*പുലർവെട്ടം 185*

“ഓട്ടോ ഒരു ചെറിയ വണ്ടിയല്ല,” അങ്ങനെയാണ് ഞങ്ങളുടെ സംഭാഷണം അവസാനിച്ചത്.

നത്തോലി ഒരു ചെറിയ മീനല്ല, പ്രീഡിഗ്രി ഒരു മോശം ഡിഗ്രിയൊന്നുമല്ല തുടങ്ങി നമ്മുടെ ചില ഫലിതങ്ങളുടെ തുടർച്ചയൊന്നുമായിരുന്നില്ല അത്. കടത്തിന്റെ പെരുവെള്ളപ്പാച്ചിലിൽ പെട്ട ചങ്ങാതിയുടെ ജീവിതത്തിന് ചങ്ങാടമായത് ആ ചെറിയ വാഹനമായിരുന്നുവെന്ന നെടുവീർപ്പതിലുണ്ടായിരുന്നു. ഒരു കളിപ്പാട്ടത്തേക്കാൾ തെല്ലു മാത്രം വലിപ്പമുള്ള ഈ മുച്ചക്രം എത്ര വീടുകളുടെ അന്നമായി, എത്ര കുഞ്ഞുങ്ങളുടെ അക്ഷരമായി, എത്ര പെങ്ങന്മാരുടെ താലിപ്പൊന്നായി…

ആത്മീയവും സാമൂഹികവുമായ ചില വീണ്ടു വിചാരങ്ങളിൽ ഒരു രൂപകമായിപ്പോലും അതിനെ ഗണിക്കാവുന്നതാണ്. തീരെ ചെറിയ സഞ്ചാരങ്ങളുടെയും കൗതുകങ്ങളുടെയും അടുപ്പങ്ങളുടെയുമൊക്കെ സൗമ്യമായ ഓർമ്മപ്പെടുത്തലുകൾ. പള്ളി, പാർക്ക്, തിയറ്റർ, ആശുപത്രി, പലചരക്കുകടയുമൊക്കെയായി ചാറ്റമഴയുടെ പോലും ദൈർഘ്യമില്ലാത്ത സവാരികൾ. ഇത്രയൊക്കെ മതി ജീവിതത്തിനെന്ന വർത്തമാനമാണതിന്റെ സുവിശേഷം. മനുഷ്യൻ എന്നൊരു പദം ആ കുടുസുവണ്ടിയിൽ നിന്ന് നന്നായി മുഴങ്ങുന്നുണ്ട്.

അല്ല, ഓട്ടോയ്ക്കുള്ള ലുത്തിനിയ ഒന്നുമല്ലിത്. ചെറുതുകളുടെയും ചെറിയവരുടെയും അഴകിനെ ഓർമ്മിച്ചെടുക്കുമ്പോൾ അതിലൊന്നു തട്ടി നിന്നെന്നേയുള്ളു. ചെറുതിലാണ് ലാവണ്യം – Small is Beautiful – എന്നതായിരുന്നു ഷൂമാക്കറുടെ പുസ്തകത്തിന്റെ ശീർഷകം. 1973-ലെ ആ പുസ്തകം, ‘growth is good, bigger is better’ എന്ന പരമ്പരാഗതമായ സമവാക്യത്തെ നിഷേധിക്കാനുള്ള ശ്രമമായിരുന്നു.

ആ പുസ്തകം പൊടി തുടച്ച് ഒന്നുകൂടി വായിക്കാൻ നേരമായെന്ന് ക്രിസ്മസ് പറയുന്നുണ്ട്. മെഗ്ലാമാനിയ കലി പൂണ്ടു നിൽക്കുന്ന കാലമാണിത്. വലിയ വീടുകളും വലിയ പള്ളികളും വലിയ വാഹനങ്ങളും വലിയ മാളുകളുമൊക്കെയായി ഫുട്ബോൾ മൈതാനത്തിലെ കാണിയെപ്പോലെ മനുഷ്യൻ ചെറുതും അപ്രസക്തനുമാകുന്നു. ചെറുതുകളിൽ വലിപ്പമുള്ളൊരു മനുഷ്യൻ തെളിയുന്നുണ്ട്. ചെറുതിനും ചെറിയവർക്കുമുള്ള വാഴ്ത്താണ് കിസ്മസെന്ന വിചാരം അതിനെ എക്കാലവും പ്രസക്തിയുള്ള പൊളിറ്റിക്കലായ നിലപാടാക്കി രൂപപ്പെടുത്തുന്നു.

Least, lost, late എന്ന വിശേഷണം കൊണ്ട് അടയാളപ്പെടുത്താവുന്ന മനുഷ്യരിലേക്കായിരിക്കും പുൽക്കൂട്ടിലെ കുഞ്ഞിപ്പാദങ്ങൾ തെല്ലു ദൃഢമാകുമ്പോൾ സഞ്ചരിച്ചുതുടങ്ങുന്നത്. ആ അർത്ഥത്തിൽ പുൽക്കൂട് ഒരു ഇടമല്ല, ദിശയാണ്. നക്ഷത്രം കാഴ്ചയിൽ നിന്ന് മറയുമ്പോൾ ആ ദിശ തെറ്റിയെന്നും ചില വീണ്ടുവിചാരം നല്ലതാണ്.

✍ ബോബി ജോസ് കട്ടികാട്*

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading