പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ എപ്പോഴും ആയിരിക്കുവാൻ ആഗ്രഹിക്കുന്ന എളിയതും ഏറ്റവും നിസാരവും പാപിയും ആയ ഒരു ആത്മാവ്, വിമല ഹൃദയപ്രതിഷ്‌ഠയുടെ മൂന്നാം ദിനത്തിലേയ്ക്ക് കടക്കുമ്പോഴും ഹൃദയം പൂർണമായും ശാന്തമായിരിക്കണം എന്നില്ല.

അമ്മയുടെ ആന്തരികതയിൽ ഒന്നായിരിക്കാൻ ആത്മാവ് ആത്മാർഥമായി ആഗ്രഹിക്കുന്നു. എന്നാൽ വിശുദ്ധ പത്രോസ് ഈശോയെ കണ്ടപ്പോൾ വഞ്ചിയിൽ നിന്നും കടലിലേക്കിറങ്ങി ഈശോയുടെ പക്കലേയ്ക്ക് ധൈര്യപൂർവ്വം നടന്നു എങ്കിലും ഒരു നിമിഷം ഈശോയിലുള്ള നോട്ടം മാറ്റി അദ്ദേഹത്തിന്റെ ചുറ്റും അലറിയടുത്തു അലയടിച്ചുയരുന്ന കടലിന്റെ ഭീകരതയും രൗദ്രതയും കണ്ടു ഭയന്നു അതിലേയ്ക്ക് ഏതാനും നിമിഷം ആഴ്ന്നു പോയത് പോലെ അതിന്റെ ഭൗതിക തലത്തിലുള്ള അനുദിനപ്രശ്നങ്ങളും പുതുതായി വന്നു ചേരുന്ന ബുദ്ധിമുട്ടുകളും മറ്റും ഇടയ്ക്കെങ്കിലും അതിന്റെ ശ്രദ്ധ വ്യതി ചലിപ്പിക്കുകയും അവയൊക്കെ കണ്ടു ഭയപ്പെടുകയും വിപരീതചിന്തയിലും ആകുലതയിലും ആഴ്ന്നു പോകുകയും ചെയ്തേക്കാം.

അത് പോലെ 40 ദിവസം മരുഭൂമിയിലേക്ക് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട ഈശോയുടെ പക്കൽ പ്രലോഭകനായ പിശാച് ചെന്നത് പോലെ വിമല ഹൃദയപ്രതിഷ്‌ഠ ചെയ്യുന്ന ആത്മാവിന്റെ ചാരെ പ്രലോഭകനായ പിശാച് വന്നു ഈ പവിത്രമായ പ്രതിഷ്‌ഠ ചെയ്യുവാനുള്ള നമ്മുടെ യോഗ്യതയെ കുറിച്ചും ഇതു പൂർത്തിയാക്കുവാൻ നമുക്ക് സാധ്യമാകുമോ എന്നുള്ളതിനെ കുറിച്ചും ഒക്കെ നമ്മിൽ സംശയം ഉണർത്തി എന്ന് വന്നേക്കാം. ഇതിനു മുൻപ് പല തവണ വിമല ഹൃദയപ്രതിഷ്‌ഠ ചെയ്യാൻ പരിശ്രമിച്ചിട്ടും പരാജയപ്പെട്ടു പോയവരായിരിക്കും നമ്മിൽ പലരും. അത് പോലെ കുറവുകൾ ഉള്ളവരും കഴിവുകൾ കുറഞ്ഞവരും ആണെന്നിരിക്കും. ഇതൊക്കെയും ഹൃദയത്തെ അലട്ടി എന്ന് വന്നേക്കാം.

എന്നാൽ പരിശുദ്ധ അമ്മ ജാഗരൂകതയോടെ വിമല ഹൃദയപ്രതിഷ്‌ഠ ഗൗരവമായി ചെയ്യുന്ന ഓരോ വ്യക്തിയുടെയും സമീപേയുണ്ട്.

