ആത്മീയ ഗോവണി നവനാൾ (Spiritual Staircase Novena)

ഒന്നാം ദിവസം: ആരാണ് നിങ്ങളുടെ കാവൽ മാലാഖ?

പലപ്പോഴും നിരാശയോടെ നമ്മൾ ചോദിക്കാറില്ലേ, “കർത്താവേ അങ്ങ് എവിടെ?”

നിങ്ങൾ എന്നെ കേട്ടുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ, നമ്മുടെ തൊട്ടടുത്ത്, നമ്മുടെ സ്വന്തം ശ്വാസത്തേക്കാളും അരികിലായി സ്വർഗ്ഗത്തിലെ അമർത്യനായ ഒരു രാജകുമാരൻ ഇരിക്കുന്നുണ്ടെന്നാണ് പറയുന്നത്.

പേടിച്ചിരിക്കുന്ന കുട്ടികളെ ഇരുട്ടിൽ ഉറക്കാൻ വേണ്ടി മെനഞ്ഞെടുത്ത ഒരു സാങ്കല്പിക കഥ.

ഒരിക്കലുമല്ല.

നമ്മുടെ മാതാപിതാക്കൾ നമ്മളെ കൈകളിൽ എടുക്കുന്നതിനു മുൻപ് സർവ്വശക്തനായ ദൈവത്തിൽ നിന്ന് സ്വർഗ്ഗത്തിലെ ഒരു മാലാഖ നിത്യമായ ഒരു വിശുദ്ധ ദൗത്യം ഏറ്റുവാങ്ങിക്കഴിഞ്ഞു.

ഓരോ ദിവസവും നാം അറിയാത്ത എത്രയോ ആത്മീയ ആക്രമണങ്ങളെയാണ് നമ്മുടെ കാവൽ മാലാഖ തടഞ്ഞുനിർത്തുന്നത്.

കാരണമൊന്നുമില്ലാതെ ആർക്കെങ്കിലും വേണ്ടി പ്രാർത്ഥിക്കാൻ മനസ്സിൽ ശക്തമായ ചില ചിന്തകൾ വരാറില്ലേ?

നമ്മുടെ ശ്രദ്ധക്കുറവുള്ളതും പതറുന്നതുമായ പ്രാർത്ഥനകളെ ഏറ്റു വാങ്ങി, അവയിലെ സ്വാർത്ഥതകളെ നീക്കി വിശുദ്ധീകരിച്ച്, ദൈവത്തിൻറെ കുഞ്ഞാടിന്റെ മുൻപിലേക്ക് സമർപ്പിക്കുന്നത് മറ്റാരുമല്ല, നമ്മുടെ കാവൽ മാലാഖയാണ്.

​മുഖ്യദൂതന്മാരുടെ തിരുനാളിന്റെ ആഘോഷത്തിന്റെ ഒരുക്കദിനമായ ഒന്നാം ദിനത്തിലേക്ക് നിങ്ങളെ സന്തോഷത്തോടുകൂടെ സ്വാഗതം ചെയ്യുകയാണ്.

ഇന്നലെ യാക്കോബ് എന്ന പൂർവ്വപിതാവിനോടൊപ്പം നിന്നുകൊണ്ട്, ഭൂമിക്കും സ്വർഗ്ഗത്തിനുമിടയിൽ നീണ്ടു നിവർന്നു കിടക്കുന്ന പ്രകാശത്തിന്റെ ആ അത്ഭുത കോവണിയിലേക്ക് നാം കണ്ണുകളുയർത്തി ഒന്നു നോക്കിയായിരുന്നു.

ഇന്ന് ആ കോവണിയുടെ ഏറ്റവും ആദ്യ പടിയിലേക്ക് നാം നമ്മുടെ കാൽ വയ്ക്കുകയാണ്.

സ്വർഗ്ഗത്തിന്റെ അത്യുന്നതങ്ങളിലെ ദഹിപ്പിക്കുന്ന ജ്വാലയിൽ നിന്നല്ല നാം തുടങ്ങുന്നത്; മറിച്ച് ഇവിടെ, ഇതാ താഴെ, നമ്മുടെ അനുദിന ജീവിതത്തിന്റെ തികച്ചും ശാന്തമായ യാഥാർത്ഥ്യങ്ങളിൽ നിന്നാണ്.

ഒൻപതാമത്തേതും അടിസ്ഥാനപരവുമായ മാലാഖ വൃന്ദത്തിൽ നിന്ന്, അഥവാ മാലാഖമാർ എന്ന വൃന്ദത്തിൽ നിന്ന്.

പ്രത്യേകിച്ച്, ദൈവപരിപാലനയുടെ ഏറ്റവും വ്യക്തിപരമായ ദാനമായ നമ്മുടെ ഓരോരുത്തരുടെയും കാവൽ മാലാഖയിൽ നിന്ന്.

​പ്രിയമുള്ളവരെ, നമ്മുടെ അരികിലെ നിശബ്ദനായ ഒരു രാജകുമാരൻ എന്നാണ് സഭയുടെ വിശ്വാസം ഇതിനെപ്പറ്റി.

വിസ്മയിപ്പിക്കുന്ന ഒരു യാഥാർത്ഥ്യത്തെപ്പറ്റി നമുക്കൊന്ന് ചിന്തിച്ചു നോക്കാം.

ഈ നിമിഷത്തിൽ, അതായത് നിങ്ങൾ എന്നെ കേട്ടുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ, നമ്മുടെ തൊട്ടടുത്ത്, നമ്മുടെ സ്വന്തം ശ്വാസത്തേക്കാളും അരികിലായി സ്വർഗ്ഗത്തിലെ അമർത്യനായ ഒരു രാജകുമാരൻ ഇരിക്കുന്നുണ്ടെന്നാണ് പറയുന്നത്.

പ്രിയമുള്ളവരെ, ഇത് കാവ്യാത്മകമായ ഒരു ആലങ്കാരിക പ്രയോഗമല്ല കേട്ടോ. പേടിച്ചിരിക്കുന്ന കുട്ടികളെ ഇരുട്ടിൽ ഉറക്കാൻ വേണ്ടി മെനഞ്ഞെടുത്ത ഒരു സാങ്കല്പിക കഥ ഒരിക്കലുമല്ല.

കത്തോലിക്കാ വിശ്വാസത്തിന്റെ കൃത്യമായ ഒരു വിശ്വാസ സത്യമാണിത്.

നാലാം നൂറ്റാണ്ടിലെ സഭാപിതാവായ മഹാനായ വിശുദ്ധ ബേസിലിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം മുന്നൂറ്റി മുപ്പത്തിയാറാമത്തെ ഖണ്ഡികയിൽ ഇപ്രകാരം പ്രഖ്യാപിക്കുന്നുണ്ട്: “ഓരോ വിശ്വാസിയുടെയും അരികിൽ അവനെ ജീവിതത്തിലേക്ക് നയിക്കുന്ന സംരക്ഷകനും ഇടയനുമായി ഒരു മാലാഖ നിൽക്കുന്നുണ്ട്.”

മാലാഖയുടെ വേദപാരംഗതൻ എന്നറിയപ്പെടുന്ന വിശുദ്ധ തോമസ് അക്വിനാസ് തന്റെ ‘സുമ തിയോളജിയ’യിൽ ഇത് വ്യക്തമാക്കുന്നുണ്ട്: “മനുഷ്യസ്വഭാവം ബലഹീനതകൾക്കും ആത്മീയ അന്ധതയ്ക്കും മാറിക്കൊണ്ടിരിക്കുന്ന വികാരങ്ങൾക്കും വിധേയമായതുകൊണ്ട് ഗർഭധാരണ നിമിഷം മുതൽ ഓരോ മനുഷ്യാത്മാവിനും കാവലായി ദൈവം ഒരു മാലാഖയെ നിയോഗിച്ചിരിക്കുന്നു.”

​ആ സത്യത്തിന്റെ ആഴത്തെക്കുറിച്ച് ഒന്ന് ധ്യാനിച്ചു നോക്കിയേ.

നമ്മുടെ മാതാപിതാക്കൾ നമ്മളെ കൈകളിൽ എടുക്കുന്നതിനു മുൻപ്, ഈ ലോകം നമുക്ക് ഒരു പേര് നൽകുന്നതിനു മുൻപ്, സർവ്വശക്തനായ ദൈവത്തിൽ നിന്ന് സ്വർഗ്ഗത്തിലെ ഒരു മാലാഖ നിത്യമായ ഒരു വിശുദ്ധ ദൗത്യം ഏറ്റു വാങ്ങിക്കഴിഞ്ഞു.

നമ്മെ കാത്തു സൂക്ഷിക്കുക എന്ന നിത്യമായ ദൗത്യം.

നമ്മുടെ ഭക്തിയോ ബുദ്ധിയോ യോഗ്യതയോ ഇതൊന്നും കണ്ടിട്ടല്ല നമ്മുടെ മാലാഖ നമ്മെ തിരഞ്ഞെടുത്തത്.

