🌹 🔥 🌹 🔥 🌹 🔥 🌹

22 Nov 2022

Saint Cecilia, Virgin, Martyr 
on Tuesday of week 34 in Ordinary Time

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ആണ്ടുതോറും
വിശുദ്ധ സിസിലിയുടെ ആഘോഷത്തില്‍
അങ്ങ് ഞങ്ങളെ ആനന്ദിപ്പിക്കുന്നുവല്ലോ.
അങ്ങേ ദാസിയിലൂടെ ആദരപൂര്‍വം നല്കപ്പെട്ട
ഈ മാതൃക ഞങ്ങള്‍ അനുകരിക്കാനും
അങ്ങേ ദാസരില്‍ അങ്ങേ പുത്രനായ
ക്രിസ്തുവിന്റെ അദ്ഭുതപ്രവൃത്തികള്‍
പ്രഘോഷിക്കാനും അനുഗ്രഹിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

വെളി 14:14-19
കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു.

ഞാന്‍, യോഹന്നാന്‍, കണ്ടു: ഇതാ, ഒരുവെണ്‍മേഘം; മേഘത്തിന്മേല്‍ മനുഷ്യപുത്രനെ പോലെയുള്ള ഒരുവന്‍, അവന്റെ ശിരസ്സില്‍ സ്വര്‍ണകിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമുണ്ട്. ദേവാലയത്തില്‍ നിന്നു മറ്റൊരു ദൂതന്‍ പുറത്തുവന്നു മേഘത്തിന്മേല്‍ ഇരിക്കുന്നവനോട് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: അരിവാള്‍ എടുത്തുകൊയ്യുക. കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു. അപ്പോള്‍, മേഘത്തില്‍ ഇരിക്കുന്നവന്‍ തന്റെ അരിവാള്‍ ഭൂമിയിലേക്കെറിയുകയും ഭൂമി കൊയ്യപ്പെടുകയും ചെയ്തു. സ്വര്‍ഗത്തിലെ ദേവാലയത്തില്‍ നിന്നു മൂര്‍ച്ചയുള്ള ഒരു അരിവാളുമായി മറ്റൊരു ദൂതന്‍ ഇറങ്ങിവന്നു. വേറൊരു ദൂതന്‍ ബലിപീഠത്തില്‍ നിന്നു പുറത്തുവന്നു. അവന് അഗ്നിയുടെമേല്‍ അധികാരം ഉണ്ടായിരുന്നു. മൂര്‍ച്ചയുള്ള അരിവാളുള്ളവനോട് അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: നിന്റെ അരിവാളിറക്കി ഭൂമിയിലെ മുന്തിരിക്കുലകള്‍ ശേഖരിക്കുക; മുന്തിരിപ്പഴം പാകമായിരിക്കുന്നു. അപ്പോള്‍ ദൂതന്‍ അരിവാള്‍ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരിവിള ശേഖരിച്ച് ദൈവത്തിന്റെ ക്രോധമാകുന്ന വലിയ മുന്തിരിച്ചക്കിലിട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 96:10,11-12,13

കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു.

ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍:
കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.

കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ;
സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ!
വയലും അതിലുള്ളവയും ആഹ്ളാദിക്കട്ടെ!

കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു.

അപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍
വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.
എന്തെന്നാല്‍, അവിടുന്നു വരുന്നു;
അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു:
അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ സത്യത്തോടും കൂടെ വിധിക്കും.

കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

നിങ്ങൾ ശിരസ്സുയർത്തി നിൽക്കുവിൻ എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 21:5-11
കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.

അക്കാലത്ത്, ചില ആളുകള്‍ ജറൂസലേം ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്കവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ ഈ കാണുന്നവ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.
അവര്‍ ചോദിച്ചു: ഗുരോ, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍ തുടങ്ങുന്നതിന്റെ അടയാളം എന്താണ്? അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്റെ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല. അവന്‍ തുടര്‍ന്നു: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും. വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍ നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ N യുടെ ആഘോഷത്തില്‍
ഈ കാണിക്കകള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ പുണ്യവതിയുടെ പീഡാസഹന പോരാട്ടം
അങ്ങേക്ക് പ്രീതികരമായി തീര്‍ന്നപോലെ,
കൃപാനിധിയായ അങ്ങേക്ക് ഈ കാണിക്കകളും
സ്വീകാര്യമായി ഭവിക്കുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

വെളി 7:17

സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട്
അവരെ ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധരുടെ മധ്യേ വിശുദ്ധ N യെ
കന്യാത്വത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമായ
ദ്വിവിധ വിജയത്താല്‍ അങ്ങ് കിരീടമണിയിച്ചുവല്ലോ.
ഈ കൂദാശയുടെ ശക്തിയാല്‍,
എല്ലാ തിന്മകളും ധീരതയോടെ തരണം ചെയ്ത്,
സ്വര്‍ഗീയമഹത്ത്വം പ്രാപിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading