വിമല ഹൃദയപ്രതിഷ്ഠയുടെ പാവനനാളുകളിലൂടെ കടന്നു പോകുമ്പോൾ | Day 4
സാധാരണ ഗതിയിൽ വിമലഹൃദയപ്രതിഷ്‌ഠയിലൂടെ കടന്നു പോകുമ്പോൾ യഥാർത്ഥ മരിയ ഭക്തി പോലുള്ള അദ്ധ്യാത്മിക ഗ്രന്ഥങ്ങൾ വായിക്കാൻ ആത്മീയ പിതാക്കന്മാർ നിർദേശിക്കാറുണ്ട്.
നല്ലതാണ്.
പരിശുദ്ധ അമ്മയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നമുക്ക് അറിയാൻ പറ്റും അറിയും തോറും സ്നേഹവും ബഹുമാനവും ഒക്കെ കൂടും.
ചിലപ്പോൾ വായിക്കാൻ വേണ്ടി വേഗത്തിൽ വായിച്ചു വിട്ടു കുറെ നാൾ കഴിയുമ്പോൾ വരികൾ മറന്നു പോയേക്കാം.
പക്ഷെ ഈ വിമലഹൃദയപ്രതിഷ്‌ഠയുടെ നാളുകളിൽ മാതാവും നാമും തമ്മിൽ വീണ്ടും ഉരുത്തിരിയുന്ന ഒരു മാതൃശിശു ബന്ധമുണ്ട്.
ഈ ദിനങ്ങളിൽ നമ്മുടെ ഹൃദയത്തിൽ അമ്മയെക്കുറിച്ചും നാമും അമ്മയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും എങ്ങനെ ആണ് പരിശുദ്ധ അമ്മ നമ്മെ ഈശോയിലേയ്ക്ക് വിമലഹൃദയത്തിലൂടെ നയിക്കുന്നത് എന്നുമൊക്കെ പരിശുദ്ധാത്മാവ് വീണ്ടും എഴുതിത്തരും.
ഹൃദയത്തിൽ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങൾ നാം ആരും ഒരിക്കലും മറക്കില്ലല്ലോ.
മാതാവിനോട് സവിശേഷഭക്തിയും സ്നേഹവും ഉണ്ടായിരുന്ന ഒത്തിരി വിശുദ്ധർ തിരുസഭാ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. അവരുടെ ജീവിതവും ജീവിതസാഹചര്യങ്ങളും അവർ ജീവിച്ചിരുന്ന കാലവും അവർ നേരിട്ട പ്രതിസന്ധികളും ഒക്കെ നമ്മുടേതിൽ നിന്നും വ്യത്യസ്തമായിരുന്നു.
എന്നാൽ , കുരിശിൽ പിടയുന്ന ഈശോയുടെ തിരുശരീരത്തിൽ നിന്നൊഴുകിയ തിരുരക്തത്തുള്ളികൾ പൊഴിഞ്ഞു കിടന്ന കുരിശിന്റെ ചുവട്ടിൽ നിന്നും, ശിഷ്യനായ യോഹന്നാൻ പരിശുദ്ധ അമ്മയെ സ്വന്തം ഭവനത്തിലേയ്ക്ക് അമ്മയായി സ്വീകരിച്ചത് പോലെ തന്റെ ജീവിതത്തിലെ ഏതു സാഹചര്യത്തിലും കൊടിയ സഹനത്തിന്റെ നേരത്തും കഠിന വേദനയുടെ നേരത്തും ഹൃദയം തകർന്നിരിക്കുന്ന സമയത്തും മുന്നോട്ട് ഇനിയൊരു വഴി ഇല്ല എന്ന് തോന്നുമ്പോഴും മരണകരമായ അപകടത്തിന്റെ വക്കിലൂടെ ജീവിതം പോകുമ്പോഴും പരിശുദ്ധ അമ്മയെ സ്വന്തമായി സ്വീകരിച്ച ഒരുവൻ പോലും ആത്മീയ ജീവിതത്തിൽ പരാജയപ്പെട്ടിട്ടില്ല എന്ന് കാണാം.
എലിസബത്തിനെ കാണാൻ തിടുക്കത്തിൽ പോയത് പോലെ പരിശുദ്ധ അമ്മ നമ്മുടെ ആവശ്യങ്ങളിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരും. നമ്മുടെ കൂടെ വസിച്ചു നമുക്ക് വേണ്ടതൊക്കെ ചെയ്ത് തരും. തിരുത്തേണ്ടത് ചൂണ്ടിക്കാണിക്കും. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനായി സഹായിക്കും. അമ്മ വരുന്നിടത്തു ഈശോയുടെ സാന്നിധ്യവും ഉണ്ട്. അമ്മ വന്നു കഴിഞ്ഞാൽ ഈശോയെ നമ്മുടെ ജീവിതത്തിൽ ഇടപെടുത്തും.
ഇന്ന് മാതാവിനെ കുറിച്ച് ചിന്തിക്കുമ്പോൾ അമ്മയ്ക്ക് ഈശോയോടുള്ള അവർണനീയമായ സ്നേഹത്തെ കുറിച്ച് ധ്യാനിക്കാം.
ഒരു അമ്മയ്ക്ക് എത്ര മാത്രം ഒരു മകനെ സ്നേഹിക്കാനാവുമോ അത്ര മാത്രം പരിശുദ്ധ അമ്മ ഈശോയെ സ്നേഹിച്ചു
മനുഷ്യനായി ഭൂമിയിൽ പിറന്ന ഈശോ എന്ന മകനും പരിശുദ്ധ അമ്മയെ സ്നേഹിച്ചു.
പരിശുദ്ധ അമ്മ ദൈവപിതാവിന്റെ ഹിതത്തിന്, മാനവരക്ഷയ്ക്കായുള്ള ദൈവിക പദ്ധതിയ്ക്ക് പൂർണമായും കീഴ്‌വഴങ്ങി.
ഈശോയോടുള്ള തീരാസ്നേഹം പോലും ഹൃദയത്തിൽ സംഗ്രഹിച്ചു ദൈവഹിതത്തിന് മുന്നിൽ എളിമയോടെ നിന്നു.
നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒരു ജലദോഷം വന്നാൽ പോലും നമുക്ക് പേടി തോന്നിയേക്കാം. ഇതെങ്ങാനും കൂടുമോ, ചെസ്റ്റ് ഇൻഫെക്ഷൻ ആകുമോ? ന്യൂമോണിയ വരുമോ എന്നൊക്കെ.
നമ്മുടെ പ്രിയപ്പെട്ടവരോടുള്ള, പ്രത്യേകിച്ചും മക്കളോടുള്ള മനുഷ്യരുടെ സ്നേഹം വലുതാണ്.
ഈശോ സഹിക്കുന്നത് അമ്മ കണ്ടു. ഈശോ വേദനിക്കുന്നത് അമ്മ കണ്ടു. ക്രൂരരായ ആളുകൾ ഈശോയെ അടിക്കുന്നതും പരിഹസിക്കുന്നതും ഈശോയുടെ ശരീരത്തിൽ നിന്നും രക്‌തമൊഴുകുന്നതും മാംസം പറിഞ്ഞിളകുന്നതും അമ്മ കണ്ടു. സർവ്വരാലും ആരാധിക്കപ്പെടേണ്ട ആ തിരുമുഖത്തു ആളുകൾ തുപ്പുന്നത് അമ്മ കണ്ടു. ഈ ആളുകൾക്ക് വേണ്ടി കൂടിയാണല്ലോ ഈശോ ഈ സഹനത്തിലൂടെയും മരണത്തിലൂടെയും കടന്നു പോകേണ്ടത് എന്ന് അമ്മ അറിഞ്ഞു. കുരിശിൻ ചുവട്ടിൽ വച്ചു അവർ ഉൾപ്പെടെയുള്ള സകല മനുഷ്യരുടെയും അമ്മയായി ഈശോ പരിശുദ്ധ അമ്മയെ മാറ്റി.
ആ നിമിഷം മുതലേ നാം അമ്മയുടെ മക്കളാണ്. അമ്മ നമ്മുടെ അമ്മയും. നമ്മളെ കാണുമ്പോൾ മാതാവ് കാണുന്നത് ഈശോയുടെ മുഖമാണ്. നാം കരയുമ്പോൾ അമ്മ കാണുന്നത് ഈശോ കരയുന്നതാണ്. പരിശുദ്ധ കുർബാന സ്വീകരണം വഴി ഈശോയുമായി ഒന്നായി തീർന്ന ആത്മാവ് എന്നേയ്ക്കും ഈശോയിൽ ആണല്ലോ.
മക്കൾക്ക് നല്ലത് ചെയ്യണമെന്ന് നല്ല ഭക്ഷണവും വസ്ത്രവും പാർപ്പിടവും വിദ്യാഭ്യാസവും നമ്മെ കൊണ്ട് സാധിക്കുന്നതൊക്കെയുംകൊടുക്കണമെന്ന് സ്വാഭാവികമായും നാമൊക്കെ ചിന്തിക്കുകയും അതിനനുസരിച്ചു പറയുകയും പ്രവർത്തിക്കുകയും ചെയ്യും.
നമ്മുടെ മക്കളുടെ ദേഹത്തു ഒരു പോറൽ പോലും ഏറ്റാൽ നമ്മുടെ ഹൃദയം പിടയും. കണ്ണു നിറയും. ഓടിച്ചെന്നു നാം അവരെ പരിചരിക്കും. അവർ ആയിരിക്കുന്ന ഓരോരോ പ്രശ്നങ്ങൾക്ക് നാം പരിഹാരമുണ്ടാക്കി കൊടുക്കാൻ നോക്കും.
പരിശുദ്ധ അമ്മയും നമ്മോടു ഇങ്ങനെയാണ് പെരുമാറുന്നത്. അമ്മ ഒരാത്മാവ് പോലും നരകാഗ്നിയിൽ വീഴാതിരിക്കാൻ നമ്മുടെ കൂടെ ജാഗരൂകതയോടെയും അതീവ ശ്രദ്ധയോടെയും നടക്കുന്നു. കണ്ണീരോടെ ലോകത്തിനു വേണ്ടി പ്രാർത്ഥിക്കാനും പ്രായശ്ചിത്തം ചെയ്യാനും ഉപവസിക്കാനും ആഹ്വനം ചെയ്യുന്നു.
നമുക്ക് നമ്മുടെ ദൈവത്തോടുള്ള സ്നേഹത്തിന്റെ ആഴം എന്ത് മാത്രമാണ്.!
ദൈവം നമ്മുടെ പിതാവ് എന്നുള്ള വാചകത്തിന്റെ അർത്ഥം ഒരിക്കൽ എങ്കിലും നമുക്ക് മനസിലായിട്ടുണ്ടോ?
നമ്മുടെ മക്കൾക്ക് നല്ലത് വരാനും അവർക്ക് ആപത്തൊന്നും സംഭവിക്കാതെ ഇരിക്കാനും മനുഷ്യരായ നമ്മൾ പരിശ്രമിക്കും.
എങ്കിൽ മക്കളായ നമുക്ക് അത്യന്തിക നന്മയായ നിത്യ ജീവൻ ലഭിയ്ക്കാനും തന്റെ സ്നേഹത്തിൽ നിത്യതയോളം ആയിരിക്കാനും നിത്യമരണത്തിൽ നാം അകപ്പെടാതെ ഇരിക്കാനും ദൈവപിതാവ് ആഗ്രഹിക്കുന്നു എന്നത് മനസിലാക്കാൻ നമുക്ക് ആവുന്നില്ലേ!
അതിനായി തന്റെ ഏകജാതനെ പോലും അവിടുന്ന് നമുക്കായി, നമ്മുടെ രക്ഷയ്ക്കായി നൽകി.
“എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.”
(യോഹന്നാന്‍ 3 : 16)
ഈ ലോകത്തിലും നിത്യതയിലും എപ്പോഴും ഈശോയിൽ വസിക്കുക, നിത്യ ജീവനിൽ ആയിരിക്കുക, അവിടുന്നിൽ പൂർണമായി ആശ്രയിക്കുക എന്നത് വളരെ പ്രധാനമാണ്.
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങൾക്കും അർത്ഥമുണ്ട്. കാത്തിരിപ്പിനും കഷ്ടപ്പാടിനും കണ്ണീരിനും അർത്ഥമുണ്ട്. ഓരോന്നിനും ഉപരി നന്മയുണ്ട്.
“ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.”
(റോമാ 8 : 28)
“ദൈവത്വത്തിന്റെ പൂര്‍ണത മുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു.
എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്സായ അവനിലാണു നിങ്ങളും പൂര്‍ണത പ്രാപിച്ചിരിക്കുന്നത്.”
(കൊളോസോസ് 2 : 9-10)
നമ്മളുടെ പാപങ്ങൾക്ക് വേണ്ടി അവിടുന്ന് പീഡകൾ സഹിച്ചു നമുക്കായി അവിടുന്ന് മരിച്ചു നമ്മെ സ്വർഗത്തോളം ദൈവപിതാവിന്റെ പരിശുദ്ധ സ്നേഹത്തിന്റെ സത്തയോളം നമ്മെ ഉയർത്തുവാൻ അവിടുന്ന് ഉയിർത്തു.
“ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.
ഭൂമിയിലുള്ള വസ്‌തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍.
എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്‌തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്‌ഥിതിചെയ്യുന്നു.
നമ്മുടെ ജീവനായ ക്രിസ്‌തു പ്രത്യക്ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.”
(കൊളോസോസ് 3 : 1-4)
ഈ ജീവിതത്തിൽ ഓരോരുത്തർക്കും അവരവർക്ക് താങ്ങാനാവില്ല എന്ന് തോന്നുമാറ് ശാരീരികവും മാനസികവും ആത്മീയവുമായ സഹനങ്ങളും കഷ്ടതകളും ഉണ്ട്. എന്നാൽ തനിയെ സഹിച്ചാൽ നാം തകർന്നു പോയി എന്ന് വരാം. എന്നാൽ നമ്മെ താങ്ങുന്ന, എല്ലാ കാര്യങ്ങളും നമ്മുടെ നന്മയ്ക്കായി പരിണമിപ്പിക്കുന്ന ഈശോയോടൊപ്പം ജീവിച്ചാൽ നാം ദൈവസ്നേഹത്താൽ നിറയും.
നമ്മിൽ നിറഞ്ഞു കവിയുന്ന ആ ദൈവസ്നേഹം നമ്മിൽ ദൈവത്തിൽ ശിശു സഹജമായ വിശ്വാസം ഉള്ളവരാക്കും.
“വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.
ഇതുമൂലമാണ് പൂര്‍വികന്‍മാര്‍ അംഗീകാരത്തിന് അര്‍ഹരായത്.
ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്‌ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു.
വിശ്വാസം മൂലം ആബേല്‍ കായേന്റേതിനെക്കാള്‍ ശ്രേഷ്‌ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു. അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന്‍ സമര്‍പ്പിച്ച കാഴ്‌ചകളെക്കുറിച്ചു ദൈവം തന്നെ സാക്‌ഷ്യം നല്‍കി.
അവന്‍ മരിച്ചെങ്കിലും തന്റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു. വിശ്വാസം മൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടു. ദൈവം അവനെ സംവഹിച്ചതു കൊണ്ട് പിന്നീട് അവന്‍ കാണപ്പെട്ടുമില്ല.
അപ്രകാരം എടുക്കപ്പെടുന്നതിനു മുന്‍പ് താന്‍ ദൈവത്തെ പ്രസാദിപ്പിച്ചുവെന്ന് അവനു സാക്‌ഷ്യം ലഭിച്ചു. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണം പ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു പ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം.
വിശ്വാസം മൂലമാണ് നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്നറിയിപ്പു കൊടുത്തപ്പോള്‍, തന്റെ വീട്ടുകാരുടെ രക്ഷയ്‌ക്കു വേണ്ടി ഭയഭക്‌തിയോടെ പെട്ടകം നിര്‍മിച്ചത്. ഇതുമൂലം അവന്‍ ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്തില്‍ നിന്നുളവാകുന്ന നീതിയുടെ അവകാശിയാവുകയും ചെയ്‌തു.
വിശ്വാസം മൂലം അബ്രാഹം തനിക്ക് അവകാശമായി ലഭിക്കാനുള്ള സ്ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെ
തന്നെയാണ് അവന്‍ പുറപ്പെട്ടത്.
വിശ്വാസത്തോടെ അവന്‍ വാഗ്‌ദത്തഭൂമിയില്‍ വിദേശിയെപ്പോലെ കഴിഞ്ഞു. അതേ വാഗ്‌ദാനത്തിന്റെ അവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത് അവന്‍ കൂടാരങ്ങളില്‍ താമസിച്ചു.
ദൈവം സംവിധാനം ചെയ്‌തതും നിര്‍മിച്ചതും അടിസ്‌ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവന്‍ പ്രതീക്‌ഷിച്ചിരുന്നു.
തന്നോടു വാഗ്‌ദാനം ചെയ്‌തവന്‍ വിശ്വസ്‌തനാണെന്നു വിചാരിച്ചതുകൊണ്ട്, പ്രായം കവിഞ്ഞിട്ടും സാറാ വിശ്വാസംമൂലം ഗര്‍ഭധാരണത്തിനു വേണ്ട ശക്‌തി പ്രാപിച്ചു.
അതിനാല്‍, ഒരുവനില്‍ നിന്ന് – അതും മൃതപ്രായനായ ഒരുവനില്‍ നിന്ന് – ആകാശത്തിലെ നക്‌ഷത്രജാലങ്ങള്‍ പോലെയും കടലോരത്തെ സംഖ്യാതീതമായ മണല്‍ത്തരികള്‍ പോലെയും വളരെപ്പേര്‍ ജനിച്ചു.
ഇവരെല്ലാം വിശ്വാസത്തോടെയാണ് മരിച്ചത്. അവര്‍ വാഗ്‌ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല; എങ്കിലും, ദൂരെനിന്ന് അവയെക്കണ്ട് അഭിവാദനം ചെയ്യുകയും തങ്ങള്‍ ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയും ചെയ്‌തു.
ഇപ്രകാരം പറയുന്നവര്‍ തങ്ങള്‍ പിതൃദേശത്തെയാണ് അന്വേഷിക്കുന്നതെന്നു വ്യക്‌തമാക്കുന്നു.
തങ്ങള്‍ വിട്ടുപോന്ന സ്‌ഥലത്തെക്കുറിച്ചാണ് അവര്‍ ചിന്തിച്ചിരുന്നതെങ്കില്‍, അവിടേക്കു തന്നെ മടങ്ങിച്ചെല്ലാന്‍ അവസരം ഉണ്ടാകുമായിരുന്നു.
ഇപ്പോഴാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രേഷ്‌ഠവും സ്വര്‍ഗീയവുമായതിനെ ലക്‌ഷ്യം വയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്‌ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ.
വിശ്വാസം മൂലമാണ്, പരീക്‌ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം ഇസഹാക്കിനെ സമര്‍പ്പിച്ചത്.
ഇസഹാക്കിലൂടെ നിന്റെ സന്തതി വിളിക്കപ്പെടും എന്ന വാഗ്‌ദാനം സ്വീകരിച്ചിരുന്നിട്ടും, അവന്‍ തന്റെ ഏകപുത്രനെ ബലിയര്‍പ്പിക്കാന്‍ ഒരുങ്ങി.
മരിച്ചവരില്‍ നിന്നു മനുഷ്യരെ ഉയിര്‍പ്പിക്കാന്‍ പോലും ദൈവത്തിനു കഴിയുമെന്ന് അവന്‍ വിചാരിച്ചു. അതുകൊണ്ട്, ആലങ്കാരികമായിപ്പറഞ്ഞാല്‍ ഇസഹാക്കിനെ അവനു തിരിച്ചുകിട്ടി.
വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശ്വാസത്താല്‍ ഇസഹാക്ക് യാക്കോബിനെയും ഏസാവിനെയും അനുഗ്രഹിച്ചു.
ആസന്ന മരണനായ യാക്കോബ് തന്റെ വടി ഊന്നി നിന്ന് ആരാധിച്ചുകൊണ്ട്, ജോസഫിന്റെ മക്കളെ ഓരോരുത്തരെയും വിശ്വാസത്തോടെ അനുഗ്രഹിച്ചു.
ജോസഫ് മരിക്കുമ്പോള്‍, വിശ്വാസം മൂലം ഇസ്രായേല്‍മക്കളുടെ പുറപ്പാടിനെ മനസ്സില്‍ കണ്ടു കൊണ്ട് തന്റെ അസ്‌ഥികള്‍ എന്തുചെയ്യണമെന്നു നിര്‍ദേശങ്ങള്‍ കൊടുത്തു.
വിശ്വാസം മൂലം മോശയെ, അവന്‍ ജനിച്ചപ്പോള്‍ മാതാപിതാക്കന്‍മാര്‍ മൂന്നു മാസത്തേക്ക് ഒളിച്ചുവച്ചു. എന്തെന്നാല്‍, കുട്ടി സുന്ദരനാണെന്ന് അവര്‍ കണ്ടു. രാജകല്‍പനയെ അവര്‍ ഭയപ്പെട്ടില്ല.
മോശ വളര്‍ന്നുവന്നപ്പോള്‍, ഫറവോയുടെ മകളുടെ മകന്‍ എന്നു വിളിക്കപ്പെടുന്നത് വിശ്വാസം മൂലം അവന്‍ നിഷേധിച്ചു.
പാപത്തിന്റെ നൈമിഷികസുഖങ്ങള്‍ ആസ്വദിക്കുന്നതിനെക്കാള്‍ ദൈവജനത്തിന്റെ കഷ്‌ടപ്പാടുകളില്‍ പങ്കുചേരുന്നതിനാണ് അവന്‍ ഇഷ്‌ടപ്പെട്ടത്.
ക്രിസ്‌തുവിനെ പ്രതി സഹിക്കുന്ന നിന്ദനങ്ങള്‍ ഈജിപ്‌തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവന്‍ ദൃഷ്‌ടിപതിച്ചത്.
രാജകോപം ഭയപ്പെടാതെ, വിശ്വാസത്താല്‍ അവന്‍ ഈജിപ്‌തു വിട്ടു. അദൃശ്യനായവനെ ദര്‍ശിച്ചാലെന്ന പോലെ അവന്‍ സഹിച്ചു നിന്നു.
ആദ്യജാതന്‍മാരെ കൊല്ലുന്നവന്‍ അവരെ സ്‌പര്‍ശിക്കാതിരുന്നതിനു വിശ്വാസത്തില്‍ അവന്‍ പെസഹ ആചരിക്കുകയും രക്‌തം തളിക്കുകയും ചെയ്‌തു.
വിശ്വാസത്താല്‍ അവര്‍ വരണ്ട ഭൂമിയിലൂടെ എന്ന വിധം ചെങ്കടല്‍ കടന്നു. എന്നാല്‍, ഈജിപ്‌തുകാര്‍ അപ്രകാരം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കടല്‍ അവരെ വിഴുങ്ങിക്കളഞ്ഞു.
വിശ്വാസത്തോടെ ഇസ്രായേല്‍ ജനം ജറീക്കോയുടെ കോട്ടകള്‍ക്ക് ഏഴു ദിവസം വലത്തു വച്ചപ്പോള്‍ അവ ഇടിഞ്ഞു വീണു.
വേശ്യയായ റാഹാബ് വിശ്വാസം നിമിത്തം ചാരന്‍മാരെ സമാധാനത്തില്‍ സ്വീകരിച്ചതു കൊണ്ട് അവള്‍ അവിശ്വാസികളോടൊപ്പം നശിച്ചില്ല.
കൂടുതലായി എന്താണു ഞാന്‍ പറയേണ്ടത്? ഗിദയോന്‍, ബാറക്, സാംസണ്‍, ജഫ്‌താ, ദാവീദ്, സാമുവല്‍ ഇവരെക്കുറിച്ചും പ്രവാചകന്‍മാരെക്കുറിച്ചും പ്രതിപാദിക്കാന്‍ സമയം പോരാ.
അവര്‍ വിശ്വാസത്തിലൂടെ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; വാഗ്‌ദാനങ്ങള്‍ സ്വീകരിച്ചു; സിംഹങ്ങളുടെ വായകള്‍ പൂട്ടി;
അഗ്‌നിയുടെ ശക്‌തി കെടുത്തി; വാളിന്റെ വായ്‌ത്തലയില്‍ നിന്നു രക്‌ഷപെട്ടു; ബലഹീനതയില്‍ നിന്നു ശക്തിയാര്‍ജിച്ചു;
യുദ്‌ധത്തില്‍ ശക്‌തന്‍മാരായി; വിദേശസേനകളെ കീഴ്‌പ്പെടുത്തി.
സ്‌ത്രീകള്‍ക്കു തങ്ങളുടെ മരിച്ചുപോയവരെ പുനരുജ്‌ജീവനത്തിലൂടെ തിരിച്ചുകിട്ടി. ചിലര്‍ മരണം വരെ പ്രഹരിക്കപ്പെട്ടു. മെച്ചപ്പെട്ട പുനരുത്‌ഥാനം പ്രാപിക്കാന്‍ വേണ്ടി പീഡയില്‍ നിന്നു രക്ഷപെടാന്‍ അവര്‍ കൂട്ടാക്കിയില്ല.
ചിലര്‍ പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും കാരാഗൃഹവാസവും സഹിച്ചു.
ചിലരെ കല്ലെറിഞ്ഞു; ചിലരെ വിചാരണ ചെയ്‌തു; ചിലര്‍ രണ്ടായി വെട്ടി മുറിക്കപ്പെട്ടു; ചിലര്‍ വാളുകൊണ്ട് വധിക്കപ്പെട്ടു. ചിലര്‍ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോലു ധരിച്ചു നിസ്‌സഹായരായും വേദനിക്കുന്നവരായും പീഡിതരായും അലഞ്ഞു നടന്നു.
അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു. വനത്തിലും മലകളിലും ഗുഹകളിലും മാളങ്ങളിലുമായി അവര്‍ അലഞ്ഞു തിരിഞ്ഞു.”
(ഹെബ്രായര്‍ 11 : 1-39)
പഴയ നിയമ ജനതയ്ക്ക് ഈശോയുടെ സാന്നിധ്യം നമ്മുടെ കാലയളവിൽ എന്നത് പോലെ ലഭ്യമായിരുന്നില്ല
“വിശ്വാസംമൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്‌ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല.
കാരണം, നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണരാക്കപ്പെടരുത് എന്നു കണ്ട് ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്‌ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു.”
(ഹെബ്രായര്‍ 11 : 39-40)
എന്താണ് ദൈവപിതാവ് നമുക്കായി മാറ്റി വച്ച ആ ഏറ്റവും ശ്രേഷ്ഠമായ കാര്യം!
ഈശോ..
നമുക്ക് ഈശോയെ കിട്ടി.
കൊതി തീരെ വിളിക്കാനും കൂടെ നടക്കാനും നമ്മിൽ വസിക്കാനും നമ്മെ നയിക്കാനും നമ്മെ പോഷിപ്പിക്കാനും നമുക്ക് നമ്മുടെ ഈശോയെ കിട്ടി.
ഈശോയെ സ്നേഹിച്ചു തുടങ്ങി കുറെ കഴിയുമ്പോൾ വിശ്വാസം എന്ന കൃപ നമ്മുടെ ആത്മാവിൽ നിറയും.
അവസാന കാലമെന്ന് പൊതുവെ പറയുമെങ്കിലും അസമാധാനം നിറഞ്ഞത് എന്ന് ഈ കാലയളവിനെ ലോകം കരുതുന്നു എങ്കിലും ഈ കാലം എത്രയോ അനുഗ്രഹീതമാണ്.
ഈശോ നമ്മുടെ കൂടെയുണ്ട്.
നമ്മുടെ ദൈവവും കർത്താവും രക്ഷകനുമായവൻ നമ്മോടൊപ്പമുണ്ട്.
“നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്‌ഠജനതയാണുള്ളത്?”
(നിയമാവര്‍ത്തനം 4 : 7)
ഈ കാലയളവിന് വേണ്ടി നമ്മെ ദൈവം തിരഞ്ഞെടുത്തു.
ചിന്തയിലും വാക്കിനും പ്രവൃത്തിയിലും ദൈവവചനത്തിന്റെ പ്രഘോഷകരാകുവാൻ ഈശോ നമ്മെ തിരഞ്ഞെടുത്തു.
ഏറ്റവും ഒരുക്കത്തോടെ ദിവ്യ കാരുണ്യ ഈശോയെ അനുദിനം സ്വീകരിക്കുവാനും അവിടുത്തെ ദിവ്യകാരുണ്യ മുഖത്തെ ആരാധിക്കുവാനും ഈശോ ഇക്കാലയളവിലേയ്ക്ക് നമ്മെ പേര് ചൊല്ലി വിളിച്ചു തിരഞ്ഞെടുത്തു.
“എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”
(മത്തായി 22 : 14)
ദൈവ വചനത്തിന്റെ അനന്ത സ്നേഹത്തിലേയ്ക്കും ദിവ്യകാരുണ്യത്തിന്റെ അളവറ്റ കാരുണ്യത്തിലേയ്ക്കും ഈശോ നമ്മെ എല്ലാം വിളിച്ചിരിക്കുന്നു.
എന്നാൽ എത്ര പേര് കയ്യിൽ വചനം ഉണ്ടായിട്ടും അത് മുഴുവനും വായിക്കുന്നുണ്ട്?
കുഞ്ഞിലേ കേട്ട ഒരു പരസ്യത്തിൽ
“An idea can change your life”
എന്ന് കേട്ടിട്ടുണ്ട്.
എന്നാൽ തക്ക സമയത്ത് നമ്മിലേയ്ക്ക് വരുന്ന ഒരു ദൈവവചനമോ?
A Word of God can change our entire life and eternal life
നമ്മുടെ വീട്ടിൽ അപ്പനും അമ്മയും സഹോദരങ്ങളും അത് പോലെ സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും ജീവിതത്തിൽ കണ്ടു മുട്ടിയവരും നമ്മോട് പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ചില വാചകങ്ങൾ നമ്മുടെ ഹൃദയത്തിൽ തറച്ചിട്ടുണ്ട്. അവരെ ഓർക്കുമ്പോൾ അവർ പറഞ്ഞ ചില കാര്യങ്ങൾ നമ്മുടെ ഹൃദയത്തിലേയ്ക്ക് വരും.
ചിലത് കണ്ണു നനയിക്കും.
ചിലത് ചിന്തിപ്പിക്കും.
ദൈവവചനം ഈശോ ആണ്. ദൈവവചനം വായിക്കുകയോ വായിക്കുന്നത് കേൾക്കുകയോ ചെയ്യുമ്പോൾ ഈശോയെ ശ്രവിക്കുകയാണ് നാം ചെയ്യുന്നത്.
ദൈവവചനം മുഴുവൻ വായിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.
എന്നാൽ ചിലർക്ക് ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ ഇതിനൊന്നും പറ്റി എന്ന് വരികയില്ല.
ഒരു വചനം സ്പർശിച്ചത് മൂലം ജീവിതം ജീവിതം മാറി മറിഞ്ഞവരുണ്ട്. വചനം കേട്ടത് മൂലം പാപത്തിന്റെ പടുകുഴിയിൽ വിശുദ്ധിയുടെ ഉന്നത പദവിയിലേയ്ക്ക് കയറിയവരുണ്ട്.
“യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്; എന്നാല്‍, മനുഷ്യപുത്രനു തലചായ്‌ക്കാന്‍ ഇടമില്ല.”
(മത്തായി 8 : 20)
ഈ വചനം വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെ സ്വാധീനിച്ചു.
“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.”
(മത്തായി 18 : 3)
വിശുദ്ധ കൊച്ച് ത്രേസ്യയെ ഈ വചനമായിരുന്നു ആകർഷിച്ചത്.
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
എഫേസോസ് 6 : 11
ഇഗ്‌നേഷ്യസ് ലയോള ഈ വചനമിഷ്ടപ്പെട്ടു
എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്‌ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.
മത്തായി 25 : 35
ഈ വചനമായിരുന്നു മദർ തെരേസ ജീവിതത്തിൽ സ്വീകരിച്ചത്.
നമുക്ക് വചനം കൂടുതൽ പഠിക്കണം എന്ന് കാണും. എന്നാൽ അതിന് സാഹചര്യം ഇല്ലെങ്കിലും സാരമില്ല, നമ്മെ പരിശുദ്ധ അമ്മ നമ്മെ സഹായിക്കുകയും പരിശുദ്ധാരൂപി നമ്മെ പഠിപ്പിക്കുകയും ചെയ്യും.
“അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്‌ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. “
(യോഹന്നാന്‍ 6 : 45)
ദൈവവചനത്തെ ഉദരത്തിൽ വഹിച്ച, ദൈവവചനം ഹൃദയത്തിൽ സംഗ്രഹിച്ച പരിശുദ്ധ അമ്മയോളം ക്ഷമയോടെ ദൈവവചനവും ദിവ്യകാരുണ്യവും ഹൃദയത്തിൽ സ്വീകരിക്കാൻ നമ്മെ ഒരുക്കാൻ വേറേ ആർക്ക് സാധിക്കും.
ചിലപ്പോൾ നാം ഏറ്റവും എളിയവരായിരിക്കും. ഒരു വചനം കേട്ടാലും കൂടുതൽ ഒന്നും മനസിലായി എന്ന് വരികയില്ല.
ഓരോ ദൈവവചനത്തിന്റെയും അർത്ഥതലങ്ങൾ അനന്തമാണ്. അത് ഒരു ആത്മാവിന് അതിനു ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ വ്യാഖ്യാനിച്ചു തരുന്നത് ദൈവാരൂപി ആണ്.
ചിലപ്പോൾ നമ്മുടെ ഹൃദയത്തിൽ വന്നു വസിക്കുന്ന ഒരു വചനത്തിന്റെ വായിക്കുന്ന അർത്ഥമെ നമുക്ക് മനസിലായുള്ളൂ എന്ന് വന്നേക്കാം. അതിന്റെ വ്യാഖ്യാനം നമുക്ക് വെളിപ്പെട്ടു കിട്ടി കാണില്ല.
എന്നാലും ഏറ്റവും സ്നേഹമുള്ള ഈശോ നമുക്ക് കുറവൊന്നും വരുത്തുകയില്ല.
ഒരു രോഗി ഡോക്ടർ എഴുതി കൊടുക്കുന്ന മരുന്ന് നിർദേശിക്കുന്ന വിധത്തിൽ കഴിക്കും.
രോഗിക്ക് ആ മരുന്നിന്റെ കൂടുതൽ കാര്യങ്ങളോ ആര് ഉണ്ടാക്കിയെന്നോ എന്തിനൊക്കെ ആ മരുന്ന് കൊള്ളാമെന്നോആ മരുന്ന് ശരീരത്തിൽ നടത്തുന്ന സങ്കീർണമായ പ്രവർത്തനങ്ങളോ ഒന്നും അറിയണമെന്നില്ല.
എങ്കിലും ആ മരുന്ന് രോഗിയുടെ ശരീരത്തിൽ ചെല്ലുമ്പോൾ രോഗത്തിനെതിരെ പ്രവർത്തിച്ചു തുടങ്ങുന്നു. മരുന്നിന്റെ കോഴ്സ് പൂർത്തിയാകുമ്പോൾ രോഗിയും സുഖപ്പെടുന്നു.
ഇത് പോലെ വചനം കേൾക്കുമ്പോഴും നമ്മിൽ നാം അറിയാതെ പരിവർത്തനം സംഭവിക്കും.
നാം കേൾക്കുന്ന വായിക്കുന്ന ഓരോ വചനവും നമ്മിലേയ്ക്ക് ദൈവത്തിന്റെ പ്രത്യേക കാരുണ്യത്താൽ അയയ്ക്കപ്പെടുന്നതാണ്. ഒരു വചനവും യാദൃശ്ചികമായി നാം കേൾക്കുന്നില്ല. അതിലുപരി നാം കേൾക്കുന്ന ഒരു വചനവും നമ്മിൽ പാഴായി പോകുന്നുമില്ല. ഹൃദയനിലത്തിൽ അതങ്ങിനെ കിടക്കും. ദൈവം ആഗ്രഹിക്കുന്ന തക്ക സമയത്ത് മുള പൊട്ടി ഫലം പുറപ്പെടുവിക്കും.
നമ്മുടെ ഹൃദയത്തിൽ ഒരു വചനമോ ഒന്നിലേറെ വചനങ്ങളോ വസിക്കുന്നുവെങ്കിൽ നാം എന്ത് മാത്രം ഭാഗ്യമുള്ളവരാണ്.
നമ്മിൽ വസിക്കുന്ന ആ വചനം നമ്മെ മുന്നോട്ട് നയിക്കും. ശക്തിപ്പെടുത്തും നമ്മോട് സംസാരിക്കും.
നാം വചനം കേൾക്കുക എന്ന് പറഞ്ഞാൽ ഈശോയെ കേൾക്കുക എന്നത് തന്നെയല്ലേ!
അത് പോലെ നമുക്ക് ഇന്നും പരിശുദ്ധ കുർബാനയ്ക്കു പോകാൻ അനുവാദവും സൗകര്യവുമുണ്ട്. നമ്മുടെ അടുത്തുള്ള പള്ളികളിൽ ദിവ്യകാരുണ്യ നാഥനെ എഴുന്നള്ളിച്ചു വയ്ക്കുമ്പോൾ ദൈവാലയം തിങ്ങി നിറഞ്ഞിരിക്കുന്ന മാലാഖാമാരോടൊപ്പം അവിടുത്തെ ആരാധിക്കാൻ നാം ഉത്സാഹം കാണിക്കാറുണ്ടോ?
പരിശുദ്ധ അമ്മ നമ്മെ എല്ലാവരെയും ഉത്ബോധിപ്പിക്കുന്ന ഒരു കാര്യം ഏറ്റവും വിശുദ്ധിയോടെ ദിവ്യകാരുണ്യ നാഥനെ സ്വീകരിക്കണം എന്നതാണ്.
അവിടുന്ന് ഏറ്റവും പരിശുദ്ധനാണ്
നാം പാപികൾ ആയിരിക്കാം എന്നാൽ നമുക്ക് അനുതപിച്ചു ഒരുങ്ങി വിശുദ്ധ കുമ്പസാരം സ്വീകരിച്ചു പ്രസാദവരത്തിന്റെ അവസ്ഥയിൽ ആയിരിക്കാൻ പറ്റുമല്ലോ
പ്രസാദവരത്തിന്റെ അവസ്ഥയിൽ ആയിരിക്കുമ്പോഴും ഈശോയിൽ നമ്മുടെ ജീവിതം നിത്യതയോളം വിട്ടു കൊടുത്തു ആയിരിക്കുമ്പോൾ നമ്മുടെ ഹൃദയം തീർത്തും ശിശു സഹജമാകും.
ഒരു ശിശു തന്റെ അപ്പൻ എത്ര വലിയ ആളാണെങ്കിലും അപ്പന്റെ മടിയിൽ ഇരിക്കും. അവിടെയിരുന്നു കളിക്കും. അതിനെ സംബന്ധിച്ച് അപ്പന്റെതെല്ലാം അതിന്റേതുമാണ്. ശിശുവിനു ഭാഷ അറിയില്ല എങ്കിലും സ്നേഹത്തിന്റെ ഭാഷയിൽ അവിടെ ആശയവിനിമയം നടക്കും
ഇതു പോലെ ഏറ്റവും എളിയ ഒരു ആത്മാവിന് അതിൽ ദൈവസ്നേഹം നിറയുമ്പോൾ ദൈവം അതിന്റെ പിതാവ് എന്ന് മനസിലാകും
അളവില്ലാത്ത ഈ ദൈവസ്നേഹത്തിന്റെ ഒഴുക്കിൽ ഹൃദയം നിറയുമ്പോൾ ആത്മാവിന്റെ സകല ഭയങ്ങളെയും അത് ദൂരീകരിക്കുന്നു.
യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു.
ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
വിധിദിനത്തില്‍ നമുക്ക് ആത്‌മധൈര്യം ഉണ്ടാകുന്നതിനു സ്‌നേഹം നമ്മില്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു.
സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍, പൂര്‍ണനായിട്ടില്ല.
ആദ്യം അവിടുന്നു നമ്മെസ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു.
1 യോഹന്നാന്‍ 4 : 15-19
ഒരു ചെറിയ ശിശുവിന്റെ കൈകൾ മിക്ക സമയവും ശൂന്യമായിരിക്കും. അതിന് അതിന്റെ അപ്പനോ അമ്മയോ കൊടുക്കുന്നതെ അതിന്റെ കയ്യിൽ കാണുകയുള്ളൂ. പക്ഷെ അതിന്റെ കയ്യിൽ ഒന്നുമില്ലാത്ത സമയവും അതിന് കുറവൊന്നുമുണ്ടാകുകയില്ല, അതിനെ കുറിച്ച് ശിശു ആകുലപ്പെടുകയുമില്ല. കാരണം അതിന് കിട്ടേണ്ടതൊക്കെയും അതാത് സമയങ്ങളിൽ അതിന്റെ മാതാപിതാക്കൾ തയ്യാറാക്കി വയ്ക്കും. തക്ക സമയത്തു കൊടുക്കും.
ഇനി അഥവാ ശിശുവിനു എന്തെങ്കിലും ആവശ്യമുണ്ട് എങ്കിൽ അത് ചെറുതായി ശബ്ദമുണ്ടാക്കും അല്ലെങ്കിൽ കരയും. അത് കേൾക്കുമ്പോൾ അതിനു വേണ്ടതെന്തെന്ന് അപ്പനുമമ്മയ്ക്കും മനസിലാകുകയും അതിന് വേണ്ടത് കൊടുക്കുകയും ചെയ്യും
ഏറ്റവും കരുണാർദ്ര സ്നേഹമായ ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ ആയിരിക്കുന്ന ഒരു എളിയ ആത്മാവ് ഈശോയാൽ എത്ര മാത്രം സ്നേഹിക്കപ്പെടുന്നു എന്ന് ധ്യാനിക്കാം.
നമ്മൾ ഓരോരുത്തരും ഈശോയുടെ ജീവന്റെ ജീവനല്ലേ!
ഈശോയുടെ ജീവൻ കൊടുത്തു വിലയ്ക്ക് വാങ്ങപ്പെട്ടവരല്ലേ?
വിലയുള്ള സാധനങ്ങളെ നാം വിലമതിക്കില്ലേ.
ഈശോയുടെ മുന്നിൽ നമ്മളോളം വില മറ്റാർക്കുണ്ട്?
നമ്മൾ ഈശോയുടെ വിലയുള്ളവരല്ലേ!
ഒരു പരിശുദ്ധ കുർബാനയിൽ ഒരുക്കത്തോടെ നാം പങ്കെടുത്തു ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ എത്ര സ്നേഹത്തോടെയാണ് ഈശോ നമ്മിലേയ്ക്ക് വരുന്നത്
നാം ആത്മീയമായി ഒത്തിരി എളിയ തരത്തിൽ ആയിരിക്കാം. എങ്കിലെന്ത്?
നമുക്കാവുന്നിടത്തോളം വ്യക്തിപരമായി ഈശോയെ നമുക്ക് സ്നേഹിക്കാം.
അവിടുത്തെ സ്നേഹത്തോടെ ഹൃദയത്തിൽ സംവഹിച്ചു കൊണ്ട് നടക്കാം.
വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്വത്തിന്റെ സന്നിധിയില്‍ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നമ്മുടെ രക്‌ഷകനായ ഏക ദൈവത്തിനു സ്‌തുതിയും മഹത്വവും ശക്‌തിയും ആധിപത്യവും സര്‍വകാലത്തിനുമുന്‍പും ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമേന്‍.
യൂദാസ് 1 : 24-25
ഹൃദയം തകർന്നും മനസ് തളർന്നും ഇരിക്കുന്ന സമയത്തു മുന്നിൽ ഒരു വഴി ഇല്ലാതെ ഇരിക്കുന്ന സമയങ്ങൾ കണ്ടേക്കാം. പ്രാർത്ഥിക്കാൻ സാധിക്കാതെ ഇരിക്കുന്ന സമയങ്ങൾ!
“നമ്മുടെ ബലഹീനതയില്‍ ആത്‌മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്‌മാവു തന്നെ നമുക്കു വേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.
ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്‌മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്‌മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്‌ധര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നത്.”
(റോമാ 8 : 26-27)
ഹൃദയം വാചാലമെങ്കിലും ആ സമയത്തു അധരം ചലിക്കണം എന്നുമില്ല.
ഹന്നാ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കവേ ഏലി അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
അവള്‍ ഹൃദയത്തില്‍ സംസാരിക്കുകയായിരുന്നു; അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്‌ദം പുറത്തുവന്നതുമില്ല.
1 സാമുവല്‍ 1 : 12-13
ഏതു സമയത്തെ പ്രാർത്ഥനയും ദൈവസന്നിധിയിൽ എത്തും. അവിടുന്ന് മറുപടി നൽകുകയും ചെയ്യും.
അവിടുന്ന് എന്റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്;
എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്;
അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.
സങ്കീര്‍ത്തനങ്ങള്‍ 56 : 8
“അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്;
വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുവോളം
ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ ശരണം പ്രാപിക്കുന്നു.
അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു;
എനിക്കുവേണ്ടി എല്ലാം ചെയ്‌തുതരുന്ന ദൈവത്തെത്തന്നെ.”
(സങ്കീര്‍ത്തനങ്ങള്‍ 57 : 1-2)
ചില സമയം അത്യാപത്തുകൾ നമ്മെ വലയം ചെയ്യുമ്പോൾ, പ്രലോഭനങ്ങൾ നമ്മെ അലട്ടുമ്പോൾ നിശബ്ദമായി ദിവ്യകാരുണ്യത്തിന്റെ മുന്നിൽ ആത്മീയമായി ആയിരിക്കാം. ഒരുക്കത്തോടെ ദിവ്യകാരുണ്യം സ്വീകരിച്ചു ഈശോയിൽ എപ്പോഴും ആയിരിക്കാം.
ഒരുക്കത്തോടെ പരിശുദ്ധ കുർബാന സ്വീകരിക്കുക എന്നത് ആത്മാവിന് ഈശോയുമായി ഏറ്റവും അടുത്ത് ഒരുമിച്ചു ഒന്നായി ആയിരിക്കാനുള്ള എളുപ്പവഴിയാണ്.
നമുക്ക് പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ പുറമെ ഒരു അനുഭവവും ഉണ്ടായില്ല എന്ന് വരും. നമ്മുടെ ആത്മാവിൽ ഒരു അടയാളമോ ചലനമോ നമുക്ക് തോന്നിയില്ല എന്ന് വരും.
എന്നാൽ നശ്വരമെങ്കിലും നമ്മുടെ കണ്ണുകൾക്ക് ദൃശ്യമായ മനുഷ്യശരീരത്തിന്റെ സൂക്ഷ്മ വശങ്ങളും അത്ഭുതകരമായ കാര്യങ്ങളും പ്രവർത്തന രീതികളും ഇനിയും പൂർണമായി മനസിലാകാതെ കുഴങ്ങുന്ന നാം അനശ്വരവും അദൃശ്യവും ഈശോയുടെ തിരുരക്തത്താൽ മാമോദീസ വഴി മുദ്രിതവുമായ മനുഷ്യാത്മാവിന്റെ സ്വഭാവസവിശേഷതകളും സ്നേഹഭാവവും ഓരോ തവണയും ഈശോയുമായി ഒന്നാകുന്നതിന്റെ വ്യത്യസ്തവും വ്യക്തിപരമായ പ്രതികരണരീതികളും ഒക്കെ എങ്ങനെ ഗ്രഹിക്കാൻ!
ജീവിതത്തിൽ ഏത് പ്രതിസന്ധിയിലൂടെ കടന്നു പോയാലും ഈശോയുടെ പരിപാലനയിൽ ഉറച്ചു വിശ്വസിക്കാം.
ഒരു സഹോദരിയോട് സംസാരിച്ചപ്പോൾ അവരുടെ ജീവിതത്തിലെ ഒരു അനുഭവം പങ്കു വച്ചു. അവരുടെ മകൻ ഇടയ്ക്ക് മൂക്കിൽ നിന്നും രക്തം വന്നതിനാൽ എമർജൻസി ഡിപ്പാർട്ട്മെന്റിൽ പ്രവേശിപ്പിക്കപ്പെട്ടു. ടെസ്റ്റുകൾക്ക് ശേഷം ആ മകന് ഒരു തരം ബ്ലഡ് കാൻസർ ആണെന്ന് ഡോക്ടർ പറഞ്ഞു. കാൻസർ വിഭാഗത്തിലേയ്ക്ക് റെഫർ ചെയ്തു. ഗൂഗിൾ നോക്കി ആ അസുഖത്തെ പറ്റി നോക്കിയപ്പോൾ വളരെ ചെറുപ്പത്തിലേ തന്നെ മരണപ്പെട്ടു പോകുന്ന, അധികം ചികിത്സ ഇല്ലാത്ത തരം കാൻസർ ആണ് അതെന്നു കണ്ടു. വീട്ടിലേക്ക് പോകും വഴി ആ അമ്മയുടെ മനസിൽ ഒരു ചോദ്യമായിരുന്നു ഉയർന്നത്. ഞാൻ ഈശോയെ ആണോ എന്റെ മകനെ ആണോ കൂടുതൽ സ്നേഹിക്കുന്നത്.
ആ ചിന്ത ഒരമ്മയുടെ ഹൃദയം ഉരുക്കും. പ്രത്യേകിച്ച് വീട്ടിൽ മറ്റ് ആരും കാണാതിരിക്കുവാൻ കണ്ണുനീർ ഒളിപ്പിച്ചു വച്ചു പുറമെ ഓക്കേ എന്ന് ഭാവിക്കുമ്പോൾ.
വീട്ടുകാർ വിഷമിക്കേണ്ട എന്ന് കരുതി അന്ന് ഒന്നും പറഞ്ഞില്ല. ഉറങ്ങാതെ ആലോചിച്ചു കിടന്ന, ആരും കാണാതെ ഒഴുകിയ കണ്ണീരു കൊണ്ട് തലയിണ നനഞ്ഞ ആ രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ ഹൃദയത്തിൽ ഒരു മറുപടി വന്നു.
ഈശോയെ ഞാൻ അങ്ങയെ ആണ് കൂടുതൽ സ്നേഹിക്കുന്നത്.
എന്റെ മകനെ അങ്ങെനിക്ക് തന്നു. എന്നാൽ അവൻ അങ്ങയുടെ മകനാണ്. എന്നേക്കാൾ ഉപരിയായി അവനു നന്മ എന്തെന്ന് അങ്ങേയ്ക്കറിയാം. അങ്ങയിൽ ഞാൻ പൂർണമായും ആശ്രയിക്കുന്നു. അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു. അങ്ങേ ഹിതം പോലെ സംഭവിക്കട്ടെ.
ഇത്രയും ഈശോയോട് പറഞ്ഞതിന് ശേഷം അവർ സമാധാനത്തോടെ ഉറങ്ങി.
പൂർണമായും ഒരു സഹനം ആത്മാവിൽ ഏറ്റെടുത്തു കഴിയുമ്പോൾ ആ സഹനം പിന്നീട് നാം സഹിക്കുന്നത് ക്രൂശിതനായ ഈശോയോടൊപ്പമാണ്.
പിന്നീട് ഞാൻ അവരെ കണ്ടപ്പോൾ അവരുടെ മകന് പിന്നീടുള്ള ബ്ലഡ് ടെസ്റ്റുകളിൽ കാൻസർ ഇല്ല എന്നുള്ള റിസൾട്ട് ആണ് വന്നത്.
സമുദ്രം ചിലപ്പോൾ ശാന്തമായി കിടക്കും. എന്നാൽ കൊടുംകാറ്റടിക്കുമ്പോൾ ചിലപ്പോൾ കൂറ്റൻ കപ്പലുകളെ പോലും മറിച്ചിടത്തക്ക വിധം തിരമാലകൾ അതിൽ നിന്നും ഉയർന്നു എന്ന് വരും.
നമ്മുടെ ആത്മാവ് ശാന്തമായി ഇരുന്നാലും ദുഃഖത്തിൽ ആയിരുന്നാലും നമ്മിലെ ഈശോയിലുള്ള വിശ്വാസത്തെ തൂത്തെറിയത്തക്ക വിധത്തിലുള്ള എതിർചിന്തകൾ ഉയർന്നാലും നമ്മിൽ ഈശോ എപ്പോഴുമുണ്ട്. നമ്മുടെ സത്തയിൽ എപ്പോഴും അവിടുന്നുണ്ട്. നമ്മെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയിൽ അറിയുന്നുണ്ട്. തക്ക സമയത്ത് അവിടുന്ന് നമുക്കായി ഇടപെടുന്നുണ്ട്.
നദികള്‍ സമുദ്രത്തിലേക്കൊഴുകുന്നു, എന്നാല്‍ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്കു വീണ്ടും ഒഴുക്കു തുടരുന്നു.”
(സഭാപ്രസംഗകന്‍ 1 : 7)
കൊച്ചരുവികളും നദികളും ഒക്കെ ഒഴുകി ഒടുവിൽ
അത് സമുദ്രത്തിൽ എത്തുന്നു. അതിലേക്ക് ചെന്നെത്തുന്ന ജലം സമുദ്രജലവുമായി കൂടിക്കലരുന്നു. ദൈവഹിതമനുസരിച്ചുള്ള തക്ക സമയമെത്തുമ്പോൾ സൂര്യ പ്രകാശത്തിൽ നീരാവി ആയി മാറി മഴമേഘങ്ങളായി കാറ്റിന്റെ ചിറകുകളിൽ സഞ്ചരിച്ചു മഴനീരായി പെയ്തു അനേകർക്ക് ദാഹജലമായി മാറുന്നു.
ഇതു പോലെ നമ്മുടെ ജീവിതത്തെ കുറിച്ചുള്ള കൊച്ച് ചിന്തകളും പദ്ധതികളും ദൈവരാജ്യത്തെ കുറിച്ചുള്ള സ്വപ്നങ്ങളും ഈശോയുടെ ഹൃദയത്തിൽ നാം പൂർണമായി സമർപ്പിക്കുമ്പോൾ അവിടുത്തെ ഹിതത്തിനനുസൃതമായി അവ ദൈവസ്നേഹത്തിൽ രൂപാന്തരപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും പരിശുദ്ധാത്മാവിൽ അവ ഉന്നതമായ ആത്മീയ അവസ്ഥയിലേയ്ക്കുയർന്നു അനേകർക്ക് ആത്മീയ അഭിവൃദ്ധിയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
പരിശുദ്ധ അമ്മയുടെ ചാരെ ഇരുന്നു ചിന്തിക്കുമ്പോൾ നമ്മുടെ ശ്രദ്ധ മുഴുവനും അമ്മയുടെ ഹൃദയത്തിൽ എപ്പോഴും ജ്വലിച്ചെരിയുന്ന സ്നേഹാഗ്നി ജ്വാലയിൽ വസിക്കുന്ന ഈശോയിലേയ്ക്ക് പോകും.
അമ്മയോടൊപ്പം നമുക്കും ഏറ്റു പറയാം.
“മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ താഴ്‌മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്‌ധമാണ്.
അവിടുത്തെ ഭക്‌തരുടെ മേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.
അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്റെ കാരുണ്യം അനുസ്‌മരിച്ചു കൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.”
(ലൂക്കാ 1 : 46-55)
ആമേൻ
ആവേ മരിയ.
💕


Leave a Reply