സ്വർഗ്ഗീയ പിതാവിനോടുള്ള പൂർണ്ണമായ അനുസരണത്താൽ അവൻ നമ്മെ ഏറ്റെടുക്കുകയായിരുന്നു.

നമ്മൾ കൈക്കുഞ്ഞായിരുന്നപ്പോൾ അവൻ നമ്മുടെ തൊട്ടിലിനരികിൽ കാവൽ നിന്നു.

നാം വളർന്ന് പാപത്തിന്റെ വഴികളിലേക്ക് പോയപ്പോൾ അവൻ ദേഷ്യത്തോടെ തന്റെ കാവൽ സ്ഥാനം ഉപേക്ഷിച്ചു പോയില്ല; മറിച്ച് സങ്കടത്തോടെ മുട്ടുകുത്തി നമ്മുടെ അനുതാപത്തിനായി പ്രാർത്ഥിച്ചു.

ഇന്ന് രാത്രി നിങ്ങൾ ഉറങ്ങുമ്പോഴും അവൻ ഉറങ്ങില്ല.

രണ്ട് യാഥാർത്ഥ്യങ്ങളിലേക്ക് അവൻ നിരന്തരം കണ്ണു നട്ടിരിക്കുകയാണ്.

സ്വർഗ്ഗത്തിൽ ദൈവത്തിന്റെ അനിർമ്മിതമായ മഹത്വത്തിലേക്ക് നോക്കിക്കൊണ്ടും, ഇവിടെ നമ്മുടെ തൊട്ടടുത്ത് ഭൂമിയിൽ സ്നേഹനിർഭരമായ സംരക്ഷണത്തോടെ നമ്മെ നോക്കിക്കൊണ്ടും.

മത്തായിയുടെ സുവിശേഷം പതിനെട്ടാം അധ്യായം പത്താം തിരുവചനത്തിൽ യേശുക്രിസ്തു തന്നെ വളരെ വ്യക്തമായി പ്രതിപാദിക്കുന്നത് ഓർക്കണം: “ഈ ചെറിയവരിൽ ഒരുവനെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിൻറെ മുഖം എപ്പോഴും കാണുന്നുവെന്ന് ഞാൻ നിങ്ങളോട് പറയുന്നു.”

​പ്രിയമുള്ളവരെ, മാലാഖമാരുടെ ദൗത്യം എന്താണ്?

അവൻ എങ്ങനെയാ ശുശ്രൂഷ ചെയ്യുന്നത്?

നമ്മുടെ കാവൽ മാലാഖ യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?

വിശുദ്ധ തോമസ് അക്വിനാസ് ഇത് വളരെ വ്യക്തമാക്കി നമുക്ക് പകർന്നു നൽകുന്നുണ്ട്. “മാലാഖമാർ മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തെ ലംഘിക്കുന്നില്ല” എന്നാണ്.

കയറിൽ കെട്ടിയ പാവക്കുട്ടികളെപ്പോലെ അവൻ നമ്മുടെ തീരുമാനങ്ങളെ ഒരിക്കലും നിയന്ത്രിക്കില്ല.

മറിച്ച് പ്രധാനമായും മൂന്ന് വഴികളിലൂടെയാണ് അവരുടെ ശുശ്രൂഷ നമ്മിൽ പ്രവർത്തിക്കുന്നത്.

ഒന്നാമത്തേത് ​ആത്മീയ സംരക്ഷണം: പൈശാചിക ലോകത്തിനെതിരെയുള്ള ഒരു ആത്മീയ കോട്ടയായി അവൻ നമ്മുടെ കൂടെ നിലകൊള്ളുകയാണ്.

വിശുദ്ധ പൗലോസ് ഓർമ്മിപ്പിക്കുന്നില്ലേ, നമ്മുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചു നടക്കുകയാണെന്ന്.

പൂർണ്ണശക്തിയോടെ നമ്മെ ആക്രമിക്കാൻ പൈശാചിക ലോകത്തിന് അനുവാദം ലഭിച്ചിരുന്നെങ്കിൽ നമ്മുടെ ബലഹീനമായ ആത്മാക്കൾക്ക് ആ പരീക്ഷണം താങ്ങാൻ കഴിയില്ലായിരുന്നു എന്നാണ് പറയുന്നത്.

ഓരോ ദിവസവും നാം അറിയാത്ത എത്രയോ ആത്മീയ ആക്രമണങ്ങളെയാണ് നമ്മുടെ കാവൽ മാലാഖ തടഞ്ഞു നിർത്തുന്നത്.

നിത്യതയിൽ പ്രവേശിക്കുമ്പോൾ മാത്രമേ ആ കാണാക്കണ്ണിൽ നമുക്ക് ഈ സത്യം തിരിച്ചറിയാൻ പറ്റത്തുള്ളൂ എന്നത് മറ്റൊരു യാഥാർത്ഥ്യം.

​ബുദ്ധിക്ക് വെളിച്ചം പകരുന്ന ഒരു ദൗത്യം: നമ്മുടെ ഹൃദയത്തിലെ രഹസ്യ ചിന്തകൾ വായിക്കാൻ മാലാഖമാർക്ക് കഴിയില്ല. ആ ഉള്ളറ ദൈവത്തിനു മാത്രം സ്വന്തമാണ്.

എന്നാൽ നമ്മുടെ ഓർമ്മകളെയും ഭാവനയെയും ഉണർത്താൻ അവർക്ക് കഴിയും.

അപകടകരമായ ഒരു സാഹചര്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഉള്ളിൽ പെട്ടെന്നൊരു ഉൾപ്രേരണ നമുക്കൊക്കെ ചിലപ്പോൾ തോന്നാറില്ലേ?

കാരണമൊന്നുമില്ലാതെ ആർക്കെങ്കിലും വേണ്ടി പ്രാർത്ഥിക്കാൻ മനസ്സിൽ ശക്തമായ ചില ചിന്തകൾ വരാറില്ലേ?

ദേഷ്യം ഇങ്ങനെ ഇരച്ചുകയറുമ്പോൾ നാവ് അടക്കിപ്പിടിക്കാൻ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതുപോലെ തോന്നാറില്ലേ?

അത് മറ്റാരുമല്ല, നമ്മുടെ കാവൽ മാലാഖ നമ്മുടെ മനസ്സിലേക്ക് വീശുന്ന ദൈവീക വെളിച്ചമാണ്.

മൂന്നാമത്തേത് ​മാധ്യസ്ഥ്യം വഹിക്കലാണ്.

വെളിപാട് പുസ്തകം എട്ടാം അധ്യായം മൂന്നും നാലും തിരുവചനങ്ങളിൽ, യോഹന്നാൻ സ്വർഗ്ഗീയ അൾത്താരയ്ക്ക് മുൻപിൽ ഒരു മാലാഖ സുവർണ്ണ ധൂപകലശവുമായി നിൽക്കുന്നത് കാണുന്നുണ്ട്.

വിശുദ്ധരുടെ പ്രാർത്ഥനകളോടൊപ്പം ധൂപകലശങ്ങൾ മാലാഖയുടെ കയ്യിൽ നിന്ന് ദൈവ തിരുമുമ്പിലേക്ക് ഉയരുകയാണ്.

നമ്മുടെ ശ്രദ്ധക്കുറവുള്ളതും പതറുന്നതുമായ പ്രാർത്ഥനകളെ ഏറ്റുവാങ്ങി, അവയിലെ സ്വാർത്ഥതകളെ നീക്കി വിശുദ്ധീകരിച്ച്, ദൈവത്തിന്റെ കുഞ്ഞാടിന്റെ മുൻപിലേക്ക് സമർപ്പിക്കുന്നത് മറ്റാരുമല്ല, നമ്മുടെ കാവൽ മാലാഖയാണ്.

​പ്രിയമുള്ളവരെ, എന്തുകൊണ്ടാണ് ദൈവം നമ്മുടെ ആത്മീയ യാത്ര ഇവിടെനിന്ന് ആരംഭിക്കുന്നത്?

കാരണം നമ്മുടെ തൊട്ടരികിൽ നിൽക്കുന്ന ഈ സ്വർഗ്ഗീയ കൂട്ടുകാരനെ നാം തിരിച്ചറിയുന്നില്ലെങ്കിൽ, ഏറ്റവും ഉയർന്ന സ്രാപ്പേന്മാരുടെ സ്വർഗ്ഗീയ ഗണത്തെ മനസ്സിലാക്കാൻ നമുക്ക് ഒരിക്കലും പറ്റത്തില്ലെന്നേ.

മാലാഖമാരുടെ വൃന്ദം നമ്മിൽ നിന്ന് ആവശ്യപ്പെടുന്ന പുണ്യം സൗമ്യതയും വിശുദ്ധമായ ശ്രദ്ധയുമാണ്.

ഡിജിറ്റൽ ബഹളങ്ങളും ഏകാന്തതയും വെപ്രാളങ്ങളും നിറഞ്ഞ ഒരു ലോകത്തിലാണല്ലോ നാം ജീവിക്കുന്നത്.

പലപ്പോഴും നിരാശയോടെ നമ്മൾ ചോദിക്കാറില്ലേ, “കർത്താവേ അങ്ങ് എവിടെ?

ഈ താഴ്‌വരയിലൂടെ ഞാൻ എന്തുകൊണ്ടാ ഇങ്ങനെ തനിച്ചു സഞ്ചരിക്കുന്നത്?”

എന്നാൽ ആ സമയത്തൊക്കെയും ഒരു വെളിച്ചത്തിന്റെ മാലാഖ നമ്മുടെ തൊട്ടരികിൽ നിൽക്കുകയാണ്, അവന്റെ സാന്നിധ്യം നമ്മളൊന്ന് അംഗീകരിക്കാൻ വേണ്ടി മാത്രം കാത്തിരുന്നു കൊണ്ട്.

​ക്ലെയർവോയിലെ വിശുദ്ധ ബർണാർഡ് സങ്കീർത്തനം തൊണ്ണൂറ്റിയൊന്നിനെക്കുറിച്ച് പ്രസംഗിച്ചപ്പോൾ തന്റെ സന്യാസിമാർക്ക് കാവൽ മാലാഖമാരെക്കുറിച്ച് മൂന്ന് സുവർണ്ണ നിയമങ്ങൾ നൽകുകയുണ്ടായി.

​അവിടുത്തെ സാന്നിധ്യത്തെ ആദരിക്കുക.

​അവരുടെ കാരുണ്യത്തോട് ഭക്തിയുള്ളവരായിരിക്കുക.

​അവരുടെ കാവലിൽ പൂർണ്ണ വിശ്വാസമർപ്പിക്കുക.

​ഒരാഴ്ച മുഴുവൻ കാവൽ മാലാഖയോട് സംസാരിക്കാതെ ജീവിക്കുക എന്നാൽ യുദ്ധക്കളത്തിലൂടെ നടക്കുമ്പോൾ കൂടെ പടച്ചട്ടയോ സഖ്യകക്ഷിയോ ഇല്ലെന്ന് നടിച്ച് ഒറ്റയ്ക്ക് നടക്കുന്നതുപോലെയാണ്.

​പ്രിയമുള്ളവരെ, ഒരാത്മപരിശോധന.

പ്രാർത്ഥിക്കുന്നതിനു മുൻപ് അല്പസമയം ശാന്തമായിരുന്ന് നമ്മുടെ ഹൃദയത്തെ ദൈവത്തിന്റെ മുൻപിലേക്ക് ഇറക്കിവയ്ക്കാം.

പ്രഭാതം മുതൽ പ്രദോഷം വരെ എന്റെ കാവൽ മാലാഖയെ ഓർക്കുകയോ നന്ദി പറയുകയോ അവനോട് സംസാരിക്കുകയോ ചെയ്യാതെ എത്രയോ ദിവസങ്ങൾ ഞാൻ ജീവിച്ചു തീർത്തു.

ക്ഷമയിലേക്കോ പ്രാർത്ഥനയിലേക്കോ ആത്മനിയന്ത്രണത്തിലേക്കോ ഉള്ളിൽ ഒരു പ്രേരണ തോന്നുമ്പോൾ സൗമ്യതയോടെ ഞാൻ അതിനു കാതോർക്കാറുണ്ടോ.

അതോ ബഹളങ്ങളും ശാഠ്യങ്ങളും കൊണ്ട് അതിനെ അടിച്ചമർത്തുന്ന പതിവാണോ എനിക്കുള്ളത്?

ദൈവം എന്റെ ജീവിതവഴിയിൽ കണ്ടുമുട്ടുന്ന ഒരു സഹോദരന് ആരും കാണാത്ത കാരുണ്യം കൊണ്ടും സംരക്ഷണം കൊണ്ടും കരുതൽ കൊണ്ടും ഭൂമിയിലെ ഒരു മാലാഖയായി മാറാൻ ഞാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടോ?

​പ്രിയമുള്ളവരെ, കരങ്ങൾ കൂപ്പാം, കണ്ണുകൾ അടയ്ക്കാം. കാവൽ മാലാഖ അത് എന്റെ തൊട്ടടുത്ത് നിൽക്കുന്ന ഒരു ദൈവീക സാന്നിധ്യമാണ്.

ആ മാലാഖയെ തിരിച്ചറിഞ്ഞ്, അവനോട് സംവദിച്ച്, അവനുമായി സംസാരിച്ച്, ജീവിതത്തിന്റെ ഓരോ നിമിഷവും മുന്നോട്ടു സഞ്ചരിക്കാൻ ഈശോയേ എന്നെ അനുഗ്രഹിക്കണമേ.

ആമേൻ.

Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply