🔥 🔥 🔥 🔥 🔥 🔥 🔥

29 Apr 2022

Saint Catherine of Siena, Virgin, Doctor 
on Friday of the 2nd week of Eastertide

Liturgical Colour: White.

പ്രവേശകപ്രഭണിതം

ഇവളാണ്, കത്തിച്ച തിരികളുമായി
ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ട
ബുദ്ധിമതിയും വിവേകമതികളില്‍ ഒരാളുമായ കന്യക.
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, കര്‍ത്താവിന്റെ പീഡാസഹനം ധ്യാനിക്കുന്നതിനും
അങ്ങേ സഭയെ ശുശ്രൂഷിക്കുന്നതിനും
വിശുദ്ധ കത്രീനയെ ദിവ്യസ്‌നേഹത്താല്‍
അങ്ങ് ഉജ്ജ്വലിപ്പിച്ചുവല്ലോ.
ഈ വിശുദ്ധയുടെ മാധ്യസ്ഥ്യത്താല്‍,
ക്രിസ്തുവിന്റെ രഹസ്യത്തോട് ഐക്യപ്പെട്ട്,
അങ്ങേ ജനം, അവിടത്തെ മഹത്ത്വത്തിന്റെ വെളിപാടില്‍
എന്നും ആനന്ദിക്കാന്‍ അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 5:34-42
യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് അപ്പോസ്തലന്മാര്‍ സംഘത്തിന്റെ മുമ്പില്‍ നിന്നു പുറത്തുപോയി.

നിയമോപദേഷ്ടാവും സകലര്‍ക്കും ആദരണീയനുമായ ഗമാലിയേല്‍ എന്ന ഫരിസേയന്‍ സംഘത്തില്‍ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചു സമയത്തേക്കു പുറത്തുനിറുത്താന്‍ ആവശ്യപ്പെട്ടു. അനന്തരം അവന്‍ പറഞ്ഞു: ഇസ്രായേല്‍ ജനങ്ങളേ, ഈ മനുഷ്യരോട് എന്തു ചെയ്യാമെന്നു തീരുമാനിക്കുന്നതു സൂക്ഷിച്ചുവേണം. കുറെ നാളുകള്‍ക്കു മുമ്പ്, താന്‍ ഒരു വലിയവനാണെന്ന ഭാവത്തില്‍ തെവുദാസ് രംഗപ്രവേശം ചെയ്തു. ഏകദേശം നാനൂറു പേര്‍ അവന്റെ കൂടെച്ചേര്‍ന്നു. എന്നാല്‍, അവന്‍ വധിക്കപ്പെടുകയും അവന്റെ അനുയായികള്‍ ചിതറുകയും നാമാവശേഷമാവുകയും ചെയ്തു. അനന്തരം കാനേഷുമാരിയുടെ കാലത്തു ഗലീലിയനായ യൂദാസ് പ്രത്യക്ഷപ്പെട്ട്, കുറെപ്പേരെ ആകര്‍ഷിച്ച് അനുയായികളാക്കി. അവനും നശിച്ചുപോയി; അനുയായികള്‍ തൂത്തെറിയപ്പെടുകയും ചെയ്തു. അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ആളുകളില്‍ നിന്ന് അകന്നുനില്‍ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍ നിന്നാണെങ്കില്‍ പരാജയപ്പെടും. മറിച്ച്, ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്രമല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും. അവര്‍ അവന്റെ ഉപദേശം സ്വീകരിച്ചു. അവര്‍ അപ്പോസ്തലന്മാരെ അകത്തു വിളിച്ചു പ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തില്‍ സംസാരിച്ചു പോകരുതെന്നു കല്‍പിച്ച്, അവരെ വിട്ടയച്ചു. അവരാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പില്‍ നിന്നു പുറത്തുപോയി. എല്ലാ ദിവസവും ദേവാലയത്തില്‍വച്ചും ഭവനംതോറുംചെന്നും യേശുവാണു ക്രിസ്തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലും നിന്ന് അവര്‍ വിരമിച്ചില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 27:1,4,13-14

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു: ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍ തന്നെ.
or
അല്ലേലൂയ!

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു: ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍ തന്നെ.
or
അല്ലേലൂയ!

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു;
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു;
കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും
കര്‍ത്താവിന്റെ ആലയത്തില്‍
അവിടുത്തെ ഹിതം ആരായാനുംവേണ്ടി
ജീവിതകാലം മുഴുവന്‍
അവിടുത്തെ ആലയത്തില്‍ വസിക്കാന്‍ തന്നെ.

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു: ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍ തന്നെ.
or
അല്ലേലൂയ!

ജീവിക്കുന്നവരുടെ ദേശത്തു
കര്‍ത്താവിന്റെ നന്മ കാണാമെന്നു
ഞാന്‍ വിശ്വസിക്കുന്നു.
കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍,
ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍;
കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു: ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍ തന്നെ.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിൻ്റെ നാവിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് ജീവിക്കുന്നത്.

അല്ലേലൂയ!

സുവിശേഷം

യോഹ 6:1-15
തന്റെ അടുത്തേക്കു വന്ന ജനതതിക്ക് യേശു അപ്പവും മീനും വേണ്ടത്ര നല്‍കി.

യേശു തിബേരിയാസ് എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലിക്കടലിന്റെ മറുകരയിലേക്കു പോയി. വലിയ ഒരു ജനക്കൂട്ടം അവനെ അനുഗമിച്ചു. കാരണം, രോഗികളില്‍ അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ അവര്‍ കണ്ടിരുന്നു. യേശു മലയിലേക്കു കയറി ശിഷ്യന്മാരോടുകൂടെ അവിടെയിരുന്നു. യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു. യേശു കണ്ണുകളുയര്‍ത്തി ഒരു വലിയ ജനതതി തന്റെ അടുത്തേക്കു വരുന്നതു കണ്ടു. അവന്‍ പീലിപ്പോസിനോടു ചോദിച്ചു: ഇവര്‍ക്കു ഭക്ഷിക്കുവാന്‍ നാം എവിടെനിന്ന് അപ്പം വാങ്ങും? അവനെ പരീക്ഷിക്കാനാണ് യേശു ഇങ്ങനെ ചോദിച്ചത്. എന്തു ചെയ്യണമെന്ന് യേശു നേരത്തെ മനസ്സില്‍ കരുതിയിരുന്നു. പീലിപ്പോസ് മറുപടി പറഞ്ഞു: ഓരോരുത്തര്‍ക്കും അല്‍പം വീതം കൊടുക്കുവാന്‍ ഇരുനൂറു ദനാറയ്ക്കുള്ള അപ്പം പോലും തികയുകയില്ല. ശിഷ്യന്മാരിലൊരുവനും ശിമയോന്‍ പത്രോസിന്റെ സഹോദരനുമായ അന്ത്രയോസ് അവനോടു പറഞ്ഞു: അഞ്ചു ബാര്‍ലിയപ്പവും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടി ഇവിടെയുണ്ട്. എന്നാല്‍, ഇത്രയും പേര്‍ക്ക് അതെന്തുണ്ട്? യേശു പറഞ്ഞു: ആളുകളെയെല്ലാം ഭക്ഷണത്തിനിരുത്തുവിന്‍. ആ സ്ഥലത്തു പുല്ലു തഴച്ചുവളര്‍ന്നിരുന്നു. അയ്യായിരത്തോളം വരുന്ന പുരുഷന്മാര്‍ അവിടെ ഇരുന്നു. അനന്തരം യേശു അപ്പമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അവര്‍ക്കു വിതരണം ചെയ്തു; അതുപോലെതന്നെ മീനും വേണ്ടത്ര നല്‍കി. അവര്‍ ഭക്ഷിച്ചു തൃപ്തരായപ്പോള്‍ അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍. അഞ്ചു ബാര്‍ലിയപ്പത്തില്‍ നിന്നു ജനങ്ങള്‍ ഭക്ഷിച്ചതിനുശേഷം മിച്ചം വന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. അവന്‍ പ്രവര്‍ത്തിച്ച അടയാളം കണ്ട ജനങ്ങള്‍ പറഞ്ഞു: ലോകത്തിലേക്കു വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇവനാണ്. അവര്‍ വന്നു തന്നെ രാജാവാക്കാന്‍വേണ്ടി ബലമായി പിടിച്ചുകൊണ്ടു പോകാന്‍ ഭാവിക്കുന്നു എന്നു മനസ്സിലാക്കിയ യേശു വീണ്ടും തനിയെ മലമുകളിലേക്കു പിന്മാറി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ കത്രീനയുടെ സ്മരണ ആഘോഷിച്ചുകൊണ്ട്
ഞങ്ങളര്‍പ്പിക്കുന്ന രക്ഷാകരബലി സ്വീകരിക്കണമേ.
ഈ വിശുദ്ധയുടെ പ്രബോധനങ്ങളാല്‍ ഉദ്‌ബോധിതരായി,
സത്യദൈവമായ അങ്ങേക്ക്,
കൂടുതല്‍ തീക്ഷ്ണതയോടെ കൃതജ്ഞതയര്‍പ്പിക്കാന്‍
ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. 1 യോഹ 1:7

ദൈവം പ്രകാശത്തിലായിരിക്കുന്നപോലെ,
നാമും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍
നമുക്ക് പരസ്പരം കൂട്ടായ്മയുണ്ടാകും.
അവിടത്തെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തം
എല്ലാ പാപങ്ങളിലും നിന്ന് നമ്മെ ശുദ്ധീകരിക്കുന്നു, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ കത്രീനയുടെ
ഐഹികജീവിതം പരിപോഷിപ്പിച്ച സ്വര്‍ഗീയവിരുന്ന്,
ഞങ്ങളെയും പരിപോഷിപ്പിക്കുകയും
ഞങ്ങള്‍ക്ക് നിത്യജീവന്‍ പ്രദാനം ചെയ്യുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading