🌹 🔥 🌹 🔥 🌹 🔥 🌹
25 Mar 2023
The Annunciation of the Lord – Solemnity
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അങ്ങേ വചനം കന്യകമറിയത്തിന്റെ ഉദരത്തില്‍
മനുഷ്യശരീരപ്രകൃതിയുടെ അന്തഃസത്ത
ഉള്‍ക്കൊള്ളാന്‍ അങ്ങ് തിരുമനസ്സായല്ലോ.
അങ്ങനെ, ഞങ്ങളുടെ രക്ഷകനെ
ദൈവവും മനുഷ്യനുമായി പ്രഖ്യാപിക്കുന്ന ഞങ്ങളും
അവിടത്തെ ദിവ്യപ്രകൃതിയില്‍
പങ്കാളികളാകാന്‍ അര്‍ഹരാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 7:10-14b,8:10c
യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
കര്‍ത്താവ് വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു: നിന്റെ ദൈവമായ കര്‍ത്താവില്‍ നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളം പോലെ അഗാധമോ ആകാശം പോലെ ഉന്നതമോ ആയിരിക്കട്ടെ. ആഹാസ് പ്രതിവചിച്ചു: ഞാന്‍ അത് ആവശ്യപ്പെടുകയോ കര്‍ത്താവിനെ പരീക്ഷിക്കുകയോ ഇല്ല.
അപ്പോള്‍ ഏശയ്യാ പറഞ്ഞു:
ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക,
മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ
എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്?
അതിനാല്‍, കര്‍ത്താവു തന്നെ നിനക്ക് അടയാളം തരും.
യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
അവന്‍ ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള
ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 40:6-10
കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.
ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല;
എന്നാല്‍, അവിടുന്ന് എന്റെ കാതുകള്‍ തുറന്നുതന്നു.
ദഹനബലിയും പാപപരിഹാരബലിയും
അവിടുന്ന് ആവശ്യപ്പെട്ടില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു.
കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.
പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്.
എന്റെ ദൈവമേ, അങ്ങേ ഹിതം
നിറവേറ്റുകയാണ് എന്റെ സന്തോഷം,
അങ്ങേ നിയമം എന്റെ ഹൃദയത്തിലുണ്ട്.
കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.
ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്റെ
സന്തോഷവാര്‍ത്ത അറിയിച്ചു;
കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ
ഞാന്‍ എന്റെ അധരങ്ങളെ അടക്കിനിര്‍ത്തിയില്ല.
കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.
അവിടുത്തെ രക്ഷാകരമായ സഹായത്തെ
ഞാന്‍ ഹൃദയത്തില്‍ ഒളിച്ചുവച്ചിട്ടില്ല;
അങ്ങേ വിശ്വസ്തതയെയും രക്ഷയെയും പറ്റി
ഞാന്‍ സംസാരിച്ചു;
അവിടുത്തെ കാരുണ്യവും വിശ്വസ്തതയും
മഹാസഭയില്‍ ഞാന്‍ മറച്ചുവച്ചില്ല.
കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.
രണ്ടാം വായന
ഹെബ്രാ 10:4-10
ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു.
കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല.
ഇതിനാല്‍, ക്രിസ്തു ലോകത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു:
ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല.
എന്നാല്‍, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു;
ദഹനബലികളിലും പാപപരിഹാരബലികളിലും അവിടുന്നു സംപ്രീതനായില്ല.
അപ്പോള്‍, പുസ്തകത്തിന്റെ ആരംഭത്തില്‍
എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു:
ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു.
നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ചകളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു. ആ ഹിതമനുസരിച്ച് യേശുക്രിസ്തുവിന്റെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശ്ശിച്ചു.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 1:26-38
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
അങ്ങേ സഭയുടെ കാണിക്കകള്‍ ദയാപൂര്‍വം സ്വീകരിക്കണമേ.
അങ്ങനെ, സഭയുടെ ആരംഭം അടങ്ങിയിരിക്കുന്നത്
അങ്ങേ ഏകജാതന്റെ മനുഷ്യാവതാരത്തിലാണെന്ന് അറിയുന്ന സഭ,
ഈ മഹോത്സവത്തില്‍ അവിടത്തെ രഹസ്യങ്ങള്‍
ആഘോഷിക്കുന്നതില്‍ സന്തോഷിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ഏശ 7:14
ഇതാ! കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
ആ ശിശു എമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, യഥാര്‍ഥ വിശ്വാസരഹസ്യങ്ങള്‍
ഞങ്ങളുടെ മാനസങ്ങളില്‍ സ്ഥിരീകരിക്കണമേ.
കന്യകയില്‍നിന്നു പിറന്ന അവിടന്ന്
യഥാര്‍ഥ ദൈവവും യഥാര്‍ഥ മനുഷ്യനുമാണെന്ന്
പ്രഖ്യാപിക്കുന്ന ഞങ്ങള്‍,
അവിടത്തെ രക്ഷാകരമായ ഉത്ഥാനത്തിന്റെ ശക്തിവഴി
നിത്യാനന്ദത്തില്‍ എത്തിച്ചേരാന്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