ഓരോ മനുഷ്യ വ്യക്തിയും സർവശക്തനും കരുണാമയനുമായ ദൈവത്താൽ എത്രയധികം സ്നേഹിക്കപ്പെടുന്നു, എത്രയധികം സംരക്ഷിക്കപ്പെടുന്നു, എപ്പോഴും അവിടുന്ന് കൂടെ നടക്കുന്നു, ഒരു മാത്ര പോലും പിരിയാതെ നമ്മിൽ എപ്പോഴും വസിക്കുന്നു എന്ന് യഥാർത്ഥത്തിൽ ഒരുവൻ മനസിലാക്കിയാൽ ജീവിക്കുന്ന കാലം മുഴുവൻ ആ വ്യക്തിയുടെ ഹൃദയം എത്രയോ ആത്മ ധൈര്യം നിറഞ്ഞതായിരിക്കും.

കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും.
1 യോഹന്നാന്‍ 3 : 1

ഏതു പ്രതിസന്ധിയിലും ഈശോയിൽ ഉള്ള നോട്ടം നാം മാറ്റാത്തിടത്തോളം കാലം നമ്മുടെ ആത്മാവ് പ്രകാശിതമായി നിലകൊള്ളും. ദൈവമക്കളുടെ സ്വാതന്ത്ര്യവും സ്നേഹാനുഭവവും ആനന്ദവും ഹൃദയത്തിൽ അനുഭവിക്കാൻ സാധിക്കും.

ചിലർ ചെറുപ്പം മുതലേ ഈശോയിൽ എപ്പോഴും ആശ്രയിക്കുന്നവരാണ്.

എന്നാൽ ജീവിതത്തിൽ ഒരു മരണ തുല്യമായ ദുഃഖത്തിന്റെ കാലയളവിലോ ഒരു മനുഷ്യർക്കും സഹായിക്കാനാവാത്ത അത്യാപത്തിന്റെ നേരത്തോ അല്ലെങ്കിൽ ഹൃദയം തകർന്നുള്ള പ്രാർത്ഥനയുടെ നിമിഷങ്ങളിലോ ഒക്കെയാണ് അപ്രതീക്ഷിതമായി ഈശോയെ ഉറ്റു നോക്കാൻ ചിലരെങ്കിലും പഠിക്കുന്നത്.

ഒരു പ്രാവശ്യം നമ്മുടെ ആത്മാവിന്റെ ഈ നോട്ടം ഈശോയിൽ / ദിവ്യകാരുണ്യ നാഥനിൽ / ദൈവവചനത്തിൽ ഉറച്ചു കഴിഞ്ഞാൽ പിന്നെ നാം എല്ലായ്‌പ്പോഴും എല്ലാത്തിനും കുഞ്ഞു അമ്മയെ എന്നത് പോലെ ഈശോയെ നോക്കിക്കൊണ്ടേയിരിക്കും

അവിടുത്തെ വാക്കുകൾ കേട്ട് അവിടുത്തെ തിരുമുഖം ധ്യാനിച്ചു അവിടുന്ന് തരുന്ന നന്മകൾ യഥാകാലം നന്ദിയോടെ സ്വീകരിച്ചു അവിടുത്തെ ആരാധിച്ചു കൊണ്ട് നാളുകൾ കഴിയ്ക്കും

മിശിഹായുടെ വരവിനായി പ്രാർത്ഥിച്ചു കാത്തിരുന്ന പരിശുദ്ധ അമ്മ, ഗബ്രിയേൽ മാലാഖ വഴി ദൈവം നൽകിയ മംഗള വാർത്തയ്ക്ക് “ഇതാ കർത്താവിന്റെ ദാസി” എന്ന് പറഞ്ഞു ദൈവഹിതത്തിന് എളിമയോടും പൂർണ മനസോടും പൂർണ ഹൃദയത്തോടും കൂടെ തല കുനിച്ച നിമിഷം മുതൽ തന്റെ ഉദരത്തിൽ മാംസം ധരിച്ച ദൈവവചനമായ ഈശോയിലേയ്ക്ക് ഹൃദയം കൊണ്ട് നോക്കിക്കൊണ്ടിരുന്നു. നോക്കി ആരാധിച്ചു കൊണ്ടേയിരുന്നു.

