ദുഃഖവെള്ളിയാഴ്ചയിലൂടെ കടന്നു പോയ അമ്മ

💔💔💔💔💔💔💔💔💔💔💔
ദുഃഖവെള്ളിയാഴ്ചയിലൂടെ കടന്നു പോയ പരിശുദ്ധ അമ്മ
▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

നമ്മുടെ ഈശോ സന്തോഷകരമായ പെസഹ അത്താഴം കഴിഞ്ഞ് ഏകനായി ഗത്സമെനിൽ പ്രാർത്ഥിച്ച അതീവ തീവ്രമായ പീഡകളുടെ നിമിഷങ്ങളും കഠിന വേദനയിൽ ചൊരിഞ്ഞ രക്തവിയർപ്പിന്റെ തുള്ളികളും ഒക്കെ നമുക്ക് പരിചിതമാണ്…

മാലാഖ മംഗള വാർത്ത പറഞ്ഞ നിമിഷമല്ല അതിനു മുൻപേ അനാദിയിലെ രക്ഷകനായ ഈശോയ്ക്ക് അമ്മയായി നമുക്ക് അമ്മയായി ഒരുക്കപ്പെട്ടവളാണ് പരിശുദ്ധ കന്യകാ മറിയം…

അമ്മയുടെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവപിതാവിന്റെ ഹിതത്തോടുള്ള സമ്പൂർണ വിധേയത്വം ആയിരുന്നു…

ദാവീദിന്റെ കുലത്തിൽ ജനിച്ച പരിശുദ്ധ അമ്മ ഒരു ചെറിയ കുഞ്ഞ് ആയിരുന്നപ്പോൾ തന്നെ, മൂന്നു വയസു പ്രായമായപ്പോൾ തന്നെ മാതാപിതാക്കളിൽ നിന്നും പിരിയേണ്ടി വന്നു…

ജറുസലേം ദേവാലയത്തിൽ സമർപ്പിക്കപ്പെട്ടു….

ഏകാന്തമായ വർഷങ്ങൾ… എന്നാലും…. ഈ ലോകത്തിലെ ബഹളങ്ങൾക്കിടയിലും അവളുടെ നിർമലമായ ആത്മാവ് എപ്പോഴും രക്ഷകന്റെ വരവിനായി കൊതിച്ചിരുന്നു.

ദേവാലയത്തിലെ അവളുടെ ചെറിയ മുറിയിൽ ഒറ്റയ്ക്കിരുന്നു ചിത്രത്തുന്നൽ ചെയ്യുമ്പോഴും പ്രാർത്ഥിക്കുമ്പോഴും മൗനമായി ഇരിക്കുമ്പോഴും സങ്കീർത്തനങ്ങൾ പാടുമ്പോഴും അവളുടെ ഹൃദയം രക്ഷകനായ ഈശോയെ ഒന്ന് കാണാൻ ദാഹിച്ചു …

മരിയ വാൾതോർത്താ എഴുതിയ ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ പറയുന്നുണ്ട്…. പരിശുദ്ധ അമ്മ രക്ഷകന്റെ അമ്മയെ കാണുവാൻ ഒന്ന് കൊതിച്ച കാര്യം…

പരിശുദ്ധ അമ്മയുടെ അഗാധമായ എളിമ മൂലം താൻ രക്ഷകന്റെ അമ്മയാകാൻ യോഗ്യയാണെന്നു ഒരിക്കലും അവൾ ചിന്തിച്ചില്ല

രക്ഷകന്റെ അമ്മയുടെ ദാസിയാക്കണെ… രക്ഷകനെ ഒന്ന് കാണാൻ പറ്റണെ… എന്നാണവൾ പ്രാർത്ഥിച്ചിരുന്നത്

ഒരു കൊച്ചു പെൺകുട്ടി വളർച്ചയുടെ പലഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ അവൾക്കു അമ്മ വേണം… സഹായമായി

എന്നാൽ പരിശുദ്ധ അമ്മയ്ക്ക് പിതാവായ ദൈവം ആയിരുന്നു ആശ്രയം…

വിവാഹനാളിൽ അവളുടെ കൈപിടിച്ച് കൊടുക്കുവാൻ അവൾക്കു അപ്പനില്ലായിരുന്നു

അവളുടെ അമ്മയുടെ വിവാഹവസ്ത്രങ്ങൾ അണിഞ്ഞു അതീവ സുന്ദരിയായി വിവാഹനാളിൽ കാണപ്പെട്ടെങ്കിലും അവളുടെ അടുത്ത് അമ്മയില്ലായിരുന്നു….

കൂട്ടുകാരില്ലായിരുന്നു…

അധികം ബന്ധുക്കൾ ഇല്ലായിരുന്നു..

ദരിദ്രയായിരുന്നു….

പിതാവായ ദൈവത്തിന്റെ പരിപാലനയാൽ അവൾ ജോസഫുമായി വിവാഹ നിശ്ചയം ചെയ്യപ്പെട്ടു….

എന്നാൽ പരസ്പരം കന്യാത്വം പാലിക്കും എന്ന് പറഞ്ഞൊത്ത ശേഷം പരിശുദ്ധ അമ്മ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടപ്പോൾ നീതിമാനായ ജോസഫ് പോലും വല്ലാതെ പരിശുദ്ധ അമ്മയെ സംശയിച്ചു….

പരിശുദ്ധ അമ്മ ഒന്നും പറഞ്ഞില്ല പിതാവ് ഇടപെടാൻ കാത്തിരുന്നു…

പക്ഷെ ആ ദിവസങ്ങൾ എന്ത് മാത്രം അമ്മ വിഷമിച്ചു കാണും..
ഒരു സ്ത്രീയ്ക്കെ അത് അതിന്റെ അർത്ഥത്തിൽ മനസിലാകൂ… തെറ്റു ചെയ്യാതെ കുറ്റം വിധിക്കപ്പെടുന്ന അവസ്ഥ…
അമ്മ തന്റെ ദുഃഖം ഉള്ളിലൊതുക്കി… ഇളയമ്മയെ പരിചരിച്ചു… അവർക്കു സന്തോഷം പകർന്നു..

പിന്നീട് എല്ലാം മനസിലായ ജോസഫിനോട് അമ്മ ക്ഷമിച്ചു…
ഒരു വെറുപ്പും മാതാവിന് തോന്നിയില്ല…
യൗസേപ്പിതാവിനു വിധേയയായി അനുസരണയോടെ അമ്മ നസ്രത്തിലെ കൊച്ചു വീട്ടിൽ ജീവിച്ചു …

ഉണ്ണീശോ ഉണ്ടാകാൻ നേരമായപ്പോൽ അവർക്കു പറ്റും പോലെ കുഞ്ഞുടുപ്പുകളും കൊച്ചു തൊട്ടിലുമൊക്കെ ഒരുക്കി വച്ചു…

പക്ഷെ പിന്നെയും… അതെല്ലാം വിട്ടു ബേത്ലഹേമിലേയ്ക്ക് പേരെഴുതിക്കുവാനായി പോകേണ്ടി വന്നു… വളരെ പരിമിതമായ സാധനങ്ങൾ മാത്രം കയ്യിൽ വച്ചുകൊണ്ട്..
ഒരു പൂർണ ഗർഭിണിയായ സ്ത്രീ …..
ഇത്രയും യാത്ര ചെയ്യുമ്പോൾ തന്നെ എന്ത് മാത്രം മടുത്തു കാണും… എന്നാൽ പരിശുദ്ധ അമ്മ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല… അമ്മ ഓർത്തു കൊണ്ടിരുന്നത് ഈശോയുടെ കാര്യമായിരുന്നു..

തന്റെ ദാരിദ്ര്യമോ ശാരീരിക മാനസിക ബുദ്ധിമുട്ടുകളോ സഹനങ്ങളോ ഒന്നും ഈശോയോടുള്ള സ്നേഹത്തിൽ നിന്നും അമ്മയെ വ്യതിചലിപ്പിച്ചില്ല

തനിക്കു കിട്ടിയ സാഹചര്യങ്ങളിൽ സൗകര്യങ്ങളിൽ അമ്മ തൃപ്തയായിരുന്നു… എപ്പോഴും..

ഈശോയെ ഉദരത്തിൽ വഹിച്ച നിമിഷം മുതൽ ആരാധിക്കാൻ തുടങ്ങിയ അമ്മ…

ഒരു പുരോഹിതൻ അരുളിക്ക കയ്യിലെടുക്കുന്ന വണക്കത്തോടെ ഈശോയെ കയ്യിലെടുത്ത അമ്മ…

കളിക്കിടയിൽ വീണു മുട്ടുപൊട്ടിയ ഈശോയെ ഓടിച്ചെന്നു വാരിയെടുത്തു ഉമ്മ കൊടുത്തു മധുരമുള്ള പാട്ടു പാടി ആശ്വസിപ്പിച്ച അമ്മ…

നീണ്ട മുപ്പതു വർഷങ്ങൾക്കിടയിൽ അമ്മ വിധവയായി…. വളരെ ചെറുപ്പത്തിൽ തന്നെ….

എന്നാലും അമ്മയ്ക്ക് കൂട്ടായി ഈശോ ഉണ്ടായിരുന്നു…

എന്നാൽ …

വിടവാങ്ങൽ അനിവാര്യമായ ഒരു കാര്യമാണെന്ന് അമ്മയുടെ ഉള്ളിലുള്ള പരിശുദ്ധാത്മാവ് നൽകിയ ജ്ഞാനത്താൽ അമ്മയ്ക്ക് അറിയാമായിരുന്നു…

പന്ത്രണ്ടു വയസിൽ ജറുസലേം ദേവാലയത്തിൽ വച്ചു കാണാതായി കണ്ടു കിട്ടിയപ്പോൾ ഈശോ പറഞ്ഞ കാര്യം അമ്മ എപ്പോഴും ഓർമിച്ചിരുന്നു…

ഈശോ തന്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാവേണ്ടവൻ ആണെന്നുള്ള കാര്യം …

അമ്മയ്ക്കതിൽ പരാതിയില്ലായിരുന്നു…

ഈശോ മരുഭൂമിയിൽ…
നാൽപതു ദിവസം പ്രാർത്ഥിച്ചു ഒരുങ്ങിയതും… സുവിശേഷം പ്രസംഗിച്ചതും അത്ഭുതം പ്രവർത്തിച്ചതും ഒക്കെ അമ്മ അറിയുന്നുണ്ടായിരുന്നു…

കാനായിലെ കല്യാണത്തിന് അമ്മയുടെ മാധ്യസ്ഥം മൂലം ആയിരുന്നല്ലോ ആദ്യമായി ഈശോ അത്ഭുതം പ്രവർത്തിച്ചത് തന്നെ….

എത്ര വളർന്നിട്ടും എല്ലാ അമ്മമാരെയും പോലെ പരിശുദ്ധ അമ്മയ്ക്ക് ഈശോ തന്റെ ചെറിയ കുഞ്ഞ് ആയിരുന്നു…

ഈശോയുടെ പരസ്യജീവിതകാലത്തു എത്രയോ തവണ അമ്മ ഈശോ വരുന്നുണ്ടോ എന്നും നോക്കി ആഹാരവും വിളമ്പി വച്ചു കാത്തിരുന്നിരുന്നു…

പെസഹ കഴിഞ്ഞ്……
അമ്മയുടെ മാതൃഹൃദയം മന്ത്രിച്ചു…. സമയമായി…

ഗത്സമെനിൽ ഈശോയുടെ ഹൃദയം മരണത്തോളം ദുഃഖപൂരിതമായതെ നമ്മൾ ഒക്കെ കണ്ടുള്ളൂ…

എന്നാൽ പരസ്പരം ബന്ധിക്കപ്പെട്ട പരസ്പരപൂരകമായ ആ ഹൃദയങ്ങൾ…….
ആ അമ്മയുടെയും മകന്റെയും ഹൃദയങ്ങൾ…
അത് വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു….

ഈശോ.. മാനവരാശിയുടെ പാപങ്ങൾ തന്റെ തോളിൽ വഹിക്കാൻ തയ്യാറെടുത്ത രാത്രി….

ഗത്സമെനിലെ രാത്രി..

എന്നാൽ ശിമയോൻ ഈശോയെ കയ്യിലെടുത്തു നടത്തിയ പ്രവചനം മുതൽ അമ്മ ഗത്സമെനിൽ തന്നെയായിരുന്നു…

ഈശോയുടെ സഹനനിമിഷങ്ങൾ അമ്മ എപ്പോഴും ധ്യാനിച്ചിരുന്നു…

ഈശോ ഗത്സമെനിൽ ആയിരുന്നപ്പോൾ പരിശുദ്ധ അമ്മ തന്റെ ചെറിയ മുറിയിൽ തന്റെ മകനെ ആത്മനാ കാണുന്നുണ്ടായിരുന്നു….

പാവം അമ്മയുടെ ഉടൽ അതീവദുഃഖത്താൽ വിറകൊള്ളുന്നുണ്ടായിരുന്നു…

തന്റെ ഈശോ സഹിക്കേണ്ടി വരുന്ന ഓരോ അതിദാരുണ പീഡയും നിന്ദനവും അവഹേളനവും ഒക്കെ അമ്മയുടെ മുന്നിൽ ഒരു ദർശനം പോലെ തെളിഞ്ഞ്‌ നിന്നു

അമ്മ അവിടെ തന്നെ ഇരുന്നു… തന്നെക്കൊണ്ട് പറ്റുന്ന പോലെ ശാന്തമായി… ഓടിച്ചെന്നു ഈശോയെ ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു..

എന്റെ പൊന്നു മോനേ എല്ലാവർക്കും വേണ്ടി ഈ അമ്മ നിന്നെ സ്നേഹിക്കുന്നുണ്ട് കേട്ടോ എന്ന് പറയണം എന്നുണ്ടായിരുന്നു…

ഓരോ നിമിഷവും ഒരു നൂറ്റാണ്ടു പോലെ…. അനുഭവപ്പെട്ടു

അല്ലെങ്കിലും ദുഖത്തിന്റെ നിമിഷങ്ങൾ അങ്ങനെയാണ്… കടന്നു പോകാൻ ബുദ്ധിമുട്ടാണ്

ഈശോയുടെ ഓരോ ദുഃഖഭാരവും അമ്മയ്ക്കും അനുഭവപ്പെട്ടു….

ഓരോ അവഹേളനവും അമ്മയും മനസ്സോടെ ഏറ്റുവാങ്ങി..

രണ്ടുപേർക്കും ആത്മാവിന്റെ ഏറ്റവും ഇരുണ്ട രാത്രിയായിരുന്നു അത്

സ്വർഗത്തിൽ നിന്നും ഒരാശ്വാസവും ഇല്ലാത്ത രാത്രി…
ആ രാത്രിയിൽ തന്നെ ഈശോ ഒറ്റിക്കൊടുക്കപ്പെട്ടു…. കുറ്റവാളിയായി പിടിക്കപ്പെട്ടു…. വിധിക്കപ്പെട്ടു … പീഡിപ്പിക്കപ്പെട്ടു…..
രഹസ്യവും പരസ്യവുമായ സഹനങ്ങൾ….
എല്ലാം അമ്മയും ആത്മാവിൽ അനുഭവിച്ചു… കാരണം രക്ഷകനായ ഈശോയ്ക്കു പോലും മൃദുലമായ ആ മാതൃഹൃദയത്തിന്റെ സാന്ത്വനം ആവശ്യമായിരുന്നു

ആക്രോശിക്കുന്ന ആൾക്കൂട്ടത്തിനിടയിൽ നിന്നപ്പോഴും അമ്മ ഒരിക്കലും ഓടിയില്ല , ഒളിച്ചില്ല…

അമ്മ ഒരു യഥാർത്ഥ പടയാളി ആയിരുന്നു…. വചനമായ ഈശോയുടെ യഥാർത്ഥ സർവ്വസൈന്യാധിപ….

“The First and Real Warrior of Word of God”

അമ്മ ഭയന്നില്ല ഒന്നിന്റെ മുൻപിലും…

തലയുയർത്തിപ്പിടിച്ചു തന്നെ നിന്നു…

ഈശോയുടെ ഓരോ ചമ്മട്ടിയടിയും തന്റെ ഹൃദയത്തിൽ ഏറ്റു വാങ്ങിയെങ്കിലും അമ്മ ബോധം കെട്ടു വീണില്ല… ഈശോയുടെ ഓരോ സഹനവും കണ്ടു …
ഓരോ മുറിവും കണ്ടു…
ഓരോ ചമ്മട്ടിയടിയിലും ഈശോയുടെ മാംസം പറിച്ചെറിയപ്പെടുന്നത് നോക്കി നിന്നു…
എന്നിട്ടും അമ്മ കരഞ്ഞില്ല…
ധീരയായ അമ്മ…

നമ്മുടെ അഭിമാനം…

വിജയശ്രീലാളിതനെന്നു കരുതി പ്രപഞ്ചം കിടുങ്ങുമാറ്‌ ആർത്തട്ടഹസിച്ച പിശാചിന് പരിശുദ്ധ അമ്മയുടെ നിർമലമായ നീലക്കണ്ണുകളെ നേരിടാൻ ശക്തിയില്ലായിരുന്നു…
ഹവ്വയിലൂടെ അവളുടെ അനുസരണക്കേടിലൂടെ അവൻ മനുഷ്യന് നഷ്ടമാക്കിയ പറുദീസാ പരിശുദ്ധ അമ്മയുടെ അനുസരണത്തിലൂടെ മനുഷ്യന് തിരിച്ചു കിട്ടുന്നത് കണ്ടു വീണ്ടും നിരാശനാകാനെ അവനു കഴിഞ്ഞുള്ളു..

ഈശോയുടെ കുരിശിന്റെ വഴികളിൽ അമ്മയുണ്ടായിരുന്നു… ഇടറാത്ത പാദങ്ങളോടെ… ഉറച്ച മനസ്സോടെ… ഈശോയ്ക്ക് താങ്ങായി…

ഈശോയെ കുരിശിൽ തറച്ചപ്പോൾ അവിടെ അമ്മയുണ്ടായിരുന്നു….
അമ്മ കരഞ്ഞില്ല… ആരുടെയും കാല് പിടിച്ചില്ല..

എല്ലാം നോക്കി നിന്നു…

പരിപൂർണ നഗ്നനായി ആൾക്കൂട്ടത്തിന്റെ നടുവിൽ കുരിശിൽ തറക്കപ്പെട്ട ഈശോയുടെ മുറിവുകളിൽ നിന്നും രക്തമൊഴുകി തീരുന്നതും ശ്വാസം കിട്ടാതെ കഠിനവേദനയിൽ ഈശോ പിടയുന്നതും… അടിച്ചു തകർക്കപ്പെട്ട കണ്ണുകളാൽ ഈശോ തന്നെ നോക്കാൻ ശ്രമിക്കുന്നതും ദാഹിച്ചു വലയുന്നതും അമ്മ കണ്ടു നിന്നു….
ഈശോയെ പരിഹസിക്കുന്നത് അമ്മ കേട്ടുനിന്നു…
തന്റെ കൈകൊണ്ടു നെയ്ത വസ്ത്രങ്ങൾ പടയാളികൾ ഭാഗിച്ചെടുക്കുന്നതും കുറിയിടുന്നതും ഒക്കെ അമ്മ കണ്ടു….
അമ്മേ എന്ന് ഈശോയുടെ ആത്മാവ് മന്ത്രിക്കുന്നത് അമ്മയുടെ ആത്മാവ് കേട്ടു…

കുരിശിൽ ഈശോ പിടയുന്നത് കണ്ടെങ്കിലും കുരിശിൻ ചുവട്ടിൽ പ്രകാശിക്കുന്ന ദീപം പോലെ പരിശുദ്ധ അമ്മ തെളിഞ്ഞു നിന്നപ്പോൾ നരകപിശാചിന് സന്തോഷിക്കാൻ പറ്റിയില്ല…

തന്നെ മാനവരാശിക്കായി വിട്ടുകൊടുത്തിട്ടു ഈശോ മരിച്ചു പോയത് അമ്മ കണ്ടു

ഈശോ കുരിശിൽ മരിച്ചു കഴിഞ്ഞിട്ടും… പടയാളികൾ അമ്മയുടെ മുൻപിൽ വച്ചു ഈശോയുടെ ചങ്കു കുത്തിപ്പിളർന്നു… രക്തവും വെള്ളവും ഒഴുകി… മാനവരാശിക്കായുള്ള മഹാകരുണയുടെ വാതിൽ അമ്മ നോക്കി നിൽക്കെ തുറക്കപ്പെട്ടു….

മരണനിമിഷങ്ങളിൽ അമ്മയെ ആ കുരിശിൻ ചുവട്ടിൽ വച്ചു ഈശോ വിശ്വസിച്ചേല്പിച്ചതു് താൻ ഏറ്റവും കൂടുതൽ സ്നേഹിച്ച യോഹന്നാനെ ആയിരുന്നു…

എന്നാൽ ഇന്ന് ഈ ദുഃഖവെള്ളിയാഴ്ച ഈശോ കുരിശിൽ കിടന്നു കൊണ്ടു അമ്മയെ ഏൽപ്പിക്കുന്നത് ഈശോ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്നെയാണ്…

നമ്മളെ ഓരോരുത്തരെയും ആണ്…

ആ യോഹന്നാനെപ്പോലെ അമ്മയെ നമ്മുടെ ഭവനത്തിൽ ഇന്ന് സ്വീകരിക്കാം….

അമ്മ നമ്മളെ ഇപ്പോൾ കാണുന്നത് ഈശോയുടെ സ്ഥാനത്താണ്… സ്വന്തം കുഞ്ഞിന്റെ സ്ഥാനത്താണ്…

പാവം അമ്മ…

തെറ്റു ചെയ്ത മറ്റു കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു തെറ്റും ചെയ്യാത്ത ഏറ്റവും നിർമലനായ കുഞ്ഞിനെ ബലിയായി വിട്ടുകൊടുക്കേണ്ടി വന്ന പാവം അമ്മ..

എന്നാലും….
നമ്മൾ രക്ഷപ്പെട്ടല്ലോ എന്ന് ആശ്വസിക്കുന്ന അമ്മ…
ഈശോയുടെ സ്നേഹത്തിലേക്ക് നമ്മെ നയിക്കുന്ന….
ഇത്ര മഹത്തായ രക്ഷയെ ഈശോയുടെ കരുണയെ അവഗണിക്കുന്നവർക്കു വേണ്ടി രക്തക്കണ്ണീർ പൊഴിക്കുന്ന പാവം അമ്മ…

എന്നാൽ ഈ അമ്മയുടെയും ഈശോയുടെയും പീഡാനുഭവങ്ങളോട് ചേർന്നു നിന്നാൽ അതിൽ നമ്മുടെ ജീവിതം ചേർത്തു വച്ചു പങ്കാളി ആയാൽ അതിനപ്പുറം ഉത്ഥാനം ഉണ്ട്….

എല്ലാ ദുഃഖങ്ങളും മാറ്റിക്കളയുന്ന….
നമ്മുടെ ജീവിതത്തിലെ ദുഃഖവെള്ളിയാഴ്ചകളെ മായിച്ചു കളയുന്ന ഈശോയുടെ മഹത്വപൂർണമായ ഉത്ഥാനം…
ഈ ദുഃഖവെള്ളിയാഴ്ച…
ഈശോയുടെ സഹനങ്ങളോടൊപ്പം പരിശുദ്ധ അമ്മയുടെ സഹനങ്ങളെയും നമുക്ക് ധ്യാനിക്കാം…

ഒന്നോർത്തു നോക്കിയാൽ ഒരു സ്ത്രീ അവളുടെ ജീവിതത്തിൽ സഹിക്കാൻ പാടുള്ളതിൽ കൂടുതൽ സഹനത്തിലൂടെ അമ്മ കടന്നുപോയില്ലേ …
എല്ലാവരും ഒന്ന് ധ്യാനിച്ചു നോക്കിക്കേ….

എന്ത് കൊണ്ടു അമ്മ തകർന്നു പോയില്ല…

വന്ന സഹനങ്ങൾ ഒക്കെ പരാതിയില്ലാതെ ദൈവഹിതമായി കണ്ടു സ്വീകരിച്ചു….

എല്ലാത്തിലുമുപരിയായി ദൈവപിതാവിന്റെ പരിപാലനയിൽ ആശ്രയിച്ചു…
അനുസരിച്ചു…

ഈ അമ്മയെ നമ്മുടെ വീട്ടിൽ സ്വീകരിച്ചാൽ അമ്മ ജീവിച്ച വഴികളിലൂടെ സ്വർഗത്തിലേക്ക് നമ്മെ അമ്മ സുരക്ഷിതമായി നയിക്കും…

പടിപടിയായി…

ഒരമ്മ വീട്ടിലുണ്ടെങ്കിൽ ആ വീട്ടിൽ ഒരു ചിട്ട വരും ..

സന്തോഷം വരും…..

അവിടെ നിറവുണ്ടായിരിക്കും…

കുഞ്ഞുങ്ങൾക്ക് ഒന്നിനും കുറവുണ്ടായിരിക്കുകയില്ല…

അത് പോലെ ഈ സ്വർഗീയ അമ്മയെ നമ്മൾ ഇന്ന് മുതൽ നമ്മുടെ വീട്ടിൽ സ്വീകരിച്ചാൽ….
നമ്മുടെ ജീവിതം മാറിമറിയും..

എല്ലാം നേരെയാകും
ഭൂമിയിലെ സ്വർഗ്ഗമായി നമ്മുടെ ഭവനം മാറും… മാലാഖമാരും വിശുദ്ധരും അവിടെ കയറിയിറങ്ങും
അമ്മയുടെ സ്വർഗീയപരിമളം ആ വീട്ടിൽ നിറയും… പിതാവായ ദൈവത്തിന്റെ സാന്നിധ്യവും പുത്രനായ ഈശോയുടെ കരുണയും പരിശുദ്ധാത്മാവിന്റെ സഹവാസവും അവിടെ ഉണ്ടാകും…

എല്ലാം ക്രമീകരിക്കപ്പെടും… യഥാസ്ഥാനപ്പെടും..
വിപരീത ചിന്തകൾ അകലും…

ഈശോ ദുഃഖവെള്ളിയാഴ്ച ദിവസം നമ്മെ ഏല്പിച്ച ഈ അമ്മയുടെ കൂടെ നമുക്ക് ആയിരിക്കുവാൻ ശ്രമിക്കാം…..
അമ്മ തന്നെ നമ്മെ ഈശോയെ സ്നേഹിക്കാൻ പഠിപ്പിക്കട്ടെ….
കാരണം ആദ്യമായി നമ്മുടെ ഈശോയെ സ്നേഹിച്ചത് അമ്മയാണല്ലോ….

“അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്‍െറ ഉദരഫലവും അനുഗൃഹീതം.”
(ലൂക്കാ 1 : 42)

എലിസബത്തിനെ പോലെ പരിശുദ്ധ അമ്മ അനുഗ്രഹീതയാണെന്നു അമ്മയുടെ ഉദര ഫലം അനുഗ്രഹീതം എന്ന് നമുക്കും നമ്മുടെ ജീവിതത്തിൽ ഏറ്റു പറയാം…

ഹല്ലെലുയ്യ

ആവേ മരിയ

💥❤️💥❤️💥❤️💥❤️💥❤️💥

Leena Elizabeth George
Divina Misericordia Ireland.. 🦋

Leave a comment