ആത്മീയ ഗോവണി നവനാൾ ( Spiritual Staircase Novena )
ആറാം ദിനം
പ്രിയമുള്ളവരെ,
മറ്റുള്ളവരെയൊക്കെ ഭരിക്കാൻ എളുപ്പമാ, മറ്റുള്ളവരെ നിയന്ത്രിക്കാനും എളുപ്പമാ.
മറ്റുള്ളവരെ നമ്മുടെ കാൽച്ചുവട്ടിൽ കൊണ്ടുവന്നു നിർത്താനുമൊക്കെ നമുക്ക് എളുപ്പത്തിൽ സാധിക്കും.
പക്ഷേ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റുന്നുണ്ടോ?
നിങ്ങൾക്ക് ഒരു പ്രദേശം മുഴുവൻ കീഴടക്കാം, കോടിക്കണക്കിന് രൂപ സമ്പാദിക്കാം, ആയിരക്കണക്കിന് തൊഴിലാളികളെ നിങ്ങളുടെ കാൽച്ചുവട്ടിൽ ഭരിക്കാം; എന്നാൽ ആരെങ്കിലും നമ്മളെ ഒന്ന് വിമർശിക്കുമ്പോൾ നമ്മുടെ നാവിനെ നിയന്ത്രിക്കാൻ നമുക്ക് സാധിച്ചില്ലായെങ്കിൽ പിന്നെ നാം എന്തൊക്കെ നേടിയിട്ടും എന്ത് കാര്യം?
ഉള്ളിൽ ഒരു പ്രലോഭനം ഇരച്ചു കയറുമ്പോൾ അശുദ്ധമായ ഒരു നോട്ടം നോക്കാനോ പക ഉള്ളിൽ കൊണ്ടുനടക്കാനോ തോന്നുമ്പോൾ അധീശന്മാർ ഇങ്ങനെ കല്പിക്കുന്നു. അരുത് ക്രിസ്തുവാണ് ഈ ഭവനത്തിന്റെ നാഥൻ.
ദേഷ്യം വരുമ്പോൾ അതിനോട് വേണ്ട എന്ന് പറയാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ നമ്മൾ ശരിക്കും സ്വതന്ത്രരാണോ അവർ പറയുന്നത് ഇങ്ങനെയാണ്.
വേണമെങ്കിലും ആരോടൊപ്പം വേണമെങ്കിലും ആരും തടയാനില്ല എന്നല്ല ചെയ്യുന്നതാണ് സ്വാതന്ത്ര്യം.
കത്തോലിക്ക ദൈവശാസ്ത്രം ഇതിനെ അപ്പാടെ പറിച്ചു മാറ്റുകയാണ്.
നിങ്ങൾ അനുസരണയുള്ള ദാസരെ പോലെ നിങ്ങളെ തന്നെ ആർക്കെങ്കിലും സമർപ്പിക്കുമ്പോൾ നിങ്ങൾ അവന്റെ അടിമകളാണെന്ന് അറിയുന്നില്ലേ.
ഒന്നുകിൽ മരണത്തിലേക്ക് നയിക്കുന്ന പാപത്തിന്റെ അടിമകൾ അല്ലെങ്കിൽ നീതിയിലേക്ക് നയിക്കുന്ന അനുസരണത്തിന്റെ അടിമകൾ.
പ്രപഞ്ചത്തെ മുഴുവൻ അവർ ഓർമിപ്പിക്കുന്നു. ക്രിസ്തു മാത്രമാണ് രാജാവ്.
പ്രിയമുള്ളവരേ, യാക്കോബിന്റെ ദർശനത്തിലെ സ്വർഗ്ഗീയ കോവണിയിലൂടെയുള്ള നമ്മുടെ ആത്മീയ യാത്രയുടെ ആറാം ദിവസത്തിലേക്ക് നമുക്ക് പ്രത്യാശയോടുകൂടെ പ്രവേശിക്കാം.
ഇന്നലെ അഞ്ചാം ദിനത്തിൽ നമ്മുടെ ബലഹീനതകളിലേക്ക് അമാനുഷികമായ ആത്മധൈര്യം പകരുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന താത്വികന്മാരുടെ ഗണത്തെപ്പറ്റി ധ്യാനിച്ചു.
ഇന്ന് നാം രണ്ടാം ശ്രേണിയുടെ കൊടുമുടിയിൽ എത്തിനിൽക്കുകയാണ്.
സ്വർഗ്ഗത്തിലെ നാലാമത്തെ വൃന്ദത്തിന്റെ മുൻപിലാണ് നാമിന്ന് നിൽക്കുന്നത്—അധീശന്മാർ.
നമ്മുടെ ലൗകിക അനുഭവത്തിൽ ആധിപത്യം, ഭരണം, ഭരണാധികാരി എന്നൊക്കെ കേൾക്കുമ്പോൾ സ്വേച്ഛാധിപത്യത്തിന്റെയും അടിച്ചമർത്തലിന്റെയും ചിത്രങ്ങളാണ് പെട്ടെന്ന് മനസ്സിലേക്ക് വരുന്നത്.
ജനങ്ങളെ അടിമകളാക്കുന്ന രാജാക്കന്മാർ, ബലഹീനരെ ചൂഷണം ചെയ്യുന്ന ഏകാധിപതികൾ, അല്ലെങ്കിൽ സ്വന്തം ലാഭത്തിനായി മറ്റുള്ളവരെ ഉപയോഗിക്കുന്ന മേലധികാരികൾ…
എന്നാൽ സ്വർഗ്ഗീയ സഭയിൽ അധീശന്മാരുടെ ഈ ഗണം ആ വികലമായ ചിത്രത്തെ പൂർണ്ണമായും മായ്ച്ചു കളയുകയാണ്.
ദൈവീകമായ യഥാർത്ഥ അധികാരം എന്താണെന്ന് അവർ നമുക്ക് കാണിച്ചു തരുന്നു.
അതിലുപരിയായി നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ യുദ്ധക്കളം എവിടെയാണെന്ന് കാട്ടിത്തരുന്ന ഒരു ആത്മീയ കണ്ണാടി അവർ നമുക്ക് മുമ്പിൽ ഉയർത്തിപ്പിടിക്കുകയാണ്.
അത് മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിക്കുന്നതിലല്ല, മറിച്ച് സ്വന്തം മനസ്സിനെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതിലാണ്.
അധീശന്മാരുടെ ഈ വൃന്ദത്തിന്റെ പ്രത്യേക ദൗത്യം എന്താണെന്ന് നമുക്കൊന്ന് ശ്രദ്ധിക്കാം.
മധ്യശ്രേണിയിലെ ഏറ്റവും ഉയർന്ന സ്ഥാനമാണല്ലോ അധീശന്മാർക്കുള്ളത്.
ബലവാന്മാരെപ്പോലെ അവർ മുന്നണിയിൽ നിന്ന് ആത്മീയ യുദ്ധങ്ങൾ ചെയ്യുന്നില്ല.
താത്വികന്മാരെപ്പോലെ അത്ഭുതങ്ങൾ വിതരണം ചെയ്യുന്നുമില്ല. മറിച്ച്, സ്വർഗ്ഗത്തിന്റെ ആത്മീയ ഗവർണ്ണർമാരാണിവർ.
യേശുക്രിസ്തുവിന്റെ പരമാധികാരത്തെയും നാഥത്വത്തെയുമാണ് ഇവർ പ്രതിഫലിപ്പിക്കുന്നത്.
പുരാതന ക്രിസ്തീയ ചിന്തകനായ ദിവന്നാസ്യോസ് എഴുതുന്നുണ്ട്: “സ്വാർത്ഥമോഹങ്ങളിൽ നിന്നും സ്വേച്ഛാധിപത്യത്തിൽ നിന്നും അടിമത്തത്തിൽ നിന്നും പൂർണ്ണമായി സ്വതന്ത്രമായ ഒരു അധികാരമാണ് അധീശന്മാർക്കുള്ളത്.” അവർ ദൈവസാന്നിധ്യത്തിലേക്ക് കണ്ണുനട്ട് പരമോന്നതമായ ദൈവജ്ഞാനത്തെ സ്വീകരിക്കുകയും തെറ്റുപറ്റാത്ത സന്തുലിതാവസ്ഥയോടെ താഴെയുള്ള മാലാഖമാർക്ക് വിശുദ്ധ ദൗത്യങ്ങൾ ക്രമീകരിച്ചു നൽകുകയും ചെയ്യുന്നു.
അചഞ്ചലമായ ആന്തരിക സമാധാനത്തിന്റെ മൂർത്തരൂപമാണിവർ.
മാനുഷിക സാമ്രാജ്യങ്ങൾ ഭയത്തിലും അക്രമത്തിലും ഉയരുകയും താഴുകയും ചെയ്യുമ്പോൾ ദൈവപരിപാലനയുടെ പ്രശാന്തമായ തീർച്ചയിൽ വിശ്രമിക്കുന്നവരാണ് അധീശന്മാർ.
ചരിത്രത്തിന്റെ ബഹളങ്ങൾക്കിടയിലും പ്രപഞ്ചത്തെ മുഴുവൻ അവർ ഓർമ്മിപ്പിക്കുന്നു: ക്രിസ്തു മാത്രമാണ് ഏക രാജാവ്.
അധീശന്മാരുടെ കൃപ നമ്മുടെ മാനുഷിക ജീവിതത്തിലേക്ക് എങ്ങനെയാണ് കടന്നുവരുന്നത് എന്ന് നോക്കാം.
ഈ മതേതര ലോകം സ്വാതന്ത്ര്യത്തിന്റെ ഒരു കപടരൂപമാണ് നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്.
അവർ പറയുന്നത് ഇങ്ങനെയാണ്: നിനക്ക് തോന്നുന്നതെല്ലാം എപ്പോൾ വേണമെങ്കിലും ആരോടൊപ്പം വേണമെങ്കിലും ആരും തടയാനില്ലാതെ ചെയ്യുന്നതാണ് സ്വാതന്ത്ര്യം.
കത്തോലിക്കാ ദൈവശാസ്ത്രം ഇതിനെ അപ്പാടെ പറിച്ചു മാറ്റുകയാണ്.
എന്നിട്ട് ഈ സ്വാതന്ത്ര്യത്തെ സഭ വിളിക്കുന്നത് ‘വികാരങ്ങളുടെ അടിമത്തം’ എന്നാണ്. ദേഷ്യം വരുമ്പോൾ അതിനോട് വേണ്ട എന്ന് പറയാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ നമ്മൾ ശരിക്കും സ്വതന്ത്രരാണോ?
നമ്മുടെ ദേഷ്യമല്ലേ നമ്മുടെ യജമാനൻ?
നമ്മുടെ സ്മാർട്ട്ഫോൺ എടുത്തു വയ്ക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ ആ സ്ക്രീൻ നമ്മളെ ഭരിക്കുകയല്ലേ?
നമ്മുടെ ഭക്ഷണത്തോടുള്ള കൊതിയോട്, ജഡിക അഭിലാഷങ്ങളോട്, പരദൂഷണത്തിനോട്, അഹങ്കാരത്തിനോട് വേണ്ട എന്ന് പറയാൻ എനിക്ക് സാധിക്കുന്നില്ലെങ്കിൽ ഞാൻ ഒരു സ്വതന്ത്ര മനുഷ്യനേയല്ല. സ്വന്തം ശരീരത്തിനുള്ളിൽ തടവിലാക്കപ്പെട്ട ഒരു ആത്മീയ തടവുകാരൻ മാത്രമാണ് ഞാൻ.
റോമാക്കാർക്ക് എഴുതിയ ലേഖനം ആറാം അധ്യായം 16-ൽ വിശുദ്ധ പൗലോസ് അപ്പസ്തോലൻ നമ്മെ ഗൗരവത്തോടെ ഓർമ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്: “നിങ്ങൾ അനുസരണയുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആർക്കെങ്കിലും സമർപ്പിക്കുമ്പോൾ നിങ്ങൾ അവന്റെ അടിമകളാണെന്ന് അറിയുന്നില്ലേ?
ഒന്നുകിൽ മരണത്തിലേക്ക് നയിക്കുന്ന പാപത്തിന്റെ അടിമകൾ; അല്ലെങ്കിൽ നീതിയിലേക്ക് നയിക്കുന്ന അനുസരണത്തിന്റെ അടിമകൾ.”
അതുകൊണ്ടാണ് സുഭാഷിതങ്ങൾ 16-ാം അധ്യായം 32-ാമത്തെ തിരുവചനത്തിൽ നാം ഇപ്രകാരത്തിൽ കേൾക്കുന്നുണ്ട്: “ക്ഷമാശീലൻ കരുത്തനേക്കാളും, മനസ്സിനെ നിയന്ത്രിക്കുന്നവൻ നഗരം പിടിച്ചടക്കുന്നവനേക്കാളും ശ്രേഷ്ഠനാണ്.”
നിങ്ങൾക്ക് ഒരു പ്രദേശം മുഴുവൻ കീഴടക്കാം, കോടിക്കണക്കിന് രൂപ സമ്പാദിക്കാം, ആയിരക്കണക്കിന് തൊഴിലാളികളെ നിങ്ങളുടെ കാൽച്ചുവട്ടിൽ ഭരിക്കാം; എന്നാൽ ആരെങ്കിലും നമ്മളെ ഒന്ന് വിമർശിക്കുമ്പോൾ നമ്മുടെ നാവിനെ നിയന്ത്രിക്കാൻ നമുക്ക് സാധിച്ചില്ലായെങ്കിൽ പിന്നെ നാം എന്തൊക്കെ നേടിയിട്ടും എന്ത് കാര്യം?
നമ്മുടെ ജീവിതത്തിലെ താളപ്പിഴകളിലേക്ക് ആത്മീയ സന്തുലിതാവസ്ഥ കൊണ്ടുവരാനാണ് അധീശന്മാരുടെ വൃന്ദം കടന്നുവരുന്നത്.
പ്രിയമുള്ളവരെ, അധികാരത്തിന്റെ ഏറ്റവും ഉന്നതമായ രൂപം എന്നാൽ മാമ്മോദീസാ സ്വീകരിച്ച ഒരു ആത്മാവിന് സ്വന്തം ശരീരത്തിന്മേലുള്ള അധികാരമാണെന്ന് ഈ വൃന്ദം നമ്മെ ആഴമായി ബോധ്യപ്പെടുത്തുന്നു.
പ്രിയമുള്ളവരെ, അധീശന്മാരുടെ ഈ വിശുദ്ധ വൃന്ദം ഇന്ന് നമ്മുടെ ഹൃദയത്തിൽ നിന്ന് ആവശ്യപ്പെടുന്ന പുണ്യം എന്താണെന്ന് നോക്കാം.
അത് മറ്റൊന്നുമല്ല, മിതത്വവും ആന്തരികമായ ആത്മനിയന്ത്രണവുമാണ്.
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഖണ്ഡിക 1809 നാം വായിക്കുന്നത് ഇപ്രകാരമാണ്: “ഭൗതിക സുഖങ്ങളുടെ ആകർഷണത്തെ മിതപ്പെടുത്തുകയും സൃഷ്ടിക്കപ്പെട്ട വസ്തുക്കളുടെ ഉപയോഗത്തിൽ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയും ചെയ്യുന്ന പുണ്യമാണ് മിതത്വം.
മനുഷ്യന്റെ സഹജവാസനകൾക്ക് മേൽ ഇച്ഛാശക്തിയുടെ ആധിപത്യം അത് ഉറപ്പുവരുത്തുന്നു.”
പ്രിയമുള്ളവരെ, ഈ അധീശന്മാർ നമുക്ക് നൽകുന്ന മാതൃകകൾ നമുക്കൊന്ന് നോക്കാം.
ആത്മീയ പരമാധികാരം: ചുറ്റുമുള്ള ബഹളങ്ങളാൽ അവർ ഒരിക്കലും പതറുന്നില്ല.
ലോകം ഭയത്തിലും വെപ്രാളത്തിലും നിലവിളിക്കുമ്പോൾ ക്രിസ്തുവിൽ ആഴത്തിൽ വേരൂന്നി ശാന്തരായിരിക്കാൻ അധീശന്മാരുടെ പുണ്യം നമ്മെ സഹായിക്കുന്നു.
ക്ഷണിക വികാരങ്ങൾക്ക് മേലുള്ള ഒരു ക്രമം: ഉള്ളിലൊരു പ്രലോഭനം ഇരച്ചുകയറുമ്പോൾ പരുഷമായി എന്തെങ്കിലും വിളിച്ചു പറയാനോ, അശുദ്ധമായ ഒരു നോട്ടം നോക്കാനോ, പക ഉള്ളിൽ കൊണ്ടുനടക്കാനോ തോന്നുമ്പോൾ അധീശന്മാർ നമ്മുടെ വിവേകത്തെ ഒന്ന് തൊട്ടുണർത്തി ഇങ്ങനെ കൽപ്പിക്കുന്നു: “അരുത്, ക്രിസ്തുവാണ് ഈ ഭവനത്തിന്റെ നാഥൻ.”
യഥാർത്ഥ ക്രൈസ്തവ സ്വാതന്ത്ര്യം: മതബോധനഗ്രന്ഥം 1733-ാമത്തെ ഖണ്ഡികയിൽ നാം ഇങ്ങനെ വായിക്കുന്നുണ്ട്: “നന്മയെയും നീതിയെയും സേവിക്കുന്നതിലല്ലാതെ യഥാർത്ഥ സ്വാതന്ത്ര്യമില്ല.”
ആത്മനിയന്ത്രണമുള്ള ഒരു ആത്മാവിനു മാത്രമേ സ്വാർത്ഥമോഹങ്ങളിൽ പെട്ടുപോകാതെ ദൈവത്തെയും സഹോദരങ്ങളെയും പൂർണ്ണമായി സ്നേഹിക്കാൻ സാധിക്കത്തുള്ളൂ.
പ്രിയമുള്ളവരെ, ഒരാത്മപരിശോധനയ്ക്ക് ഈ വൃന്ദങ്ങളുടെ പശ്ചാത്തലത്തിൽ നമ്മെത്തന്നെ ഒന്ന് സമർപ്പിക്കാം:
ഇന്ന് എന്റെ ജീവിതത്തെ ഭരിക്കുന്നത് ശരിക്കും എന്താണ്?
പരിശുദ്ധാത്മാവിന്റെ കൃപയാണോ, അതോ എന്റെ വികാരങ്ങളും മുൻകോപവും ഡിജിറ്റൽ ആസക്തികളും ജഡിക അഭിലാഷങ്ങളുമാണോ എന്നെ നിയന്ത്രിക്കുന്നത്?
അടുത്തതായി, ആരെങ്കിലും എന്നെ എതിർക്കുമ്പോൾ, ആരെങ്കിലും എന്നെ കുറ്റപ്പെടുത്തുമ്പോൾ ഒരു കൊച്ചു കുട്ടിയെപ്പോലെ അക്ഷമയോടും ദേഷ്യത്തോടു കൂടിയുമാണോ ഞാൻ പ്രതികരിക്കുന്നത്?
അതോ ഒരു യഥാർത്ഥ ക്രിസ്ത്യാനിയുടെ ആത്മനിയന്ത്രണം എനിക്ക് പാലിക്കാൻ പറ്റുന്നുണ്ടോ?
അടുത്തതായി, എന്റെ ജീവിതപങ്കാളിയെയോ മക്കളെയോ സഹപ്രവർത്തകരെയോ നിയന്ത്രിക്കാനും ഭരിക്കാനും ഞാൻ വെമ്പൽ കൊള്ളുമ്പോൾ സ്വന്തം ആന്തരിക തിന്മകളെയും ബലഹീനതകളെയും മെരുക്കാൻ ഞാൻ പരാജയപ്പെടുകയാണോ ചെയ്യുന്നത്?
പ്രിയമുള്ളവരെ, നാം നമ്മുടെ തന്നെ അധികാരിയാണ് എന്ന് ഈ വൃന്ദം നമ്മെ പഠിപ്പിക്കുന്നു.
മറ്റുള്ളവരെയൊക്കെ ഭരിക്കാൻ എളുപ്പമാ, മറ്റുള്ളവരെ നിയന്ത്രിക്കാനും എളുപ്പമാ. മറ്റുള്ളവരെ നമ്മുടെ കാൽച്ചുവട്ടിൽ കൊണ്ടുവന്നു നിർത്താനുമൊക്കെ നമുക്ക് എളുപ്പത്തിൽ സാധിക്കും.
പക്ഷേ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റുന്നുണ്ടോ?
എന്റെ മനസ്സിനെയും എന്റെ വികാരങ്ങളെയും എന്റെ ജഡികാഭിലാഷങ്ങളെയും ആസക്തികളെയും നിയന്ത്രിച്ചു നിർത്തുവാൻ നമുക്ക് ദൈവത്തിൽ നിന്നും കടന്നുവരുന്ന വലിയ ശക്തമായ ഒരു കൃപയാണ് ഈ ആത്മീയ വൃന്ദം നമുക്കുമേൽ പകർന്നു നൽകുന്നത്.
ആ ഒരു ആത്മീയ കൃപ സ്വന്തമാക്കി ദൈവത്തിന്റെ മകനായി മകളായി നമുക്ക് മുന്നേറാം.
ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമേൻ


Leave a Reply