‘ചാര ബുധനി’ൽനിന്ന് വിശുദ്ധ ബുധനിലേക്ക് പ്രയാണം ആരംഭിക്കാം

”ചാര ബുധനാഴ്ച’യെ വിശുദ്ധ ബുധനാഴ്ചയാക്കാൻ ഒരു വഴിയെ ഉള്ളൂ ഈശോയെ ഉള്ളുതുറന്നു സ്‌നേഹിക്കുക അവനിൽ ബന്ധിക്കപ്പെട്ടു ജീവിതം പടുത്തുയർത്തുക.”

വിശുദ്ധവാരത്തിലെ ബുധനാഴ്ച Spy Wednesday അഥവാ ‘ചാര പ്രവൃത്തിയുടെ ബുധൻ’ എന്നാണ് അറിയപ്പെടുക. പെസഹാ ബുധനാഴ്ച മുതൽ, ഈശോയെ മുഖ്യപുരോഹിതൻമാരുടെ പക്കൽ ഏൽപ്പിക്കാനുള്ള അവസരത്തിനായി യൂദാസ് രഹസ്യമായി കരുക്കൾ നീക്കി. യൂദാസിന്റെ ഈ പ്രവൃത്തി നിമിത്തമാണ് ഈ ദിവസം ‘ചാര ബുധനാഴ്ച’ എന്ന് പേരിൽ അറിയപ്പെടുന്നത്.

ഈശോ പെസഹാ ആഘോഷിക്കുന്നതിന് മുമ്പ് ചാരനായ യൂദാസ് അവിടുത്തെ ഒറ്റിക്കൊടുക്കാൻ പുറപ്പെട്ടു. യൂദാസിന്റെ വഞ്ചനയാണ് ഈ ദിവസത്തെ വിശുദ്ധ കുർബാനയിലെ സുവിശേഷ ഭാഗവും: ‘പന്ത്രണ്ടു പേരിൽ ഒരുവനായ യൂദാസ് സ്‌കറിയോത്താ പ്രധാന പുരോഹിതന്മാരുടെ അടുത്തു ചെന്നു ചോദിച്ചു: ഞാൻ അവനെ നിങ്ങൾക്ക് ഏൽപ്പിച്ചു തന്നാൽ നിങ്ങൾ എനിക്ക് എന്തു തരും? അവർ അവന് മുപ്പതു വെള്ളിനാണയങ്ങൾ വാഗ്ദാനം ചെയ്തു. അപ്പോൾ മുതൽ അവൻ യേശുവിനെ ഒറ്റിക്കൊടുക്കാൻ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു,’ (മത്തായി 26: 14-16)

വലിയ ബുധനാഴ്ച ഈശോയുടെതായി നടന്ന പ്രവർത്തനങ്ങളൊന്നും സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഈ ദിവസത്തെ ‘നിശബ്ദ ബുധനാഴ്ച’ എന്നും വിളിക്കുന്നു. പ്രധാന പുരോഹിതന്മാരും യൂദാസും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ച മാത്രമാണ് ഏക സംഭവം. ഈശോയെ ഒറ്റിക്കൊടുക്കുന്നതിന്റെ തലേ ദിവസം യൂദാസ് പ്രധാന പുരോഹിതന്മാരെ സന്ദർശിക്കുകയും 30 വെള്ളിക്കാശിന് പകരമായി ഈശോയെ ഒറ്റിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയുന്നു.

ലോക ചരിത്രത്തിലെ ഏറ്റവും വഞ്ചന നിറത്ത പ്രവൃത്തിക്കുവേണ്ടി ‘ഡീൽ’ (deal) ഉറപ്പിച്ച ദിനം. ദൈവത്തെ ഒറ്റിക്കൊടുക്കാൻ മനുഷ്യൻ കരാർ ഒപ്പിട്ട ദിനം. ലോകത്തിന്റെ പ്രകാശമായവനെ അന്ധത നിറത്ത മനുഷ്യൻ നിഷേധിച്ചു പറയാൻ അന്ധകാരശക്തികളുമായി ഉടമ്പടി ഉണ്ടാക്കിയ ദിനം. ‘കറുത്ത ബുധനാഴ്ച’ എന്നും ഈ ദിവസം അറിയപ്പെടാറുണ്ട്. പാശ്ചാത്യ സഭയിലെ ചില ഇടവകളിലും സന്യാസസഭകളിലും വിശുദ്ധവാരത്തിലെ മൂന്നു ദിനങ്ങളിലോ അല്ലെങ്കിൽ ‘ചാര ബുധനാഴ്ച’ മാത്രമോ ‘ടെനെബ്രേ’ (Tenebrae) എന്നറിയപ്പെടുന്ന സായാഹ്ന പ്രാർത്ഥന നടത്തുന്ന പതിവുണ്ട്.

‘ടെനെബ്രേ’ എന്ന ലത്തീൻ വാക്കിന്റെ അർത്ഥം അന്ധകാരം എന്നാണ്. ഈ പ്രാർത്ഥനയിൽ ഈശോയുടെ പീഡാനുഭവത്തെ കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ ഭാഗങ്ങൾ വായിക്കുകയും ഒരാ വായനയ്ക്കുശേഷം മെഴുകുതിരി കെടുത്തുകയും ചെയ്യും. ദൈവാലയം പൂർണ്ണ ഇരുട്ടാകുന്നതുവരെ ഇതു തുടരും. വലിയ ബുധനാഴ്ച നടന്ന സംഭവങ്ങൾ ഈശോയുടെ ഭൂമിയിലെ ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് നയിക്കുന്നതായിരുന്നു. വിശുദ്ധ തോമസ് അക്വീനാസിന്റെ അഭിപ്രായത്തിൽ, യൂദാസ് ദൈവത്തെക്കുറിച്ച് വളരെ മോശമായി ചിന്തിച്ച ഒരാളായിരുന്നു.

കാരണം, ഒരുവൻ താൻ ഇഷ്ടപ്പെട്ട ഒരു വസ്തു വിൽക്കാൻ ആഗ്രഹിക്കുമ്പോൾ അവൻ അതിന് വില നിശ്ചയിക്കുന്നു. എന്നാൽ, ഒരു വസ്തുവിൽനിന്ന് സ്വയം മോചിതനാകാൻ ആഗ്രഹിക്കുന്നെങ്കിൽ മറ്റുള്ളവർ പറയുന്ന വ്യവസ്ഥകൾ അംഗീകരിച്ച് സമ്മതം മൂളുന്നു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ യൂദാസിനെ സംബന്ധിച്ചടത്തോളം പണമായിരുന്നില്ല പ്രശ്‌നം ഈശോയിൽനിന്ന് മോചിതനാവുകയായിരുന്നു അവന്റെ ലക്ഷ്യം. അത് അവനെ നാശത്തിന്റെ പടുകുഴിയിലേക്കു തള്ളി വിടുന്നു. ഈശോയിൽനിന്ന് മോചിതനാവുക എന്നാൽ പാപത്തിൽ അകപ്പെടുക എന്നാണ് അർത്ഥം.

ഈ വിശുദ്ധവാരം നമുക്കൊരു അവസരവും പാഠവുമാണ്. ഈശോയിൽനിന്ന് മോചിതനാകാൻ ഒരുവൻ തീരുമാനിക്കുമ്പോൾ അവന്റെ അസ്തിത്വത്തെതന്നെ അവൻ നിഷേധിക്കാൻ തുടങ്ങുകയും, അവന്റെ പടിവാതിൽക്കൽ കാത്തുനിൽക്കുന്ന പാപത്തിന്റെ ചായ്വുകളിലേക്ക് തെന്നി വീഴുകയും ചെയ്യുന്നു. ‘ചാര ബുധനാഴ്ച’യെ വിശുദ്ധ ബുധനാഴ്ചയാക്കാൻ ഒരു വഴിയെ ഉള്ളൂ- ഈശോയെ ഉള്ളുതുറന്നു സ്‌നേഹിക്കുക അവനിൽ ബന്ധിക്കപ്പെട്ടു ജീവിതം പടുത്തുയർത്തുക.

ഫാ. ജയ്സൺ കുന്നേൽ mcbs

Fediverse reactions
April 2025
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading