The Book of 2 Samuel, Chapter 12 | 2 സാമുവൽ, അദ്ധ്യായം 12 | Malayalam Bible | POC Translation

Advertisements

2 സാമുവൽ, അദ്ധ്യായം 12

നാഥാന്‍ ദാവീദിനെ കുറ്റപ്പെടുത്തുന്നു

1 കര്‍ത്താവ് നാഥാന്‍ പ്രവാചകനെ ദാവീദിന്റെ അടുക്കലേക്കയച്ചു. അവന്‍ രാജാവിനോടു പറഞ്ഞു: ഒരു നഗരത്തില്‍ രണ്ടാളുകളുണ്ടായിരുന്നു; ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനും.2 ധനവാനു വളരെയധികം ആടുമാടുകളുണ്ടായിരുന്നു.3 ദരിദ്രനോ താന്‍ വിലയ്ക്കു വാങ്ങിയ ഒരു പെണ്ണാട്ടിന്‍കുട്ടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്‍ അതിനെ വളര്‍ത്തി. അത് അവന്റെ കുട്ടികളോടൊപ്പം വളര്‍ന്നു. അവന്റെ ഭക്ഷണത്തില്‍നിന്ന് അതു തിന്നു; അവന്റെ പാനീയത്തില്‍നിന്ന് അതു കുടിച്ചു; അത് അവന്റെ മടിയില്‍ ഉറങ്ങി; അത് അവനു മകളെപ്പോലെയായിരുന്നു.4 അങ്ങനെയിരിക്കേ, ധനവാന്റെ ഭവനത്തില്‍ ഒരുയാത്രക്കാരന്‍ വന്നു. അവനുവേണ്ടി സ്വന്തം ആടുകളിലൊന്നിനെ കൊന്നു ഭക്ഷണമൊരുക്കാന്‍ ധനവാനു മനസ്‌സില്ലായിരുന്നു. അവന്‍ ദരിദ്രന്റെ ആട്ടിന്‍കുട്ടിയെ പിടിച്ചു തന്റെ അതിഥിക്കു ഭക്ഷണമൊരുക്കി.5 ഇതു കേട്ടപ്പോള്‍ ക്രുദ്ധനായി ദാവീദ് പറഞ്ഞു: കര്‍ത്താവാണേ, ഇതു ചെയ്തവന്‍ മരിക്കണം.6 അവന്‍ നിര്‍ദയം ഇതു ചെയ്തതുകൊണ്ട് നാലുമടങ്ങു മടക്കിക്കൊടുക്കണം.7 നാഥാന്‍ പറഞ്ഞു: ആ മനുഷ്യന്‍ നീ തന്നെ. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു. സാവൂളില്‍നിന്നു നിന്നെ രക്ഷിച്ചു.8 നിന്റെ യജമാനന്റെ ഭവനം നിനക്കു നല്‍കി; അവന്റെ ഭാര്യമാരെയും നിനക്കു തന്നു. നിന്നെ ഇസ്രായേലിന്റെയും യൂദായുടെയും രാജാവാക്കി. ഇതുകൊണ്ടു തൃപ്തിയായില്ലെങ്കില്‍ ഇനിയും അധികം നല്‍കുമായിരുന്നു.9 പിന്നെ, എന്തുകൊണ്ട് നീ എന്നെ അനുസരിക്കാതെ, എന്റെ മുന്‍പാകെ ഈ തിന്‍മ ചെയ്തു? അമ്മോന്യരുടെ വാള്‍കൊണ്ട് ഹിത്യനായ ഊറിയായെ നീ കൊല്ലിച്ചു; അവന്റെ ഭാര്യയെ നീ അപഹരിച്ചു.10 എന്നെ നിരസിച്ച് ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല.11 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവ നത്തില്‍നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കും. നിന്റെ കണ്‍മുന്‍പില്‍വച്ച് ഞാന്‍ നിന്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ ഇതു രഹസ്യമായിച്ചെയ്തു.12 ഞാനിതു ഇസ്രായേലിന്റെ മുഴുവന്‍മുന്‍പില്‍ വച്ച് പട്ടാപ്പകല്‍ ചെയ്യിക്കും.

ദാവീദ് അനുതപിക്കുന്നു

13 ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്തു പോയി, ദാവീദു പറഞ്ഞു. നാഥാന്‍ പറഞ്ഞു: കര്‍ത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.14 എങ്കിലും, ഈ പ്രവൃത്തികൊണ്ടു നീ കര്‍ത്താവിനെ അവഹേളിച്ചതിനാല്‍, നിന്റെ കുഞ്ഞു മരിച്ചുപോകും.15 നാഥാന്‍ വീട്ടിലേക്കു മടങ്ങി. ഊറിയായുടെ ഭാര്യ പ്രസവിച്ച ദാവീദിന്റെ കുഞ്ഞിനു കര്‍ത്താവിന്റെ പ്രഹരമേറ്റു. അതിനു രോഗം പിടിപെട്ടു.16 കുഞ്ഞിനുവേണ്ടി ദാവീദ് ദൈവത്തോടു പ്രാര്‍ഥിച്ചു. അവന്‍ ഉപവസിച്ചു. രാത്രിമുഴുവന്‍ മുറിയില്‍ നിലത്തുകിടന്നു.17 കൊട്ടാരത്തിലെ ശ്രേഷ്ഠന്‍മാര്‍ അവനെ നിലത്തുനിന്ന് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു; അവന്‍ അതു കൂട്ടാക്കിയില്ല; അവരോടൊത്തു ഭക്ഷണം കഴിച്ചുമില്ല. ഏഴാംദിവസം കുഞ്ഞു മരിച്ചു.18 ദാവീദിനോടു വിവരം പറയാന്‍ സേവകന്‍മാര്‍ ഭയപ്പെട്ടു. അവര്‍ തമ്മില്‍പറഞ്ഞു: കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍പോലും നാം പറഞ്ഞത് അവന്‍ ശ്രദ്ധിച്ചില്ല. കുഞ്ഞു മരിച്ചെന്ന് നാം എങ്ങനെ അറിയിക്കും? അവന്‍ വല്ല സാഹസവും കാണിക്കും.19 സേവകന്‍മാര്‍ അടക്കംപറയുന്നതു കണ്ടപ്പോള്‍ കുഞ്ഞു മരിച്ചെന്നു ദാവീദ് മനസ്‌സിലാക്കി. കുഞ്ഞു മരിച്ചുവോ? അവന്‍ തിരക്കി. ഉവ്വ്, കുട്ടി മരിച്ചു, അവര്‍ പറഞ്ഞു.20 അപ്പോള്‍ ദാവീദ് തറയില്‍ നിന്നെഴുന്നേറ്റു കുളിച്ച് തൈലം പൂശി വസ്ത്രം മാറി, ദേവാലയത്തില്‍ച്ചെന്ന് ആരാധിച്ചു. കൊട്ടാരത്തില്‍ തിരിച്ചെത്തി ഭക്ഷണം ചോദിച്ചു. അവര്‍ വിളമ്പി. അവന്‍ ഭക്ഷിച്ചു.21 ദാവീദിന്റെ ദാസന്‍മാര്‍ ചോദിച്ചു: ഈ ചെയ്തതെന്ത്? കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ അങ്ങ് ഉപവസിച്ചു കരഞ്ഞു; കുട്ടി മരിച്ചപ്പോഴാകട്ടെ അങ്ങ് എഴുന്നേറ്റു ഭക്ഷിച്ചിരിക്കുന്നു.22 കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ ഉപവസിച്ചു കരഞ്ഞു; ശരിതന്നെ. കര്‍ത്താവ് കൃപതോന്നി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചെങ്കിലോ എന്നു ഞാന്‍ കരുതി.23 എന്നാല്‍, ഇപ്പോള്‍ അവന്‍ മരിച്ചിരിക്കുന്നു. ഇനി ഞാന്‍ ഉപവസിക്കുന്നതെന്തിന്? കുഞ്ഞിനെ എനിക്കു വീണ്ടും ജീവിപ്പിക്കാനാവുമോ? ഞാന്‍ അവന്റെയടുക്കല്‍ ചെല്ലുകയല്ലാതെ അവന്‍ എന്റെയടുക്കലേക്കു വരികയില്ല.24 പിന്നെ, ദാവീദ്, തന്റെ ഭാര്യ ബെത്‌ഷെബായെ ആശ്വസിപ്പിച്ചു. അവന്‍ അവളെ പ്രാപിച്ചു. അവള്‍ ഒരു മകനെ പ്രസവിച്ചു. ദാവീദ് അവനു സോളമന്‍ എന്നു പേരിട്ടു. കര്‍ത്താവ് അവനെ സ്‌നേഹിച്ചു.25 നാഥാന്‍ കര്‍ത്താവിന്റെ നിര്‍ദേശമനുസരിച്ച് അവനു യദീദിയ എന്നു പേരിട്ടു.26 യോവാബ് അമ്മോന്യരുടെ റബ്ബാ ആക്രമിച്ചു രാജകീയപട്ടണം പിടിച്ചെടുത്തു.27 അവന്‍ ദൂതന്‍മാരെ അയച്ച് ദാവീദിനോട് പറഞ്ഞു: ഞാന്‍ റബ്ബാ ആക്രമിച്ച് അവിടത്തെ ജലസംഭരണികള്‍ കൈവശപ്പെടുത്തിയിരിക്കുന്നു.28 ബാക്കി സൈന്യത്തെനയിച്ച് നഗരം വളഞ്ഞ് നീ തന്നെ അതു പിടിച്ച ടക്കുക. അല്ലെങ്കില്‍, നഗരം ഞാന്‍ പിടിച്ചടക്കുകയും അത് എന്റെ പേരില്‍ അറിയപ്പെടാന്‍ ഇടയാവുകയും ചെയ്യുമല്ലോ.29 അതു കൊണ്ട്, ദാവീദ് സൈന്യത്തെനയിച്ച് റബ്ബായിലെത്തി, നഗരം പിടിച്ചടക്കി.30 അവന്‍ അവരുടെ രാജാവിന്റെ കിരീടം തലയില്‍നിന്നെടുത്തു. ഒരു താലന്തു സ്വര്‍ണംകൊണ്ടുള്ളതായിരുന്നു അത്. ഒരു രത്‌നവും അതില്‍ പതിച്ചിരുന്നു. ദാവീദ് ആ കിരീടം അണിഞ്ഞു. അവന്‍ പട്ടണത്തില്‍നിന്നു ധാരാളം കൊള്ളവസ്തുക്കളും കൊണ്ടുപോന്നു.31 നഗരവാസികളെയും അവന്‍ കൊണ്ടുവന്നു. അറക്കവാള്‍, മണ്‍വെട്ടി,കോടാലി എന്നിവകൊണ്ട് പണിയെടുപ്പിച്ചു. ഇഷ്ടികച്ചൂളയിലും അവരെ ജോലിക്കാക്കി. മറ്റ് അമ്മോന്യനഗരങ്ങളോടും ദാവീദ് ഇങ്ങനെ ചെയ്തു. അതിനുശേഷം ദാവീദും ആളുകളും ജറുസലേമിലേക്കു മടങ്ങിപ്പോന്നു.

Advertisements

The Book of 2 Samuel | 2 സാമുവൽ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Samuel 6
Advertisements
2 Samuel 18
Advertisements
Advertisements

Leave a comment