ആത്മീയ ഗോവണി നവനാൾ : (Spiritual Staircase Novena )
രണ്ടാം ദിവസം: മുഖ്യദൂതന്മാർ
നമ്മുടെ ജീവിതത്തിൽ ഒരു നിർണായക വഴിത്തിരിവ് വരുമ്പോൾ ദൈവം അയക്കുന്നത് പ്രധാന മാലാഖമാരുടെ പ്രത്യേക കൃപകളാണെന്നാണ് സഭ നമ്മെ പഠിപ്പിക്കുന്നത്.
മിഖായേൽ മുന്നോട്ടു വന്ന് സകല വിഗ്രഹങ്ങളെയും തച്ചുടയ്ക്കുന്ന ആ ശക്തമായ ചോദ്യം ചോദിച്ചു: “ദൈവത്തിന് തുല്യനായി ആരുണ്ട്?”
മനുഷ്യാവതാരത്തിന്റെ വചനവാഹകനാണ് ഗബ്രിയേൽ. ദൈവത്തിന്റെ യഥാർത്ഥ ശക്തി ലോകത്തിന്റെ ആർഭാടങ്ങളിലല്ല, എളിയ സ്നേഹത്തിലാണ് വെളിപ്പെടുന്നതെന്ന് അവൻ തെളിയിക്കുന്നു.
നമ്മുടെ മുറിവുകളെ വച്ചു കെട്ടുകയും വഴിതെറ്റി അലയുന്ന നമ്മുടെ കാലടികളെ സുരക്ഷിതമായി നിത്യഭവനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ദിവ്യവൈദ്യനാണ് ദൈവം എന്ന് റഫായേൽ വിളിച്ചുപറയുന്നു.
ഭയപ്പെടേണ്ട, ഈ യുദ്ധം കർത്താവിന്റേതാണ് എന്ന് അവർ പ്രഖ്യാപിച്ചു കൊണ്ടേയിരിക്കും.
ആൾക്കൂട്ടത്തിന്റെ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ പതറാതെ, വിശുദ്ധ മിഖായേലിന്റെ ധൈര്യത്തോടെ “ദൈവം മാത്രമാണ് എന്റെ ആരാധനയ്ക്ക് യോഗ്യൻ” എന്ന് പ്രഖ്യാപിക്കലാണത്.
ദൈവത്തിന്റെ സത്യത്തെ മായം ചേർക്കാതെ ജീവിക്കാൻ ഗബ്രിയേലിന്റെ വിനയം കാത്തു സൂക്ഷിക്കലാണത്.
മറ്റൊരാളുടെ ഇരുളിലേക്ക് കടന്നുചെന്ന് ആശ്വാസമേകാൻ റഫായേലിന്റെ സ്നേഹം സ്വന്തമാക്കലാണത്.
ഒരു ആത്മപരിശോധനയ്ക്ക് നമുക്ക് വിധേയരാകാം.
ഈ മൂന്ന് പ്രധാന മാലാഖമാർ നമുക്ക് നൽകുന്ന വലിയൊരു പ്രചോദനം ദൈവമാണ് എല്ലാം.
ആ ദൈവത്തെ കൂട്ടുപിടിച്ച് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങളെ ചങ്കുറപ്പോടുകൂടെ സത്യത്തിന്റെ പാതയിൽ ചരിക്കാൻ നാം ഓരോരുത്തരും തീരുമാനമെടുക്കണം, ആ തീരുമാനത്തിൽ ഉറച്ചു നിൽക്കണം.
പ്രിയമുള്ളവരെ, ആത്മീയ യാത്രയുടെ രണ്ടാം ദിവസത്തിലേക്ക് നമുക്ക് പ്രതീക്ഷയോടു കൂടെ കാലെടുത്തു വയ്ക്കാം.
ഇന്നലെ നമ്മുടെ കാവൽ മാലാഖമാരോടൊപ്പം നാം നിന്നു. നമ്മുടെ അനുദിന ജീവിതത്തിൽ ശാന്തവും അദൃശ്യവുമായ നിമിഷങ്ങളിൽ നമ്മോടൊപ്പം നടക്കുന്ന വിശ്വസ്തരായ സുഹൃത്തുക്കളായിരുന്നു അവർ.
ഇന്ന് നാം എട്ടാമത്തെ വൃന്ദത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ്; പ്രധാന മാലാഖമാർ അല്ലെങ്കിൽ മുഖ്യദൂതന്മാർ.
ഏറ്റവും താഴെയുള്ള മാലാഖമാരുടെ വൃന്ദം സാധാരണ ജീവിത നിമിഷങ്ങളിൽ വ്യക്തികളിലേക്ക് ദൈവകൃപ എത്തിക്കുമ്പോൾ, ഈ മുഖ്യദൂതന്മാർ ചരിത്രത്തെ മാറ്റിമറിക്കുന്ന ദൈവീക വിധി നിയോഗങ്ങളുടെ ദൂതന്മാരാണ്.
രക്ഷാകര ചരിത്രം വലിയ വഴിത്തിരിവുകളിൽ എത്തിനിൽക്കുമ്പോൾ, സാമ്രാജ്യങ്ങൾ വിറകൊള്ളുമ്പോഴും ദൈവീക ഉടമ്പടികൾ ഒപ്പു വയ്ക്കപ്പെടുമ്പോഴും മനുഷ്യ ആത്മാക്കൾക്കായി പ്രപഞ്ച തലത്തിലുള്ള പോരാട്ടങ്ങൾ നടക്കുമ്പോഴുമാണ് സ്വർഗ്ഗം ഇവരെ ഭൂമിയിലേക്ക് അയക്കുന്നത്.
മൂന്ന് പ്രധാനപ്പെട്ട പേരുകളിൽ ഇവർ നമുക്കിടയിൽ സുപരിചിതരാണ്.
തിരുസഭ കാനോനികമായി പേരു ചൊല്ലി വണങ്ങുന്നത് തിരുവെഴുത്തുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള മൂന്ന് പ്രധാന മാലാഖമാരെ മാത്രമാണ്: വിശുദ്ധ മിഖായേൽ, വിശുദ്ധ ഗബ്രിയേൽ, വിശുദ്ധ റഫായേൽ.
മഹാനായ വിശുദ്ധ ഗ്രിഗറി പഠിപ്പിക്കുന്നതു പോലെ, ഇവരുടെ പേരുകൾ വെറുതെ പേരുകൾ മാത്രമല്ല. മാലാഖമാരുടെ സ്വഭാവത്തിൽ അവരുടെ പേരുകൾ തന്നെ അവരുടെ ദൗത്യത്തെയാണ് വെളിപ്പെടുത്തുന്നത്.
മിഖായേൽ: “ദൈവത്തെപ്പോലെ ആരുണ്ട്?” അല്ലെങ്കിൽ “ദൈവത്തിന് തുല്യൻ ആര്?”
വെളിപാട് പുസ്തകം പന്ത്രണ്ടാം അധ്യായത്തിൽ ലൂസിഫർ അഹങ്കാരത്താൽ വീർപ്പുമുട്ടി ദൈവത്തെ സേവിക്കില്ലെന്ന് അട്ടഹസിച്ചപ്പോൾ, ഭൗതിക ആയുധങ്ങൾ കൊണ്ടുള്ള ഒരു സൈന്യമല്ല അവനെ സ്വർഗ്ഗത്തിൽനിന്ന് താഴേക്ക് എറിഞ്ഞത്; മറിച്ച് ജ്വലിക്കുന്ന ദൈവസ്നേഹത്തിൽ നിന്നുള്ള ഒരു ചോദ്യമായിരുന്നു അത്.
മിഖായേൽ മുന്നോട്ടു വന്ന് സകല വിഗ്രഹങ്ങളെയും തച്ചുടയ്ക്കുന്ന ആ ശക്തമായ ചോദ്യം ചോദിച്ചു: “ദൈവത്തിന് തുല്യനായി ആരുണ്ട്?”
ദൈവത്തിന്റെ പരമാധികാരത്തിന്റെ സംരക്ഷകനും തിരുസഭയുടെ കാവൽക്കാരനും മരണത്തിന്റെ ഭയാനകമായ നിമിഷത്തിൽ ആത്മാക്കളുടെ പ്രതിരോധകനുമാണ് വിശുദ്ധ മിഖായേൽ.
അടുത്തത് വിശുദ്ധ ഗബ്രിയേൽ: “ദൈവത്തിന്റെ ശക്തി”.
ദാനിയേൽ പുസ്തകത്തിൽ അന്ത്യകാലത്തെക്കുറിച്ചുള്ള പ്രവചന ദർശനങ്ങൾ വ്യാഖ്യാനിക്കുന്നത് ഗബ്രിയേലാണ്.
എന്നാൽ വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായത്തിൽ പ്രപഞ്ച ചരിത്രത്തിലെ ഏറ്റവും മഹത്തായ ദൗത്യമാണ് അവനെ ദൈവമായ കർത്താവ് ഏൽപ്പിക്കുന്നത്.
നസ്രത്തിലെ ഒരു എളിയ ഭവനത്തിലേക്ക് അവൻ പ്രവേശിക്കുകയാണ്. ഒരു കൊച്ചു കന്യകയുടെ മുൻപിൽ അവൻ വണങ്ങിനിൽക്കുന്നു.
പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് അവളുടെ ഉദരത്തിൽ മനുഷ്യനായി അവതരിക്കാൻ പോകുന്നു എന്ന അനശ്വര സത്യം, രഹസ്യം അവൻ പ്രഖ്യാപിക്കുകയാണ്.
മനുഷ്യാവതാരത്തിന്റെ വചനവാഹകനാണ് ഗബ്രിയേൽ.
ദൈവത്തിന്റെ യഥാർത്ഥ ശക്തി ലോകത്തിന്റെ ആർഭാടങ്ങളിലല്ല, എളിയ സ്നേഹത്തിലാണ് വെളിപ്പെടുന്നതെന്ന് അവൻ തെളിയിക്കുന്നു.
വിശുദ്ധ റഫായേൽ: “ദൈവം സൗഖ്യമാക്കുന്നു”.
തോബിത്തിന്റെ പുസ്തകത്തിൽ അസറിയാസ് എന്ന പേരിൽ ഒരു മനുഷ്യനായി വേഷം മാറി അപകടം നിറഞ്ഞ വഴിയിലൂടെ തോബിയാസിനൊപ്പം നടക്കുന്നത് റഫായേലാണ്.
അവൻ അസ്മോദേവൂസ് എന്ന ദുഷ്ടാത്മാവിനെ തുരത്തിയോടിക്കുന്നു. തോബിയാസിനെ ഒരു വിശുദ്ധ വിവാഹത്തിലേക്ക് നയിക്കുന്നു. വൃദ്ധനായ തോബിത്തിന്റെ അന്ധത മാറ്റുന്നു.
നമ്മുടെ മുറിവുകളെ വച്ചു കെട്ടുകയും നമ്മുടെ കണ്ണുകൾക്ക് കാഴ്ച നൽകുകയും വഴിതെറ്റി അലയുന്ന നമ്മുടെ കാലടികളെ സുരക്ഷിതമായി നിത്യഭവനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ദിവ്യവൈദ്യനാണ് ദൈവം എന്ന് റഫായേൽ വിളിച്ചുപറയുന്നു.
വിശുദ്ധ തോമസ് അക്വിനാസ് തന്റെ സുമ്മാ തിയോളജിയായിൽ വ്യക്തമാക്കുന്നത് മാലാഖമാരുടെ ശ്രേണിയിൽ പ്രധാന മാലാഖമാർക്ക് വളരെ സുപ്രധാനമായ ഒരു സ്ഥാനമുണ്ട് എന്നാണ്.
രാജ്യങ്ങളെയും സമൂഹങ്ങളെയും നയിക്കുന്ന പ്രാഥമികന്മാർക്കും വ്യക്തികളെ കാക്കുന്ന കാവൽ മാലാഖമാർക്കും നടുവിലാണ് ഇവരുടെ സ്ഥാനം.
അതുകൊണ്ട് ദൈവത്തിന്റെ വിശാലമായ രക്ഷാകര പദ്ധതികൾക്കും നമ്മുടെ കൊച്ചു ജീവിതങ്ങൾക്കും ഇടയിലുള്ള പാലമാണ് ഈ മുഖ്യദൂതന്മാർ.
നമ്മുടെ ജീവിതത്തിൽ ഒരു നിർണായക വഴിത്തിരിവ് വരുമ്പോൾ, ധാർമ്മികമായ ഒരു വലിയ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോൾ, പ്രയാസമേറിയ ഒരു ദൈവവിളി ഏറ്റെടുക്കേണ്ടി വരുമ്പോൾ, ലോകത്തിന്റെ ദുഷിച്ച പ്രവണതകൾക്കെതിരെ ഉറച്ചു നിൽക്കേണ്ടി വരുമ്പോൾ, അല്ലെങ്കിൽ കഠിനമായ ശാരീരിക-ആത്മീയ സഹനങ്ങൾ കടന്നു വരുമ്പോൾ ദൈവം അയക്കുന്നത് പ്രധാന മാലാഖമാരുടെ പ്രത്യേക കൃപകളാണെന്നാണ് സഭ നമ്മെ പഠിപ്പിക്കുന്നത്.
നമ്മോട് പറയാൻ നിയോഗിക്കപ്പെട്ട സ്വർഗ്ഗത്തിന്റെ സ്ഥാനപതിമാരാണ് ഈ മുഖ്യദൂതന്മാർ.
ഭയപ്പെടേണ്ട, ഈ യുദ്ധം കർത്താവിന്റെതാണ് എന്ന് അവർ പ്രഖ്യാപിച്ചു കൊണ്ടേയിരിക്കും.
ഈ പ്രധാന മാലാഖമാരുടെ വൃന്ദം നമ്മിൽനിന്ന് ആവശ്യപ്പെടുന്ന പുണ്യം എന്താണെന്നറിയാമോ?
അത് വീരോചിതമായ അനുസരണവും വിശുദ്ധ ധൈര്യവുമാണ്.
ഈ പ്രധാന മാലാഖമാർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നമുക്കൊന്ന് നോക്കാം.
ഗബ്രിയേൽ നസ്രത്തിലേക്ക് അയക്കപ്പെടുമ്പോൾ അവൻ മടിച്ചു നിൽക്കുകയോ തർക്കിക്കുകയോ ദൈവത്തിന്റെ സന്ദേശത്തിൽ മാറ്റം വരുത്തുകയോ ചെയ്യുന്നില്ല.
പൂർണ്ണ വിശ്വസ്തതയോടെ ദൈവവചനം സ്വീകരിച്ച് അത് എത്തിക്കേണ്ടിടത്ത് എത്തിക്കുന്നു.
ലൂസിഫറിന്റെ മത്സരം കേട്ടപ്പോൾ മിഖായേൽ വാദപ്രതിവാദങ്ങൾ നടത്തിയില്ല.
ദൈവമഹത്വത്തിന്റെ കൊടി അവൻ ഉയർത്തിപ്പിടിച്ചു.
തോബിയാസിനൊപ്പം വഴിയരികിലെ പൊടിപടലങ്ങളിലൂടെ നടക്കാൻ റഫായേലിനെ അയച്ചപ്പോൾ ഒരു പരാതിയുമില്ലാതെ അവൻ ഓരോ ചുവടും സന്തോഷത്തോടു കൂടെ നടന്നു തീർക്കുകയാണ്.
ഇന്നത്തെ ലോകത്തിൽ അനുസരണം പലപ്പോഴും പുച്ഛിക്കപ്പെടുന്ന ഒരു യാഥാർത്ഥ്യമല്ലേ?
ചോദ്യം ചെയ്യപ്പെടാത്ത സ്വാതന്ത്ര്യത്തെയും സ്വന്തം ഇഷ്ടങ്ങളെയും സ്വാർത്ഥതയെയുമാണ് ലോകം ആഘോഷിക്കുന്നത്.
ദൈവകല്പനകളെ കേവലം നിർദ്ദേശങ്ങൾ മാത്രമായിക്കണ്ട് നമ്മുടെ സൗകര്യത്തിനനുസരിച്ച് അതിനെ വളച്ചൊടിക്കാൻ നാം പരിശ്രമിക്കുന്നില്ലേ?
ആ ആത്മീയ മിഥ്യാധാരണയെ ഈ മുഖ്യദൂതന്മാർ പാടെ വലിച്ചെറിഞ്ഞു കളയുകയാണ്.
യഥാർത്ഥ സ്വാതന്ത്ര്യം എന്നാൽ തോന്നിയതു പോലെ ജീവിക്കലല്ല; മറിച്ച് ദൈവത്തിന്റെ തിരുവിഷ്ടത്തിലേക്ക് മനുഷ്യന്റെ ഇഷ്ടത്തെ പൂർണ്ണമായും വിട്ടുകൊടുക്കലാണ്.
ആൾക്കൂട്ടത്തിന്റെ സമ്മർദ്ദങ്ങൾക്ക് മുൻപിൽ പതറാതെ വിശുദ്ധ മിഖായേലിന്റെ ധൈര്യത്തോടെ “ദൈവം മാത്രമാണ് എന്റെ ആരാധനയ്ക്ക് യോഗ്യൻ” എന്ന് പ്രഖ്യാപിക്കലാണത്.
ദൈവത്തിന്റെ സത്യത്തെ മായം ചേർക്കാതെ ജീവിക്കാൻ ഗബ്രിയേലിന്റെ വിനയം കാത്തു സൂക്ഷിക്കലാണത്.
മറ്റൊരാളുടെ ഇരുളിലേക്ക് കടന്നുചെന്ന് ആശ്വാസമേകാൻ റഫായേലിന്റെ സ്നേഹം സ്വന്തമാക്കലാണത്.
പ്രിയമുള്ളവരെ, ഒരു ആത്മപരിശോധനയ്ക്ക് നമുക്ക് വിധേയരാകാം.
വിശുദ്ധ മിഖായേലിന്റെ ആ വിപ്ലവകരമായ ചോദ്യം: “ദൈവത്തിന് തുല്യൻ ആര്?”
ആ ഒരു ചോദ്യം ഉയർത്തുന്നതിന് പകരം എന്റെ ജീവിതത്തിൽ അഹങ്കാരത്തിന്റെ സ്വരത്തിന് ഞാൻ എവിടെയെങ്കിലും ഇടം കൊടുക്കുന്നുണ്ടോ?
ലോകത്തിന്റെ വിഗ്രഹങ്ങൾക്ക് മുൻപിൽ ഞാൻ തലകുനിച്ചു പോയിട്ടുണ്ടോ?
അടുത്തത്, ശത്രുവിനോട് ക്ഷമിക്കാനോ സത്യം തുറന്നു പറയാനോ ഒരു കുരിശ് സന്തോഷത്തോടെ വഹിക്കാനോ ദൈവം ആവശ്യപ്പെടുമ്പോൾ ഒരു ഭീരുവിനെപ്പോലെ ഞാൻ മടിച്ചുനിൽക്കാറുണ്ടോ?
അതോ ഗബ്രിയേലിനെപ്പോലെ ഉടനടി അനുസരിക്കാൻ തയ്യാറെടുക്കുന്ന ഒരു സ്വഭാവമാണോ എന്റേത്?
അടുത്തതായി, കുടുംബത്തിലോ സമൂഹത്തിലോ വേദനിക്കുന്നവരും ഏകാന്തത അനുഭവിക്കുന്നവരും ആത്മീയമായി അന്ധത ബാധിച്ചവരുമായ ആരെയെങ്കിലും റഫായേലിന്റെ സൗഖ്യദായകമായ സ്നേഹത്തോടെ കൂടെ നടന്ന് ആശ്വസിപ്പിക്കാൻ ദൈവം എന്നോട് ആവശ്യപ്പെടുന്നത് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടോ?
അത് പ്രായോഗിക തലത്തിലേക്ക് ഞാൻ കൊണ്ടുവരുന്നുണ്ടോ?
പ്രിയമുള്ളവരെ, ഈ മൂന്ന് പ്രധാന മാലാഖമാർ നമുക്ക് നൽകുന്ന വലിയൊരു പ്രചോദനം ദൈവമാണ് എല്ലാം.
ആ ദൈവത്തെ കൂട്ടുപിടിച്ച് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങളെ ചങ്കുറപ്പോടുകൂടെ സത്യത്തിന്റെ പാതയിൽ ചരിക്കാൻ നാം ഓരോരുത്തരും തീരുമാനമെടുക്കണം, ആ തീരുമാനത്തിൽ ഉറച്ചുനിൽക്കണം.
കർത്താവേ, അതിനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ എന്ന് നമുക്ക് പരസ്പരം പ്രാർത്ഥിക്കാം.
ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.


Leave a Reply