുരുകില്‍പക്ഷി ഒരു സങ്കേതവും
മീവല്‍പക്ഷി തന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഒരു കൂടും
അങ്ങേ അള്‍ത്താരയില്‍ കണ്ടെത്തുന്നുവല്ലോ.
എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

Or:
യോഹ 6:57

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും
എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍
എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ദിവ്യരഹസ്യത്തിലുള്ള പങ്കാളിത്തത്തോടൊപ്പം
ഞങ്ങളുടെ രക്ഷയുടെ ഫലവും വര്‍ധമാനമാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s