ബത്‌ലഹേം നഗരിയിൽ ഏറ്റവും എളിയ സാഹചര്യങ്ങളിൽ ദൈവത്തിന്റെ ഏക ജാതൻ മനുഷ്യനായി പിറന്നു വീണ നിമിഷങ്ങളിൽ പരിശുദ്ധ അമ്മ ഉണ്ണി ഈശോയെ തന്റെ കണ്ണുകൾ കൊണ്ട് നോക്കി കൊണ്ടിരുന്നു. നോക്കി ഹൃദയം കൊണ്ട് ആരാധിച്ചു കൊണ്ടിരുന്നു

ദൈവത്തിന്റെ മനുഷ്യനോടുള്ള അവർണനീയമായ സ്നേഹവും അളവില്ലാത്ത കരുണയും കണ്ടു അമ്മ ദൈവത്തെ ആരാധിച്ചു.

ഉണ്ണി ഈശോയെയും കൊണ്ട് ഈജിപ്തിലേക്കുള്ള പലായനത്തിലും അവിടെയുള്ള പ്രവാസത്തിലും തിരിച്ചു വരവിലും ഒക്കെയും അമ്മ ഈശോയെ നോക്കികൊണ്ടേയിരുന്നു. നോക്കി സ്നേഹിച്ചു കൊണ്ടേയിരുന്നു

ജറുസലേം ദൈവാലയത്തിൽ വച്ച് മൂന്ന് ദിവസം കാണാതായ സമയത്ത് പരിശുദ്ധ അമ്മ അനുഭവിച്ച ഉത്കടമായ ഹൃദയ വ്യഥ ആർക്ക് വിവരിക്കാൻ കഴിയും

ഈശോയെ വീണ്ടും കണ്ടെത്തിയപ്പോൾ അമ്മ അനുഭവിച്ച ആനന്ദവും ആശ്വാസവും എത്രയോ വലുതായിരുന്നിരിക്കണം

ഈശോയുടെ വളർച്ചയുടെ ഘട്ടത്തിലെ പരസ്യജീവിതത്തിനു പുറപ്പെടും വരെയുള്ള ഓരോ ദിനവും എത്ര ശ്രദ്ധയോടെയായിരുന്നിരിക്കണം മാതാവ് ക്രമീകരിച്ചിരുന്നത്. ഇഷ്ടമുള്ള ഭക്ഷണമൊരുക്കി ഈശോയെ പരിചരിച്ചിരുന്നത്.

പരസ്യ ജീവിതത്തിൽ ഇടയ്ക്ക് കാണാൻ പറ്റുന്ന സമയത്തിലും കുരിശിന്റെ വഴിയിലും കുരിശിന്റെ ചുവട്ടിലും മാതാവുണ്ടായിരുന്നു.

കുരിശിൻ ചുവട്ടിൽ വച്ച് നമ്മുടെയെല്ലാം അമ്മയായി യോഹന്നാനോടൊപ്പം മാതാവ് ഭവനത്തിലേയ്ക്ക് മടങ്ങി. ഈശോ കല്ലറയിൽ അടയ്ക്കപ്പെട്ട ആ സമയം പരിശുദ്ധ അമ്മയുടെ ഹൃദയവ്യഥ നമുക്കായുള്ള ഈശോയുടെ സഹനങ്ങളെ കുറിച്ച് മാത്രം ആയിരുന്നില്ല. വില തീരാത്ത ഈശോയുടെ തിരുരക്തം വഴി വീണ്ടെടുക്കപ്പെട്ട മനുഷ്യരിൽ പലരും അതിന്റെ വിലയോ പ്രാധാന്യമോ മനസിലാക്കാതെ നിത്യ നാശത്തിലേയ്ക്കും നിത്യ മരണത്തിലേയ്ക്കും പോകുന്നല്ലോ എന്നും ഓർത്തായിരുന്നു.

ഈശോയുടെ സ്വർഗാരോഹണത്തിനു ശേഷമുള്ള ദിനങ്ങളിൽ മാതാവ് ശിഷ്യരെ ഒരുമിച്ചു ചേർത്ത് ആശ്വസിപ്പിച്ചു പഠിപ്പിച്ചു.ധൈര്യം നൽകി. പരിശുദ്ധാരൂപി അവരിൽ വന്നു വസിക്കുവോളം അവർക്ക് കാവലാളായി.

പരിശുദ്ധ അമ്മ ചെയ്തത് പോലെ ആണോ നമ്മുടെ ജീവിതത്തിൽ ഈശോയോട് നാം പെരുമാറുന്നത്?

ദുഃഖങ്ങളിലും സന്തോഷങ്ങളിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും നാം അവിടുത്തെ സന്നിധിയിൽ ഒരേ മനോഭാവത്തോടെ ആണോ നിൽക്കുന്നത്!

“നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ;
അവിടുന്ന്‌ നിനക്ക്‌ വഴി തെളിച്ചുതരും.”
(സുഭാഷിതങ്ങള്‍ 3 : 6)

ശിഷ്യന്മാർ ഈശോയുടെ കൂടെ നടന്നു എങ്കിലും അത്ഭുതങ്ങൾ കണ്ടു എങ്കിലും പരിശുദ്ധാത്മാവ് വന്നു അവരിൽ നിറയും വരെ അവർക്ക് ഒത്തിരി കാര്യങ്ങൾ ഒന്നും മനസിലായില്ല.

എന്നാൽ നമ്മളോ!

ശൈശവത്തിലെ തന്നെ മാമോദീസ സ്വീകരിച്ചു, കുഞ്ഞുന്നാളിൽ കുമ്പസാരവും കുർബാനയും സ്ഥൈര്യലേപനവും ഒക്കെ ലഭിച്ചു, വായിക്കാൻ സമ്പൂർണ ബൈബിളും ലഭിച്ചു. എന്നും കുർബാന കൂടാൻ ഒരു ദൈവാലയവും ബലിയർപ്പിക്കുവാൻ വൈദികരും പാപമോചനം നൽകുന്ന കുമ്പസാരക്കൂടും ഈശോ എപ്പോഴുമുള്ള സക്രാരിയുമൊക്കെ നാം ഏതു സ്ഥലത്തു ആയിരുന്നാലും ഏതു ജോലി ആയിരുന്നാലും മിക്കവർക്കും ലഭിച്ചു.

ഒന്ന് മനസ് വച്ചിരുന്നെങ്കിൽ ഈശോയെ നമുക്ക് എത്രയോ കൂടുതൽ സ്നേഹിക്കാമായിരുന്നു. ഒന്ന് കൂടെ ഉത്സാഹിച്ചിരുന്നു എങ്കിൽ എത്രയോ കുർബാനകൾ മുടങ്ങാതെ ഇരിക്കുമായിരുന്നു. കുറച്ചു കൂടി ജാഗ്രതയോടെ ജീവിച്ചിരുന്നെങ്കിൽ കൃത്യമായ ഇടവേളകളിൽ കുമ്പസാരിച്ചു വരപ്രസാദത്തിന്റെ അവസ്ഥയിൽ ആയിരിക്കാമായിരുന്നു

എത്രയോ മണിക്കൂറുകൾ ദിവ്യകാരുണ്യ ആരാധനയ്ക്കായി ചിലവഴിക്കാമായിരുന്നു

ഈശോ എന്ന നാമം അറിയില്ലായിരുന്നു എന്ന് നമുക്ക് പറയാൻ കഴിയുകയില്ല. ഈശോയെ പറ്റി കുഞ്ഞിലേ മുതലേ നമുക്ക് അറിയാമായിരുന്നു. വേദ പാഠ ക്ലാസ്സുകളിൽ എത്രയോ നല്ല കാര്യങ്ങൾ നാം കേട്ടു

ഓരോരോ പ്രതിസന്ധികൾ ജീവിതത്തിൽ വന്നപ്പോൾ നാം ആദ്യം ഈശോയുടെ അടുത്തേയ്ക്കാണോ ഓടിയത്? അതോ മനുഷ്യരുടെ അടുത്തേയ്ക്കോ?

പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന്റെ ചാരെ ആയിരിക്കുമ്പോൾ ഇനിയെങ്കിലും ഈശോയെ നന്നായി സ്നേഹിച്ചു തുടങ്ങാം. കാരണം അവിടുന്നു നമ്മെ അത്ര മാത്രം സ്നേഹിച്ചു.

“ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു.”
(1 യോഹന്നാന്‍ 4 : 19)

പരിശുദ്ധ അമ്മയുടെ ചാരെ ഇരുന്നു ഈശോയെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ അത് ഒരു വ്യത്യസ്തമായ അനുഭവമാണ്.

ഒരു കാര്യം അനുഭവിച്ചറിഞ്ഞവർ അതിനെ കുറിച്ച് അനുഭവസാക്ഷ്യം പറയുമ്പോൾ അത് നമ്മുടെ ഹൃദയത്തിനു കൂടുതൽ മനസിലാകും.

ഈശോയുടെ കൂടെ ജീവിച്ച പരിശുദ്ധ അമ്മ ഈശോയെ കുറിച്ച് നമുക്ക് പറഞ്ഞു തരുമ്പോൾ അത് നമുക്ക് കൂടുതൽ മനസിലാകും.

ഒരു സൃഷ്ടിയും ദൈവത്തെ ഇത്രമാത്രം സ്നേഹിച്ചിട്ടില്ല. ഒരു സൃഷ്ടിയും മാതാവിനെ പോലെ ഇത്രമാത്രം ദൈവത്തെ ആശ്വസിപ്പിച്ചിട്ടില്ല

ഒരു സൃഷ്ടിയ്ക്കും ഇത്രയധികം അധികാരവും അവകാശവും ദൈവം കൊടുത്തിട്ടില്ല

പരിശുദ്ധ അമ്മ നമ്മുടെ അമ്മ മാത്രമല്ല ത്രിലോക രാജ്ഞി കൂടെയാണ്. മാലാഖമാർ അമ്മയുടെ ആജ്ഞ കാത്തുനിൽക്കുന്നു. പിശാചുക്കൾ നന്മ നിറഞ്ഞ മറിയമേ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ഭയപ്പെട്ടു പലായനം ചെയ്യുന്നു.

വിമല ഹൃദയ പ്രതിഷ്‌ഠയിലൂടെ കടന്നു പോകുമ്പോൾ മാതാവിനെ വ്യക്തിപരമായി അടുത്തറിയാനുള്ള ഒരു അവസരവുമാണ്.

ഏറ്റവും കരുണാർദ്രയും സ്നേഹവതിയുമായ ഈ അമ്മ നമ്മുടെ ആത്മീയ അവസ്ഥ ഇപ്പോൾ എന്ത്‌ തന്നെയായാലും ഈശോയെ എങ്ങനെ സ്നേഹിക്കണമെന്നും അവിടുത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നും നമ്മെ ക്ഷമയോടെ പഠിപ്പിക്കും.

പരിശുദ്ധ അമ്മയുടെ ആത്മീയപഠനകളരിയിൽ പഠിച്ചവർ ആരും തന്നെ നിത്യജീവിതത്തിന്റെ പരീക്ഷയിൽ പരാജയപ്പെട്ടിട്ടില്ല.

വിമല ഹൃദയത്തിന്റെ ചാരെ ആയിരിക്കുമ്പോൾ അമ്മയുടെ പരിശുദ്ധിയുടെയും മാതൃസ്നേഹത്തിന്റെയും മുന്നിൽ നാം നിശബ്ദരാകും. അമ്മയിൽ വസിക്കുന്ന ഈശോയുടെ സാന്നിധ്യത്തിൽ നാം നിശബ്ദരാകും.

“മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.”
(ലൂക്കാ 2 : 19)

ഈ ദൈവവചനം നാം വായിക്കുമ്പോൾ രക്ഷാകര സംഭവങ്ങളെ കുറിച്ചും ഈശോയെ കുറിച്ചും ജീവിതത്തിലൂടെ തന്റെ ഹൃദയത്തിൽ പതിഞ്ഞ കാര്യങ്ങളെ കുറിച്ചു പരിശുദ്ധ അമ്മ എപ്പോഴും ഓർത്തു കൊണ്ടിരുന്നതായി കാണാം.

പരിശുദ്ധ അമ്മയുടെ ചാരെ ഇരുന്നു കൊണ്ട് നമ്മുടെ ഇതു വരെയുള്ള ജീവിതത്തെ പറ്റി ചിന്തിക്കുമ്പോൾ നമ്മുടെ ജീവിതത്തെ എത്ര മാത്രം കൃത്യമായും മനോഹരമായും ദൈവം പരിപാലിച്ചു എന്ന് കാണാം.

“ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ത്ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.
അവസാനമായി, സഹോദരരേ, സത്യവും വന്‌ദ്യവും നീതിയുക്‌തവും പരിശുദ്‌ധവും സ്‌നേഹാര്‍ഹവും സ്‌തുത്യര്‍ഹവും ഉത്തമ വും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയും കുറിച്ചു ചിന്തിക്കുവിന്‍.
എന്നില്‍നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില്‍ കണ്ടതും നിങ്ങള്‍ ചെയ്യുവിന്‍. അപ്പോള്‍ സമാധാനത്തിന്റെ ദൈവം നിങ്ങളുടെ കൂടെയുണ്ടായിരിക്കും.”
(ഫിലിപ്പി 4 : 6-9)

ആദ്യമൊക്കെ ഇങ്ങനെ മാതാവിന്റെ ചാരെ ഇരിക്കുമ്പോൾ അധരം നിശബ്ദമാകും. പതിയെ പതിയെ അമ്മയുടെ പക്കലിരിക്കുന്ന കുഞ്ഞിനെ പോലെ ഹൃദയത്തിൽ അലയടിച്ചുയരുന്ന ആകുലതയുടെയും ഭയത്തിന്റെയും അലകളടങ്ങി ഹൃദയവും നിശബ്ദമാകും.

“നീ ചെന്ന്‌ മലയില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നില്‍ക്കുക, അവിടുന്ന്‌ അരുളിച്ചെയ്‌തു. കര്‍ത്താവു കടന്നുപോയി. അവിടുത്തെ മുന്‍പില്‍ മലകള്‍ പിളര്‍ന്നും പാറകള്‍ തകര്‍ത്തുംകൊണ്ടു കൊടുങ്കാറ്റടിച്ചു; കൊടുങ്കാറ്റില്‍ കര്‍ത്താവില്ലായിരുന്നു. കാറ്റുകഴിഞ്ഞു ഭൂകമ്പമുണ്ടായി. ഭൂകമ്പത്തിലും കര്‍ത്താവില്ലായിരുന്നു.
ഭൂകമ്പത്തിനുശേഷം അഗ്‌നിയുണ്ടായി. അഗ്‌നിയിലും കര്‍ത്താവില്ലായിരുന്നു. അഗ്‌നി അടങ്ങിയപ്പോള്‍ ഒരു മൃദുസ്വരംകേട്ടു.”
(1 രാജാക്കന്‍മാര്‍ 19 : 11-12)

നിശബ്ദതയിൽ ആത്മാവിൽ ഈശോ മൃദുവായി സംസാരിക്കുന്നത് നാം കേട്ടു തുടങ്ങും. കേട്ടു തുടങ്ങി കുറച്ചു കഴിയുമ്പോൾ അത് ഈശോ ആണെന്ന് നാം വേർതിരിച്ചറിഞ്ഞു തുടങ്ങും. നമ്മിൽ വസിക്കുന്നത് അത്യുന്നതനായ ദൈവവും നമ്മുടെ ഏക രക്ഷകനും ആണെന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങും. ശക്തനായ ദൈവത്തിന്റെ സാന്നിധ്യത്തിൽ നാം ശാന്തത കൈവരിക്കുകയും ദൈവിക സമാധാനം അനുഭവിക്കുകയും ചെയ്യും

ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക;
ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്‌;
ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്‌.
സൈന്യങ്ങളുടെ കര്‍ത്താവുനമ്മോടു കൂടെയുണ്ട്‌; യാക്കോബിന്റെ ദൈവമാണു നമ്മുടെ അഭയം.
സങ്കീര്‍ത്തനങ്ങള്‍ 46 : 10-11

“എന്നാല്‍, കര്‍ത്താവ്‌ തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്‌. ഭൂമി മുഴുവന്‍ അവിടുത്തെ മുന്‍പില്‍ മൗനം ഭജിക്കട്ടെ.”
(ഹബക്കുക്ക്‌ 2 : 20)

ദൈവത്തിന്റെ ആലയമായ നമ്മിൽ അവിടുന്നുണ്ട്. നമ്മുടെ ആത്മാവിൽ അവിടുന്ന് വസിക്കുന്നതിനാൽ നമ്മുടെ ആത്മാവും ശരീരവും മനസും ഏറ്റവും നിശബ്ദതയിൽ വലിയ ശ്രദ്ധയോടെ അവിടുത്തെ ശ്രവിക്കുകയും അവിടുത്തെ സാന്നിധ്യത്തെ കുറിച്ചു ഭക്തിയോടെ ധ്യാനിക്കുകയും ചെയ്യണം

“അതിനാല്‍, ഇസ്രായേലിന്റെ പരിശുദ്‌ധനായ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: തിരിച്ചുവന്ന്‌ സ്വസ്‌ഥമായിരുന്നാല്‍ നിങ്ങള്‍ രക്‌ഷപെടും. സ്വസ്ഥതയും ആശ്രയവും ആയിരിക്കും നിങ്ങളുടെ ബലം.”
(ഏശയ്യാ 30 : 15)

പരിശുദ്ധ അമ്മയുടെ ചാരെ ദൈവത്തിന്റെ സന്നിധിയിൽ ഇരുന്നു തുടങ്ങിക്കഴിയുമ്പോൾ നമ്മുടെ ആത്മാവ് സ്വസ്ഥമാകും. സ്വസ്ഥതയിലും ശാന്തതയിലും ആയിരിക്കുമ്പോൾ നാം കഴിഞ്ഞ കാലങ്ങളെ കുറിച്ച് ചിന്തിക്കുകയും ദൈവിക പരിപാലനയോർത്തു അത്ഭുതപ്പെടുകയും അവിടുന്നിൽ കൂടുതൽ കൂടുതൽ ആശ്രയിക്കുകയും ചെയ്യും.

“എന്നാല്‍, ഞാന്‍ ഒരു കാര്യം ഓര്‍മിക്കുന്നു, അത്‌ എനിക്കു പ്രത്യാശ തരുന്നു.
കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല;
അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.
ഓരോ പ്രഭാതത്തിലും അതു പുതിയതാണ്‌. അവിടുത്തെ വിശ്വസ്‌തത ഉന്നതമാണ്‌.
കര്‍ത്താവാണ്‌ എന്റെ ഓഹരി,
അവിടുന്നാണ്‌ എന്റെ പ്രത്യാശഎന്നു ഞാന്‍ പറയുന്നു.
തന്നെ കാത്തിരിക്കുന്നവര്‍ക്കുംതന്നെ തേടുന്നവര്‍ക്കുംകര്‍ത്താവ്‌ നല്ലവനാണ്‌.
കര്‍ത്താവിന്റെ രക്ഷയെ ശാന്തമായി കാത്തിരിക്കുന്നത്‌ ഉത്തമം.”
(വിലാപങ്ങള്‍ 3 : 21-26)

ഇപ്പോൾ ഈ നിമിഷം നാം ഏതവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് എന്നത് പ്രശ്നമല്ല.

ദൈവത്തിന്‌ ഒന്നും അസാധ്യമല്ല.
ലൂക്കാ 1 : 37

നമ്മെ ശക്തിപ്പെടുത്താനും നമ്മുടെ ഹൃദയം സ്നേഹത്താൽ നിറയ്ക്കുവാനും ഈശോയ്ക്ക് സാധിക്കും.

ഈ സമയങ്ങളിൽ പരിശുദ്ധ അമ്മ ആത്മാവിനെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കും. ധൈര്യം പകർന്നു നൽകിക്കൊണ്ടിരിക്കും.

“എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.
ഇട വിടാതെ പ്രാര്‍ത്ഥിക്കുവിന്‍.
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ്‌ യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്‌ധിച്ചുള്ള ദൈവഹിതം.”
(1 തെസലോനിക്കാ 5 : 16-18)

പരിശുദ്ധ അമ്മയുടെ ചാരെ ഇരിക്കുമ്പോൾ നാം ദൈവഹിതത്തിന് വിധേയരായി നിശബ്ദമായിരിക്കാനും കാത്തിരിക്കാനും പഠിക്കും.

പരിശുദ്ധ അമ്മയോടൊപ്പമുള്ള കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ശേഷം ശിഷ്യരിൽ പരിശുദ്ധാത്മാവ് നിറഞ്ഞു. അമ്മയോടൊപ്പം നാം കാത്തിരിക്കുമ്പോഴും നമ്മിൽ പരിശുദ്ധാത്മാവ് നിറയും.

പരിശുദ്ധാത്മാവ് വരുമ്പോൾ നാം ശക്തിപ്രാപിക്കും. അവിടുത്തെ ഫലങ്ങൾ നമ്മിൽ നിറയും.

“എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,
സൗമ്യത, ആത്‌മസംയമനം ഇവയാണ്‌. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.”
(ഗലാത്തിയാ 5 : 22-23)

വിമല ഹൃദയപ്രതിഷ്‌ഠയുടെ ഈ ആദ്യനാളുകളിൽ നാം നയിക്കപ്പെടുകയാണ്. വഴി നന്നായി നിശ്ചയമുള്ള, വഴി ഈശോ എന്നറിയുന്ന ഒരു വഴികാട്ടിയാൽ. പരിശുദ്ധ അമ്മയാൽ. മാതാവിന്റെ കരം പിടിച്ചു കൂടെ നടക്കാം.

മരിയൻ സമർപ്പണപ്രാർത്ഥന ( ലഘുരൂപം )

ഞാൻ……. (പേര് ) അവിശ്വസ്തനായ ഒരു പാപി മാമോദീസയിൽ ചെയ്ത പ്രതിജ്ഞകൾ ഇന്ന് നവീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു.

പിശാചിനെയും അവന്റെ ആഡംബരങ്ങളെയും പ്രവർത്തനങ്ങളെയും ഞാൻ എന്നേക്കുമായി പരിത്യജിക്കുന്നു.

ജീവിതത്തിലെ എല്ലാ ദിവസവും എന്റെ കുരിശു വഹിച്ചു കൊണ്ട് ഈശോയെ പിന്തുടരാനും ഇനിമേൽ അവിടുത്തോട് കൂടുതൽ വിശ്വസ്തനായിരിക്കുവാനും വേണ്ടി ഞാൻ എന്നെ തന്നെ പൂർണമായി ഈശോയ്ക്ക് സമർപ്പിക്കുന്നു.

ഓ! മറിയമേ സ്വർഗ്ഗവാസികളുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ ഈ ദിവസം എന്റെ മാതാവും നാഥയുമായി അങ്ങയെ ഞാൻ സ്വീകരിക്കുന്നു.
അങ്ങയുടെ അടിമയായി എന്നെ തന്നെ സമർപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു.

എന്റെ ആത്മാവും ശരീരവും ആന്തരികവും ബാഹ്യവുമായ എല്ലാറ്റിനെയും എന്റെ എല്ലാ നല്ല പ്രവൃത്തികളുടെ യോഗ്യതകളും കഴിഞ്ഞതും ഇപ്പോഴുള്ളതും വരാനിരിക്കുന്നതും ഒന്നുംമാറ്റിവയ്ക്കാതെ എല്ലാം അങ്ങേയ്ക്ക് ഞാൻ സമർപ്പിക്കുന്നു. എന്റെയും എനിക്കുള്ളവയുടെയും മേൽ പരിപൂർണമായ അധികാരാവകാശങ്ങൾ ഞാൻ അങ്ങേയ്ക്ക് നൽകുന്നു.സമയത്തിലും നിത്യതയിലും ദൈവമഹത്വത്തിന് വേണ്ടി അങ്ങേ ഇഷ്ടം പോലെ അവയെ വിനിയോഗിച്ചാലും!

ആമേൻ

ആവേ മരിയ.

💕

Fediverse reactions
June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading