The Book of Judges, Chapter 6 | ന്യായാധിപന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 6

ഗിദെയോന്‍

1 ഇസ്രായേല്‍ജനം കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മചെയ്തു. കര്‍ത്താവ് അവരെ ഏഴു വര്‍ഷത്തേക്ക് മിദിയാന്‍കാരുടെകൈയില്‍ ഏല്‍പിച്ചുകൊടുത്തു.2 മിദിയാന്‍കാരുടെ കരം ഇസ്രായേലിന്റെ മേല്‍ ശക്തിപ്പെട്ടു. അവരെ ഭയന്ന് ഇസ്രായേല്‍ജനം പര്‍വതങ്ങളില്‍ മാളങ്ങളും ഗുഹകളും ദുര്‍ഗങ്ങളും നിര്‍മിച്ചു.3 ഇസ്രായേല്‍ക്കാര്‍ വിത്തു വിതച്ചുകഴിയുമ്പോള്‍ മിദിയാന്‍കാരും അമലേ ക്യരും പൗരസ്ത്യരും വന്ന് അവരെ ആക്രമിച്ചിരുന്നു.4 അവര്‍ ഇസ്രായേലിനെതിരായി താവളമടിച്ച് ഗാസായുടെ പരിസരപ്രദേശംവരെയുള്ള വിളവെല്ലാം നശിപ്പിച്ചിരുന്നു. ഇസ്രായേലില്‍ ജീവസന്ധാരണത്തിന് ആടോ മാടോ കഴുതയോ ശേഷിച്ചില്ല.5 അവര്‍ കന്നുകാലികളിലും കൂടാരസാമഗ്രികളിലും ആയി വെട്ടുകിളികളെപ്പോലെ സംഖ്യാതീതമായി വന്നുകൂടി. അവരും അവരുടെ ഒട്ടകങ്ങളും എണ്ണമറ്റവയായിരുന്നു. അങ്ങനെ അവര്‍ വരുന്നതോടെ ദേശം ശൂന്യമാകും.6 മിദിയാന്‍ നിമിത്തം ഇസ്രായേല്‍ വളരെ ശോഷിച്ചു. അപ്പോള്‍ ഇസ്രായേല്‍ജനം കര്‍ത്താവിനോടു സഹായത്തിനു നിലവിളിച്ചു.7 ഇസ്രായേല്‍ജനം മിദിയാന്‍കാര്‍ നിമിത്തം കര്‍ത്താവിനോടു നിലവിളിച്ചു. അപ്പോള്‍ ഇസ്രായേലിന് അവിടുന്ന് ഒരു പ്രവാചകനെ അയച്ചു.8 അവന്‍ അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഈജിപ്തില്‍നിന്ന്, ദാസ്യഭവനത്തില്‍നിന്ന്, നിങ്ങളെ ഞാന്‍ ഇറക്കിക്കൊണ്ടുവന്നു.9 ഈജിപ്തുകാരുടെയും പീഡകരുടെയും കൈയില്‍നിന്ന് നിങ്ങളെ ഞാന്‍ മോചിപ്പിച്ചു. നിങ്ങളുടെ മുന്‍പില്‍ അവരെ ഞാന്‍ തുരത്തി; അവരുടെ ദേശം നിങ്ങള്‍ക്കു തന്നു. ഞാന്‍ നിങ്ങളെ ഉദ്‌ബോധിപ്പിച്ചു:10 ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്. നിങ്ങള്‍ വസിക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്‍മാരെ നിങ്ങള്‍ വന്ദിക്കരുത്. എന്നാല്‍, എന്റെ വാക്ക് നിങ്ങള്‍ വകവച്ചില്ല.11 അന്നൊരിക്കല്‍ കര്‍ത്താവിന്റെ ദൂതന്‍ ഓഫ്രായില്‍വന്ന് അബിയേസര്‍ വംശജനായ യോവാഷിന്റെ ഓക്കുമരത്തിന്‍കീഴില്‍ ഇരുന്നു. യോവാഷിന്റെ പുത്രന്‍ ഗിദെയോന്‍മിദിയാന്‍കാര്‍ കാണാതിരിക്കാന്‍വേണ്ടി മുന്തിരിച്ചക്കില്‍ ഗോതമ്പു മെതിക്കുകയായിരുന്നു.12 കര്‍ത്താവിന്റെ ദൂതന്‍ അവനുപ്രത്യക്ഷപ്പെട്ടു പറഞ്ഞു: ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവ് നിന്നോടുകൂടെ. ഗിദെയോന്‍ ചോദിച്ചു:13 പ്രഭോ, കര്‍ത്താവ് ഞങ്ങളോടുകൂടെ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇതെല്ലാം ഞങ്ങള്‍ക്കു സംഭവിക്കുന്നത്? ഈജിപ്തില്‍ നിന്നു കര്‍ത്താവ് ഞങ്ങളെ കൊണ്ടുവന്നില്ലയോ എന്നു പറഞ്ഞുകൊണ്ട് ഞങ്ങളുടെ പൂര്‍വികന്‍മാര്‍ വിവരിച്ചുതന്ന അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ എവിടെ? എന്നാല്‍, ഇപ്പോള്‍ കര്‍ത്താവ് ഞങ്ങളെ ഉപേക്ഷിച്ച് മിദിയാന്‍കാരുടെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു.14 കര്‍ത്താവ് അവന്റെ നേരേ തിരിഞ്ഞു പറഞ്ഞു: നിന്റെ സര്‍വശക്തിയോടുംകൂടെ പോയി ഇസ്രായേ ല്യരെ മിദിയാന്‍കാരുടെ കൈയില്‍നിന്നു മോചിപ്പിക്കുക. ഞാനാണ് നിന്നെ അയയ്ക്കുന്നത്.15 ഗിദെയോന്‍ പറഞ്ഞു: അയ്യോ, കര്‍ത്താവേ! ഇസ്രായേലിനെ രക്ഷിക്കാന്‍ എനിക്കെങ്ങനെ കഴിയും? മനാസ്‌സെയുടെ ഗോത്രത്തില്‍ എന്റെ വംശം ഏറ്റവും ദുര്‍ബ ലമാണ്. എന്റെ കുടുംബത്തില്‍ ഏറ്റവും നിസ്‌സാരനുമാണ് ഞാന്‍.16 കര്‍ത്താവ് അവനോടു പറഞ്ഞു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഒറ്റയാളെയെന്നപോലെ മിദിയാന്‍കാരെ നീ നിഗ്രഹിക്കും.17 അവന്‍ പറഞ്ഞു: അവിടുന്ന് എന്നില്‍ സംപ്രീതനാണെങ്കില്‍, അവിടുന്നാണ് എന്നോടു സംസാരിക്കുന്നത് എന്നതിന് ഒരടയാളം തരണം.18 ഞാന്‍ തിരിച്ചു വരുന്നതുവരെ അങ്ങ് ഇവിടെനിന്നുപോകരുതേ! ഞാന്‍ എന്റെ കാഴ്ച തിരുമുന്‍പില്‍ കൊണ്ടുവരട്ടെ. അവിടുന്നു പറഞ്ഞു: നീ തിരിച്ചു വരുന്നതുവരെ ഞാന്‍ കാത്തിരിക്കാം.19 ഗിദെയോന്‍ വീട്ടില്‍പ്പോയി ഒരാട്ടിന്‍കുട്ടിയെ പാകം ചെയ്തു. ഒരു ഏ ഫാ മാവുകൊണ്ട് പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. മാംസം ഒരു കുട്ടയിലും ചാറ് ഒരു പാത്രത്തിലും ആക്കി ഓക്കുമരത്തിന്‍കീഴില്‍ കൊണ്ടുവന്ന് അവനു കാഴ്ചവച്ചു.20 ദൈവ ദൂതന്‍ പറഞ്ഞു: ഇറച്ചിയും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ഈ പാറമേല്‍ വയ്ക്കുക, ചാറ് അതിന്‍മേല്‍ ഒഴിക്കുക. അവന്‍ അങ്ങനെ ചെയ്തു.21 അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ കൈയിലിരുന്ന വടിയുടെ അഗ്രംകൊണ്ട് ഇറച്ചിയും പുളിപ്പില്ലാത്ത അപ്പവുംതൊട്ടു. പാറയില്‍നിന്ന് തീ ഉയര്‍ന്ന് മാംസവും അപ്പവും ദഹിപ്പിച്ചു. ദൂതന്‍ അവന്റെ ദൃഷ്ടിയില്‍നിന്നു മറഞ്ഞു.22 അത് കര്‍ത്താവിന്റെ ദൂതനായിരുന്നുവെന്ന് ഗിദെയോന് അപ്പോള്‍ മനസ്‌സിലായി; അവന്‍ പറഞ്ഞു:ദൈവമായ കര്‍ത്താവേ, ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദൂതനെ മുഖത്തോടു മുഖം കണ്ടിരിക്കുന്നു.23 കര്‍ത്താവ് പറഞ്ഞു: സമാധാനമായിരിക്കുക, ഭയപ്പെടേണ്ടാ, നീ മരിക്കുകയില്ല.24 ഗിദെയോന്‍ കര്‍ത്താവിന് ഒരു ബലിപീഠം പണിതു. അതിന്‌യാഹ്‌വേ – ഷലോം എന്നു പേരിട്ടു. അബിയേസര്‍വംശജരുടെ ഓഫ്രായില്‍ അത് ഇന്നും ഉണ്ട്.25 ആ രാത്രി കര്‍ത്താവ് അവനോടു കല്‍പിച്ചു: നിന്റെ പിതാവിന്റെ ഏഴുവയസ്‌സുള്ള രണ്ടാമത്തെ കാളയെ കൊണ്ടുവരുക. അവന്‍ ഉണ്ടാക്കിയിട്ടുള്ള ബാലിന്റെ യാഗ പീഠം ഇടിച്ചു നിരത്തുകയും അതിന്റെ സമീപത്തുള്ള അഷേരാപ്രതിഷ്ഠവെട്ടി വീഴ്ത്തുകയും ചെയ്യുക.26 ഈ ദുര്‍ഗത്തിന്റെ മുകളില്‍ കല്ലുകള്‍യഥാക്രമം അടുക്കി നിന്റെ ദൈവമായ കര്‍ത്താവിന് ഒരു ബലിപീഠം പണിയുക. വെട്ടിവീഴ്ത്തിയ അഷേരാപ്രതിഷ്ഠയുടെ തടി കത്തിച്ച് ആ രണ്ടാമത്തെ കാളയെ ദഹനബലിയായി അര്‍പ്പിക്കുക.27 ഗിദെയോന്‍ വേലക്കാരില്‍ പത്തുപേരെയും കൂട്ടി, പോയി കര്‍ത്താവ് പറഞ്ഞതുപോലെ ചെയ്തു. എന്നാല്‍, അവന്റെ കുടുംബക്കാരെയും പട്ടണവാസികളെയും ഭയന്ന് പകലല്ല രാത്രിയാണ് അത് ചെയ്തത്.28 അതിരാവിലെ പട്ടണവാസികള്‍ ഉണര്‍ന്നപ്പോള്‍ ബാലിന്റെ യാഗപീഠം തകര്‍ത്തിരിക്കുന്നതും, അടുത്തുണ്ടായിരുന്ന അഷേരാപ്രതിഷ്ഠനശിപ്പിച്ചിരിക്കുന്നതും പുതിയതായി പണിത ബലിപീഠത്തിന്‍മേല്‍ രണ്ടാമത്തെ കാളയെ അര്‍പ്പിച്ചിരിക്കുന്നതും കണ്ടു.29 ആരാണിതുചെയ്തത്? അവര്‍ പരസ്പരം ചോദിച്ചു. അന്വേഷണത്തില്‍ യോവാഷിന്റെ പുത്രനായ ഗിദെയോനാണ് അത് ചെയ്തത് എന്നു തെളിഞ്ഞു.30 അപ്പോള്‍ പട്ടണവാസികള്‍ യോവാഷിനോടു പറഞ്ഞു: നിന്റെ മകന്‍ ബാലിന്റെ യാഗപീഠം ഇടിച്ചു നശിപ്പിച്ചു; അടുത്തുള്ള അഷേരായെ വെട്ടിവീഴത്തി; അവനെ ഇവിടെ കൊണ്ടുവരുക, അവന്‍ മരിക്കണം.31 തനിക്കെതിരായി അണിനിരന്നവരോട് യോവാഷ് ചോദിച്ചു: നിങ്ങള്‍ ബാലിനുവേണ്ടി പേരാടുന്നുവോ? അവനുവേണ്ടി നില്‍ക്കുന്നവരെല്ലാം പ്രഭാതത്തോടെ വധിക്കപ്പെടും. അവന്‍ ദൈവമാണെങ്കില്‍ സ്വയം പോരാടട്ടെ. അവന്റെ യാഗപീഠമല്ലേ നശിപ്പിക്കപ്പെട്ടിരിക്കുന്നത്?32 അവന്‍ ബാലിന്റെ യാഗപീഠം ഇടിച്ചു കളഞ്ഞതിനാല്‍ ബാല്‍തന്നെ അവനെതിരായി മത്‌സരിക്കട്ടെ എന്നര്‍ഥമുള്ള ജറുബ്ബാല്‍ എന്ന് അവനു പേരുലഭിച്ചു.33 മിദിയാന്‍കാരും അമലേക്യരും പൗര സ്ത്യരും ഒന്നിച്ചുകൂടി, ജോര്‍ദാന്‍ കടന്ന് ജസ്രേല്‍ താഴ്‌വരയില്‍ താവളമടിച്ചു.34 കര്‍ത്താവിന്റെ ആത്മാവു ഗിദെയോനില്‍ ആ വസിച്ചു. അവന്‍ കാഹളം ഊതി; തന്നെ പിന്തുടരുവാന്‍ അബിയേസര്‍ വംശജരെ ആഹ്വാനം ചെയ്തു.35 മനാസ്‌സെഗോത്രത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അവന്‍ സന്‌ദേശവാഹകരെ അയച്ചു, തന്നോടു ചേരാന്‍ അവരെ വിളിച്ചു. അങ്ങനെതന്നെ ആഷേര്‍, സെബുലൂണ്‍, നഫ്താലി എന്നീഗോത്രങ്ങളിലേക്കും സന്‌ദേശവാഹകരെ അയച്ചു; അവരും വന്നു ചേര്‍ന്നു.36 അപ്പോള്‍ ഗിദെയോന്‍ ദൈവത്തോടു ചോദിച്ചു: അങ്ങു പറഞ്ഞതുപോലെ ഇസ്രായേലിനെ എന്റെ കൈയാല്‍ അങ്ങ് വീണ്ടെടുക്കുമെങ്കില്‍37 ഇ താ, ആട്ടിന്‍രോമം കൊണ്ടുള്ള ഒരു വസ്ത്രം ഞാന്‍ കളത്തില്‍ വിരിക്കുന്നു. അതില്‍ മാത്രം മഞ്ഞു കാണപ്പെടുകയും കളം മുഴുവന്‍ ഉണങ്ങിയിരിക്കുകയും ചെയ്താല്‍, അങ്ങു പറഞ്ഞതുപോലെ എന്റെ കൈകൊണ്ട് ഇസ്രായേലിനെ അങ്ങു വീണ്ടെടുക്കുമെന്ന് ഞാന്‍ മനസ്‌സിലാക്കും.38 അങ്ങനെ തന്നെ സംഭവിച്ചു. അതിരാവിലെ അവന്‍ എഴുന്നേറ്റ് വസ്ത്രം പിഴിഞ്ഞ് ഒരു പാത്രം നിറയെ വെള്ളമെടുത്തു.39 അപ്പോള്‍ ഗിദെയോന്‍ ദൈവത്തോടു പറഞ്ഞു: അങ്ങയുടെ കോപം എന്റെ നേരേ ജ്വലിക്കരുതേ! ഒരിക്കല്‍കൂടി ഞാന്‍ പറഞ്ഞുകൊള്ളട്ടെ! ഒരു പ്രാവശ്യംകൂടി രോമവസ്ത്രംകൊണ്ട് ഞാന്‍ പരീക്ഷണം നടത്തട്ടെ. അത് ഉണങ്ങിയും നിലം മുഴുവനും മഞ്ഞുതുള്ളി വീണതായും കാണട്ടെ.40 ദൈവം ആ രാത്രിയില്‍ അങ്ങനെതന്നെചെയ്തു. വസ്ത്രം മാത്രം ഉണങ്ങിയും നിലം മുഴുവനും മഞ്ഞുകൊണ്ട് നനഞ്ഞുമിരുന്നു.

Advertisements

The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Samson
Advertisements
Advertisements
Advertisements

Leave a comment