Mar Joseph Powathil Passes Away

ചങ്ങനാശേരി: ചങ്ങനാശേരി ആർച്ച് ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പൗവ്വത്തിൽ (92) കാലം ചെയ്തു. ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.17 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.

കേരള സഭയുടെ ഉറച്ചശബ്ദവും ഇന്‍റർ ചർച്ച് കൗൺസിലിന്‍റെ ഉപജ്ഞാതാവും വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളുടെ മുന്നണി പോരാളിയുമായിരുന്നു മാർ ജോസഫ് പൗവ്വത്തിൽ. സിബിസിഐയുടെയും കെസിബിസിയുടെയും മുൻ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1930 ഓഗസ്റ്റ് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശേരി കുറുമ്പനാടം പൗവ്വത്തിൽ വീട്ടിൽ പി.ജെ. ജോസഫ് എന്ന ജോസഫ് പൗവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 1962 ഒക്ടോബർ മൂന്നിന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.

1962 മുതൽ ഒരു ദശാബ്ദക്കാലം ചങ്ങനാശേരി എസ്ബി കോളജിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹം. 1972 ഫെബ്രുവരി 13ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി അഭിഷിക്തനായി.

1985 നവംബർ അഞ്ചിന് ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. മാർ ജോസഫിനു മുൻപ് മാർ ആന്‍റണി പടിയറയായിരുന്നു ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത. 2007-ല്‍ അതിരൂപത ഭരണത്തില്‍ നിന്ന് വിരമിച്ചു.

ആർച്ച്ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പവ്വത്തിലിന്‍റെ കബറടക്കം ബുധനാഴ്ച രാവിലെ പത്തിന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

ചൊവ്വാഴ്ച പുലർച്ചെ ആറിന് ഭൗതിക ശരീരം ചങ്ങനാശേരി ആർച്ച്ബിഷപ് ഹൗസിൽ എത്തിക്കും. തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം രാവിലെ ഒൻപതോടെ ഭൗതിക ശരീരം വിലാപയാത്രയായി സെന്‍റ് മേരീസ് മെത്രാപോലീത്തൻ പള്ളിയിൽ കൊണ്ടുവരും. ഇവിടെ പൊതുദർശനത്തിന് അവസരമുണ്ടാകും.

ബുധനാഴ്ച രാവിലെ ഒൻപതിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. പത്തിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാകും ശുശ്രൂഷകൾ നടക്കുക.

Source : Deepika News

മാർ ജോസഫ് പൗവ്വത്തിൽ
 • ജനനം 1930 ഓഗസ്റ്റ് 14, കുറുന്പനാടം പവ്വത്തിൽ കുടുംബം
 • വിദ്യാഭ്യാസം എസ്ബി കോളജ് ചങ്ങനാശേരി, ലയോള
  കോളജ് മദ്രാസ്
 • പൗരോഹിത്യം 1962 ഒക്ടോബർ മൂന്ന് പൂനെ
 • അധ്യാപകൻ എസ്ബി കോളജ് ചങ്ങനാശേരി (1963 – 1972)
 • ഉന്നതവിദ്യാഭ്യാസം ഓക്സ്ഫോർഡ് യൂണിവേ
  ഴ്സിറ്റി, ഇംഗ്ലണ്ട് (1969 – 1970)
 • മെത്രാഭിഷേകം 1972 ഫെബ്രുവരി 13
 • ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ (1972 –
  1977)
 • കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ (1977 – 1985)
 • ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ (1985 –
  2007)
 • ചെയർമാൻ, ഇന്‍റർചർച്ച് കൗണ്‍സിൽ (1990 – 2013)
 • ഓർത്തഡോക്സ് സഭയുമായുള്ള സഭൈക്യ ചർച്ചുകളിലെ
  പൊന്തിഫിക്കൽ കമ്മീഷനംഗം (1993 – 2007)
 • സീറോ-മലബാർ സഭ പെർമനന്‍റ് സിനഡ് അംഗം (1993 –
  2007)
 • ചെയർമാൻ, കെസിബിസി (1993 – 1996)
 • പ്രസിഡന്‍റ്, സിബിസിഐ(1994 -1998)
 • വിശ്രമജീവിതം ചങ്ങനാശേരി അരമന (2007 മുതൽ).
Advertisements

പോൾ ആറാമൻ മാർപാപ്പായിൽനിന്ന് 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ വച്ചായിരുന്നു മാർ ജോസഫ് പവ്വത്തിലിന്‍റെ മെത്രാഭിഷേകം. ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിച്ച അറിയിപ്പ് അന്നത്തെ വത്തിക്കാൻ ന്യുണ്‍ഷ്യോ വഴിയാണ് ലഭിച്ചത്.

ഇതനുസരിച്ചു ചങ്ങനാശേരിയിൽ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾക്ക് അതിരൂപത കേന്ദ്രം ആലോചന തുടങ്ങി. ഇതിനിടയിൽ മെത്രാഭിഷേകം വത്തിക്കാനിലായിരിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള റോമിൽനിന്നുള്ള അറിയിപ്പ് ന്യുണ്‍ഷ്യോ വഴി ചങ്ങനാശേരി അരമനയിലേക്കു കൈമാറി.

തമിഴ്നാട്ടിൽനിന്നുള്ള ഫാ. അരുളപ്പ ഉൾപ്പെടെ 18 പേർ മാർ ജോസഫ് പവ്വത്തിലിനൊപ്പം റോമിൽ അന്നു മെത്രാൻമാരായി അഭിഷിക്തരായി. കർദിനാൾ ഡോ.ലൂർദ് സ്വാമിയാണ് അനുമോദന പ്രസംഗം നടത്തിയത്. ഇംഗ്ലണ്ടിൽ അക്കാലത്തു ജോലിയിലായിരുന്ന സഹോദരൻ ഡോ. ജോണ്‍ പവ്വത്തിലും ഭാര്യയും ചടങ്ങിൽ സംബന്ധിച്ചു.

പോൾ ആറാമൻ പാപ്പയുമായി എക്കാലവും അദ്ദേഹം ആത്മബന്ധം പുലർത്തിയിരുന്നു. ആദ്യമായി ഇന്ത്യ സന്ദർശിച്ച മാർപാപ്പ പോൾ ആറാമനാണ്. മാർപാപ്പ 1964-ൽ മുംബൈ എത്തിയപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാൻ കൊച്ചിയിൽ നിന്നും കപ്പൽ മാർഗമാണ് അദ്ദേഹം മുംബൈയിൽ എത്തിയത്.

Advertisements
Advertisements

സമകാലിക വിഷയങ്ങളിൽ ശക്തവും ധീരവുമായ നിലപാടുകൾ എടുത്ത് സഭയെ മുന്നോട്ട് നയിച്ചിരുന്ന ഗുരുശ്രേഷ്ഠനായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ. കാര്യസാധ്യത്തിനായി നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ നെട്ടോട്ടമോടാനോ അദ്ദേഹം ഒരിക്കലും തയാറായിട്ടില്ല.

സഭയുടെ ശ്ലൈഹിക പാരമ്പര്യത്തിന്‍റെ സൂക്ഷിപ്പുകാരനും പൗരസ്ത്യ ആധ്യാത്മികതയുടെ പ്രയോക്താവുമായും അദ്ദേഹം അന്ത്യശ്വാസം വരെയും നിലകൊണ്ടു. കത്തോലിക്ക സഭയുടെ നാളേയ്ക്കു വേണ്ടിയുള്ള കാഴ്ചപ്പാടുകൾ നൽകിയുമാണ് മാർ ജോസഫ് പവ്വത്തിൽ നിത്യതയിലേക്ക് യാത്രയാകുന്നത്.

“സീറോ മലബാർ സഭയുടെ കിരീടം’ എന്നാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ മാർ ജോസഫ് പവ്വത്തിലിനെ വിശേഷിപ്പിച്ചത്. 2007ൽ വിശ്രമ ജീവിതത്തിലേക്ക് കടന്നെങ്കിലും പിന്നീടും കേരളത്തിന്‍റെ സാമൂഹ്യ-ആത്മീയ ചിന്താക്രമത്തില്‍ വഴികാട്ടിയായിരുന്നു മാർ പവ്വത്തിൽ.

ചങ്ങനാശേരി അതിരൂപതയില്‍ നിന്നു വിഭജിച്ച് 1977ല്‍ രൂപീകൃതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാൻ മാർ ജോസഫ് പവ്വത്തിലായിരുന്നു. തുടർന്നുള്ള എട്ടുവർഷക്കാലം 1985 വരെ രൂപതയെ മാർ ജോസഫ് പവ്വത്തിൽ നയിച്ചു.

കന്യാകുമാരി മുതല്‍ ഏറ്റുമാനൂര്‍ വരെയും ആലപ്പുഴ മുതല്‍ രാമക്കല്‍മേടു വരെയും ചങ്ങനാശേരി അതിരൂപത വിസ്തൃതമായിരുന്ന കാലത്താണ് 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്.

മാർ ജോസഫ് പവ്വത്തിലിന്‍റെ കാലത്ത് ആത്മീയ, ഭൗതിക മേഖലകളില്‍ രൂപത വന്‍ വളര്‍ച്ചയാണ് കൈവരിച്ചത്. പിന്നീട് ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി പവ്വത്തിൽ നിയമിതനായി.

Source : Deepika News

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s