ആത്മീയ ഗോവണി നവനാൾ (Spiritual Staircase Novena)

ഇനി ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യത്തിലേക്ക് നമുക്ക് വരാം. ഉയർന്ന ഈ സ്വർഗീയ വൃന്ദത്തിന് നാം ഓരോരുത്തരുമായി എന്ത് ബന്ധമാണുള്ളത്?

വിശുദ്ധ അൾത്താരയിലെ തിരുവോസ്തിക്ക് മുന്നിലോ നമ്മുടെ മുറിയിലെ ഏകാന്തതയിലോ ശാന്തമായി മുട്ടുകുത്തി നിന്നുകൊണ്ട് ഉള്ളിന്റെ ഉള്ളിൽ പ്രാർത്ഥിക്കുന്ന ആ നിമിഷത്തിൽ നമ്മുടെ ഹൃദയം സിംഹാസനങ്ങളുടെ വൃന്ദത്തെ പോലെ പ്രകാശിക്കാൻ നമ്മുടെ കരിങ്കൽ കത്തീഡ്രലുകളോ വിലപിടിപ്പേറിയ പ്രസംഗങ്ങളോ അല്ല ദൈവത്തിന് ആവശ്യം.

ക്ഷമിക്കാൻ മടിച്ച് മനസ്സിൽ സൂക്ഷിക്കുന്ന വിദ്വേഷത്തിന്റെയും പകയുടെയും പഴയ മുറിവുകളുടെയും മുൾച്ചുള്ള പാറക്കല്ലുകൾ അവിടെ കിടക്കുന്നില്ലേ?

നമ്മുടെ അഹങ്കാരത്തിന്റെ ഉയരങ്ങളിൽ നിന്നാണ് നാം സംസാരിക്കുന്നതെങ്കിൽ നമ്മുടെ പ്രാർത്ഥന കേൾക്കപ്പെടുകയേയില്ല.

ധ്യാനം എന്നാൽ ബാഹ്യമായി പലതും ചെയ്യലല്ല.

മറിച്ച് ദൈവതിരുമുമ്പിൽ നിശബ്ദമായി ആയിരിക്കലാണ്.

ദൈവത്തിനു മുൻപിൽ ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക നിരത്തൽ — അത് ദൈവം വിശ്രമിക്കുന്നിടത്ത് ഈ ലോകത്തിലെ ഒരു കൊടുങ്കാറ്റിനും നമ്മുടെ സമാധാനം കവർന്നെടുക്കാൻ കഴിയില്ല.

ഇന്ന് എന്റെ ഹൃദയത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്നത് ആരാണ്?

എന്റെ ആത്മാവിൽ ദൈവം വസിക്കുന്നതിന് തടസ്സമായി നിൽക്കുന്ന എന്ത് മാലിന്യങ്ങളെയാണ് ഞാൻ ഇപ്പോഴും മുറുകെ പിടിക്കുന്നത്?

താഴെയുള്ള മാലാഖമാർ സന്ദേശങ്ങൾ എത്തിക്കാനും യുദ്ധങ്ങൾ ചെയ്യാനും അത്ഭുതങ്ങൾ പ്രവർത്തിക്കാനും അയക്കപ്പെടുമ്പോൾ നമ്മുടെ അസ്വസ്ഥമായ മനസ്സിനെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഭദ്രാസനന്മാർ ചെയ്യുന്നത്.

​ആത്മീയ സ്വർഗ്ഗീയ ഗോവണിയിലൂടെയുള്ള നമ്മുടെ യാത്രയുടെ ഏഴാം ദിവസത്തിലേക്ക് നമുക്ക് പ്രത്യാശയോടുകൂടെ പ്രവേശിക്കാം.

കഴിഞ്ഞ ആറു ദിവസങ്ങളിലായി നാം ഒരുപാട് ദൂരം പിന്നിട്ടുകഴിഞ്ഞു.

കാവൽ മാലാഖമാരോടും പ്രധാന മാലാഖമാരോടും പ്രാഥമികന്മാരോടുമൊപ്പം ആദ്യത്തെ അടിസ്ഥാന ശ്രേണിയിലൂടെ നാം നടന്നു.

ബലവാന്മാരോടും താത്ത്വികന്മാരോടും അധീശന്മാരോടുമൊപ്പം ആത്മീയ പോരാട്ടങ്ങളുടെ മധ്യ ശ്രേണിയിലൂടെയും നാം കടന്നുവന്നു.

​ഇന്ന് എല്ലാം മാറുകയാണ്. സൃഷ്ടിയിലെ ഏറ്റവും വിശുദ്ധമായ പടിവാതിലിലേക്കാണ് നാം ഇന്ന് എത്തിയിരിക്കുന്നത്.

സ്വർഗ്ഗത്തിന്റെ ഒന്നാമത്തേതും പരമോന്നതവുമായ ശ്രേണിയിലേക്ക് നാം പ്രവേശിക്കുന്നു.

സർവ്വശക്തനായ ദൈവത്തിന്റെ തിരുമുമ്പിൽ നേരിട്ടു നിൽക്കുന്ന, അവിടുത്തെ അനിർമ്മിതമായ സൗന്ദര്യത്തെ യാതൊരു മറയുമില്ലാതെ നിരന്തരം നോക്കിക്കാണുന്ന ധ്യാനത്തിന്റെ സ്വർഗ്ഗീയമായ സദസ്സിലേക്ക്.

​ഈ പരമോന്നത ശ്രേണിയിലേക്കുള്ള നമ്മുടെ ആദ്യ ചുവടുവെപ്പിൽ, സ്വർഗ്ഗത്തിലെ മൂന്നാമത്തെ വൃന്ദത്തെ നാം കണ്ടുമുട്ടുകയാണ്; അത് മറ്റാരുമല്ല, ഭദ്രാസനന്മാർ അഥവാ സിംഹാസനങ്ങൾ.

താഴെയുള്ള മാലാഖമാർ സന്ദേശങ്ങൾ എത്തിക്കാനും യുദ്ധങ്ങൾ ചെയ്യാനും അത്ഭുതങ്ങൾ പ്രവർത്തിക്കാനും അയക്കപ്പെടുമ്പോൾ, നമ്മുടെ അസ്വസ്ഥമായ മനസ്സിനെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഭദ്രാസനന്മാർ ചെയ്യുന്നത്.

അവർ തികച്ചും ശാന്തരായി, നിശ്ചലരായി നിൽക്കുന്നു.

അവർ സ്വർഗ്ഗത്തിന്റെ ജീവനുള്ള സങ്കേതങ്ങളാണ്.

ദൈവീക സമാധാനത്തിന്റെ സ്വർഗ്ഗീയ കണ്ണാടികളാണ് ഈ ഭദ്രാസനന്മാർ അല്ലെങ്കിൽ സിംഹാസനങ്ങൾ.

​ഒരു മാലാഖയെ സിംഹാസനം അല്ലെങ്കിൽ ഭദ്രാസനം എന്ന് വിളിക്കുന്നതിന്റെ ആഴമായ അർത്ഥമെന്താണ്?

ദാനിയേൽ പ്രവാചകന്റെ പുസ്തകം ഏഴാം അധ്യായം ഒൻപതാമത്തെ തിരുവചനത്തിൽ, പ്രവാചകനുണ്ടാകുന്ന ഒരു ദർശനം നാം വായിക്കുന്നുണ്ട്:
​”ഞാൻ നോക്കിക്കൊണ്ടിരിക്കെ സിംഹാസനങ്ങൾ സ്ഥാപിക്കപ്പെട്ടു. പുരാതനായവൻ ഉപവിഷ്ടനായി; അവിടുത്തെ സിംഹാസനം അഗ്നിജ്വാലകളായിരുന്നു.”

​പ്രിയമുള്ളവരെ, വിശുദ്ധ തോമസ് അക്വിനാസ് വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “സിംഹാസനങ്ങൾ” എന്ന പേര് വെറുമൊരു കാവ്യാത്മക പ്രയോഗമല്ല. ഒരു രാജാവ് വിശ്രമിക്കാനും വസിക്കാനും നീതിയോടെ വിധിപ്രസ്താവങ്ങൾ നടത്താനും ഇരിക്കുന്ന ഇരിപ്പിടമാണല്ലോ സിംഹാസനം അല്ലെങ്കിൽ ഭദ്രാസനം.

മഹാനായ വിശുദ്ധ ഗ്രിഗറി പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: മനുഷ്യബുദ്ധിക്ക് അതീതമായ ഒരു ദൈവീക രഹസ്യത്താൽ സർവ്വശക്തനായ ദൈവം ഈ പ്രകാശപൂർണ്ണമായ മാലാഖ വൃന്ദത്തിന്മേൽ ഉപവിഷ്ടനാകുന്നു.

അഹങ്കാരത്തിൽ നിന്ന് പൂർണ്ണമായി ശുദ്ധീകരിക്കപ്പെട്ടവരും സ്വാർത്ഥത ഒട്ടുമില്ലാത്തവരും ദൈവസ്നേഹത്തിൽ അത്ര മേൽ ആഴത്തിൽ ഉറച്ചു നിൽക്കുന്നവരും ആയതു കൊണ്ട്, രാജാധിരാജനായ ക്രിസ്തു തന്റെ പരമാധികാര സാന്നിധ്യത്തെ ഇവരിൽ വിശ്രമിപ്പിക്കുന്നു.

​ഒരു സിംഹാസനത്തിന്റെ ഭൗതികമായ സവിശേഷതകളെപ്പറ്റി നമുക്കൊന്ന് ചിന്തിക്കാം:
​അത് അചഞ്ചലവും സുസ്ഥിരവുമായിരിക്കണം; അത് ഇളകുകയോ കുലുങ്ങുകയോ ചെയ്യരുത്.
രണ്ട് ​അത് താഴ്മയുള്ളതും സ്വീകാര്യവുമായിരിക്കണം; രാജാവിനെ താങ്ങി നിർത്തുക എന്നത് മാത്രമാണ് അതിന്റെ ഒരേയൊരു ലക്ഷ്യം.

​ദൈവീക നീതിയുടെ സമ്പൂർണ്ണ സ്ഥിരതയെയാണ് സിംഹാസനങ്ങൾ വെളിപ്പെടുത്തുന്നത്.

മനുഷ്യന്റെ കോടതികൾ കോഴയാലും പൊതുജന അഭിപ്രായങ്ങളാലും മാറുന്ന സംസ്കാരങ്ങളാലും സ്വാധീനിക്കപ്പെടുമ്പോൾ, സിംഹാസനങ്ങളുടെ ഈ വിശുദ്ധ വൃന്ദം ദൈവത്തിന്റെ നിത്യമായ ധാർമ്മിക നിയമത്തിന്റെ മാറ്റമില്ലാത്ത സത്യത്തെ പ്രതിഫലിപ്പിക്കുന്നു.

ഭയത്താൽ അവർ വിറയ്ക്കുന്നില്ല; വെപ്രാളങ്ങളോ വേവലാതികളോ അവരെ ഇളക്കുന്നില്ല.

ദൈവത്തിന്റെ മാറ്റമില്ലാത്ത ശാന്തിയിൽ വിശ്രമിച്ചുകൊണ്ട് അവിടുത്തെ തിരുവിഷ്ടങ്ങളെ സ്വീകരിച്ച് അവർ താഴെയുള്ളവരിലേക്ക് പകർന്നു നൽകുന്നു.

​ഇനി ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യത്തിലേക്ക് നമുക്ക് വരാം.

ഉയർന്ന ഈ സ്വർഗ്ഗീയ വൃന്ദത്തിന് നാം ഓരോരുത്തരുമായി എന്ത് ബന്ധമാണുള്ളത്?

ഏശയ്യാ പ്രവാചകന്റെ പുസ്തകം 66-ാം അധ്യായത്തിൽ, ഉപരിപ്ലവമായ സകല മതചിന്തകളെയും കീറി മുറിച്ചു കൊണ്ട് കർത്താവ് അരുളിച്ചെയ്യുന്ന ചില വാക്കുകളുണ്ട്:
​”കർത്താവ് അരുളിച്ചെയ്യുന്നു: ആകാശം എന്റെ സിംഹാസനം, ഭൂമി എന്റെ പാദപീഠവും.

എന്ത് ഭവനമാണ് നിങ്ങൾ എനിക്ക് നിർമ്മിക്കുക?

ഏതാണ് എന്റെ വിശ്രമസ്ഥലം?”

​പ്രിയമുള്ളവരെ, ദൈവം ചോദിക്കുന്നത് ഒന്നു നോക്കിയേ, “എന്റെ വിശ്രമസ്ഥലം എവിടെയാണ്?”

നമ്മുടെ കരിങ്കൽ കത്തീഡ്രലുകളോ സ്വർണ്ണപ്പാത്രങ്ങളോ വലിപ്പമേറിയ പ്രസംഗങ്ങളോ അല്ല ദൈവത്തിന് ആവശ്യം.

പ്രപഞ്ചത്തിന്റെ സൃഷ്ടാവ് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് തനിക്ക് വസിക്കാനും വിശ്രമിക്കാനും തക്കവിധം ശാന്തവും എളിമയുള്ളതും സമാധാനം നിറഞ്ഞതുമായ ഒരു മനുഷ്യ ഹൃദയത്തെയാണ്.

​വിശുദ്ധ പൗലോസ് അപ്പസ്തോലൻ കൊറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം ആറാം അധ്യായം പത്തൊൻപതാമത്തെ തിരുവചനത്തിൽ നാം ഇപ്രകാരം വായിക്കുന്നുണ്ട്:
​”നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരം എന്ന് നിങ്ങൾക്ക് അറിഞ്ഞു കൂടേ?”

​നമ്മുടെ മാമോദീസായിൽ ജീവിക്കുന്ന ദൈവത്തിന്റെ ഭൂമിയിലെ ഒരു സിംഹാസനമായി മാറാനാണ് നമ്മുടെ ആത്മാവ് അഭിഷേകം ചെയ്യപ്പെട്ടത്.

നമ്മുടെ ഹൃദയമെന്ന സിംഹാസനത്തിൽ ഉപവിഷ്ടനാകാൻ ദൈവം ആഗ്രഹിക്കുന്നു.

നമ്മുടെ ചിന്തകൾക്കും ഓർമ്മകൾക്കും ആഗ്രഹങ്ങൾക്കും വികാരങ്ങൾക്കും മേൽ വാഴാൻ അവിടുന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.

​എന്നിട്ടും എന്തുകൊണ്ടാണ് നമ്മളിൽ പലർക്കും ഉള്ളിൽ ശൂന്യതയും അശാന്തിയും കഠിനമായ തളർച്ചയും അനുഭവപ്പെടുന്നത്?

കാരണമെന്താണെന്നോ?

നമ്മുടെ ഹൃദയമെന്ന സിംഹാസനത്തിൽ വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുകയാണ്.

നമ്മുടെ ആത്മാവിന്റെ വിശുദ്ധ ആലയത്തെ ബഹളങ്ങൾ നിറഞ്ഞ ഒരു ചന്തയാക്കി നാം മാറ്റിയിട്ടില്ലേ?

വേവലാതികളുടെയും നിയന്ത്രണ ഭ്രാന്തിന്റെയും വിഗ്രഹങ്ങൾ അവിടെയുണ്ട്.

സ്വർഗ്ഗീയ പിതാവിൽ ആശ്രയിക്കുന്നതിനു പകരം നാളെയെ മുഴുവൻ സ്വന്തം വരുതിയിലാക്കാൻ ശ്രമിക്കുന്ന ഒരു ഭയപ്പാട്.

ക്ഷമിക്കാൻ മടിച്ച് മനസ്സിൽ സൂക്ഷിക്കുന്ന വിദ്വേഷത്തിന്റെയും പകയുടെയും പഴയ മുറിവുകളുടെയും മൂർച്ചയുള്ള പാറക്കല്ലുകൾ അവിടെ കിടക്കുന്നില്ലേ?

സോഷ്യൽ മീഡിയ തർക്കങ്ങളുടെയും ലൗകിക മോഹങ്ങളുടെയും അഹങ്കാരത്തിന്റെയും കാതടപ്പിക്കുന്ന ബഹളങ്ങൾ അവിടെ നിറഞ്ഞു നിൽക്കുന്നില്ലേ?

ആന്തരികമായ അശാന്തിയാലും അഹങ്കാരത്താലും സദാ കുലുങ്ങിക്കൊണ്ടിരിക്കുന്ന ഒരു സിംഹാസനത്തിൽ സമാധാനത്തിന്റെ ദൈവത്തിന് എങ്ങനെയാ ഒന്ന് സ്വസ്ഥമായി വിശ്രമിക്കാൻ പറ്റുക?

​സിംഹാസനങ്ങളുടെ, ഭദ്രാസനങ്ങളുടെ ഈ വിശുദ്ധ വൃന്ദം ഇന്ന് നമ്മുടെ ഹൃദയത്തിൽ നിന്ന് ആവശ്യപ്പെടുന്ന പുണ്യം എന്താണെന്ന് നോക്കാം.

അത് ആത്മീയ ജീവിതത്തിന്റെ അടിസ്ഥാന പുണ്യമായ അഗാധമായ എളിമയും വിശുദ്ധമായ ആന്തരിക സമാധാനവുമാണ്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 2559-ൽ മാറ്റമില്ലാത്ത ഒരു ആത്മീയ സത്യത്തെ നമുക്ക് മുമ്പിലേക്ക് സമർപ്പിക്കുന്നുണ്ട്. അത് മറ്റൊന്നുമല്ല, പ്രാർത്ഥനയുടെ അടിത്തറ എളിമയാണ്.

നമ്മുടെ അഹങ്കാരത്തിന്റെ ഉയരങ്ങളിൽ നിന്നാണ് നാം സംസാരിക്കുന്നതെങ്കിൽ നമ്മുടെ പ്രാർത്ഥന കേൾക്കപ്പെടുകയേയില്ല.

മറിച്ച്, എളിമയും അനുതാപവുമുള്ള ഒരു ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നാണ് ദൈവം നമ്മെ കേൾക്കുന്നത്.

​ധ്യാനാത്മക ജീവിതത്തിന്റെ രഹസ്യമാണ് സിംഹാസനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ധ്യാനം എന്നാൽ ബാഹ്യമായി പലതും ചെയ്യലല്ല; മറിച്ച് ദൈവതിരുമുമ്പിൽ നിശബ്ദമായി ആയിരിക്കലാണ്.

ദൈവത്തിനു മുൻപിൽ ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക നിരത്തലല്ല അത്; മറിച്ച് നമ്മുടെ സ്വന്തം ശൂന്യതയുടെ മണ്ണിലേക്ക് താഴ്ന്നിറങ്ങിക്കൊണ്ട്, സകലത്തിനെയും നിയന്ത്രിക്കാനുള്ള വാശി ഉപേക്ഷിച്ച് ദൈവത്തെ ദൈവമായിരിക്കാൻ അനുവദിക്കലാണത്.

​വിശുദ്ധ അൾത്താരയിലെ തിരുവോസ്തിക്ക് മുമ്പിലോ നമ്മുടെ മുറിയിലെ ഏകാന്തതയിലോ ശാന്തമായി മുട്ടുകുത്തി നിന്നുകൊണ്ട് ഉള്ളിന്റെയുള്ളിൽ നമുക്ക് ഇപ്രകാരം പറയാൻ സാധിക്കുമ്പോൾ, എന്താണ്!

​”കർത്താവേ, എന്റെ ജീവിതത്തിന്റെ സിംഹാസനത്തിൽ നിന്ന് ഞാൻ താഴെയിറങ്ങുന്നു.

ലോകത്തെ മുഴുവൻ നിയന്ത്രിക്കാനുള്ള ഭാരം ഞാൻ താഴെ വയ്ക്കുന്നു.

ഈ പകയും ഭയവും സ്വാർത്ഥ മോഹങ്ങളും ഞാൻ ഉപേക്ഷിക്കുന്നു.

കർത്താവായ യേശുവേ, കടന്നുവരണമേ, എന്റെ ആത്മാവിൽ അങ്ങയുടെ ഇരിപ്പിടം ഉറപ്പിക്കേണമേ.”

​ആ വിശുദ്ധ നിമിഷത്തിൽ, അങ്ങനെ പ്രാർത്ഥിക്കുന്ന ആ നിമിഷത്തിൽ, നമ്മുടെ ഹൃദയം സിംഹാസനങ്ങളുടെ വൃന്ദത്തെപ്പോലെ പ്രകാശിക്കും.

നാം അത്യുന്നതനായ ദൈവത്തിന്റെ വിശ്രമസ്ഥലമായി മാറുകയായി.

ദൈവം വിശ്രമിക്കുന്നിടത്ത് ഈ ലോകത്തിലെ ഒരു കൊടുങ്കാറ്റിനും നമ്മുടെ സമാധാനം കവർന്നെടുക്കാൻ കഴിയില്ല.

ആ ഒരു സമാധാനത്തിലേക്ക് നമുക്ക് പ്രവേശിക്കാൻ സാധിക്കണം.

​പ്രിയമുള്ളവരെ, ഈ സിംഹാസനങ്ങളുടെ, ഭദ്രാസനങ്ങളുടെ വിശുദ്ധ വൃന്ദത്തിന്റെ സാന്നിധ്യത്തിൽ നമ്മുടെ ഹൃദയത്തിന്റെ ഉള്ളറകളെ നമുക്കൊന്ന് പരിശോധിക്കേണ്ടേ?

​ഇന്ന് എന്റെ ഹൃദയത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്നത് ആരാണ്?

യേശുക്രിസ്തുവാണോ, അതോ എന്റെ സ്വന്തം അഹങ്കാരവും ഭയങ്ങളും സാമ്പത്തിക വേവലാതികളും മനുഷ്യരുടെ പ്രശംസ നേടാനുള്ള ആഗ്രഹങ്ങളുമാണോ?

​എന്റെ ആത്മാവിൽ ദൈവം വസിക്കുന്നതിന് തടസ്സമായി നിൽക്കുന്ന എന്ത് മാലിന്യങ്ങളെയാണ് ഞാൻ ഇപ്പോഴും മുറുകെപ്പിടിക്കുന്നത്?

കയ്പുനിറഞ്ഞ ഒരു ഓർമ്മയാണോ, ആരോടെങ്കിലും ക്ഷമിക്കാത്ത പകയാണോ, അതോ ബഹളങ്ങളോടുള്ള ആസക്തിയാണോ?

​ദൈവം എന്റെ ആത്മാവിനെ ശാന്തമാക്കാൻ അനുവദിച്ചുകൊണ്ട് ദിവസവും ഏതാനും നിമിഷങ്ങൾ ശാന്തമായി നിശബ്ദ പ്രാർത്ഥനയ്ക്കായി ഞാൻ മാറ്റി വയ്ക്കാറുണ്ടോ?

അതോ എന്റെ ആത്മീയ ജീവിതവും തിരക്കിട്ട് ചെയ്തു തീർക്കേണ്ട മറ്റൊരു ബാധ്യത മാത്രമായി മാറിയിരിക്കുകയാണോ?

​പ്രിയമുള്ളവരെ, ഈ സിംഹാസനങ്ങൾ, ഈ ഭദ്രാസനങ്ങൾ നമ്മെ പഠിപ്പിക്കുന്ന സത്യം മറ്റൊന്നുമല്ല.

ഈ ശരീരം എന്റെ ദൈവത്തിന്റെ ഇരിപ്പിടമാണ്.

ഈ ഹൃദയം എന്റെ ദൈവത്തിന്റെ ഇരിപ്പിടമാണ്.

​ഈ ഹൃദയത്തിൽ ദൈവത്തിന് ഇരിക്കാനുള്ള സ്ഥലമുണ്ടോ എന്നൊന്ന് പരിശോധിക്കാം.

ഉണ്ടെങ്കിൽ അവിടേക്ക് ദൈവത്തെ സ്വാഗതം ചെയ്യാം.

ഇല്ലായെങ്കിൽ, എന്റെ ദൈവത്തിന് സ്വസ്ഥമായിരിക്കാനുള്ള ഒരു ഭദ്രാസനം തയ്യാറാക്കി എന്റെ ദൈവത്തെ ഈ ഹൃദയത്തിലേക്ക് സ്വാഗതം ചെയ്യാൻ നമുക്ക് പരിശ്രമിക്കാം.

അതിന് ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading