പരിശുദ്ധ അമ്മയുടെ വിമലഹൃദയതണലിൽ -1

രാവിലെ ഉണർന്നപ്പോൾ ഒരിക്കൽ കൂടി വിമല ഹൃദയ പ്രതിഷ്‌ഠ ചെയ്യാൻ ഒരവസരം കിട്ടാൻ പോകുന്നു എന്നോർത്തപ്പോൾ തന്നെ ഹൃദയം സന്തോഷഭരിതമായി. സാധാരണ ഒന്നുകിൽ ആ ദിവസം വരുമ്പോൾ മറന്നു പോകും. അല്ലെങ്കിൽ തിരക്ക് മൂലം ആ ദിവസം വരുന്നതും കടന്നു പോകുന്നതും ശ്രദ്ധിക്കാറില്ല.

ഏതായാലും ഇനി രണ്ടു ദിവസം കൂടിയുണ്ട്.  ഇപ്രാവശ്യമെങ്കിലും നന്നായി ഒരുങ്ങണം. നോമ്പ് സമയവുമാണല്ലോ.

പരിശുദ്ധ അമ്മയെ കുറിച്ച് എഴുതിയിട്ട് ഒത്തിരി നാളായി. ചിന്തകളിൽ ദൈവസ്നേഹം  നിറയുമ്പോൾ വചനങ്ങൾ അനുഭവങ്ങളാകും പോലെ ഹൃദയത്തിൽ തോന്നും. ആത്മാവിൽ നിന്നും അത് നവമായ അക്ഷരങ്ങളായി പകർത്താനുമാവും.

കുറച്ചു ദിവസങ്ങൾക്കു മുൻപ് പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം നടന്ന നോക്ക് എന്ന സ്ഥലത്ത് മൂന്നു ദിവസം താമസിക്കാൻ ദൈവപരിപാലന അനുവദിച്ചു.

പരിശുദ്ധ അമ്മയുടെ നിശബ്ദസ്നേഹസാന്നിധ്യം സദാ നിറഞ്ഞ സ്ഥലം.

ഞങ്ങൾ ഒന്നും പരസ്പരം മിണ്ടിയില്ല. പകരം ദിവ്യ കാരുണ്യ ഈശോയിലേയ്ക്ക് ആ മണിക്കൂറുകളിൽ ശ്രദ്ധയർപ്പിച്ചു.

വിമല ഹൃദയപ്രതിഷ്‌ഠയുടെ കാതലും അതാണല്ലോ. പരിശുദ്ധ അമ്മയിലൂടെ, മാതാവിന്റെ ആന്തരികഭാവത്തിൽ പൂർണമായി ഉൾച്ചേർന്നും സ്വന്തമാക്കപ്പെട്ടുമുള്ള ഈശോയ്ക്കുള്ള സമ്പൂർണ ആത്മ സമർപ്പണം.

വെറുതേ ആലോചിച്ചു കൊണ്ടിരുന്നപ്പോൾ പരിചയമുള്ള ഒരു സാന്നിധ്യത്തിന്റെ സ്നേഹനറുമണം മുറിയിൽ നിറഞ്ഞു.

അമ്മയാണ്.

എത്രയോ നാളുകളായി ഇങ്ങനെ എഴുതാനിരുന്നിട്ട്…

നീ എന്തെടുക്കുകയാണ്?

അമ്മ ചോദിച്ചു..

ഞാനേ, വിമല ഹൃദയ പ്രതിഷ്‌ഠ ഒന്ന് കൂടെ ചെയ്താലോ എന്നാലോചിക്കുകയാണ് അമ്മേ.

ഞാൻ മറുപടി പറഞ്ഞു

ചെയ്യുന്നത് നല്ലതല്ലേ, നിന്നെ തന്നെ ഒന്ന് കൂടി പരിശോധിക്കാനും പുതുതാക്കാനും പറ്റുമല്ലോ.

അമ്മയെ ഞാൻ ഒന്ന് നോക്കി. എന്ത് മാത്രം വിഷമതകളിലൂടെ കടന്നു പോയവൾ. എന്നാൽ കൃപ നിറഞ്ഞവൾ ആയതു കൊണ്ട് എല്ലാത്തിലും ദൈവഹിതം മനസിലാക്കാനും ഒരിക്കലും പരാതിപ്പെടാതെ അതിലൂടെ കടന്നു പോകാനും അമ്മയ്ക്ക് കഴിഞ്ഞു.

കഴിഞ്ഞ ദിവസം ധ്യാനത്തിന് പങ്കെടുത്തപ്പോൾ അച്ചൻ ബ്രേക്ക്‌ സമയത്തു എല്ലാവരും ഒരു കൊന്ത ചൊല്ലണം അമ്മയുടെ സഹായം തേടണം എന്ന് പറഞ്ഞു. ഒരു വ്യക്തി  അക്ഷരം പ്രതി അതനുസരിച്ചു. കാണാതെ അറിയില്ലെങ്കിലും മൊബൈലിൽ നോക്കി ഒരു കൊന്ത ചൊല്ലി പൂർത്തിയാക്കി. വലിയ ആത്മീയ ആനന്ദം കൊണ്ട് ആ വ്യക്‌തി നിറഞ്ഞു.

അച്ചൻ എല്ലാവരോടുമായി ആ കുഞ്ഞു സാക്ഷ്യം പറയാൻ അദ്ദേഹത്തോട് പറഞ്ഞു.

ജീവിതത്തിൽ ഇന്ന് വരെ ആ വ്യക്തി വ്യക്തിപരമായി ജപമാല ചൊല്ലിയിട്ടില്ല. അന്നാദ്യമായാണ് ഒരു ജപമാല ചൊല്ലി പൂർത്തിയാക്കാൻ സാധിക്കുന്നത്.

ആ സാക്ഷ്യം പറഞ്ഞു പൂർത്തിയാക്കിയപ്പോൾ അച്ചൻ എല്ലാവരോടുമായി പറഞ്ഞു. “ഇതാണ് പരിശുദ്ധാത്മാവ് നൽകുന്ന ആനന്ദം.”

ശരീരത്തിന്റെ സുഖം കടന്നു പോകും. മനസിന്റെ സന്തോഷം കുറച്ചു നേരം നിൽക്കും. എന്നാൽ ആത്മാവിൽ പരിശുദ്ധാത്മാവ് നൽകുന്ന ആനന്ദം നിലനിൽക്കുമെന്ന് മാത്രമല്ല അനുദിനം വർദ്ധിക്കുകയും ചെയ്യും.

ആ വ്യക്തിയുമായി ഞാൻ പിന്നീട് സംസാരിച്ചപ്പോൾ ആ കുഞ്ഞു പ്രവൃത്തിയ്ക്ക് പരിശുദ്ധ അമ്മ അദ്ദേഹത്തെ ആ സമൂഹത്തിന്റെ മുൻപാകെ മാനിച്ചല്ലോ എന്ന് ഞാൻ പറഞ്ഞു.

ആ സമയവും ആത്മീയ ആനന്ദം കൊണ്ട് അദ്ദേഹത്തിന്റെ മുഖം പ്രകാശിക്കുന്നുണ്ടായിരുന്നു.

സംസാരിക്കുന്നതിനിടയിൽ പരിശുദ്ധ അമ്മ എന്ന ജീവനുള്ള സമ്മാനത്തെ പറ്റി ഞങ്ങൾ സംസാരിച്ചു.

ഈശോ ഏതൊരു സാധാരണ മകനെയും പോലെ തന്റെ അമ്മയെ സ്നേഹിച്ചു.  തന്റെ മരണ നേരത്ത്, പരിശുദ്ധ കുർബാനയായി തന്നെ തന്നെ നൽകി കഴിഞ്ഞു, തന്റെ ചാരെ കുരിശിൻ ചുവട്ടിൽ അപ്പോഴും വിട്ടു പോകാതെ നിന്ന, താൻ സ്നേഹിച്ചിരുന്ന, തന്നെ സ്നേഹിച്ചിരുന്ന യോഹന്നാനു തന്റെ അമ്മയെ പൂർണമായും സ്വന്തമായി ഏല്പിച്ചു കൊടുത്തു.

യോഹന്നാൻ അമ്മയെ സ്വഭവനത്തിൽ അന്ന് മുതൽ സ്വീകരിക്കുകയും ചെയ്തു.

അത് കൂടുതൽ ഒരു ഉന്നതമായ ഒരു രീതിയിൽ ഈശോയിൽ നിന്നും പരിശുദ്ധ അമ്മയെ സ്വന്തമായി സ്വീകരിക്കുന്ന ഒരു സമയമാണ്.

നമ്മൾ എപ്പോഴും സാധാരണ പരിശുദ്ധ അമ്മയിലൂടെ പലപ്പോഴും ഈശോയിലേയ്ക്ക് നയിക്കപ്പെടും. ഈശോയിൽ നിലനിൽക്കുവാൻ അമ്മ നിരന്തരം നമ്മെ സഹായിക്കും. അത് ഈശോയുടെ പരസ്യജീവിതകാലഘട്ടത്തിൽ  ശിഷ്യന്മാർ അനുഭവിച്ചിരുന്ന ഒരു സ്നേഹത്തിന്റെ അവസ്ഥയാണ്. ഇളയമ്മയായ എലിസബത്തു കടന്നു പോയ ഒരു ഈശോ അനുഭവമാണ്. കാനായിലെ കല്യാണ വിരുന്നിലെ ആളുകൾ കടന്നു പോയ ഒരു ഈശോ അനുഭവമാണ്.

എന്നാൽ കുരിശ് മരണത്തിനു ശേഷം ശിഷ്യന്മാർ കടന്നു പോയത് വ്യത്യസ്തമായ അനുഭവങ്ങളിലൂടെ ആയിരുന്നു.

ഭയത്തിന്റെ, അരക്ഷിതമായ അവസ്ഥയുടെ, നാളെ എന്താണ് എന്നറിയാത്ത ഭീതിയുടെ അവസ്ഥയിലൂടെ..

യഥാർത്ഥത്തിൽ ഒരു കാര്യത്തിലൂടെ കടന്നു പോകുന്നത് എളുപ്പമാണ്. എന്നാൽ ഒരു അറിയാത്ത കാര്യത്തിന് വേണ്ടി അനിശ്ചിതമായി കാത്തിരിക്കുമ്പോൾ അത് ഹൃദയഭേദകവും ഭയജനകവുമാണ്.

പ്രത്യേകിച്ചും കുരിശ് മരണത്തിനു ശേഷം ഉയിർപ്പിന് മുൻപുള്ള ശിഷ്യന്മാരുടെ കാര്യമെടുക്കുമ്പോൾ.

അന്നുവരെ അവരുടെ ഗുരുവായി കൂടെ നടന്ന അത്ഭുതങ്ങൾ പ്രവർത്തിച്ച, മരിച്ചവരെ ഉയിർപ്പിച്ച, മിശിഹാ എന്ന് അവർ കരുതിയ ഈശോ അവരുടെ മുൻപിൽ വച്ച് പടയാളികളാൽ പിടിക്കപ്പെട്ടു, വിധിക്കപ്പെട്ട് കഠിന പീഡകളിലൂടെ കടന്നു പോയി, കുരിശ് മരത്തിൽ ഏറ്റപ്പെട്ടു മരിച്ചു, കല്ലറയിൽ അടക്കപ്പെട്ടിരിക്കുന്ന അവസ്ഥ….

അത്രയും നാളും ഗുരുവിൽ നിന്നും കേട്ട വചനങ്ങൾ മാഞ്ഞു പോയ അവസ്ഥ.

കുഞ്ഞിലേ മുതൽ ഹൃദിസ്ഥമാക്കിയ മിശിഹായെ കുറിച്ചുള്ള കാര്യങ്ങളും നേരിട്ട് കണ്ട അറിവുകളും ഒക്കെ അർത്ഥമില്ലാതായി പോയത് പോലെ

ആയിരുന്ന തൊഴിൽ വിട്ടു, വീട്ടുകാരെ വിട്ടു മൂന്ന് വർഷത്തോളം മാറി നിന്നതിനാൽ ഇനി എന്ത്‌ ചെയ്യണം എവിടെ നിന്നും തുടങ്ങണം എന്നറിയാത്ത അവസ്ഥ

അവരുടെ കണ്ണുകൾ ആ നിമിഷം തേടിയത് മറ്റാരേയുമല്ല, ഈശോയുടെ അമ്മയായ മറിയത്തിനെ ആയിരുന്നു.

അവരുടെ കാതുകൾ കേൾക്കാൻ കൊതിച്ചത് പരിശുദ്ധ അമ്മയുടെ സാന്ത്വനവാക്കുകൾ ആയിരുന്നു.

അമ്മ അവർക്ക് താങ്ങായി തണലായി, ഉയിർപ്പിന്റെ പുലരി വരെ…

അവർ വീണ്ടും ഈശോയെ കണ്ടു, കേട്ടു,തൊട്ടു.

എങ്കിലും…

പിന്നെയും ഈശോ പോകാൻ തുടങ്ങിയപ്പോൾ അവരുടെ കണ്ണുകൾ താഴ്ന്നു. ഹൃദയം ഇടിഞ്ഞു

ഈശോ സ്വർഗത്തിലേക്ക് ഉയർന്നു മറഞ്ഞപ്പോഴും അവർക്ക് താങ്ങായി അമ്മ നിന്നു. കടന്നു പോയ കാര്യങ്ങൾ വിശദീകരിച്ചു നൽകി. ഭക്ഷണം ഉണ്ടാക്കി നൽകി. സമാധാനിപ്പിച്ചു. ഈശോ പറഞ്ഞതനുസരിച്ചു പരിശുദ്ധാത്മാവ് വരും വരെ ഒരുമിച്ചു കാത്തിരിക്കാൻ പ്രേരിപ്പിച്ചു, കൂടെയിരുന്നു, കൂട്ടിരുന്നു.

അവസാനം അവിടുന്ന് വന്നു…

ദൈവത്തിന്റെ പരിശുദ്ധാത്മാവ്…

“കര്‍ത്താവ്‌ അഗ്‌നിയില്‍ എഴുന്നള്ളും; അവിടുത്തെ രഥം കൊടുങ്കാറ്റുപോലെ.”
(ഏശയ്യാ 66 : 15)

ദൈവത്തിന്റെ പരിശുദ്ധാത്മാവ് തീനാവുകളായി അവരുടെ ഓരോരുത്തരുടെയും മേലെ വന്നു. വ്യക്തിപരമായി അവരിൽ ഓരോരുത്തരിലും നിറഞ്ഞു.

അവരുടെ പേടി മാറി, ആകുലതകൾ മാറി, ജ്ഞാനത്താൽ ശക്തിയാൽ അവർ നിറഞ്ഞു.

പാമരർ ആയിരുന്നവർ ഞൊടിയിടയിൽ പ്രഘോഷകർ ആയി മാറി.

സ്വന്തം ജീവിതത്തിൽ മറ്റുള്ളവരുടെ ജീവിതത്തിൽ നിന്നും വേറിട്ട ദൈവഹിതം എന്തെന്ന് പരിശുദ്ധാത്മാവിലൂടെ സ്വയം അവരറിഞ്ഞു.

പരിശുദ്ധാത്മാവ് നിറഞ്ഞപ്പോൾ ഈശോയുടെ യഥാർത്ഥ ശിഷ്യത്വത്തിലേയ്ക്ക് അവരുയർന്നു. കൂടുതൽ ആഴമായ അർത്ഥത്തിൽ പരിശുദ്ധ അമ്മയുടെ മക്കൾ ആയി മാറി.

ബാക്കി കാര്യങ്ങൾ അപ്പസ്തോല പ്രവർത്തനത്തിലും ലേഖനങ്ങളിലും വെളിപാടിലും സഭാ പാരമ്പര്യങ്ങളിലും ഒക്കെ നാം വായിക്കുന്നുണ്ടല്ലോ  എന്ന് ഞാനോർത്തു.

നമ്മുടെ ഒക്കെ ജീവിതത്തിലും ഈശോയുടെ കുരിശ് മരണത്തിനും ഉയിർപ്പിനും ഇടയ്ക്കുള്ള ശൂന്യവും ഏകാന്തവും പേടിപ്പെടുത്തുന്നതുമായ ആത്മീയ ഭൗതിക മാനസിക അവസ്ഥകൾ ഉണ്ടാകാറുണ്ട്.

ആത്മീയമായി മരവിച്ച അവസ്ഥ.

പാപത്തിൽ അറിഞ്ഞോ അറിയാതെയോ വീണ് പ്രസാദവരം നഷ്‌ടമായ ആത്മീയമായി മൃതമായ അവസ്ഥ..

തീവ്രരോഗലക്ഷണങ്ങൾ മരുന്നുകൾ കൊണ്ട് ഭേദപ്പെടാതെ ഇരിക്കുമ്പോൾ മനസ് മടുത്തു പോകുന്ന അവസ്ഥ..

കടം കയറി വിഷമിച്ചു ജീവിതം അവസാനിപ്പിച്ചാലോ എന്ന തോന്നൽ വരുന്ന അവസ്ഥ…

ജോലിയില്ലാത്ത അവസ്ഥ

ഈശോയിലുള്ള വിശ്വാസം ഹൃദയത്തിൽ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ.

വായിക്കുന്ന ദൈവവചനത്തിന്റെ ഉൾക്കാഴ്ചകൾ സാന്ത്വനം നല്കാത്ത, കുമ്പസാരവും പരിശുദ്ധ കുർബാനയും പോലും യാന്ത്രികമായി പോകുന്ന വിഷമാവസ്ഥ.

ഈ അവസ്ഥയിൽ പരിശുദ്ധാത്മാവ് അവിടുത്തെ തക്കസമയത്തു നമ്മെ സന്ദർശിച്ചു ആശ്വസിപ്പിക്കും വരെ നമ്മെ സഹായിക്കുന്നതും കൂടെയിരിക്കുന്നതും പരിശുദ്ധഅമ്മ മറിയം ആണ്.

മാതാവ് ദൈവവചനങ്ങൾ ഓർമിപ്പിച്ചു തരും. അത് ലളിതമായി വ്യാഖ്യാനിച്ചു തരും

അതെയോ എന്ന് പറഞ്ഞ് കൊണ്ട് എന്നെ നോക്കി അമ്മ പതിയെ ചിരിച്ചു.

പിന്നല്ലാതെ…

യോഹന്നാൻ അമ്മയെ സ്വഭവനത്തിൽ സ്വീകരിച്ചപ്പോൾ അമ്മ അങ്ങനെ അല്ലായിരുന്നോ!

വലിയ ദേഷ്യക്കാരനായിരുന്ന യോഹന്നാൻ ശാന്തനും സ്നേഹഭരിതനും ഒക്കെ ആയത് അമ്മയുടെ കൂടെ താമസിച്ചത് കൊണ്ടല്ലേ!

എന്റെ കൂടെ താമസിച്ചത് കൊണ്ട് മാത്രമല്ല കുഞ്ഞേ..
ഈശോയുടെ സ്നേഹം അത്രയ്ക്കും അടുത്തു നിന്ന് കണ്ടതും ആ  മാറിൽ തല  ചായ്ച്ചിരുന്നതും ഈശോയുടെ സഹനം കണ്ടതും ഒക്കെ യോഹന്നാൻ അല്ലെ…

ആ  സ്നേഹം അവന്റെ ഹൃദയത്തിൽ ആഴത്തിൽ പതിയാതിരിക്കുമോ?

അല്ലേലും അമ്മ ഇങ്ങനെയാ…

ഒരു ക്രെഡിറ്റും എടുക്കില്ല… എല്ലാം ഈശോയ്ക്ക് കൊടുക്കും

അമ്മ വീണ്ടും ചിരിച്ചു…

പരിശുദ്ധ അമ്മയുടെ നിർമലമായ കണ്ണുകൾ എത്രയോ മനോഹരം.

ഈശോയെ ഓർക്കുമ്പോൾ തന്നെ സന്തോഷഭരിതമാകുന്ന  കണ്ണുകൾ.

ലോകത്തിന്റെ കറകൾ ഏൽക്കാത്ത കണ്ണുകൾ,
എന്നാൽ പാപത്തിന്റെ കറകളിൽ മുങ്ങി കിടക്കുന്ന മക്കളായ മനുഷ്യരെ ഓർത്തു ദുഃഖിച്ചു കരയുന്ന കണ്ണുകൾ…

ദൈവത്തിന്റെ മഹാകരുണയാൽ,  കുമ്പസാരകൂട്ടിൽ പാപിയായി എത്തി വിശുദ്ധനായി പുറത്തിറങ്ങുന്ന മക്കളായ മനുഷ്യരെ കണ്ടു പ്രകാശിക്കുന്ന കണ്ണുകൾ.

ഏറ്റവും വിനീതയായ സ്വർഗീയ രാജ്ഞിയുടെ മഹിമയുള്ള കണ്ണുകൾ.

“കണ്ണാണു ശരീരത്തിന്റെ വിളക്ക്‌. കണ്ണ്‌ കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും.”
(മത്തായി 6 : 22)

മാതാവിന്റെ കണ്ണുകളെ കുറിച്ച് തന്നെ ഒത്തിരി ധ്യാനിക്കാനുണ്ടെന്ന് എനിക്ക് തോന്നി…

അമ്മയുടെ കണ്ണിലെ പ്രകാശം ആ ഹൃദയത്തിൽ നിന്നും വരുന്നതും ആ പ്രകാശത്തിന്റെ തെളിച്ചം അമ്മയുടെ ശരീരം മുഴുവനും പ്രതിഫലിക്കുന്നുവെന്നും എനിക്ക് തോന്നി.

അമ്മയുടെ  ഹൃദയത്തിൽ നിറയെ ഈശോയുടെ സ്നേഹാഗ്നി ജ്വാലകൾ ആണല്ലോ!

പിന്നെങ്ങനെ ആ പരിശുദ്ധമായ കണ്ണുകൾ ഇത്രയും പ്രകാശിക്കാതെ ഇരിക്കും!

അമ്മയെ നോക്കി നോക്കി ഇരുന്നപ്പോൾ ചിന്തകൾ ഒരു നിമിഷം എന്നിലേക്ക് തിരിഞ്ഞു.

എന്റെ കണ്ണുകൾ എങ്ങനെയുള്ളതാണ്!

എന്റെ കണ്ണുകൾ ഈശോയെ ഓർക്കുമ്പോൾ സന്തോഷ ഭരിതം ആകുന്നുണ്ടോ?

പാപികളായ സഹോദരങ്ങളുടെ കാര്യം പോകട്ടെ,
എന്റെ എങ്കിലും പാപങ്ങളെ ഓർത്തു ഞാൻ  യഥാർത്ഥത്തിൽ ദുഃഖിച്ചു അനുതാപത്തോടെ കരയാറുണ്ടോ?

കുമ്പസാരം കഴിയുമ്പോൾ പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ എന്റെ കണ്ണുകൾ പ്രകാശിക്കുന്നുണ്ടോ?

മാമോദീസ വഴി സ്വർഗീയ പിതാവിന്റെ മകളായ എന്റെ കണ്ണുകൾക്ക്‌ അതിന്റേതായ മഹിമയും അധികാരവും തോന്നുന്നുണ്ടോ?

എത്രയോ നിസാരയാണ്‌  ഞാൻ..

എന്റേത് നിസാര കാര്യങ്ങൾക്ക് ഈശോയോട് പിണങ്ങുന്ന കണ്ണുകളാണ്…

പാപത്തിന്റെ പുകക്കറ പിടിച്ചു കാഴ്ച മങ്ങിയത്  മൂലം അനുനിമിഷമുള്ള ദൈവപരിപാലന കാണാൻ സാധിക്കാത്തവയാണ്.

ഇത്തിരി നേട്ടത്തിൽ ഒത്തിരി അഹങ്കരിക്കുന്ന കണ്ണുകളാണ്.

കാണുന്നവയും നല്ലതൊക്കെയും സ്വന്തമാക്കണമെന്ന് ആശിക്കുന്ന കണ്ണുകളാണ്..

കണ്ണടക്കം ഇല്ലാത്ത കണ്ണുകൾ ആണ്…

“കണ്ണ്‌ ദുഷ്‌ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കില്‍ അന്ധകാരം എത്രയോ വലുതായിരിക്കും.”
(മത്തായി 6 : 23)

ആ വചനം ഓർത്തപ്പോൾ തന്നെ എന്റെ മുഖം വാടി.

എന്റെ കുഞ്ഞേ നിനക്കെന്തു പറ്റി! എന്തിനാണ് പെട്ടെന്ന് മുഖം വാടിയത്..

അടുത്തു വന്നിരുന്നു മുടിയിൽ തലോടി അമ്മ പതിയെ ചോദിച്ചു..

ഇത്രയും നിസാരയും പാപിയും എപ്പോഴും തകർന്ന് തളർന്നു മടുത്തു വീണു പോകുന്ന ഞാൻ എങ്ങനെ വിശുദ്ധിയിൽ ഇനിയെങ്കിലും ജീവിക്കും!

എങ്ങനെ ഈശോയെ പ്രസാദിപ്പിക്കും!

എല്ലാം ശ്രദ്ധിച്ചു കേട്ട് അമ്മ ശാന്തമായി മറുപടി പറഞ്ഞു

കുഞ്ഞേ, നിന്നെ നോക്കികൊണ്ട് ഞാനിവിടെയുണ്ട്.

നീ കണ്ടിട്ടില്ലേ…

കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്നത്…

സമീപേ തന്നെയുള്ള അമ്മമാരുടെ ശ്രദ്ധ എപ്പോഴും അവരുടെ മേൽ ഉണ്ടാകും.

ചിലപ്പോൾ അവർ വീഴും. കരയും. അപ്പോൾ അവരുടെ അമ്മമാർ ഓടിയെത്തി ആശ്വസിപ്പിക്കും. മുറിവ് ഉണ്ടെങ്കിൽ വച്ച് കെട്ടും. മേല് കഴുകി ഉടുപ്പ് മാറ്റും.

എന്നാൽ കുഞ്ഞിന് പരിക്ക് കൂടുതൽ ആണെങ്കിൽ ഡോക്ടറെ കൊണ്ട് പോയി കാണിക്കും.

എന്നിട്ട് ഡോക്ടർ പറയുന്നത് പോലെ പരിചരിക്കും. സുഖമാകും വരെ ശുശ്രൂഷിക്കും.

എന്റെ ചാരെ ആയിരിക്കുന്ന നിന്റെ ആത്മാവിന്റെ കാര്യത്തിൽ ഞാനും ഇങ്ങനെയാണ്. ഈശോ നിന്നെ എനിക്ക് മകളായി തന്നതിനാൽ ഞാൻ നിന്റെ അമ്മയും നിന്റെ ആത്മാവിന്റെ മേൽനോട്ടക്കാരിയും ആണ്. നീയാകുന്ന ആത്മാവ് എന്നിൽ നിന്നും ഓടിമാറി പാപസാഹചര്യങ്ങളിൽ പെടുമ്പോൾ പാപത്തിൽ വീഴുമ്പോൾ ഞാൻ നിനക്കായി മാധ്യസ്ഥം വഹിക്കും. എന്റെ കുഞ്ഞേ നീ അനുതപിച്ചു കുമ്പസാരിച്ചു തിരികെ വരും വരെ എന്തൊരു വ്യഥ ആണ് എന്റെ ഹൃദയത്തിന്!

നീ സുരക്ഷിതമായി പൂർവ ശോഭയിൽ എന്റെ ചാരെ അമ്മേ എന്ന് വിളിച്ചു തിരികെ വരുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസവും ആനന്ദവുമാണ്.

എന്റെ കുഞ്ഞേ…

നിന്റെ ആത്മാവെന്ന തോട്ടം പലപ്പോഴും നീ പരിപാലിക്കാതെ കിടക്കും. അത് നിന്റെ അനുതാപകണ്ണീരിൽ ഇടയ്ക്ക് നനച്ചു, നീ കടന്നു പോകുന്ന സഹനങ്ങളാൽ ഉഴുതു മറിച്ചു തടമെടുത്തു ഒരുക്കി ഇട്ടാൽ അതിൽ വചനത്തിന്റെ വിത്ത് പരിശുദ്ധാത്മാവ് വിതയ്ക്കുന്ന നേരം വേഗം  മുളച്ചു നന്നായി വളർന്നു 100 മേനി ഫലങ്ങൾ പുറപ്പെടുവിക്കും.

അത് പോലെ നീ അഭ്യസിക്കുന്ന പുണ്യങ്ങളും നീ സ്നേഹത്തോടെ ചൊല്ലുന്ന പ്രാർത്ഥനകളും ആത്മാവിൽ മനോഹരമായി വിരിഞ്ഞു നറുമണം പരത്തുന്ന പുഷ്പങ്ങൾ പോലെ വിരിഞ്ഞു നിൽക്കും.

കുഞ്ഞേ നീ ഒന്നോർത്തെ…

എന്റെ മകൻ ഈശോ സർവമനുഷ്യർക്കും വേണ്ടി എത്രയോ സഹിച്ചു…

മരണത്തോളം സഹിച്ചു…

മരണത്തിനപ്പുറവും അവൻ നിങ്ങളെ സ്നേഹിച്ചു…

എന്നാൽ എത്ര ഹൃദയങ്ങൾ അവനായി ഒരുക്കപ്പെട്ടിട്ടുണ്ട്…

എത്ര മനുഷ്യ ഹൃദയങ്ങൾ ഈശോയെ വന്നാലും എന്ന് അവനെ ക്ഷണിക്കുന്നുണ്ട്?

എന്റെ തല വീണ്ടും കുനിഞ്ഞു.

അമ്മ ദയയോടെ പറഞ്ഞു. എന്റെ ചെറിയ കുഞ്ഞേ. നീ എന്നെ അമ്മേ എന്ന് ഹൃദയത്തിൽ നിന്നും വിളിക്കുന്നതിനാൽ നീയും  യോഹന്നാനും മറ്റേതൊരു മനുഷ്യരും തമ്മിൽ എനിക്ക് വ്യത്യാസമേതുമില്ല. എല്ലാവരുടെയും അമ്മയല്ലേ ഞാൻ.

വിമല ഹൃദയപ്രതിഷ്‌ഠ വഴി നീയെനിക്ക് ഈശോയ്ക്ക് വേണ്ടി പൂർണമായി സമർപ്പിക്കുമ്പോൾ നീയാകുന്ന ആത്മാവിന്റെ തോട്ടക്കാരിയാകാം ഞാൻ.

നിന്റെ ആത്മാവിനെ വേണ്ട വിധം പരിപാലിച്ചു ഈ ജീവിതത്തിൽ ദൈവഹിതം അനുസരിച്ചു നീ എങ്ങനെയാണോ ആകേണ്ടത് അങ്ങനെയാകുവാൻ ഞാനും സഹായിക്കാം.
നീ മറ്റുള്ളവരെ കണ്ടു പരിഭ്രമിക്കേണ്ട. നിന്നെ ഏല്പിച്ചത് മാത്രം ശ്രദ്ധിച്ചാൽ മതി. ദൈവപിതാവ് നിന്റെ ഓരോ ചെറിയ കാര്യത്തിലും എത്രയോ ശ്രദ്ധാലു ആണെന്ന് നീ കാണുന്നില്ലേ?

ഈശോ എത്രയോ കാരുണ്യവാനാണെന്നു നീ കാണുന്നില്ലേ. നീ പാപത്തിൽ വീഴുമ്പോൾ എത്രയോ സമയമാണ് നീ ഒന്നനുതപിച്ചു തിരിച്ചു വരാൻ അവിടുന്ന് കാത്തിരിക്കുന്നത്! പാപത്തിൽ വീണു എന്ന് നിനക്ക് മനസ്സിലാകുന്നത്  തന്നെ പലപ്പോഴും എത്രയോ വൈകിയാണ് കുഞ്ഞേ…

പരിശുദ്ധാരൂപി നിന്നിൽ വന്നു വസിക്കുമ്പോൾ നീ ശക്തയാകും. നിന്നിൽ ജ്ഞാനം നിറയും. അപ്പോൾ കൂടുതൽ മെച്ചമായി ഈശോയ്ക്ക് വേണ്ടി ജീവിക്കാൻ നിനക്ക് സാധിക്കും.

നീ ചെയ്യേണ്ടത് ഇത്ര മാത്രം. ദൈവത്തിന്റെ അനന്തസ്നേഹത്തെ കുറിച്ച് ഓർക്കുക. ആ ദൈവസ്നേഹത്തെ കുറിച്ച് ധ്യാനിച്ചു ആ സ്നേഹത്തിൽ നിറഞ്ഞു തുളുമ്പി ദൈവത്തെ ആരാധിക്കുക. ഒരു തേനറയിൽ അൽപാൽപമായി തേനീച്ചകൾ നിറയ്ക്കുന്ന തേൻ നിറഞ്ഞു നിറഞ്ഞു ഒടുവിൽ തേൻ തുള്ളി തുള്ളിയായി അതിൽ നിന്നും ഇറ്റ് വീഴും പോലെ വേണം ദൈവത്തെ ആരാധിക്കേണ്ടത്.

ആരാധന എന്നത് വാക്കുകളിലെ ബാഹ്യ പ്രകടനം മാത്രമല്ല, അതിൽ ചിന്തയും പ്രവൃത്തിയും കൂടി ഉൾപ്പെടണം.

നിന്റെ സഹോദരരായ അപ്പസ്‌തോലൻമാരെ കണ്ടില്ലേ. ദൈവത്തിന്റെ സ്നേഹാഗ്നിയായ പരിശുദ്ധാരൂപി അവരിൽ നിറഞ്ഞപ്പോൾ അവരിൽ നിറഞ്ഞത് എന്തെന്നില്ലാത്ത ദൈവസ്നേഹമാണ്. ആ സ്നേഹം ശക്തിയാണ്. ദൈവം സ്നേഹമാണ്.

ഒരുവനിൽ നിർമലമായ സ്നേഹം ഉണ്ടെങ്കിൽ, ഏതു സാഹചര്യത്തിലും ഉപാധിയില്ലാത്ത സ്നേഹം കാണപ്പെടുന്നു എങ്കിൽ അവനിൽ ദൈവം വസിക്കുന്നു എന്ന് ഉറപ്പായും പറയാം.

ഒരുവന് സ്വയം ഈ അവസ്ഥയിൽ സ്ഥിരമായി നിൽക്കണമെങ്കിൽ പരിശുദ്ധാത്മാവിന്റെ സഹായവും സഹവാസവും വേണം.

അത് കൊണ്ട് പരിശുദ്ധാരൂപിയിൽ നിറയുവാൻ നീ നിരന്തരം പ്രാർത്ഥിക്കണം. ചില കൊച്ചു കുഞ്ഞുങ്ങൾ അമ്മയില്ലാതെ സ്കൂളിൽ പോകില്ല എന്ന് വാശി പിടിച്ചു നിസ്സഹായമായി കരയുന്നത് കണ്ടിട്ടില്ലേ!

ജീവിതത്തിൽ അത് പോലെ ആയിരിക്കണം. ദൈവാരൂപി ഇല്ലാതെ മുന്നോട്ട് പോകാനാവില്ല എന്ന് ഓർക്കണം. അവിടുത്തെ മുന്നിൽ യാചനയോടെ നിൽക്കുമ്പോൾ അവിടുത്തെ മനമലിയും. ദയവോടെ അവിടുന്ന് നിന്നിൽ എഴുന്നള്ളി വരും നിന്നിൽ വസിക്കും. അവിടുന്ന് നിന്നിൽ ഉണ്ട് എന്നുള്ള ഉൾബോധം നിനക്കുണ്ടായിരിക്കണം. അവിടുത്തെ ആലയം ആണ് നീ എന്ന ബോധ്യം നിനക്കുണ്ടായിരിക്കണം. ഏറ്റവും പ്രാധാന്യമുള്ള ഒരു മേലധികാരിയുടെ മുന്നിൽ വച്ച് ഒരു കീഴ് ജീവനക്കാരൻ ശുഷ്‌കാന്തിയോടെ തന്റെ ജോലി ചെയ്യുമ്പോലെ ഏറ്റവും ആത്മാർത്ഥതയോടെ വേണം അവിടുത്തെ മുന്നിൽ നീ വ്യാപരിക്കുവാൻ.

നീ ഉണരുന്നതും ഉറങ്ങുന്നതും അവിടുന്ന് കൂടെയുണ്ട് എന്ന ബോധ്യത്തിൽ ആയിരിക്കണം.

ഒന്നോർത്തു നോക്കിക്കേ എന്തൊരു സമാധാനമാണ് അതെന്ന്.

അവിടുന്ന് കൂടെയുള്ളപ്പോൾ നിനക്ക്‌ ദൈവരാജ്യ രഹസ്യങ്ങൾ ലളിതമായി മനസിലാകും.

ദൈവപിതാവിന്റെ സ്നേഹവും ദൈവപുത്രൻ നിന്നോട് കാണിച്ച മഹാകരുണയും ദിവ്യകാരുണ്യത്തിന്റെ സ്നേഹരഹസ്യവും ദൈവവചനത്തിന്റെ ഉള്ളും ഉള്ളർത്ഥവും നിന്റെ ചെറിയ ആത്മാവിൽ ഉൾകൊള്ളുന്ന വിധത്തിൽ അറിയാനാവും.

ദൈവഹിതം നിറവേറ്റുക എന്നതാണ് നിന്റെ ദൗത്യം. ഈശോ അങ്ങനെ ആയിരുന്നു. ഞാനും അങ്ങനെ ആയിരുന്നു. ദൈവാത്മാവിനാൽ നയിക്കപ്പെട്ടവരെല്ലാം അങ്ങനെ ആയിരുന്നു.

ദൈവാത്മാവിനാൽ ഒരുവൻ പൂരിതനാകുമ്പോൾ അവനിൽ ദൈവസ്നേഹ പ്രകാശം വർദ്ധിക്കുന്നതിനാൽ സ്വയം കൂടുതൽ കൂടുതൽ വിലയിരുത്താനാവും. താൻ എത്രയോ കുറവുള്ളവൻ ആണെന്ന് സ്വയം തിരിച്ചറിയും. ചെറിയ പാപങ്ങളും അതിന്റെ എല്ലാ ദൂഷ്യ വശങ്ങളോടെയും മനസിലാകും.  ഏറ്റവും അനുതാപത്തോടെ പാപങ്ങൾ ഏറ്റു പറഞ്ഞു കുമ്പസാരിച്ചു, പ്രായശ്ചിത്ത പ്രവൃത്തികൾ നിറവേറ്റി, കൃപയിൽ നിറഞ്ഞു അതിൽ നിലനിൽക്കാൻ പറ്റും.

ദൈവസ്നേഹം നിന്നിൽ നിറയും തോറും നിന്നിൽ എളിമ എന്ന ചെറു പുണ്യം കൂടിക്കൊണ്ടിരിക്കും. എളിമ എന്നാൽ ഒരു നിമിഷം പോലും എല്ലാം ചെയ്തു തരുന്ന ദൈവപരിപാലനയെക്കുറിച്ചുള്ള അറിവും മറക്കാതിരിക്കലുമാണ്.

നേരത്തെ പറഞ്ഞത് പോലെ, ഉടമസ്ഥനും മേലധികാരിയുമായവന്റെ മുൻപിൽ വച്ച് ആയിരിക്കുന്ന കീഴ് ജീവനക്കാരനോട് ആ സ്ഥാപനവും അതിന്റെ പ്രവർത്തനങ്ങളും നല്ലതാണെന്നു ആരെങ്കിലും പ്രശംസിക്കുമ്പോൾ ആ സ്ഥാപനം തന്റേതല്ല, കൂടെയുള്ള മേലധികാരിയുടേതാണ്, തനിക്കല്ല അദ്ദേഹത്തിനാണ് പ്രശംസ കിട്ടേണ്ടത് എന്ന് തിടുക്കത്തിൽ പറഞ്ഞു മേലധികാരിയെ ചൂണ്ടിക്കാണിക്കുന്ന കീഴ് ജീവനക്കാരനെപ്പോലെ ആകുന്നതാണ്, എപ്പോഴും കൂടെയുള്ള അത്യുന്നതദൈവസാന്നിദ്ധ്യത്തിൽ അങ്ങനെ സ്വാഭാവികമായും പ്രവർത്തിക്കുന്നതും ചിന്തിക്കുന്നതും പറയുന്നതുമാണ് എളിമ.

നീ ഓർക്കുന്നില്ലേ ഇളയമ്മയെ കാണാൻ പോയപ്പോൾ ഞാൻ എന്താണ് ചെയ്തതെന്ന്.

“മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി.
അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.
എന്റെ കര്‍ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?

ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി.

കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗ്യവതി.

മറിയം പറഞ്ഞു : എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.
അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

ശക്‌തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്‌ധമാണ്‌.

അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.

അവിടുന്ന്‌ തന്റെ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.

വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.

നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചു തന്നെ.”
(ലൂക്കാ 1 : 41-55)

ദൈവാരൂപി എന്നിൽ നിറഞ്ഞു നിന്നിരുന്നതിനാൽ ദൈവപിതാവിന്റെ സ്നേഹം എന്നെ വലയം ചെയ്തിരുന്നതിനാൽ, ദൈവപുത്രൻ എന്റെ ഉള്ളിൽ ഉരുവായിരുന്നതിനാൽ എന്നിൽ ദൈവസ്നേഹം നിറഞ്ഞിരുന്നു.

എന്നെ പ്രശംസിച്ചു ഇളയമ്മ സംസാരിച്ചപ്പോൾ മറുപടിയായി ദൈവമഹത്വത്തിനുള്ള  സ്തുതി കീർത്തനമായി എന്നിൽ നിന്നും വാക്കുകൾ പുറപ്പെട്ടു.

നിന്നിൽ ദൈവാരൂപി നിറയുമ്പോഴും അങ്ങനെ ആയിരിക്കും.

യഥാർത്ഥമായ ദൈവസാന്നിധ്യ അവബോധമാണ് ഇതിനു കാരണം. അവിടുന്ന് കൂടെയുണ്ട് എന്നുള്ള ഉൾബോധത്തിൽ വാക്കും പ്രവൃത്തിയും ചിന്തയും പോലും കരുതലോടെയും അളന്നു തൂക്കിയും ആയിരിക്കും. അത്രയും ശ്രദ്ധയോടെ ജീവിക്കുമ്പോൾ പാപത്തിൽ വീഴില്ല. അത് മാത്രമല്ല പാപികളോട് വലിയ അനുകമ്പയും ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കാനുള്ള വലിയ ആഗ്രഹവും തീക്ഷ്‌ണതയും നിന്നിൽ ഉളവാകും.

കുഞ്ഞേ…

നീ നിന്റെ ദൈവത്തിൽ ആയിരിക്കുക. അവിടുന്നിൽ ആനന്ദിക്കുക. അവിടുന്നാണ് നിന്റെ നിത്യതയോളമുള്ള സ്നേഹവും സമ്പത്തും അഭിമാനവും.

ഞാൻ മൂളിക്കേട്ടു. ഇങ്ങനെ ഓരോന്ന് പറഞ്ഞു തരാനായി നേരത്തെ അമ്മയോട് കൂട്ട് കൂടേണ്ടതായിരുന്നു. എങ്കിൽ എത്രയോ എളുപ്പത്തിൽ പരിശുദ്ധ ത്രിത്വത്തെ സ്നേഹിക്കാൻ എനിക്ക് കഴിയുമായിരുന്നു.

രാവിലെ ജോലിക്ക് പോകാനുള്ള സമയമായി എന്ന് അമ്മ ഓർമിപ്പിച്ചു.

പതിയെ എഴുന്നേറ്റു ഓരോരോ കാര്യങ്ങളായി ചെയ്തു തീർത്തു ജോലിക്കിറങ്ങുമ്പോഴും അത്യുന്നതനായ ദൈവം ഏറ്റവും സ്നേഹത്തോടെ എന്നിൽ വസിക്കുന്നുവല്ലോ എന്ന് വിസ്മയത്തോടെ ഞാൻ ഓർത്തു കൊണ്ടിരുന്നു.

Fediverse reactions
February 2026
S M T W T F S
1234567
891011121314
15161718192021
22232425262728

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading