ആത്മീയ ഗോവണി നവനാൾ (Spiritual Staircase Novena)
മൂന്നാം ദിനം : പ്രാഥമികന്മാർ
ഇത് കേട്ടുകൊണ്ടിരിക്കുന്ന ഓരോ വ്യക്തികൾക്കും ദൈവം അധികാരത്തിന്റെ ഓരോ തലങ്ങൾ നൽകിയിട്ടുണ്ട്.
നിങ്ങൾ ഒരു അപ്പനോ അമ്മയോ ആണെങ്കിൽ നിങ്ങളുടെ ഭവനം എന്ന കൊച്ചു സാമ്രാജ്യത്തിന്റെ പ്രാഥമികന്മാരാണ് നിങ്ങളോരോരുത്തരും.
പെട്ടെന്ന് മിന്നൽപിണർ പോലെയുള്ള മുഖഭാവത്തോടെ ഒരു മാലാഖ അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടുകയാണ്.
നമ്മുടെ നാടിനും നഗരത്തിനും കാവൽ നിൽക്കുന്ന ആ സ്വർഗ്ഗീയ മാലാഖയെപ്പറ്റി നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
എന്നാൽ ന്യായാധിപന്മാരുടെയും അധികാരികളുടെയും പൗരന്മാരുടെയും മനസ്സാക്ഷിയിൽ അവർ നിരന്തരം ദൈവസ്വരം ഇങ്ങനെ ഊതിക്കൊടുത്തു കൊണ്ടിരിക്കും.
മറ്റുള്ളവരെ അടക്കി ഭരിക്കാനോ നമ്മുടെ നിരാശകൾ അവരുടെ മേൽ തീർക്കാനോ സ്വന്തം സാമ്രാജ്യം പണിയാനോ ആണ് നിങ്ങൾ ആ സ്ഥാനം ഉപയോഗിക്കുന്നത് എങ്കിൽ നമുക്ക് വലിയ വില കൊടുക്കേണ്ടിവരും.
നമ്മുടെ ഇടവകയുടെ കാവൽ മാലാഖയ്ക്കായി നാം അവസാനമായിട്ട് എന്നാണ് പ്രാർത്ഥിച്ചത്?
ഒരു ആത്മപരിശോധനയിലേക്ക് നമ്മെത്തന്നെ സമർപ്പിക്കാം.
എന്റെ കാവൽ മാലാഖ എന്റെ കൂടെ നിൽക്കുന്നതു പോലെ എന്റെ നാടിന്റെ, എന്റെ സമൂഹത്തിന്റെ, എന്റെ രാജ്യത്തിന്റെ, എന്റെ ഇടവകയുടെ കാവൽ മാലാഖ നമ്മുടെ ചുറ്റുപാടും നിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കി അവരിലൂടെ പ്രാർത്ഥിക്കുവാനും നമുക്ക് ഇന്നേ ദിനം തീരുമാനമെടുക്കാം.
പ്രിയമുള്ളവരെ, മാലാഖമാരോടൊപ്പമുള്ള ആത്മീയ യാത്രയിലെ മൂന്നാം ദിനത്തിലേക്ക് നമുക്ക് സന്തോഷത്തോടു കൂടെ പ്രവേശിക്കാനായിട്ട് പരിശ്രമിക്കാം.
ഒന്നാം ദിനത്തിൽ നമ്മോടൊപ്പം വ്യക്തിപരമായി നടക്കുന്ന നമ്മുടെ കാവൽ മാലാഖമാരെപ്പറ്റി നാം ധ്യാനിച്ചു.
ഇന്നലെ രണ്ടാം ദിവസത്തിൽ രക്ഷാകര ചരിത്രത്തിലെ നിർണ്ണായക വെളിപ്പെടുത്തലുകൾ പ്രഘോഷിക്കുന്ന മുഖ്യദൂതന്മാരോടൊപ്പം നാം നിന്നു.
ഇന്ന് നാം മൂന്നാമത്തെ ചുവടു വയ്ക്കുകയാണ്, സ്വർഗ്ഗത്തിന്റെ ആദ്യത്തെ അടിസ്ഥാന ശ്രേണിയെ പൂർണ്ണമാക്കിക്കൊണ്ട്.
അതായത് മൂന്ന് ശ്രേണികളാണല്ലോ ഉള്ളത്; അതിൽ ഏറ്റവും അവസാനത്തെ ശ്രേണിയിലെ മൂന്നാമത്തേതിലേക്ക് നാം പ്രവേശിക്കുകയാണ്—പ്രാഥമികന്മാർ.
ഈ കാവൽ മാലാഖ നമ്മുടെ വ്യക്തിപരമായ ആത്മാവിനെ കാത്തുസൂക്ഷിക്കുമ്പോൾ, പ്രാഥമികന്മാർ മനുഷ്യസമൂഹങ്ങളുടെ മുഴുവൻ മേൽനോട്ടം വഹിക്കുന്ന സ്വർഗ്ഗീയ ഭരണാധികാരികളാണ്.
അവർ രാജ്യങ്ങൾക്കും നഗരങ്ങൾക്കും രൂപതകൾക്കും ഇടവകകൾക്കും സംസ്കാരങ്ങൾക്കും കാവൽ നിൽക്കുകയാണ്.
മനുഷ്യവംശത്തിന്റെ സാമൂഹിക ജീവിതത്തിന്റെ സ്വർഗ്ഗീയ സംരക്ഷകരാണ് ഈ പ്രാഥമികന്മാർ.
പ്രിയമുള്ളവരെ, ഈ രാഷ്ട്രീയ വാർത്തകളും മാറുന്ന അതിർത്തി പ്രശ്നങ്ങളും സാമൂഹിക അസ്വസ്ഥതകളും പ്രസ്ഥാനങ്ങളുടെ തകർച്ചകളും നിറഞ്ഞ ഒരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്.
ലോക സംഭവങ്ങളിലേക്ക് നോക്കുമ്പോൾ രാഷ്ട്രീയക്കാരെയും തിരഞ്ഞെടുപ്പുകളെയും സാമ്പത്തിക വിപണികളെയും സൈനിക യുദ്ധങ്ങളെയും പോലുള്ള ബാഹ്യമായ കാര്യങ്ങളെ മാത്രമേ നാം ഒറ്റനോട്ടത്തിൽ കാണാറുള്ളൂ.
എന്നാൽ വിശുദ്ധ ഗ്രന്ഥം ആ ബാഹ്യമായ തിരശ്ശീല നീക്കി ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ആന്തരികമായ അദൃശ്യമായ മറ്റൊരു യാഥാർത്ഥ്യത്തെ നമുക്ക് മുൻപിൽ വെളിപ്പെടുത്തി തരുന്നുണ്ട്.
ദാനിയേലിന്റെ പുസ്തകം പത്താം അധ്യായത്തിൽ നാം വായിക്കുന്നത് ഇങ്ങനെയാണല്ലോ: ദാനിയേൽ പ്രവാചകൻ മൂന്നാഴ്ചക്കാലം ഉപവാസത്തിലും പ്രാർത്ഥനയിലും കഴിയുന്ന ഒരു രംഗമുണ്ട്.
പെട്ടെന്ന് മിന്നൽപിണർ പോലെയുള്ള മുഖഭാവത്തോടെ ഒരു മാലാഖ അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടുകയാണ്.
ആ മാലാഖ ദാനിയേലിനോട് വിസ്മയിപ്പിക്കുന്ന ഒരു കാര്യം പറയുന്നുണ്ട്.
പേർഷ്യൻ രാജ്യത്തിന്റെ കാവലാൾ, അതായത് കാവൽ മാലാഖ, 21 ദിവസം എന്നെ എതിർത്തു നിന്നു. എന്നാൽ പ്രധാന ദൂതന്മാരിൽ ഒരുവനായ മിഖായേൽ എന്നെ സഹായിക്കാനെത്തി.
പ്രിയമുള്ളവരെ, രാജ്യത്തിന് ഒരു കാവലാളുണ്ട് എന്ന് വളരെ കൃത്യമായി നമുക്ക് ആ വചനത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റില്ലേ?
അതോടൊപ്പം തന്നെ വിശുദ്ധ തോമസ് അക്വീനാസും സഭാപിതാക്കന്മാരും ഇത് വ്യക്തമാക്കുന്നുണ്ട്.
ദൈവം തന്റെ അപാരമായ ജ്ഞാനത്താൽ പ്രദേശങ്ങളുടെയും ജനതകളുടെയും ഭരണസംവിധാനങ്ങളുടെയും ആത്മീയ നന്മ കാത്തു സൂക്ഷിക്കാൻ സ്വർഗ്ഗീയ പ്രഭുക്കന്മാരായ പ്രാഥമികന്മാരെ ചുമതലപ്പെടുത്തിയിരിക്കുന്നു.
ഓരോ രൂപതയ്ക്കും ഒരു സ്വർഗ്ഗീയ കാവലാളുണ്ട്. ഓരോ ഇടവകയ്ക്കും കാവൽ നിൽക്കുന്ന ഒരു മാലാഖയുണ്ട്.
ഓരോ രാജ്യത്തിനും ഈ വൃന്ദത്തിൽ നിന്ന് സർവ്വശക്തനായ ദൈവം നിയമിച്ച ഒരു ആത്മീയ ഇടയനുണ്ട്; അവിടുത്തെ ഭരണാധികാരികളെ നീതിയിലേക്ക് നയിക്കാനും, പാവപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും, മനുഷ്യചരിത്രത്തെ ക്രിസ്തുവിലേക്ക് തിരിച്ചുവിടാനും അവർ നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
പ്രാഥമികന്മാർ മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തിന്മേൽ ബലപ്രയോഗം നടത്താറില്ല.
രാജാക്കന്മാരോ ഭരണാധികാരികളോ ജനങ്ങളോ അഴിമതിയുടെയും സ്വാർത്ഥതയുടെയും യുദ്ധത്തിന്റെയും വഴി തിരഞ്ഞെടുക്കുമ്പോൾ നന്മ ചെയ്യാൻ അവരെ നിർബന്ധിക്കാൻ മാലാഖമാർക്ക് കഴിയില്ല.
എന്നാൽ ന്യായാധിപന്മാരുടെയും അധികാരികളുടെയും പൗരന്മാരുടെയും മനസ്സാക്ഷിയിൽ അവർ നിരന്തരം ദൈവസ്വരം ഇങ്ങനെ ഊതിക്കൊടുത്തു കൊണ്ടിരിക്കും.
മനുഷ്യന്റെ നിയമങ്ങൾ ദൈവത്തിന്റെ നിത്യമായ ധാർമ്മിക നിയമങ്ങൾക്ക് അനുസൃതമായിരിക്കാൻ അവർ തളരാതെ അദ്ധ്വാനിച്ചു കൊണ്ടേയിരിക്കും.
ഈ പ്രാഥമികന്മാർ എന്ന വാക്കിന്റെ അർത്ഥം പ്രഭു അല്ലെങ്കിൽ ഭരണാധികാരി എന്നാണ്.
സൈന്യങ്ങളെ നയിക്കുകയും അധികാരം പ്രയോഗിക്കുകയും മറ്റുള്ളവർ തന്നെ സേവിക്കണമെന്ന് വാശി പിടിക്കുകയും ചെയ്യുന്ന ഒരു രൂപമായിട്ട് പെട്ടെന്ന് നമുക്ക് തോന്നിയേക്കാം.
എന്നാൽ ദൈവരാജ്യത്തിൽ ഇതിന്റെ ക്രമം തികച്ചും വിപരീതമാണ്.
മഹാനായ വിശുദ്ധ ഗ്രിഗറി പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: പ്രാഥമികന്മാർ താഴെയുള്ള അരൂപികളെയും മനുഷ്യസമൂഹങ്ങളെയും നയിക്കുന്നത് അധികാരം കാണിച്ചിട്ടല്ല, മറിച്ച് ക്രമീകരിക്കപ്പെട്ട സ്നേഹത്തിലൂടെയും എളിയ ശുശ്രൂഷയിലൂടെയുമാണ്.
മത്തായിയുടെ സുവിശേഷം 20-ാം അധ്യായം 25 മുതൽ 28 വരെയുള്ള തിരുവചനങ്ങളിൽ യേശുക്രിസ്തു തന്നെ യഥാർത്ഥ അധികാരത്തിന്റെ നിർവ്വചനം നമുക്ക് നൽകിയിട്ടുണ്ട്.
വിജാതീയരുടെ ഭരണാധികാരികൾ (ഇവിടെ ഭരണാധികാരികൾ എന്ന് പറയുമ്പോൾ പ്രാഥമികന്മാർ) അവരുടെമേൽ യജമാനത്വം പുലർത്തുന്നു.
നിങ്ങളുടെ ഇടയിൽ അങ്ങനെയാവരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്കുവേണ്ടി മോചനദ്രവ്യമായി സ്വജീവൻ നൽകാനുമാണ്.
പ്രാഥമികന്മാരുടെ വൃന്ദം ഈ ദൈവീക തത്വത്തെ പൂർണ്ണമായും ഉൾക്കൊള്ളുകയാണ്.
അവർ അഹങ്കാരമില്ലാതെ ഭരിക്കുന്നു; സ്വേച്ഛാധിപത്യമില്ലാതെ വഴി നടത്തുന്നു.
ആധുനിക മതേതര ലോകം മറന്നുപോയ വലിയൊരു ആദർശത്തിനായാണ് അവരുടെ അസ്തിത്വം നിലകൊള്ളുന്നത്.
അത് വേറൊന്നുമല്ല, പൊതുവായിട്ടുള്ള നന്മ.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 1906 പൊതുനന്മയെ ഇങ്ങനെ നിർവ്വചിക്കുന്നുണ്ട്: വ്യക്തികൾക്കും സമൂഹങ്ങൾക്കും കൂടുതൽ പൂർണ്ണമായും എളുപ്പത്തിലും തങ്ങളുടെ പൂർണ്ണത കൈവരിക്കാൻ സഹായകമാകുന്ന സാമൂഹിക സാഹചര്യങ്ങളുടെ ആകെ തുകയാണ് പൊതുനന്മ.
നമ്മുടെ ആത്മീയ ജീവിതം ഒരിക്കലും തികച്ചും വ്യക്തിപരമായി ഒന്നായി മാത്രം ഒതുങ്ങി നിൽക്കാൻ കഴിയില്ലെന്ന് പ്രാഥമികന്മാർ നമ്മെ പഠിപ്പിക്കുകയാണ്.
വിശ്വാസം എന്നത് എനിക്കും ദൈവത്തിനും ഇടയിലുള്ള വെറുമൊരു ആന്തരിക അനുഭവമല്ല; മറിച്ച് നാം കുടുംബം മെനഞ്ഞെടുക്കുന്നതിലും ജോലിസ്ഥലങ്ങളിൽ പെരുമാറുന്നതിലും സമൂഹത്തിൽ വോട്ട് ചെയ്യുന്നതിലും തെരുവിലെ ബലഹീനരെ സംരക്ഷിക്കുന്നതിലും അത് പ്രകടമാകണം എന്നാണ് നാം മനസ്സിലാക്കേണ്ടത്.
പ്രാഥമികന്മാരുടെ ഈ വിശുദ്ധ ഗണം നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന പുണ്യം എന്താണെന്ന് നമുക്ക് നോക്കാം.
അത് വേറൊന്നുമല്ല, നീതിയും വിശുദ്ധമായ ഉത്തരവാദിത്തവും പൊതുനന്മയോടുള്ള പ്രതിബദ്ധതയുമാണ്.
ഇത് കേട്ടു കൊണ്ടിരിക്കുന്ന ഓരോ വ്യക്തികൾക്കും ദൈവം അധികാരത്തിന്റെ ഓരോ തലങ്ങൾ നൽകിയിട്ടുണ്ട്.
നിങ്ങൾ ഒരു അപ്പനോ അമ്മയോ ആണെങ്കിൽ നിങ്ങളുടെ ഭവനം എന്ന കൊച്ചു സാമ്രാജ്യത്തിന്റെ പ്രാഥമികന്മാരാണ് നിങ്ങളോരോരുത്തരും.
നിങ്ങൾ ഒരു അധ്യാപകനോ മാനേജറോ ടീം ലീഡറോ ആണെങ്കിൽ നിങ്ങളുടെ കീഴിലുള്ള ആളുകളുടെ മേൽ നിങ്ങൾക്ക് അധികാരമുണ്ട്.
നിങ്ങൾ ഒരു പൗരനാണെങ്കിൽ നിങ്ങളുടെ സമൂഹത്തിന്റെ ധാർമ്മികതയിൽ നിങ്ങൾക്കും തുല്യമായിട്ടുള്ള പങ്കാളിത്തമുണ്ട്.
ആ ഒരു അധികാരം നാം എങ്ങനെയാണ് വിനിയോഗിക്കുന്നത്?
മറ്റുള്ളവരെ അടക്കി ഭരിക്കാനോ നമ്മുടെ നിരാശകൾ അവരുടെമേൽ തീർക്കാനോ സ്വന്തം സാമ്രാജ്യം പണിയാനോ ആണ് നിങ്ങൾ ആ സ്ഥാനം ഉപയോഗിക്കുന്നത് എങ്കിൽ നമുക്ക് വലിയ വില കൊടുക്കേണ്ടിവരും.
നേരെമറിച്ച് പ്രാഥമികന്മാരെപ്പോലെ നിസ്വാർത്ഥമായ എളിമയോടു കൂടെയാണ് നമ്മളെ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങൾ നാം നിറവേറ്റുന്നതെങ്കിൽ വലിയ കൃപ നാം കർത്താവിൽ നിന്ന് സ്വന്തമാക്കിക്കൊണ്ടേയിരിക്കും.
പ്രിയമുള്ളവരെ, ഇവിടെ ചിന്തിക്കേണ്ട വേറൊരു കാര്യമുണ്ട്: നമ്മുടെ ഇടവകയുടെ കാവൽ മാലാഖയ്ക്കായി നാം അവസാനമായിട്ട് എന്നാണ് പ്രാർത്ഥിച്ചത്?
നമ്മുടെ ജീവിതത്തിൽ നമ്മൾ അത് പ്രാർത്ഥിച്ചിട്ടുണ്ടാകും.
വോട്ട് രേഖപ്പെടുത്തുന്നതിനു മുൻപോ രാഷ്ട്രീയ കാര്യങ്ങളിൽ വ്യാകുലപ്പെടുന്നതിനു മുൻപോ നമ്മുടെ നാടിനും നഗരത്തിനും കാവൽ നിൽക്കുന്ന ആ സ്വർഗ്ഗീയ മാലാഖയെപ്പറ്റി നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നമ്മുടെ സമൂഹങ്ങൾക്ക് കാവലായി നിൽക്കുന്ന ആ ആത്മീയ സംരക്ഷകരെ വിളിച്ചപേക്ഷിക്കാതെ സമൂഹത്തിലെ തിന്മകളെക്കുറിച്ച് വെറുതെ പരാതിപ്പെടുന്നത് ദൈവം നമുക്ക് തന്നിരിക്കുന്ന ഏറ്റവും വലിയ ആത്മീയ ആയുധത്തെ ഉപയോഗിക്കാതെ മാറ്റിവയ്ക്കുന്നതിന് തുല്യമാണ്.
പ്രിയമുള്ളവരെ, ഒരു ആത്മപരിശോധനയിലേക്ക് നമ്മെത്തന്നെ സമർപ്പിക്കാം.
പ്രാഥമികന്മാരുടെ വിശുദ്ധ വൃന്ദത്തിന്റെ സാന്നിധ്യത്തിൽ നമുക്ക് ശാന്തമായി നമ്മെത്തന്നെ പരിശോധിക്കാം.
എന്റെ അധികാര പരിധിയിലുള്ളവരോട്—എന്റെ മക്കളോട്, എന്റെ കീഴിൽ ജോലി ചെയ്യുന്നവരോട്, എന്നെ ആശ്രയിക്കുന്നവരോട് ഞാൻ എങ്ങനെയാണ് പെരുമാറുന്നത്?
ക്ഷമയോടും ത്യാഗപൂർണ്ണമായ സ്നേഹത്തോടുമാണോ ഞാൻ അവരെ നയിക്കുന്നത്?
അതോ ദേഷ്യത്തോടും സ്വാർത്ഥമായ നിയന്ത്രണങ്ങളോടുമാണോ?
ഞാൻ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുനന്മയെക്കുറിച്ച് ചിന്തിക്കാറുണ്ടോ?
അതോ എന്റെ സ്വന്തം സുഖസൗകര്യങ്ങളിലും ലാഭങ്ങളിലും മാത്രമാണോ എന്റെ ശ്രദ്ധ?
വീണ്ടും, സമൂഹത്തിലെ ഭരണാധികാരികൾക്കായും എന്റെ ഇടവകയിലെ വികാരിക്കായും മെത്രാനു വേണ്ടിയും എന്റെ നാടിന്റെ ആത്മീയ നന്മയ്ക്കായും പ്രാഥമികന്മാരുടെ മാധ്യസ്ഥ്യം യാചിച്ചു കൊണ്ട് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടോ?
പ്രിയമുള്ളവരെ, ഉത്തരവാദിത്തങ്ങൾ ഒരുപാടാണ്.
എന്റെ കാവൽ മാലാഖ എന്റെ കൂടെ നിൽക്കുന്നതു പോലെ എന്റെ നാടിന്റെ, എന്റെ സമൂഹത്തിന്റെ, എന്റെ രാജ്യത്തിന്റെ, എന്റെ ഇടവകയുടെ കാവൽ മാലാഖ നമ്മുടെ ചുറ്റുപാടും നിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കി അവർക്കു വേണ്ടി പ്രാർത്ഥിക്കാനും അവരിലൂടെ പ്രാർത്ഥിക്കുവാനും നമുക്ക് ഇന്നേദിനം തീരുമാനമെടുക്കാം.
ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമേൻ.


Leave a Reply